sections
MORE

നാളത്തെ അദ്ഭുത ഫോണ്‍ പ്രദര്‍ശിപ്പിച്ച് സാംസങ്; വരുന്നത് മറ്റൊരു സ്മാർട് യുഗം

samsung-foldable-display
SHARE

ഏകദേശം പതിനൊന്നു വര്‍ഷം മുൻപ് പുറത്തിറങ്ങിയ ഐഫോണിനു ശേഷം ചട്ടക്കൂടില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സ്മാര്‍ട് ഫോണുകള്‍ ഇറങ്ങിയിട്ടുള്ളതെന്നു കാണാം. അതിനൊരു മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഒരു കാലത്ത് ആപ്പിളിന്റെ അനുകര്‍ത്താവു മാത്രമെന്നു പഴി കേട്ടിരുന്ന സൗത് കൊറിയന്‍ ടെക് ഭീമന്‍ സാംസങ്.

മുൻപു വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുളള, പുതുമായാര്‍ന്ന ഈ ഫോണ്‍ സങ്കല്‍പ്പം യാഥാര്‍ഥ്യമാകുമോ എന്ന കാര്യത്തില്‍ ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് സാംസങ് നിര്‍മാണത്തിലിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലെ (Infinity Flex Display) എന്നു സാംസങ് വിളിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിന്റെ സ്‌ക്രീന്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലിപ്പമുളള ടാബ്‌ലറ്റും അടയ്ക്കുമ്പോള്‍ ചെറിയ സ്‌ക്രീനുള്ള ഫോണുമായി തീരുന്ന ഒന്നാണ് തങ്ങളുടെ ഭാവിയുടെ ഫോണ്‍ എന്നാണ് സാംസങ് സാന്‍ഫ്രാന്‍സികോയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയത്. 

വളരെ നേര്‍ത്തതാണ് ഡിസ്‌പ്ലെ എന്നതാണ് ഇതിനെ ഒരു എൻജിനീയറിങ് നേട്ടമായി അവതരിപ്പിക്കുന്നതിന്റെ മുഖ്യ കാരണം. തങ്ങള്‍ മുൻപ് നിര്‍മിച്ചിട്ടുള്ള എല്ലാ ഡിസ്‌പ്ലെകളെക്കാലും 45 ശതമാനം കനം കുറഞ്ഞതാണ് പുതിയ സ്‌ക്രീന്‍ എന്നാണ് സാംസങ് പറയുന്നത്. ലോകത്ത് ഡിസ്‌പ്ലെ നിര്‍മാണത്തിലെ മുടിചൂടാമന്നന്മാരാണല്ലോ സാംസങ്. ആപ്പിള്‍ പോലും ഐഫോണുകളുടെ ഡിസ്‌പ്ലെയ്ക്ക് ഏറ്റവുമധികം ആശ്രയിച്ചിട്ടുളള ഡിസ്‌പ്ലെ നിര്‍മാതാവാണ് സാംസങ്.

ഇത്തരം ഒരു സങ്കല്‍പ്പത്തിനുള്ള പ്രശ്‌നം അതു പലതവണ മടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ വേര്‍പെടില്ലെ എന്നതാണ്. എന്നാല്‍ തങ്ങളുടെ പുതിയ ഡിസ്‌പ്ലെയ്ക്ക് പതിനായിരക്കണക്കിനു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താലും കുഴപ്പം വരില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റൊരു പ്രശ്‌നം ഇത്തരമൊരു ഡിസ്‌പ്ലെ തുറന്നാല്‍ അതിന്റെ നടുവിലൂടെ വര കടന്നു പോകില്ലെ എന്നതായിരുന്നു. എന്നാല്‍ അതും സംഭവിക്കില്ല. 7.3-ഇഞ്ച് വലിപ്പമുള്ള ഒരു ഹൈ റെസലൂഷന്‍ ഫോട്ടോ എടുത്തു പിടിച്ചാല്‍ എങ്ങനെയിരിക്കുമോ അങ്ങനെയിരിക്കും തങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ എന്നാണ് അവര്‍ പറയുന്നത്. സ്‌ക്രീനിനു നല്‍കിയിരിക്കുന്ന ഒരു പ്രതിരോധ ലെയർ (protective layer) ആണ് ഇതിന് ശക്തി പകരുന്നത്. ഇത് ഒരേസമയം വളയുന്നതും പാടുവീഴാത്തതും ആയിരിക്കുമെന്ന് കമ്പനി പറയുന്നു.

ഈ ഫോണിന് ഗൂഗിളിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. രണ്ടു കമ്പനികളും കൂടെയാണിത് അവതരിപ്പിച്ചതു പോലും. ഇത്തരമൊരു ഉപകരണത്തിന്റെ സാധ്യതകള്‍ക്കു ചിറകു നല്‍കാനായി ആന്‍ഡ്രോയിഡില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നുവെന്നും പറയുന്നു.

വേറൊരു മുഖ്യ സവിശേഷത ഇതിന്റെ സ്‌ക്രീനില്‍ ഒരേസമയം മൂന്ന് ആപ്പുകള്‍ വരെ തുറന്നു വയ്ക്കാമെന്നതാണ്. മൂന്നു വ്യത്യസ്ത വിന്‍ഡോകളായി അവ ഉപയോഗിക്കാം. അത്തരമൊരു അനുഭവം ഐപാഡുകളില്‍ പോലുമില്ല. പരമാവധി രണ്ട് ആപ്പുകളാണ് തുറന്നു വയ്ക്കാനാകുക. സാംസങ്ങിന്റെ വലിയ സ്‌ക്രീനില്‍ ഒരേസമയം ബ്രൗസു ചെയ്യാം, വിഡിയോ കാണാം, കൂടാതെ മറ്റൊരു ആപ്പും വേണമെങ്കില്‍ തുറന്നുവയ്ക്കാം. അതായത് മൂന്ന് ആക്ടീവ് ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിക്കും. എന്നാല്‍ ഒരു ലാഗും ഉണ്ടാവില്ലെന്നും കമ്പനി പറയുന്നു.

ഇത് ഒരേസമയം കനം കുറഞ്ഞ ഒരു ഫോണും തുറന്നാല്‍ വലുതും, വ്യത്യസ്തമായ അനുഭൂതി തരുന്നതുമായ മറ്റൊരു സ്‌ക്രീനും ഒരുമിച്ചു ചേരുന്ന ഒരു ഉപകരണമായിരിക്കും. എന്നാല്‍, മറ്റു കമ്പനികളും ഇത്തരമൊരു ഫോണ്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിയാവുന്നതിനാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി വിസമ്മതിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ നിര്‍മാണം തുടങ്ങുമെന്നും അടുത്ത വര്‍ഷമാദ്യം വിപണിയിലെത്തിക്കാന്‍ നോക്കുമെന്നുമാണ് സാംസങ് പറയുന്നത്.

ഇത്തരത്തിലുള്ള ആദ്യ ഫോണ്‍ അവതരിപ്പിച്ചത് കണ്ടിരിക്കുമല്ലോ. വാവെയ് ആണ് ഇതുപോലുള്ള ഫോണ്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുളളത്. എല്‍ജിയും എല്‍ജിയുടെ കൈയ്യില്‍ നിന്ന് ഡിസ്‌പ്ലെ വാങ്ങി ആപ്പിളും ഇത്തരം ഫോണ്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

samsung-foldable-display-closed

വെറുതെ സ്‌ക്രീനിന്റെ വലുപ്പം കൂട്ടിയാല്‍ അതൊരു വലിയ സംഭവമായിരിക്കുമോ? ആപ് നിര്‍മാതാക്കളും സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളും ഒത്തു പിടിച്ചാല്‍ സ്മാര്‍ട് ഫോണ്‍ അനുഭവത്തില്‍ മാറ്റം വന്നേക്കാമെന്നാണ് പൊതുവെ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA