sections
MORE

ഇവിടെ പെൺകുട്ടികളെ കരയിപ്പിച്ചാൽ സുന്ദരന്മാർക്ക് കൈനിറയെ പണം കിട്ടും

tear-girls
SHARE

പെൺകുട്ടികളെ കരയിക്കുന്ന സുന്ദരൻമാരെ കേരളത്തിൽ ദുഷ്ടൻമാർ എന്നാണ് വിളിക്കുക. അത്തരം സുന്ദരൻമാർക്ക് നാട്ടിൽ ക്ഷാമവുമില്ല. പെൺകുട്ടികളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവർക്കാണെങ്കിൽ ആരാധകർക്കു കുറവുമില്ല. എന്നാൽ, ജപ്പാനിൽ സ്ഥിതി മറിച്ചാണ്. ചിരിയും സന്തോഷവും അധികമായിട്ടല്ല, ജോലിഭാരവും ജീവിതസമ്മർദ്ദങ്ങളും മൂലം ടെൻഷൻ കയറി നിൽക്കുന്ന പെൺകുട്ടികൾക്ക് ചിരിയെക്കാൾ ആശ്വാസകരം കണ്ണീരാണ്. 

അവിടെ പെൺകുട്ടികളെ കരയിക്കാൻ കഴിയുന്ന യുവസുന്ദരന്മാർക്ക് കൈ നിറയെ കാശാണ്. ജപ്പാനിലെ യുവതികൾക്കിടയിൽ ട്രെൻഡിങ് ആയിരിക്കുന്ന ടിയർ തെറപ്പിയാണ് സംഭവം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ കണ്ണീർ കൊണ്ടൊരു ചികിൽസ. ഈ ചികിൽസയുടെ നടപടിക്രമങ്ങൾ മൊത്തത്തിൽ രസകരമാണ്. 

സുന്ദരനായ ചെറുപ്പക്കാരൻ എന്നത് മർമവിദ്വാൻ, ഉഴിച്ചിൽ വിദഗ്ധൻ എന്നൊക്കെ പറയുന്നതുപോലെ ഒരു പദവിയാണ്. സത്രീപക്ഷ കാഴ്ചയിൽ സുന്ദരനായിരിക്കണം എന്നു മാത്രം. കരച്ചിൽ തെറപ്പി കേന്ദ്രത്തിലെ ജോലിക്കാരനായിരിക്കും ഇയാൾ. 

തെറപ്പിക്കായി പെൺകുട്ടികൾ എത്തുമ്പോൾ അവരെ കരയിക്കുകയാണ് ഈ ചെറുപ്പക്കാൻ ചെയ്യേണ്ടത്. അടിച്ചോ ഇടിച്ചോ ചീത്ത വിളിച്ചോ കരയിക്കാമെന്നു വിചാരിക്കേണ്ട. കണ്ണിൽ ഗ്ലിസറിൻ തേച്ചോ മുറിയിൽ ടിയർ ഗ്യാസ് നിറച്ചോ കരയിച്ചാലും പോര. സ്വാഭാവികമായി ഇവരിൽ ദുഖമോ സഹാനുഭൂതിയോ ഒക്കെ ജനിപ്പിക്കണം. എന്നിട്ട്, ക്രമാനുഗതമായി വർധിപ്പിച്ച് കണ്ണ് നിറഞ്ഞൊഴുകണം. 

അങ്ങനെ കണ്ണു നിറയ്ക്കാൻ സംസാരിക്കുകയോ ശോകഗാനങ്ങൾ പാടുകയോ കഥകൾ പറയുകയോ വിഡിയോ കാണിക്കുകയോ ഒക്കെ ചെയ്യാം. അതൊക്കെ സുന്ദരനായ ചെറുപ്പക്കാരന്റെ ജോലിയാണ്. അതിനാണ് ചെറുപ്പക്കാരന് പണം എണ്ണിക്കൊടുക്കുന്നത്. കണ്ണീരിന്റെ ശാസ്ത്രം പഠിച്ചിട്ടുള്ളവരാണ് ജോലിയിലേറെയും. 

ചുമ്മാ ഒന്നു കരയിക്കാനാണെങ്കിൽ എന്തിനാണ് ഈ സുന്ദരനായ ചെറുപ്പക്കാരൻ, ആർക്കും ഈ ജോലി ചെയ്യാമല്ലോ എന്നു വിചാരിക്കരുത്. കണ്ണു നിറഞ്ഞു കഴിയുമ്പോഴാണ് സുന്ദരനായ ചെറുപ്പക്കാരന്റെ ആവശ്യം. കണ്ണീർത്തുള്ളി കണ്ണിൽ നിന്നു കവിളിലേക്കു വലതുകാൽ വച്ചിറങ്ങുമ്പോൾ സുന്ദരനായ ചെറുപ്പക്കാരൻ പോയി ഓരോ പെൺകുട്ടികളുടെയും കണ്ണീർ തുടയ്ക്കണം. 

മലയാള സിനിമയിൽ കാണുന്നതുപോലെ ‘അയ്യേ, എന്താ ഇത് കൊച്ചുകുട്ടികളെപ്പോലെ’ എന്ന മട്ടിലുള്ള പുളിച്ച ഡയലോഗുകൾ പറഞ്ഞ് കൈകൊണ്ട് തുടയ്ക്കാമെന്നോ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാമെന്നോ വിചാരിക്കരുത്. തൊട്ടുപോകരുത്. തെറപ്പിയുടെ ഭാഗമായി നൽകുന്ന മൃദുലമായ ടവ്വൽ നാലായി മടക്കി അടുത്തു നിന്ന് അൽപം മാറി നിന്ന് ചികിൽസാവിധി പ്രകാരം വേണം കണ്ണീർ തുടയ്ക്കാൻ. ഇങ്ങനെ പെൺകുട്ടികളെ കരയിച്ച ശേഷം കണ്ണീർ തുടച്ചു കൊടുക്കുന്ന പരിപാടിയെ ആണ് ടിയർ തെറപ്പി എന്നു വിശേഷിപ്പിക്കുന്നത്. 

tear

യുവസുന്ദരൻ കണ്ണീർ തുടയ്ക്കുമ്പോൾ ആശ്വാസം അനേകം മടങ്ങായിരിക്കുമെന്നതിനാലാണ് ടിയാനെ ജോലിക്ക് എടുത്തിരിക്കുന്നത്. മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നൂതന ചികിൽസ എന്ന നിലയ്ക്ക് ടിയർ തെറപ്പി ജപ്പാനിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഹിരോകി ടെറായ് എന്ന സംരംഭകനാണ് പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ പദ്ധതിയുടെ ഉപജ്ഞാതാവ്. നാഷനൽ ജ്യോഗ്രഫിക് ചാനൽ ടിയർ തെറപ്പിയെപ്പറ്റിയുള്ള ലഘുചിത്രം സംപ്രേഷണം ചെയ്തതോടെ മറ്റു രാജ്യങ്ങളിലുള്ള സുന്ദരന്മാരായ ചെറുപ്പക്കാരും പുതിയ തൊഴിൽസാധ്യത പ്രയോജനപ്പെടുത്താൻ കണ്ണീർക്കഥകൾ മെനയുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA