sections
MORE

പുതിയ ഐഫോണുകളെ കുറിച്ച് 10 കാര്യങ്ങൾ; ഇത് ആപ്പിളിന്റെ ‘തന്ത്രം’?

iPhone
SHARE

കണ്‍സ്യൂമര്‍ ടെക്‌നോളജി താൽപര്യക്കാർ വർഷവും കാത്തിരിക്കുന്ന ദിനമാണ് ഐഫോണ്‍ അവതരണ ദിവസം. ഈ വര്‍ഷം ആപ്പിള്‍ ഐഫോണുകളിലും ചിന്താഗതിയിലും കൊണ്ടുവന്ന ചില മാറ്റങ്ങള്‍ എന്തെല്ലാമാണ്. 

വാക്കിലെന്തിരിക്കുന്നു?

മറ്റെല്ലാ കമ്പനികളും ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റി അവേശഭരിതരാണ്. എന്നാല്‍ ഈ വര്‍ഷം ആപ്പിള്‍ ആ വാക്കുകള്‍ തങ്ങളുടെ കീനോട്ട് മീറ്റിങ്ങിനിടെ ഒരിക്കല്‍ പോലും ഉപയോഗിച്ചില്ലെന്നത് ചില മാധ്യമപ്രവർത്തകർ ശ്രദ്ധിച്ചു. ആപ്പിളിന്റെ എതിരാളികളില്‍ പലരും, വാവെയ് അടക്കം മൊത്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷിയെപ്പറ്റിയുള്ള വീമ്പിളക്കലുകാരാണ്. അവരുടയൊക്കെ ഫോണുകളും ക്യാമറയും പ്രൊസസറുമടക്കം എല്ലാ കാര്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മയമാണ്. ആ വാക്കുകളുടെ ഇന്നത്തെ സാധാരണത്വമായിരിക്കുമോ അവ ഈ വര്‍ഷം ഉപയോഗിക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയത്? ആ വാക്കുകള്‍ ഉപയോഗിക്കില്ല എന്നത് ആപ്പിള്‍ അവതാരകര്‍ കാലേക്കൂട്ടിയെടുത്ത തീരുമാനമാണെന്ന് ഇപ്പോള്‍ വ്യക്തമാണ്.

അവരുടെ ഈ വര്‍ഷത്തെ ഫോണുകളെ ശാക്തീകരിക്കുന്ന A12 ബയോണിക് പ്രൊസസറിന്റെ കരുത്തുകളില്‍ ഒന്നായി ആപ്പിള്‍ അവതരിപ്പിച്ചത് ന്യൂറല്‍ എൻജിനെയാണ് (Neural Engine). ചില സന്ദര്‍ഭങ്ങളില്‍ ന്യൂറല്‍ എൻജിനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിങും, ഡീപ് ലേണിങ്ങുമൊക്കെ വളരെ പരസ്പരം മാറ്റി ഉപയോഗിക്കുക പോലും ചെയ്യാം. എന്തായാലും ആപ്പിള്‍ തത്കാലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പ്രയോഗം അവരുടെ എതിരാളികള്‍ക്കു വിട്ടു കൊടുത്തിരിക്കുകയാണ‌െന്നു തോന്നുന്നു.

മറ്റു കമ്പനികള്‍ അവരുടെ ക്യാമറയെ വ്യത്യസ്തമാക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണെന്നു പറയുന്നു. ആപ്പിള്‍ പറയുന്നത് തങ്ങള്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കിനെയാണ് ആശ്രിയിക്കുന്നതെന്ന്. അവരുടെ പുതിയ ചിപ്പിന് സെക്കന്‍ഡില്‍ 5 ട്രില്യന്‍ ഓപ്പറേഷന്‍സ് (കര്‍മ്മങ്ങള്‍) നടത്താനാകുമെന്നാണ് കമ്പനി പറയുന്നത്. ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡിലും മറ്റും ഇതിന്റെ പ്രവര്‍ത്തനം കാണാം. ഫോണില്‍ ഒരു ഫോട്ടോ പകര്‍ത്തുമ്പോള്‍ ഫോണിന് പലപ്പോഴും അതിലെ സബ്ജക്ടിനെയും ബാക്ഗ്രൗണ്ടിനെയുമൊക്കെ തിരിച്ചറിയാനാകും.

മാറി ചിന്തിക്കുക എന്നതാണ് ആപ്പിളിന്റെ മാര്‍ഗം. ആപ്പിള്‍ മാറ്റമുള്ള വാക്കുകള്‍ ഉപയോഗിച്ചാല്‍ അവരുടെ എതിരാളികളും ഉടനെ ന്യൂറല്‍ എൻജിന്‍ എന്നു വിളിച്ചു തുടങ്ങുമോ? കാത്തിരുന്നു കാണാം.

വേറെ എവിടെയൊക്കെയാണ് ആപ്പിള്‍ പതിവു തെറ്റിച്ചത്?

 

ഇരട്ട സിം

അവസാനം ആപ്പിളും വഴിക്കുവന്നു! വര്‍ഷങ്ങളായി മറ്റെല്ലാ ഫോണ്‍ നിര്‍മാതാവും നല്‍കി വന്നതും ആപ്പിള്‍ മാത്രം കണ്ടില്ലെന്നു നടിച്ചതുമായ ഈ ഫീച്ചര്‍ പുതിയ ഐഫോണ്‍ Xs, Xs മാക്‌സ് മോഡലുകളില്‍ നല്‍കി. എന്നാല്‍, ഇത് ഇ–സിം (eSIM) സപ്പോര്‍ട്ടാണ്. നിലവില്‍ ഇന്ത്യയില്‍ ഇസിം സപ്പോര്‍ട്ടു ചെയ്യുന്നത് എയര്‍ടെല്ലും ജിയോയും മാത്രമാണ്.

കൂറ്റന്‍ ഡിസ്‌പ്ലെ

സ്റ്റീവ് ജോബ്‌സിന്റെ മറ്റൊരു കടുംപിടുത്തമായിരുന്നു മൂന്നര ഇഞ്ച് വലിപ്പമേ ഫോണിനു പാടുള്ളുവെന്ന്. അദ്ദേഹത്തിന്റെ മരണശേഷം ഐഫോണുകളുടെ വലിപ്പം കൂടിക്കൂടി ഇപ്പോഴത്തെ ഏറ്റവും വലിയ ഐഫോണായ Xs മാക്‌സിന് 6.5-ഇഞ്ച് വലിപ്പം നല്‍കിയിരിക്കുന്നു.

വാട്ടര്‍ റെസിസ്റ്റ്ന്‍സ്

പൊടിപടലം, വെളളം എന്നിവയിൽ നിന്നും രക്ഷിക്കാന്‍ പുതിയ ഐഫോണ്‍ Xs/Xs മാക്‌സ് ഫോണുകള്‍ക്ക് IP68 കവചമൊരുക്കിയിരിക്കുന്നു. ഇതു കിട്ടുന്ന ആദ്യത്തെ ഐഫോണ്‍ മോഡലുകളാണിവ. പരമാവധി രണ്ടു മീറ്റര്‍ ആഴത്തില്‍, 30 മിനിറ്റു നേരത്തേക്ക് വെളളത്തില്‍ കിടന്നാലും ഫോണുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ആപ്പിള്‍ പറയുന്നത്.

എല്ലാ മോഡലുകള്‍ക്കും ഫെയ്‌സ്‌ഐഡി

ആപ്പിളിന്റെ ട്രൂഡെപ്ത് ക്യാമറ സിസ്റ്റമായിരിക്കും ഇനി ഫോണിന്റെ ഉടമയെ തിരിച്ചറിയുക. ടച്ച്‌ഐഡിയോട് ഈ വര്‍ഷം കമ്പനി വിട പറഞ്ഞിരിക്കുകയാണ്.

സ്മാര്‍ട് എച്ഡിആര്‍

ക്യാമറയില്‍ സ്മാര്‍ട് എച്ഡിആര്‍ ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ ആപ്പിള്‍, ഗൂഗിളിനെക്കാള്‍ വളരെ പിന്നിലായിരുന്നു. ഈ വര്‍ഷത്തെ ഫോണുകള്‍ എത്തിക്കഴിഞ്ഞെ ആപ്പിള്‍ ഇക്കാര്യത്തില്‍ എത്രമാത്രം പുരോഗതി കൈവരിച്ചുവെന്ന് അറിയാന്‍ പറ്റൂ. ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവലോകകരുടെയും പരിജ്ഞാനമുള്ള ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫോട്ടോയുടെ ഫ്രെയ്മിലെ വെളിച്ചക്കുറവുള്ള സ്ഥലങ്ങളെയും വെളിച്ചക്കൂടുതലുള്ള ഇടങ്ങളെയും ഏകീകരിച്ച് എടുക്കുന്ന ചിത്രങ്ങള്‍ മികവു പുലര്‍ത്തുമെന്നാണ് കരുതുന്നത്.

സ്റ്റീരിയോ റെക്കോഡിങ്

ഓഡിയോ ഫുള്‍ സ്റ്റീരിയോ ആയി ഇനി ഉപയോക്താക്കള്‍ക്കു റെക്കോഡ് ചെയ്യാം.

എല്ലാ ഫോണുകള്‍ക്കും പുതിയ പ്രൊസസര്‍

അവരുടെ ഏറ്റവും പുതിയതും ശക്തവുമായ A12 ബയോണിക് പ്രൊസസറാണ് ഈ വര്‍ഷത്തെ മൂന്നു മോഡലുകള്‍ക്കും ശക്തി പകരുന്നത്. ആറു കോറുകളാണ് ഈ പ്രൊസസറിനുള്ളത്. ശക്തി വേണ്ട സാഹചര്യങ്ങളെയും വേണ്ടാത്ത സാഹചര്യങ്ങളെയും ബുദ്ധിപൂര്‍വ്വം തിരിച്ചറിയാന്‍ ഈ പ്രൊസസറിനു സാധിക്കും.

512 ജിബി സ്റ്റോറേജ്

512ജിബി സംഭരണശേഷി ആദ്യമായാണ് ഒരു ഐഫോണിനു ലഭിക്കുന്നത്. Xs/Xs മാക്‌സ് മോഡലുകള്‍ക്കാണ് ഇതു ലഭിക്കുന്നത്. 4K വിഡിയോ റെക്കോഡിങ് തുടങ്ങി മെമ്മറി തീര്‍ക്കുന്ന രീതികളുള്ള ഈ ഫോണുകള്‍ക്ക് ഇത് അത്യാവശ്യമാണ്. 

ഈ മറ്റങ്ങള്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാമോ?

ആപ്പിളിന്റെ മറ്റു രണ്ടു കടുംപിടുത്തങ്ങളാണ് ഉപയോക്താവിനെക്കൊണ്ട് സ്വന്തമായി ബാറ്ററി മാറ്റിക്കില്ല എന്നതും, മെമ്മറി കാര്‍ഡ് ഉപയോഗിപ്പിക്കില്ല എന്നതും. ഇവയ്ക്കും വരും വര്‍ഷങ്ങളില്‍ മാറ്റം വരുമോ? അവയ്ക്കു മാറ്റം വരാന്‍ സാധ്യതിയില്ലെന്നു വേണം കരുതാന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA