sections
MORE

അണുബോംബിനോളം ശേഷിയുള്ള ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്ത്; നാസ പോലും അറിഞ്ഞില്ല ആ വരവ്

asteroid-earth
SHARE

ഭൂമിയിലേക്ക് ഏതു നിമിഷവും പാഞ്ഞു വരാവുന്ന ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്താൻ നാസയ്ക്ക് ഒരു പദ്ധതി കേന്ദ്രമുണ്ട്– സെന്റർ ഫോർ നിയർ ഏർത്ത് ഓബ്ജക്ട് സ്റ്റഡീസ്(സിഎൻഇഒഎസ്). ബഹിരാകാശത്തു നിന്ന് ഏതെങ്കിലും ‘അജ്ഞാത വസ്തു’ ഭൂമിക്കു നേരെ പാഞ്ഞടുക്കുന്നുണ്ടെങ്കിൽ നാളുകൾക്കു മുൻപേ തിരിച്ചറിയുക എന്നതാണ് ഈ സെന്ററിന്റെ ചുമതല. പക്ഷേ ഇതിനെയും കബളിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഒരു ഛിന്നഗ്രഹം ഭൂമിയിലേക്കു പാഞ്ഞടുത്തു. നാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. 

നൂറു വർഷം മുൻപ് റഷ്യയിലെ ‘ടുണ്ടുസ്ക’യിലുണ്ടായ ഛിന്നഗ്രഹ ആക്രമണത്തിനു സമാനമായ പ്രശ്നം സൃഷ്ടിക്കാൻ ഈ ഛിന്നഗ്രഹത്തിനു കഴിയുമായിരുന്നുവെന്നാണു നിഗമനം. ഒരു ഫുട്ബോൾ മൈതാനത്തോളം വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തെ ഏപ്രിൽ 13 ശനിയാഴ്ചയാണ് ഗവേഷകർ കണ്ടെത്തുന്നത്. തൊട്ടടുത്ത ദിവസം ഇത് ഭൂമിക്ക് ഏറ്റവും അടുത്തെത്തി. പ്രാദേശിക സമയം പുലർച്ച 2.41ഓടെയായിരുന്നു അത്. ജിഇ3യുടെ ഇതുവരെയുള്ള യാത്രയിൽ, 90 വർഷത്തിനിടെ, ഇതാദ്യമായാണ് ഭൂമിക്ക് ഇത്രയും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ പകുതിയോളം ദൂരത്തിൽ ജിഇ3 എത്തിയെന്നാണു ഗവേഷകർ പറയുന്നത്. 

157 മുതൽ 360 അടി വരെ വ്യാസമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ‘തൊട്ടു തൊട്ടില്ല’ എന്ന മട്ടിൽ പോയതെന്നാണു ഗവേഷകർ പറയുന്നത്. 1908ൽ സൈബീരിയയിലെ അഞ്ചു ലക്ഷം ഏക്കർ വരുന്ന കാടിനെ കത്തിച്ചു കളഞ്ഞ ഛിന്നഗ്രഹത്തേക്കാൾ മൂന്നര മടങ്ങെങ്കിലും വലുപ്പമുള്ളതായിരുന്നു ജിഇ3യെന്നും നാസയുടെ വാക്കുകൾ. 2013ലും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഒരു ഛിന്നഗ്രഹം പ്രവേശിച്ചിരുന്നു. റഷ്യയിൽത്തന്നെയാണ് അതും പൊട്ടിത്തെറിച്ചത്. ഒരു ഭൂകമ്പത്തിനു സമാനമായിരുന്നു അതിന്റെ ആക്രമണം. വന്നു വീണയിടത്തു നിന്ന് 58 മൈൽ(93 കി.മീ) ദൂരേക്കു വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. കെട്ടിടങ്ങൾ കുലുങ്ങിവിറച്ചു. പൊട്ടിയ ചില്ലുകളും മറ്റും ദേഹത്തു തറച്ച് അന്നു പരുക്കേറ്റത് 1200ലേറെ പേർക്കും! മണിക്കൂറിൽ 33,000 മീറ്റർ എന്ന കണക്കിനായിരുന്നു അതിന്റെ വരവ്. ഭൂമിക്ക് 18–32 മൈൽ മുകളിലെത്തിയപ്പോൾ ഇതു പലതായി പൊട്ടിച്ചിതറി. അതിന്റെ ആഘാതത്തിലാണ് കെട്ടിടങ്ങൾ തകർന്നതും പലർക്കും പരുക്കേറ്റതും. 

എന്നാൽ ജിഇ3യ്ക്ക് അന്നു വീണ ഛിന്നഗ്രഹത്തേക്കാൾ മൂന്നു മുതൽ ആറിരട്ടി വരെയുണ്ടായിരുന്നു വലുപ്പം. എങ്കിലും ലോകത്തെ മൊത്തം വിറപ്പിക്കുന്ന ഒരു ‘ഇംപാക്ട്’ ഈ ഛിന്നഗ്രഹം ഉണ്ടാക്കുമായിരുന്നില്ലെന്നും ഗവേഷകർ ആശ്വാസം കണ്ടെത്തുന്നു. ഭൂമിയിലെത്തും മുൻപേ ഇതു ചിതറിത്തെറിക്കുമായിരുന്നു. പക്ഷേ വന്നുവീഴുന്നയിടത്തു കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ തക്ക ശേഷിയുണ്ടായിരുന്ന കാര്യം ഗവേഷകർ സമ്മതിക്കുന്നു. ഏകദേശം ഒരു അണുബോംബിനോളം ശേഷിയുണ്ടായിരുന്നു പാറകളും ലോഹങ്ങളും നിറഞ്ഞ ഈ  ‘ഭീമന്’. അപ്രതീക്ഷിതമായി ഭൂമിക്കു നേരെ എത്തുന്ന ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച് വലിയൊരു മുന്നറിയിപ്പാണ് ജിഇ3 നൽകിയതെന്നും നാസ സമ്മതിക്കുന്നു. ഇത്തരം വരവിനെ നേരത്തേ തിരി‍ച്ചറിഞ്ഞു തടയാനുള്ള ഫലപ്രദമായ നീക്കങ്ങളും അത്യാവശ്യമാണ്. 

അരിസോണ സർവകലാശാലയിലെ കാറ്റലിന സ്കൈ സർവേ പദ്ധതിയിലെ നിരീക്ഷണത്തിനിടെയാണ് ഏപ്രിൽ 13ന് ജിഇ3 ആദ്യം ഗവേഷകരുടെ കണ്ണിൽപ്പെടുന്നത്. അതായത് ഭൂമിക്ക് ഏറ്റവും അടുത്ത് ഈ ഛിന്നഗ്രഹം എത്തുന്നതിനു വെറും 21 മണിക്കൂർ മുൻപു മാത്രം. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു വാനനിരീക്ഷകൻ ജിഇ3യുടെ സഞ്ചാരം ക്യാമറയിലാക്കിയിട്ടുണ്ട്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരത്തെപ്പറ്റി കൂടുതൽ ഗവേഷണത്തിനുള്ള നീക്കത്തിലാണ് നാസ. 

മണിക്കൂറിൽ 66,174 മൈൽ വേഗത്തിലായിരുന്നു ജിഇ3യുടെ വരവ്. ഭൂമിയിലെത്തും മുന്‍പ് അന്തരീക്ഷവുമായുള്ള ഘർഷണം കാരണം ഛിന്നഗ്രഹങ്ങൾ പൊട്ടിച്ചിതറുകയാണു പതിവ്. എന്നാൽ എവിടെയാണു വന്നിടിക്കുന്നത്, അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിന്റെ ‘ആംഗിൾ’, വേഗം, ഘടന ഇതെല്ലാം അനുസരിച്ചാണ് അതിന്റെ ആഘാതം വിലയിരുത്തുക. കഴിഞ്ഞ 14 വർഷത്തിനിടെ 26 ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നിരുന്നുവെന്നാണ് നാസയുടെ റിപ്പോർട്ട്. ഓരോന്നിനും ഒരുഗ്രൻ അണുബോംബിന്റെ ശേഷിയുമുണ്ടായിരുന്നു. പക്ഷേ മിക്കവയും കടലിനു മുകളിൽ തന്നെ കത്തിത്തീർന്നു. ചിലതെല്ലാം ആരും അറിയാതെ കടലിലും പതിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA