sections
MORE

അദ്ഭുത ഫീച്ചർ വാവെയ് കൊണ്ടുവരുമോ? കാത്തിരിക്കുന്നത് കൈയ്യടിയോ കളിയാക്കലോ?

huawei-mate-20
SHARE

സ്മാര്‍ട്ഫോണ്‍ നിർമാണത്തില്‍ തനതു പാത വെട്ടിത്തുറക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളിലൊന്നാണ് വാവെയ്. മറ്റു പലരും ആപ്പിള്‍ കമ്പനിയുടെ അനുകര്‍ത്താക്കളാണെങ്കിൽ, വാവെയ് ചില നിര്‍ഭയമായ കാല്‍വയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. സ്മാര്‍ട്ഫോണുകളിലെ ലോകത്തെ ആദ്യ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ്പ് അവതരിപ്പിക്കുകയും അതിനു പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളെങ്കിലും അതിന്റെ നിലവാരത്തിലേക്ക് ഉയരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം.

വാവെയ് താമസിക്കാതെ പുറത്തിറക്കാന്‍ പോകുന്ന വാവെയ് മെയ്റ്റ് 20 പ്രോ ഫോണില്‍ മറ്റാരും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ഒരു ഫീച്ചര്‍ കൊണ്ടുവരുമെന്നാണ് ഇന്റര്‍നെറ്റില്‍ എത്തിയ വാര്‍ത്താ ചര്‍ച്ചകള്‍ പറയുന്നത്. വോയസ് ഐഡി. ടച്ച്‌ഐഡിയും ഫെയ്‌സ്‌ഐഡിയും ആപ്പിളിന്റെ എൻജീനിയര്‍മാര്‍ ആയിരുന്നു ആദ്യമായി അവതരിപ്പിച്ചത്. പിന്നീടത് മറ്റു കമ്പനികളും ഏറ്റെടുക്കുകയായിരുന്നു.

എന്താണ് വോയ്‌സ് ഐഡി?

ഒരാളുടെ സ്വരം ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ സാധിക്കുന്ന രീതിയെയായാണ് വോയ്‌സ് ഐഡി എന്നു വിളിക്കുന്നത്. അതിനെ കബളിപ്പിക്കാന്‍ എളുപ്പമല്ലെ? മിമിക്രിക്കാരും മറ്റും ആരുടെ സ്വരവും അനുകരിക്കുമല്ലൊ? ഇതു സുരക്ഷിതമായിരിക്കുമോ? ഉത്തരം അത്രയെളുപ്പം പറയാനാവില്ല. പരാജയപ്പെട്ടാല്‍ ഇളിഭ്യരാകാന്‍ തയാറായി തന്നെ ആയിരിക്കും വാവെയ് ഇതു ചെയ്യുന്നത്. പക്ഷേ, അവരെപ്പോലെ അതിമോഹമുള്ള ഒരു കമ്പനി ബാലിശമായ ഒരു പരീക്ഷണത്തിലേര്‍പ്പെട്ടു പേരു കളയില്ല എന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം. 

വാവെയ് ഉപയോഗിക്കുന്ന ടെക്‌നോളജിയുടെ പേര് ബോണ്‍ വോയ്‌സ് ഐഡി (Bone Voice ID) എന്നാണ്. ഉടമസ്ഥനു നല്‍കുന്ന (proprietary) ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാണ് ഫോണ്‍ ആളെ തിരിച്ചറിയുന്നത്. എല്ലുകളിലൂടെ കടന്നുവരുന്ന സ്വരം (bone conduction) ആണ് സ്വരം ഉടമയുടെയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ഫോണിനു നല്‍കിയിരിക്കുന്നത്. ഇത് എത്ര സുരക്ഷിതമായിരിക്കുമെന്നതിനെക്കുറിച്ച് ടെക് ലോകം രണ്ടു തട്ടിലാണ്. പക്ഷേ, ഇതു വിജയിക്കുകയാണെങ്കല്‍ വാവെയ് വീണ്ടും കൈയ്യടി നേടും. ഇനി വോയ്‌സ് അണ്‍ലോക് വേണ്ട എന്നു പറയുന്നവര്‍ക്കായി ഫെയസ് അണ്‍ലോക്കും ഉണ്ട്. ഇതാകട്ടെ, ഐഫോണ്‍ Xനെക്കാള്‍ 50 ശതമാനം വേഗം ആളെത്തിരിച്ചറിയും എന്നാണ് കേള്‍വി.

ഫോണിന്റെ മറ്റൊരു പ്രധാന ഫീച്ചര്‍ ഡെസ്‌ക്ടോപ് മോഡാണ്. യുഎസ്ബി-സി ടു എച്ഡിഎംഐ കേബിൾ ഉപയോഗിച്ചായിരിക്കാം എക്‌സ്‌റ്റേണല്‍ മോണിറ്ററുമായി കണക്ടു ചെയ്യുന്നത്. ഈ ഫോണ്‍ നാനോഎസ്ഡി കാര്‍ഡ് ആയിരിക്കാം സ്വീകരിക്കുന്നത് എന്നും വാര്‍ത്തകള്‍ ഉണ്ട്. എന്നാൽ,  ഈ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് എന്നും വാദിക്കുന്നവര്‍ ഉണ്ട്. 

വാവെയ് മെയ്റ്റ് 20 പ്രോയ്ക്കും മൂന്നു പിന്‍ ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു. എല്‍ജി ജി7 മോഡലിനെപ്പോലെ വാവെയ് ഒരു അള്‍ട്രാ വൈഡ് ആങ്ഗിള്‍ ലെന്‍സ് ഈ ഫോണില്‍ പരീക്ഷിച്ചേക്കും എന്നും വാര്‍ത്തയുണ്ട്. മെയ്റ്റ് 20 പ്രോയ്ക്ക് 6.9-ഇഞ്ച് വലുപ്പമുള്ള, ചെരിവുള്ള സ്‌ക്രീനും, 6GB റാമും, 4,200 mAh ബാറ്ററിയും ഉണ്ടായിരിക്കുമെന്നും കരുതുന്നു. ഈ മാസം മെയ്റ്റ് 20 പ്രോയും, കുറഞ്ഞ മോഡലായ മെയ്റ്റ് 20യും പുറത്തിറക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. വോയ്‌സ്‌ഐഡി കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ക്ക് കൈയ്യടി ലഭിക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA