sections
MORE

പണം മുടക്കാൻ തയാറാണോ? വാങ്ങാം ഈ 5 പ്രീമിയം ഫോണുകള്‍

mate-pro-20-oppo-find-x
SHARE

പല വികസിത രാജ്യങ്ങളിലും സ്മാര്‍ട് ഫോണ്‍ വില്‍പ്പന, പ്രത്യേകിച്ചും മുന്തിയ ഹാന്‍ഡ്‌സെറ്റുകളുടെ കാര്യത്തിലെങ്കിലും കിതപ്പു കാണിച്ച വര്‍ഷമായിരുന്നു 2018. എന്നാല്‍, ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ കുതിപ്പു തുടരുകയുമാണ്. ഇപ്പോഴും സ്മാര്‍ട് ഫോണിനോളം 'രുചിയുള്ള' മറ്റൊരു ഉപകരണം വിപണിയില്‍ എത്തിയിട്ടില്ലെന്നത് ഉപയോക്താക്കള്‍ക്ക് അതിനോടുള്ള താത്പര്യത്തില്‍ കുറവു വരുത്തുന്നില്ല. പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും പുതിയ മോഡലുകള്‍ ഉണ്ടാക്കുമ്പോള്‍ വലിയ മാറ്റങ്ങളില്ലാതെയാണ് നിര്‍മിക്കുന്നതെന്നും കാണാം. വന്‍ മാറ്റങ്ങള്‍ സാഹസമാണ്. ആരും തിരിഞ്ഞു നോക്കണമെന്നില്ല. ആപ്പിളും സാംസങും പോലെയുള്ള കമ്പനികള്‍ താരതമ്യേന സുരക്ഷിതവും യാഥാസ്ഥിതകവുമായ പാതയിലൂടെ സഞ്ചരിച്ച വാര്‍ഷമായിരുന്നു 2018. എന്നാല്‍, പുതിയ ഫീച്ചറുകൾ കൊണ്ടുവരാന്‍ അവരേക്കാള്‍ നിര്‍ഭയമായ ചില ചുവടുവയ്പ്പുകള്‍ നടത്തിയ ചില കമ്പനികളുണ്ട്. അത്തരം ഏതാനും ഫോണുകളെ പരിചയപ്പെടാം.

ഒപ്പോ ഫൈന്‍ഡ് X

2018 ലെ നവീന സ്മാര്‍ട് ഫോണായി ഏറ്റവുമധികം പേര്‍ തിരഞ്ഞെടുത്തിരിക്കുന്ന മോഡല്‍ ഒപ്പോ ഫൈന്‍ഡ് X ആണ്. മുന്നിലും പിന്നിലും അല്‍പ്പം ചെരിവുള്ള ഗ്ലാസ് ഉപയോഗിച്ചു നിര്‍മിച്ച ഈ ഫോണ്‍ മെറ്റല്‍ ഫ്രെയ്മിലാണ് ഉറപ്പിച്ചിരിക്കുന്നത്. 2018ൽ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച മോഡലുകളിലൊന്ന് ഇതു തന്നെയാണ്. 6.4-ഇഞ്ച് വലുപ്പമുള്ള ഓലെഡ് ഡിസ്‌പ്ലെയാണ്. 

മോട്ടൊറൈസു ചെയ്ത ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രധാന ഫീച്ചര്‍. ആക്ടിവേറ്റു ചെയ്യുമ്പോള്‍ ക്യാമറ പുറത്തേക്കു തള്ളിവരുന്നു. എന്നാല്‍, കാലക്രമേണ പ്രശ്‌നത്തിലാവില്ലേ എന്ന കാര്യം പലരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഒപ്പോ പറയുന്നത് ദിവസം 150 തവണ വച്ച് ഉപയോഗിച്ചാല്‍ പോലും ഇത് അഞ്ചു വര്‍ഷത്തേക്ക് ഒരു പ്രശ്‌നവുമുണ്ടാക്കില്ല എന്നാണ്.

oppo-Find-X

വിലയില്‍ ഒട്ടും ദാക്ഷിണ്യമില്ല, 59,990 രൂപയാണ് എംആര്‍പി. എന്നിരിക്കിലും അടുത്തകാലത്തു കണ്ട ഏറ്റവുമധികം നൂതനത്വം തൊട്ടനുഭവിക്കാവുന്ന മോഡലാണിതെന്നാണ് വിലയിരുത്തല്‍. വിപ്ലവകരമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പരിവര്‍ത്തനാത്മകമായ ചിന്തകളാല്‍ സമ്പുഷ്ടമാണ് ഇതിന്റെ നിര്‍മിതി.

വാവെയ് മെയ്റ്റ് 20 പ്രോ

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിനും സാംസങ്ങിനും ഇടയിലാണ് വാവെയുടെ സ്ഥാനം. മുന്തിയ ഫോണുകളും കുറഞ്ഞ സെറ്റുകളും വിപണിയിലെത്തിക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. 2018ൽ ആദ്യമിറങ്ങിയ വാവെയ് P20 പ്രോ ഏറ്റവും മികച്ച ക്യാമറ ഫോണായി ഡിഎക്‌സ്ഒ മാര്‍ക്ക് തിരഞ്ഞെടുത്തിരുന്നു. അതിനേക്കാള്‍ മികച്ച ക്യാമറയുമായാണ് വര്‍ഷാവസാനം ഇറക്കിയ മെയ്റ്റ് 20 പ്രോ എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ റേറ്റിങ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മെയ്റ്റ് 20 പ്രോയുടെ നിര്‍മാണത്തികവ് അത്യുജ്വലമാണ്. കാഴ്ചയിലും മനോഹരം. ഇതിനേക്കാളധികം ടെക്‌നോളജി കുത്തിനിറച്ച മറ്റൊരു ആന്‍ഡ്രോയിഡ് ഫോണും ഇപ്പോള്‍ വിപണിയില്‍ ഇല്ലെന്നുതന്നെ പറയാം. വിശാലമായ ഓലെഡ് സ്‌ക്രീന്‍, പറക്കുന്ന സ്പീഡ്, ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി, സവിശേഷമായ മുന്നു പിന്‍ക്യാമറ സിസ്റ്റം, ഡിസ്‌പ്ലെയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഗ്ലാസും മെറ്റലും ഉപയോഗിച്ചുള്ള അത്യാകര്‍ഷകമായ നിര്‍മിതി ഇവയെല്ലാം ഈ ഫോണിനെ എടുത്തു കാട്ടുന്നു. ഈ ഫോണിന്റെ പിന്‍ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയുണ്ട്. ഫോണ്‍ വയര്‍ലെസായി ചാര്‍ജു ചെയ്യാമെന്നു മാത്രമല്ല, വയര്‍ലെസ് ചാര്‍ജിങ്ങുള്ള മറ്റു ഫോണുകള്‍ക്ക് വേണമെങ്കില്‍ സ്വന്തം ചാര്‍ജ് പകര്‍ന്നു നല്‍കുകയും ചെയ്യും! ആപ്പിളിന്റെ ഫെയ്‌സ്‌ ഐഡിക്കു സമാനമായ 3D ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചറടക്കമുള്ള കാര്യങ്ങളും ഇത് മികച്ച ഹാന്‍ഡ്‌സെറ്റുകളുടെ ഗണത്തിലെത്താന്‍ സഹായിക്കുന്നു. മുന്‍ ക്യാമറാ സിസ്റ്റം ഇരിക്കുന്ന നോച്ചും വാവെയുടെ ഇഎംയുഐ (EMUI skin) അല്‍പ്പം 'ഭാരിച്ചതാണ്' എന്ന തോന്നലുമാണ് ഇതിന്റെ പ്രധാന കുറവുകള്‍.

huawei-mate-20-pro

വില 69,990 രൂപയാണ്. നിര്‍മാണത്തികവും പ്രകടനമികവും സമ്മേളിക്കുന്ന മികച്ച ഹാന്‍ഡ്‌സെറ്റാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വിവോ നെക്‌സ് ഡ്യൂവല്‍ ഡിസ്‌പ്ലെ എഡിഷന്‍ (Vivo NEX Dual Display Edition) 

വിവോ ആദ്യമിറക്കിയ നെക്‌സ് സ്മാര്‍ട് ഫോണിന്റെ രീതികള്‍ ഉള്‍ക്കൊണ്ടാണ് ഈ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഫോണ്‍ തിരിച്ചു നോക്കുമ്പോഴാണ് മാറ്റം സ്പഷ്ടമാകുന്നത്. പിന്നിലും ഒരു ഡിസ്‌പ്ലെയുണ്ട്! സെല്‍ഫി പ്രേമികള്‍ക്കും വിഡിയോ കോളിനുമുള്ള മുന്‍ ക്യാമറ സിസ്റ്റം പാടേ ഉപേക്ഷിച്ച് പിന്നില്‍ രണ്ടാം സ്‌ക്രീന്‍ പിടിപ്പിച്ചിരിക്കുകയാണ് വിവോ. സാധാരണ സെല്‍ഫി ക്യാമറകള്‍ക്ക് പിന്‍ ക്യാമറ സിസ്റ്റത്തിന്റെ മികവു ലഭിക്കാറില്ല. എന്നാല്‍ ഇനി സെല്‍ഫിയും മികച്ച ക്യാമറ സിസ്റ്റം ഉപയോഗിച്ച് എടുക്കാമെന്നതാണ് ഇതിന്റെ ഒരു മേന്മ.

ഇനി ഇതൊന്നും നിങ്ങളുടെ തീരുമനം ഇളക്കില്ലെങ്കില്‍ കേള്‍ക്കുക വിവോ കൊണ്ടുവരുന്നത് സാധാരണ ക്യാമറകളല്ല, TOF (Time-of-fligh) ക്യാമറയാണ് ഫോണിനുള്ളത്. പ്രകാശത്തിന്റെ വേഗമളന്ന് എത്ര അകലെയാണ് സബ്ജക്ട് എന്നു കണക്കു കൂട്ടുന്ന സാങ്കേതിക വിദ്യയാണിത്. ഇത് 3D ഫേഷ്യല്‍ റെക്കഗ്നിഷനും ഒബ്ജക്ട് സ്‌കാനിങ്ങിനും ഉപകരിക്കുമെന്നു കരുതുന്നു.

vivo-nex

വില പ്രഖ്യാപിച്ചിട്ടില്ല. വിവോയുടെ സ്മാര്‍ട് ഫോണ്‍, പ്രീമിയം ഫീച്ചറുകളും നൂതനത്വവും ഒരുമിപ്പിച്ച് ഇറക്കിയതാണ്. പക്ഷേ, ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

ഓണര്‍ മാജിക് 2

മുകളില്‍ പറഞ്ഞ ഫോണുകളെക്കാള്‍ അല്‍പ്പം വില കുറവായിരിക്കും വാവെയുടെ സബ് ബ്രാന്‍ഡ് ആയ ഓണര്‍ ഇറക്കിയിരിക്കുന്ന 'മാജിക് 2' സ്മാര്‍ട് ഫോണ്‍. ഇതിന്റെ പ്രധാന പത്യേകതകളിലൊന്ന് ഫോണിന്റെ ബോഡി സ്ലൈഡു ചെയ്തിറക്കുമ്പോഴാണ് ക്യാമറ സിസ്റ്റ് പ്രത്യക്ഷപ്പെടുന്നത് എന്നതാണ്. ഇതിലൂടെ നിറഞ്ഞു നില്‍ക്കുന്ന ഡിസ്‌പ്ലെ കൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നു. അല്‍പ്പം ശക്തി ഉപയോഗിച്ച് പുറത്തു കൊണ്ടുവരേണ്ടതാതാണ് ഇതിന്റെ ക്യാമറ സിസ്റ്റം. കുറച്ചു കാലം കഴിയുമ്പോള്‍ മെക്കാനിസം പ്രശ്‌നം കാണിക്കുമോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, നിര്‍മാണ മികവ് തോന്നുന്ന ഫോണാണിത്.

honor-magic-2

മുന്നിലും പിന്നിലും മുമ്മൂന്നു ക്യാമറകള്‍ പിടിപ്പിച്ചതാണ് ഈ ഫോണ്‍. വാവെയുടെ ഏറ്റവും മികച്ച പ്രൊസസറായ കിരിന്‍ 980യാണു ശക്തിപകരുന്നത്. ഏകദേശം 40,000 രൂപ മുതലായിരിക്കും വിലയെന്നു കരുതുന്നു. വണ്‍പ്ലസ് 6T തുടങ്ങിയ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞേക്കാം ഓണര്‍ മാജിക് 2വിന്.

അസൂസ് റോഗ് ഫോണ്‍

സ്മാര്‍ട് ഫോണ്‍ ഗെയ്മിങ് ഭ്രാന്തന്മാരെ മുന്നില്‍ക്കണ്ടു നിര്‍മിച്ച ഉപകരണമാണ് അസൂസ് റോഗ് (ROG) ഫോണ്‍. പരമ്പരാഗത സ്മാര്‍ട് ഫോണ്‍ നിര്‍മാണ രീതികളില്‍ നിന്നു മാറി സൃഷ്ടിച്ചതാണിത്. ഈ ഫോണ്‍ നിര്‍മിക്കാന്‍, അസൂസ് മറ്റു സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം, ഗെയ്മിങ് ലാപ്‌ടോപ്പുകളെയും സൂക്ഷ്മമായി പഠിച്ചുവെന്ന കാര്യം വ്യക്തമാണ്. ആകര്‍ഷകമായ ഗ്ലോസി ക്രോം നിര്‍മാണവും മുന്നിലും പിന്നിലുമുള്ള കോപ്പര്‍ ഗ്രില്ലും തിളങ്ങുന്ന റോഗ് ലോഗോയും ഈ ഫോണിന്റെ സാന്നിധ്യം എടുത്തുകാണിക്കാന്‍ ഉതകുന്നതാണ്.

asusrogphone

അകത്താണെങ്കിലോ സ്‌നാപ്ഡ്രാഗണ്‍ന്റെ 2018 ലെ ഏറ്റവും മികച്ച പ്രോസസറായ 845 ഓവര്‍ ക്ലോക് ചെയ്തു പിടിപ്പിച്ചിരിക്കുന്നു. ഫോണിന്റെ 3D വെയ്പര്‍ ചേംബര്‍ ദീര്‍ഘനേരം ഗെയിം കളിച്ചാലും ഫോണ്‍ ചൂടാകാതിരിക്കാനുള്ള മുന്‍കരുതലാണ്. ഇന്നു ലഭ്യമയ മികച്ച ഗെയ്മിങ് സ്മാര്‍ട് ഫോണുകളിൽ ഒന്നാണിതെന്ന് സംശയലേശമന്യേ പറയാം. വിലയിട്ടിരിക്കുന്നത് 69,999 രൂപയാണ്. ഇത് പല ഗെയ്മിങ് പ്രേമികള്‍ക്കും അത്ര ആകര്‍ഷകമായേക്കില്ല എന്നതൊഴിച്ചാല്‍ വേറിട്ട ഒരു സ്മാര്‍ട് ഫോണാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA