sections
MORE

ഐഫോണുകൾ പണിമുടക്കി; ആപ്പിളിന് വൻ തിരിച്ചടി, വിശ്വാസവഞ്ചനക്ക് 83.5 കോടി രൂപ പിഴ

tim-cook-iphone-7
SHARE

പഴയ ഫോണുകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സോഫ്റ്റ്‍വെയർ അപ്ഡേറ്റുകൾ. എന്നാൽ ഉപയോക്താവിന്‍റെ കൈവശമിരിക്കുന്ന പഴയ ഫോണുകളെ ബോധപൂർവ്വം കുഴപ്പത്തിലാക്കുന്ന തരത്തിലാണ് അപ്ഡേറ്റുകളെങ്കിൽ അതിൽപ്പരം ഒരു വിശ്വാസവഞ്ചന വേറെയില്ല. ഉപയോക്താക്കളെ അറിയാതെ കുരുക്കിലാക്കുന്ന ഈ കൊടുംചതി നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ആപ്പിളിന് ഏതാണ്ട് 83.5 കോടി രൂപയുടെ പിഴ ഇട്ടിരിക്കുകയാണ് ഇറ്റലിയിലെ വിദഗ്ധ സമിതി. ആപ്പിളിനെപ്പോലെ തന്നെ സാംസങും ഇക്കാര്യത്തിൽ കുറ്റവാളികളാണെന്നാണ് സമിതിയുടെ കണ്ടെത്തൽ. 

ഐഫോണിന്‍റെ പഴയ പതിപ്പില്‍ പുതിയ അപ്ഡേറ്റ് ചെയ്യുമ്പോഴാണ് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം അത് കെണിയായി മാറുക. ഐഫോൺ 6ൽ ഐഒഎസ് 10 ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഏതാണ്ട് 41.7 കോടി രൂപ പിഴയടക്കാനാണ് സമിതിയുടെ ഉത്തരവ്. ഐഫോൺ7നു വേണ്ടി രൂപകല്‍പ്പന ചെയ്തതായിരുന്നു ഈ അപ്ഡേറ്റ്. ഇത് ഐഫോൺ 6ൽ അപ്ഡേറ്റ് ചെയ്തതോടെ ഫോൺ നിരന്തരമായി സ്വയം പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ ഉണ്ടായതായി പല ഉപയോക്താക്കളും പരാതിപ്പെട്ടിരുന്നു. ഫോണിന്‍റെ പ്രവർത്തന വേഗതയിലും കാര്യമായ കുറവുണ്ടായി. 

ios-11-

ബാറ്ററി സംബന്ധമായ മുന്നറിയിപ്പുകളൊന്നും നൽകാത്തതിനാണ് രണ്ടാമത്തെ പിഴ. ബാറ്ററിയുടെ കാലാവധി, ഇവ സംരക്ഷിക്കാനും മാറ്റാനുമുള്ള രീതികൾ എന്നിവ ഉപയോക്താക്കൾക്ക് കൈമാറിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 5.7 ദശലക്ഷം ഡോളറിന്‍റെ പിഴ വിധിച്ചിട്ടുള്ളത്. അപ്ഡേറ്റുകൾ മൂലം സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെ സംബന്ധിച്ച മുന്നറിയിപ്പു കൈമാറാത്തത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് സമിതി വിലയിരുത്തി. പഴയ പതിപ്പിലുള്ള ഫോണുകളിലെ ബാറ്ററികളുടെ പഴക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും ഇതിനു മാപ്പു ചോദിക്കുന്നുവെന്നും ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാറ്ററി പ്രശ്നമുണ്ടാകുമെന്ന ആശങ്കയിൽ ഐഫോണിന്‍റെ പഴയ പതിപ്പുകൾക്ക് ബോധപൂർവ്വം പ്രവര്‍ത്തന വേഗത കുറച്ചതായാണ് ആപ്പിളിന്‍റെ കുറ്റസമ്മതം. 

ഗ്യാലക്സി നോട്ട് 7 നായി പുറത്തിറക്കിയ ആൻഡ്രോയ്ഡ് മാർഷ്മെല്ലോ 6.0.1 അപ്ഡേറ്റാണ് സാംസങ് ഉപയോക്താക്കളെ കുരുക്കിലാക്കിയത്. നോട്ട് 4ൽ ഈ അപ്ഡേറ്റ് നടത്തിയ ഉപയോക്താക്കള്‍ ശരിക്കും വെട്ടിലായി. ഫോണിന് കാര്യമായ പ്രശ്നങ്ങൾ വന്നു തുടങ്ങിയതോടെ വൻ തുക മുടക്കി അറ്റക്കുറ്റപ്പണി നടത്താൻ ഇവർ നിര്‍ബന്ധിതരായി. 5.7 ദശലക്ഷം ഡോളറാണ് ഗുരുതരമായ ഈ പിഴവിനുള്ള ശിക്ഷയായി വിധിച്ചിട്ടുള്ളത്. 

ios-11-3

പിഴ ശിക്ഷക്കെതിരെ ഇരു കമ്പനികളും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. ഇത്തരത്തിലുള്ള നിയമപരമായ നടപടിക്കുള്ള സാധ്യത പോലും ആലോചിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA