sections
MORE

കുപ്പിവെള്ളം കൊടും വിഷം, അത്ര ശുദ്ധമല്ല! 93 ശതമാനം കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്

bottled-water
SHARE

ശുദ്ധമെന്ന് കരുതി പണം കൊടുത്തുവാങ്ങി കുടിക്കുന്ന കുപ്പിവെള്ളവും അത്ര ശുദ്ധമല്ലെന്നാണ് പുതിയ പഠനം. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യ മന്ത്രി സിആര്‍ ചൗധരിയാണ് ഇക്കാര്യം ലോകസഭയെ അറിയിച്ചിരിക്കുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി ചേര്‍ന്നായിരുന്നു പരീക്ഷണം. ഇന്ത്യയടക്കമുള്ള ഒൻപതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്നാണ് പഠനത്തിലുള്ളത്.

hot climate

ഇന്ത്യക്ക് പുറമേ ബ്രസീല്‍, ചൈന, ഇന്തൊനീഷ്യ, കെനിയ, ലെബനാന്‍, മെക്‌സിക്കോ, അമേരിക്ക, തായ്‌ലാൻ‍‍ഡ് എന്നീ രാജ്യങ്ങളിലെ കുപ്പിവെള്ളമാണ് പരിശോധിച്ചത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ഈ 93 ശതമാനം കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി ഒരു മുടിനാരിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തിനും ബീജത്തിന്റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും.

hot-sun-heat-summer

കേരളത്തിലെ അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്. കുപ്പിവെള്ള വില്‍പ്പന കുതിച്ചുയരുന്ന ചൂടുകാലത്ത് മലിനജലം കുപ്പിവെള്ളത്തിന്റെ രൂപത്തില്‍ വരുന്നത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്.

നൈല്‍ റെഡ് എന്ന ഡൈ കുപ്പിവെള്ളത്തില്‍ ലയിപ്പിച്ചശേഷം 0.0015 മില്ലിമീറ്റര്‍ വലുപ്പമുള്ള വസ്തുക്കള്‍ പോലും അരിച്ചെടുക്കാന്‍ കഴിയുന്ന സംവിധാനം ഉപയോഗിച്ച് അരിച്ചെടുക്കുകയാണ് ചെയ്തത്. വെള്ളത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അംശം മൈക്രോസ്‌കോപ് ഉപയോഗിച്ച് നോക്കിയാല്‍ തിളക്കത്തോടെ വേര്‍തിരിച്ച് കാണാനാകും. പ്ലാസ്റ്റിക് എല്ലായിടത്തുമുണ്ടെന്ന് ആലങ്കാരികമായി പറയുന്നതിന്റെ തെളിവായി ഈ പരീക്ഷണഫലം മാറുകയായിരുന്നു.

water

ഇതാദ്യമായല്ല കുപ്പിവെള്ളം അത്ര ശുദ്ധവെള്ളമല്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2016-17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാംപിളുകളായെടുത്ത് കേന്ദ്രം പരിശോധിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായ്) നടത്തിയ പരിശോധനയില്‍ 224 സാംപിളുകളും മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തി. 131 കുപ്പിവെള്ള നിര്‍മാതാക്കളുടെ പേരിലാണ് അന്ന് ഫസായ് കേസെടുത്തത്. 33 കമ്പനികളെ ശിക്ഷിക്കുകയും 40 കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. എന്നിട്ടും നമുക്ക് ലഭിക്കുന്ന കുപ്പിവെള്ളത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA