sections
MORE

ഐഫോണിന്റെ നിര്‍മാണ മികവ് കെട്ടുകഥ; ആൻഡ്രോയിഡും മികച്ചത്

iphone-x-ifixit-
SHARE

കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഏതാനും എണ്ണത്തിന്റെ ഡിസ്‌പ്ലെയില്‍ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. ഉടനെ പിക്‌സല്‍ ഫോണുകള്‍ ഒരിക്കലും വാങ്ങരുതെന്നുള്ള ആഹ്വാനം എല്ലായിടത്തും പ്രചരിച്ചു. സാംസങ്ങിന്റെ ഏതാനും ഗ്യാലക്‌സി നോട്ട് S7 മോഡലുകള്‍ക്ക് തീ പിടിച്ചു. ഈ മോഡല്‍ വാങ്ങരുതെന്ന് വന്‍ പ്രചാരണം തുടങ്ങി. സാംസങ്ങിന് നോട്ട് 7 പൂര്‍ണ്ണമായും പിന്‍വലിക്കേണ്ടതായി വന്നു. 

എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ കാര്യമായി കേള്‍ക്കാത്തത് ഐഫോണുകളെക്കുറിച്ചാണ്. 'അവ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും,' ഇതാണ് പൊതുവെ കേള്‍ക്കുന്ന പല്ലവി. ഇത് ആപ്പിള്‍ ഫാന്‍സ് അഴിച്ചു വിടുന്ന ഒരു കെട്ടുകഥയാണെന്നാണ് എല്ലാ കമ്പനികളുടെയും ഫോണുകള്‍ സര്‍വീസ് ചെയ്യുന്ന ബ്ലാന്‍കൂ എന്ന കമ്പനി പുറത്തു വിട്ട പഠനം  പറയുന്നത്. 

പല ആപ്പിള്‍ ഫാന്‍സും ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളുടെ പ്രൊഡക്ടുകള്‍ ഉപയോഗിച്ചിട്ടു പോലുമുണ്ടാവില്ല. എന്നിട്ടാണ് ഐഫോണിന് ഉപയോഗ സുഖം കൂടുതലുണ്ട്, കേടാവല്‍ കുറവുണ്ട്, എപ്പോഴും വിശ്വസിക്കാം എന്നൊക്കെ തട്ടിവിടുന്നതെന്ന് നേരത്തെ മുതല്‍ നിലനില്‍ക്കുന്ന ആരോപണം ശരിവയ്ക്കുന്നതാണ് അവരുടെ പഠനം.

ബ്ലാന്‍കൂവിന്റെ റിപ്പോര്‍ട്ടിലേക്കു വന്നാല്‍ മനസിലാകുന്നത് സാംസങ്, എല്‍ജി, ഗൂഗിള്‍ തുടങ്ങിയ പ്രധാന നിര്‍മാതാക്കളുടെ ഫോണുകളെക്കാള്‍ വിളിച്ചുകൂവാനുള്ള ഒരു മേന്മയും ഐഫോണുകള്‍ക്ക് ഇല്ലെന്നാണ്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യാന്‍ പോകുന്നതില്‍ അവിശ്വസനീയമായ സമാനതയാണുള്ളത്. മൊബൈല്‍ സേവനദാദാക്കള്‍ക്കും മറ്റും കേടായി എത്തുന്ന ഫോണുകളുടെ പ്രശ്‌ന നിര്‍ണ്ണയത്തിനായി സോഫ്റ്റ്‌വെയര്‍ നല്‍കുന്ന കമ്പനിയാണ് ബ്ലാന്‍കൂ. (അമേരിക്ക അടക്കം പല വിദേശ രാജ്യങ്ങളിലും കൂടുതല്‍ പേർ ഐഫോണ്‍ വാങ്ങുന്നത് സേവനദാദാക്കളില്‍ നിന്നാണ് എന്നോര്‍ക്കുക.) സേവനദാദാക്കളാണ് ആപ്പിളിന്റെയും മറ്റു കമ്പനികളുടെയും സര്‍വീസ് സെന്ററുകളിലേക്ക് ഫോണുകള്‍ അയയ്ക്കുകയോ നിർദേശിക്കുകയോ ചെയ്യുന്നത്. എന്നതിനാല്‍ ഈ ഡേറ്റ വിശ്വസനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വടക്കെ അമേരിക്കയുടെ മാത്രം കണക്കെടുത്താല്‍ ഐഫോണുകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം കാണാന്‍ സാധിക്കുന്നതെന്നാണ് ബ്ലാന്‍കൂ പറയുന്നത്. എന്നാല്‍ ഏഷ്യ, വടക്കെ അമേരിക്ക, യൂറോപ്പ് എന്നീ വിപണികൾ ഒരുമിച്ചെടുത്താല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ തമ്മില്‍ കേടാകുന്ന ഉപകരണങ്ങളുടെ എണ്ണത്തില്‍ സമാനത കാണാമെന്നാണ് കണ്ടെത്തല്‍. ഈ മേഖലകളിലുള്ള മൊത്തം ഐഒഎസ് ഉപകരണങ്ങളുടെ കേടാകല്‍ നിരക്ക് 12.5 ശതമാനമാണ്. ആന്‍ഡ്രോയിഡിന്റെതാകട്ടെ 14 ശതമാനവും. ഇതു തമ്മില്‍ ഒരു വ്യത്യാസവും വായിച്ചെടുക്കാനാവില്ലെന്നാണ് ബ്ലാന്‍കൂ പറയുന്നത്. ഇനി വടക്കെ അമേരിക്കയിലെ മാത്രം കാര്യമെടുത്താല്‍ പ്രശ്‌നം വരുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ 9 ശതമാനമാണ്. ഐഒഎസ് ആകട്ടെ 12 ശതമാനവും. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളില്‍ നിന്നും, നൂറുകണക്കിനു സേവനദാദാക്കളില്‍ നിന്നും ശേഖരിച്ച ഡേറ്റയില്‍ നിന്നാണ് ഈ കണ്ടെത്തല്‍ എന്നതിനാല്‍ ഇതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വിശകലനവിദഗ്ധര്‍ പറയുന്നു. 

എന്നാല്‍, മറ്റൊരു കാര്യവും ശ്രദ്ധിക്കണം- എല്ലാ ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ഒരേ മികവില്‍ നിര്‍മിച്ചവയല്ല. ഐഫോണ്‍ 6, ഐഫോണ്‍ 6s എന്നീ മോഡലുകള്‍ ഡിസൈനിന്റെ കാര്യത്തില്‍ താരതമ്യേന മോശമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 6 നു പ്രശ്‌നം ബാധിക്കല്‍ കൂടുതലാണ്- 26 ശതമാനം. ആപ്പിളിന്റെ കീര്‍ത്തിക്കു കളങ്കമായിരിക്കുന്നത് ഈ മോഡലാണെന്നു കാണാം. ഐഫോണ്‍ 6sന്റെ കാര്യത്തില്‍ 14 ശതമാനമാണ് തകരാറു കാണിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ഏഴു ശതമാനവും, ഐഫോണ്‍ 8 പ്ലസ് (ഇതുവരെ) 2 ശതമാനവുമാണ് തകരാറിലായിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA