sections
MORE

ഭീമൻ റോക്കറ്റ് വിക്ഷേപിച്ച് ഭൂമിയിൽ തിരിച്ചിറക്കും, മൂന്നു പദ്ധതി, ലോക ശക്തിയാകാൻ ഇന്ത്യ

isro-gslv-mk-3
SHARE

ദിവസങ്ങൾക്ക് മുൻപാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാൽക്കൺ ഹെവി വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കിയത്. റോക്കറ്റിന്റെ മൂന്നു ഭാഗങ്ങളിൽ രണ്ടും ഭൂമിയിൽ തിരിച്ചിറങ്ങി. മൂന്നാം ഭാഗം കടലിൽ തകർന്നു വീണു. അതേസമയം, സ്പെയ്സ് എക്സ് പോലെ ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്ആർഒയും തിരിച്ചിറക്കാൻ ശേഷിയുള്ള റോക്കറ്റിന്റെ, പേടകത്തിന്റെ നിർമാണത്തിലാണ്. രണ്ടു വർഷം മുൻപാണ് ഇതിന്റെ പ്രാഥമിക പരീക്ഷണം നടന്നത്.

ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. ബഹിരാകാശ വിപണിയിൽ സ്പെയ്സ് എക്സ് ഇക്കാര്യത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം കൈവരിച്ചത്.

ടെസ്‌ല കാറുമായി ബഹിരാകാശത്തേക്ക് തിരിച്ച ഫാൽക്കൺ ഹെവി റോക്കറ്റിന്റെ രണ്ടു ഭാഗങ്ങളും സുരക്ഷിതമായാണ് ഭൂമിയിൽ തിരിച്ചിറങ്ങിയത്. എന്നാൽ ഇത്തരമൊരു പദ്ധതി ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ നേരത്തെ തുടങ്ങിയതാണ്. റീയൂസബിൾ റോക്കറ്റിന്റെ നിരവധി പരീക്ഷണങ്ങളും ഐഎസ്ആർഒ നടത്തിയിട്ടുണ്ട്.

സ്പെയ്സ് എക്സിന് സമാനമായ റോക്കറ്റ് വിക്ഷേപണ പദ്ധതിയുടെ കൂടുതൽ പരീക്ഷണങ്ങൾ വൈകാതെ തന്നെ ഇന്ത്യയിലും നടക്കുമെന്നാണ് ഐഎസ്ആർഒ മേധാവി ഡോക്ടർ കെ. ശിവൻ പറഞ്ഞത്. സ്പെയ്സ് എക്സിന്റെ വിജയത്തെ അഭിനന്ദിച്ചാണ് ശിവൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

റീയൂസബിൾ ടെക്നോളജിയുടെ മൂന്നു തലങ്ങളാണ് ഐഎസ്ആർ പരീക്ഷിക്കുന്നത്. ഒന്ന്: ഭ്രമണ പഥത്തിൽ നിന്ന് തിരിച്ചെത്തി ഭൂമിയിൽ ഇറങ്ങുന്ന പേടകം. രണ്ട്: വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം. മൂന്ന്: റീയൂസബിൾ റോക്കറ്റ് സ്റ്റേജസ്. ഇതിൽ ചിലതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഭൂമിയിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണം നടന്നത് 2016 മേയിലാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇതിന്റെ രണ്ടാം ഘട്ടപരീക്ഷണം നടക്കുമെന്നാണ് അറിയുന്നത്.  

ചെലവ് കുറച്ച് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ച ഐഎസ്ആർഒ വീണ്ടും ഉപയോഗിക്കാവുന്ന ഭീമൻ റോക്കറ്റ് നിർമാണ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് വൻ പ്രതീക്ഷകൾ നൽകുന്ന വാർത്തയാണ്. ഇത് വിജയിച്ചാൽ ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ചരിത്രസംഭവമായിരിക്കും. വിങ്ഡ് റീയൂസബിൾ ലോഞ്ച് വെയ്ക്കിൾ ടെക്നോളജി ഡെമോൻസ്ട്രേറ്റർ (ആർഎൽവി–ടിഡി) ന്റെ ഔദ്യോഗിക പരീക്ഷണങ്ങൾ തുടരുമെന്നാണ് അറിയുന്നത്.

അതേസമയം, നിലവിലെ റോക്കറ്റ് ജിഎസ്എൽവി എംകെ 3 ന്റെ( ഫാറ്റ് ബോയ്) താങ്ങാവുന്ന ഭാരം നാലു ടണ്ണിൽ നിന്ന് 6.5 ടണ്ണാക്കുന്നതിനാണ് മുൻഗണന എന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു. ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യ ഇപ്പോഴും യൂറോപ്യൻ സ്പേസ്പോർട്ടുകളെയാണ് ആശ്രയിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA