sections
MORE

ആപ്പിളിന് വൻ തിരിച്ചടി; 2019 ഐഫോൺ നിര്‍മാണം പ്രതിസന്ധിയിൽ, 5ജി വരില്ല, ടച് ഐഡിയോ?

iPhone-2019
SHARE

സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണത്തില്‍ ഐഫോണുകളായിരുന്നു ഒരു കാലത്ത് ഉരകല്ല്. ഇന്ന് വാവെയ് മെയ്റ്റ് 20 പ്രോ, പി20 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 3 തുടങ്ങിയവയുടെ മാജിക് ആപ്പിളിന്റെ എൻജിനീയര്‍മാര്‍ക്ക് അപ്രാപ്യമാണെന്നു പറയുന്നു. അതുപോരാഞ്ഞിട്ട് ഡിസൈനിന്റെ കാര്യത്തിലും പിന്നോട്ടു പോകുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വരും മാസങ്ങളില്‍ കാര്യമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ 2019ലെ ഐഫോണുകള്‍ ഡിസൈനിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ പിന്നിലാകാനാണ് സാധ്യത.

എന്താണ് പ്രശ്‌നം?

പത്താം വാര്‍ഷിക ഫോണായ ഐഫോണ്‍ Xന്റെ നിര്‍മാണത്തിനിടെ മുന്‍ക്യാമറ സിസ്റ്റത്തെ എവിടെ അവതരിപ്പിക്കുമെന്നതില്‍ ആപ്പിളിന്റെ എൻജിനീയര്‍മാരില്‍ ഉടലെടുത്ത സംശയമാണ് നോച് എന്ന ആശയമായി തീര്‍ന്നത്. ആപ്പിള്‍ എന്തു ചെയ്താലും അത് സ്റ്റൈലിന്റെ പര്യായമായി കണ്ടിരുന്ന ആന്‍ഡ്രായിഡ് ഫോണ്‍ നിര്‍മാതാക്കളും അതേറ്റുപിടിച്ചു. തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഒഎസില്‍ തന്നെ നോച്ചിനെ കുടിയിരുത്താന്‍ ഗൂഗിളും തീരുമാനിച്ചു. എന്നാല്‍ നോച്ചിന്റെ പ്രശ്നങ്ങൾ എല്ലാവര്‍ക്കും അപ്പോഴെ മനസ്സിലായിരുന്നു. ഇതിനിടെ സാംസങ് അടക്കം പല മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും നോച്ചിന് പ്രതിവിധി കണ്ടെത്തി. 

സ്‌ക്രീനില്‍ തുളയിട്ടോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ ഈ പ്രശ്‌നം അവര്‍ പരിഹരിക്കുന്നു. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം, ആപ്പിളിന്റെ എൻജിനീയര്‍മാര്‍ക്ക് ഇതു മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നാണ്. കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നത് 2019ലെ ഐഫോണുകളില്‍ നോച്ച് ഉണ്ടാവില്ല എന്നാണ്. പക്ഷേ, ഇപ്പോള്‍ പറയുന്നത് 2019ലെ ഫോണിന് കാര്യമായ ഡിസൈന്‍ മാറ്റം പ്രതീക്ഷിക്കേണ്ടെന്നും നോച്ച് ഉണ്ടാവാന്‍ തന്നെയാണ് സാധ്യത എന്നുമാണ്.

5ജി

അടുത്ത ഐഫോണുകളുടെ മറ്റൊരു കുറവ് 5ജിയുടെ അഭാവമായിരിക്കും. ഇക്കാര്യത്തിലും ആപ്പിളിന്റെ എന്‍ജിനീയര്‍മാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. ഐഫോണില്‍ 5ജി എത്താല്‍ '2020 എങ്കിലും' ആകുമത്രെ.

ടച് ഐഡി

മുഴുവന്‍ സ്‌ക്രീനുള്ള ഫോണ്‍ എന്ന ആശയം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ടച് ഐഡി എവിടെ പിടിപ്പിക്കണമെന്ന് ആപ്പിളിന്റെ എൻജിനീയര്‍മാര്‍ക്ക് അറിയാതെ പോയതിനാലാണ് അത് ഒഴിവാക്കയതെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. എന്തായാലും അടുത്ത ഐഫോണില്‍ ടച്‌ഐഡി ഒരു തിരിച്ചു വരവു നടത്തിയാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പുതിയ ഊഹാപോഹങ്ങള്‍ പറയുന്നത്. എന്നാല്‍, തങ്ങളുടെ ഉപയോക്താക്കള്‍ ഫെയ്‌സ്‌ഐഡിയില്‍ തൃപ്തരാണോ എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അങ്ങനെ തോന്നിയാല്‍ ടച്‌ഐഡി വീണ്ടും കൊണ്ടുവരില്ലെന്നും പറയുന്നു.

പുതിയ ടച് ടെക്‌നോളജി

എന്നാല്‍ ഐഫോണ്‍ ആരാധകര്‍ക്ക് ലഭിക്കുമെന്നു പറയുന്ന ഒന്ന് പുതിയ ടച് സ്‌ക്രീന്‍ ടെക്‌നോളജിയാണ്. സ്‌ക്രീനില്‍ തന്നെയുള്ള ഈ ടച് ടെക്‌നോളജി വരുന്നതിനാല്‍ അടുത്ത ഐഫോണ്‍ ഒന്നു കൂടെ മെലിയും. കൂടാതെ മെച്ചപ്പെട്ട ടച് അനുഭവവും ലഭിക്കും. ആപ്പിള്‍ എൻജിനീയര്‍മാരുടെ കഴിവ് തന്നെയാണ് ഇത് കാണിക്കുന്നത്. 

ദൗര്‍ഭാഗ്യവശാല്‍ 'Y-OCTA' (Youm On-Cell Touch AMOLED) എന്നറിയപ്പെടുന്ന ഈ ടെക്‌നോളജി ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങില്‍ നിന്ന് വാങ്ങിക്കുന്നതാണ്. സാംസങ് ഗ്യാലക്‌സി S9, നോട്ട് 9 തുടങ്ങിയ ഫോണുകള്‍ ഉപോഗിക്കുന്നവര്‍ ഈ ഫീച്ചർ ഇപ്പോഴെ അനുഭവിക്കുന്നുണ്ട്. ഏറെ പുകഴ്ത്തപ്പെട്ട ഒന്നാണിത്. എന്തായാലും ഇതിലൂടെ ഫോണിന്റെ ഭാരവും കുറയുമെന്നാണ് പറയുന്നത്.

ചുരുക്കി പറഞ്ഞാല്‍, ഐഫോണ്‍ Xന്റെ ഡിസൈന്‍ മൂന്നാം തലമുറയിലേക്കും പകരുകയായിരിക്കും ചെയ്യുക എന്നത് ആപ്പിള്‍ പ്രേമികള്‍ക്ക് ഏറെ നിരാശാജനകമായ വാര്‍ത്തയാണ്. ഐഫോണുകളുടെ വില്‍പന ലോകമെമ്പാടും കുറയുന്നു എന്നതും കമ്പനിക്ക് വമ്പന്‍ പ്രിതസന്ധിയാണ് നല്‍കുന്നത്. സമീപഭാവിയില്‍ പിടിച്ചു നില്‍ക്കാനായാലും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഫോണ്‍ അതിന്റെ മുന്‍കാല മാജിക് നിലനിര്‍ത്തിയില്ലെങ്കില്‍ അദ്ഭുതപ്പെടേണ്ട എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA