sections
MORE

‘ഇല്യൂമിനേറ്റി എന്ന നിഗൂഢ സംഘടനയുണ്ട്; അവരാണ് ഈ ലോകം നിയന്ത്രിക്കുന്നത്’

illumuniti
SHARE

ചരിത്രമന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക ഒരുപക്ഷേ ഇന്ത്യയിലായിരിക്കും; ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ‘ഇല്യൂമിനേറ്റി’യുടെ കാര്യമാണു പറഞ്ഞു വരുന്നത്. സത്യത്തിൽ അത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തിൽ പോലും നൂറ്റാണ്ടുകളായി ചർച്ച നടക്കുകയാണ്. ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഏറെ പ്രശസ്തമാക്കുകയും ചെയ്തു ഇല്യൂമിനേറ്റിയെ. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. 

മനഃശാസ്ത്രത്തിലും അത്യാധുനിക ആർഫിഷ്യൽ ഇന്റലിജന്റ്സിലും വരെ പിടിപാടുള്ളവർ. ലോകത്തെ നിയന്ത്രിക്കാൻ വരെ ശേഷിയുള്ളവർ. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ‘ഇല്യുമിനേറ്റി’ക്കു പിന്നിലെന്നാണു വിക്കിപീഡിയ പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് പറയപ്പെടുന്നത്. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവന്‍, എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു. 

അതല്ല, ഒരു ബവേറിയൻ പ്രഫസറാണ് 1700കളിൽ ഇതിനു രൂപം നല്‍കിയതെന്നും പ്രചാരണമുണ്ട്. ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകി അന്ധവിശ്വാസങ്ങളെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും! വെറും ഫിക്‌ഷനാണെന്നു പറഞ്ഞ് ഈ രഹസ്യ സംഘടനയെ ഭൂരിപക്ഷം പേരും തള്ളുമ്പോഴും അതിന് എതിർ വാദങ്ങളുമുണ്ട്. ഏറ്റവും പുതുതായി ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നതാകട്ടെ കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യറും.  

ഇല്യൂമിനേറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തുന്നത്. 1963–67 കാലത്താണ് ഹെല്ല്യർ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇല്യൂമിനേറ്റി അംഗങ്ങൾക്കറിയാമെന്നും ഹെല്ല്യർ പറയുന്നു. എന്നാൽ അവർ അതിന്റെ രഹസ്യം പുറത്തുവിടില്ല. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണം. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാറി പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ രഹസ്യ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം. 

രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യറുടെ വാക്കുകൾ. അതിനാൽത്തന്നെ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനെപ്പറ്റി രഹസ്യസംഘം ചിന്തിക്കുക പോലുമില്ല. നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹെല്ല്യർ. കാനഡയിൽ ഒരിടത്ത് പറക്കുംതളിക വന്നു പതിച്ചപ്പോൾ ആ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് ഇടപെട്ടു എന്നതായിരുന്നു അതിലൊന്ന്. 

എന്നാൽ അന്നുവന്ന അന്യഗ്രഹ ജീവികളിൽ നിന്നാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള വഴി മനുഷ്യന് ലഭിച്ചതെന്നും ഹെല്ല്യർ പറയുന്നു. ഈ അന്യഗ്രഹജീവികളുടെ കണ്ണിൽ മനുഷ്യൻ വെറും നിസ്സാരരാണ്. ഭാവിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ മനുഷ്യനെ സഹായിക്കാൻ തക്കതായ എല്ലാ വിവരങ്ങളും ഇവയുടെ കയ്യിലുണ്ട്. കൃഷിയിലും വൈദ്യശാസ്ത്ര രംഗത്തും അവർ ഏറെ മുന്നിലാണ്. അങ്ങനെയെങ്കിൽ അവരുമൊത്ത് പുതിയൊരു ലോകക്രമത്തെപ്പറ്റി എന്തുകൊണ്ട് ആലോചിച്ചു കൂടാ എന്നും ഹെല്ല്യർ ചോദിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA