sections
MORE

ഐഫോൺ X നിർത്താൻ സമ്മതിക്കാതെ സാംസങ്; ഐഫോണ്‍ XR വിലയിടിയുന്നു

iphone-x
SHARE

ആപ്പിളിന്റെ പത്താം വാര്‍ഷിക ഫോണായ ഐഫോണ്‍ X കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പല വിപണികളിലും വില്‍പ്പന തീര്‍ന്നിരുന്നു. ഇനിയൊരിക്കലും അവ നിര്‍മിക്കില്ലെന്നും വാര്‍ത്തകള്‍ വന്നതാണ്. ഫോണിന്റെ പിന്‍ഗാമികളായ ഐഫോണ്‍ Xs/Xs മാക്‌സ് എന്നീ ഫോണുകളുടെ വരവോടെ കഴഞ്ഞ വര്‍ഷത്തെ മോഡലിന് ആകര്‍ഷകമായ രീതിയില്‍ വിലയിടാനാവില്ല എന്നതാണ് പിന്‍വലിക്കാനുണ്ടായ കാരണം. നിര്‍മാണം പൂര്‍ണ്ണമായും നിർത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഐഫോണ്‍ Xന്റെ നിര്‍മാണം വീണ്ടും തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷേ, എന്തിന്?

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് ആണ് കാരണമത്രെ. സാംസങ് ആണ് ഐഫോണ്‍ Xന്റെ ഓലെഡ് ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കിയിരുന്നത്. ഐഫോണ്‍ X നിര്‍മാണത്തിനു മുൻപ് ഇരു കമ്പനികളും തമ്മിലൊരു കരാറിലെത്തിയിരുന്നു. കരാര്‍പ്രകാരം ആപ്പിള്‍ ഒരു നിശ്ചിത എണ്ണം ഡിസ്‌പ്ലെ വാങ്ങാമെന്ന് സമ്മതിച്ചിരുന്നു. സാംസങ് അതു നിര്‍മിക്കുകയും ചെയ്തിരുന്നു. കരാര്‍ പാലിച്ചില്ലെന്ന് സാംസങ് ചൂണ്ടിക്കാണിച്ചപ്പോള്‍ ശേഷിച്ച ഡിസ്‌പ്ലെയും വാങ്ങാന്‍ തന്നെയാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നതത്രെ. അതുകൊണ്ട് ഐഫോണ്‍ Xന്റെ നിര്‍മാണം താമസിയാതെ പുനരാരംഭിക്കും.

തുടര്‍ന്ന് ചില വിപണികളില്‍ എത്തിക്കാനാണ് ആപ്പിളിന്റെ തീരുമാനമെന്നറിയുന്നു. ഏതെല്ലാം വിപണികളിലായിരിക്കും ഇതെന്നോ, പുതിയ വില എന്തായിരിക്കുമെന്നോ അറിയില്ല. 

വിപണിയിലെത്തി ഒരുമാസം തികയുന്നതിനു മുൻപെ വിലയിടിക്കേണ്ടി വന്ന ഐഫോണ്‍ ഏത്?

വിപണിയിലെത്തി ഒരു മാസം തികയുന്നതിനു മുൻപെ വിലയിടിക്കേണ്ടിവന്ന ആദ്യ ഐഫോണ്‍ എന്ന കുപ്രസിദ്ധി ഐഫോണ്‍ XR കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ Xs/Xs മാക്‌സ്, XR തുടങ്ങിയ മോഡലുകള്‍ക്കൊന്നും പ്രിതീക്ഷിച്ച സ്വീകരണം ലഭിച്ചില്ല. എന്തായാലും ജപ്പാനില്‍ ഐഫോണ്‍ XRമോഡലിന്റെ വല കുറച്ചു പരീക്ഷിക്കാനൊരുങ്ങുകയാണ് ആപ്പിളെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്ന് മോഡലുകളും നിര്‍മിക്കാനുദ്ദേശിച്ചിരുന്ന എണ്ണവും വെട്ടിക്കുറച്ചിരുന്നു.

ഇനി ഐഫോണ്‍ വില്‍പ്പന ഫ്‌ളിപ്കാര്‍ട്ടില്‍ ഉണ്ടാവില്ല?

അതേസമയം, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് താമസിയാതെ ഫ്‌ളിക്പാര്‍ട്ട് അടക്കമുള്ള മറ്റ് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഐഫോണ്‍ വില്‍ക്കാനായേക്കില്ലെന്നാണ്. ആഗോളതലത്തില്‍ ആപ്പിളും ആമസോണും തമ്മില്‍ ഐഫോണും ഐപാഡും വില്‍ക്കുന്ന കാര്യത്തില്‍ കരാറിലെത്തിയിരിക്കുന്നതാണ് കാരണം. ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള റീട്ടെയ്‌ലര്‍മാര്‍ക്ക് ഇനി ഐഫോണും മറ്റും വില്‍ക്കാന്‍ ലഭിക്കുന്ന കാര്യം സംശയമാണെന്നാണ് പ്രാഥമിക നിഗമനം. ഓഫറുകളും മറ്റും നല്‍കുമ്പോള്‍ എതിരാളിയുണ്ടെങ്കില്‍ വിലയിടിച്ചു വില്‍ക്കേണ്ടിവരുമെന്നതാണ് ഇവിടെ ആപ്പിളിന്റെ ചിന്ത എന്നാണ് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA