sections
MORE

ചന്ദ്രനിൽ ഇറങ്ങിയവർ കണ്ട ആ ‘അജ്ഞാത’ വെളിച്ചം എന്തായിരുന്നു?

NASA-astronauts
SHARE

ഒരൊറ്റത്തവണയേ യുഎസ് ചന്ദ്രനിലേക്കു ദൗത്യം നടത്തിയിട്ടുള്ളൂ. ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍ എന്ന ഖ്യാതി അങ്ങനെ നീല്‍  ആംസ്‌ട്രോങ് സ്വന്തമാക്കുകയും ചെയ്തു. ആംസ്‌ട്രോങ്ങിനു പിന്നാലെ രണ്ടാമത് ചന്ദ്രനില്‍ ഇറങ്ങിയത് എഡ്വിന്‍ ആല്‍ഡ്രിനാണ്. ഒരുപക്ഷേ ചരിത്രം വെറും രണ്ടാമനായി തള്ളിക്കളഞ്ഞ ബഹിരാകാശ യാത്രികന്‍. എന്നാല്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാനിരിക്കെ ആല്‍ഡ്രിനാണു വാര്‍ത്തകളില്‍ നിറയുന്നത്. ഏറ്റവും അടുത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ആ ചാന്ദ്രയാത്രയെ ചുറ്റിപ്പറ്റിയുള്ളതാണ്.

1969ല്‍ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്കു പോകുമ്പോള്‍ താന്‍ കണ്ട ഒരു കാഴ്ചയെപ്പറ്റി ആല്‍ഡ്രിന്‍ വിവരിച്ചിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ റോക്കറ്റില്‍ നിന്നു വേര്‍ പിരിഞ്ഞ് പേടകം ഒറ്റയ്ക്കായ സമയത്തായിരുന്നു അത്. പേടകത്തിനു സമാന്തരമായി ഒരു ‘അജ്ഞാത’ വെളിച്ചവും സഞ്ചരിക്കുന്നു എന്നതായിരുന്നു കാഴ്ച. ഏറെ നേരത്തേക്ക് അത് ഒപ്പമുണ്ടായിരുന്നു. ‘അജ്ഞാത’ വെളിച്ചം എന്നു തന്നെയാണ് അതിനെ പിന്നീട് ഭൂമിയിലെത്തിയപ്പോള്‍  ആല്‍ഡ്രിന്‍ വിശേഷിച്ചത്. എന്നാല്‍ ‘അജ്ഞാതം’ എന്ന വാക്കിനെ പറക്കുംതളികാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. ആല്‍ഡ്രിന്‍ കണ്ടത് വെളിച്ചമല്ല ഭൂമിയില്‍ നിന്നുള്ള അതിഥികളെ നിരീക്ഷിക്കാനെത്തിയ യുഎഫ്ഒ ആണെന്നായിരുന്നു അവരുടെ വാദം. ഇതുമായി ബന്ധപ്പെട്ടു നാസ കൂടുതല്‍ വിശദീകരണം പുറത്തുവിടാത്തതും സംശയം കൂട്ടി. 

ufo-sighting-apollo-15

അതിനിടെയാണ് അടുത്തിടെ ഒരു വിദേശമാധ്യമം ഇതു സംബന്ധിച്ച വിവാദ വാര്‍ത്ത പുറത്തുവിടുന്നത്. ഒഹായോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷകയ്ക്കു വേണ്ടി ആല്‍ഡ്രിന്‍ നുണ പരിശോധനയ്ക്കു വിധേയനായി എന്നതായിരുന്നു അത്. പറക്കുംതളികകള്‍ നിലവിലുണ്ടോയെന്ന വിഷയത്തില്‍ ആല്‍ഡ്രിന്റെ നിലപാട് പരിശോധിക്കുകയായിരുന്നു ഗവേഷകയുടെ ലക്ഷ്യം. നുണ പറയാതിരിക്കാനാണ് അത് ‘ലൈ ഡിറ്റക്റ്റര്‍ ടെസ്റ്റി’ലൂടെ തെളിയിക്കാന്‍ തീരുമാനിച്ചത്. അതിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴാകട്ടെ താന്‍ പറക്കുംതളിക കണ്ടുവെന്ന് ആല്‍ഡ്രിന്‍ പറഞ്ഞുവെന്നായി കാര്യങ്ങള്‍. സംഭവം വന്‍ വാര്‍ത്തയായതോടെ വിശദീകരണവുമായി ആല്‍ഡ്രിന്‍ തന്നെ രംഗത്തു വന്നു. അങ്ങനെയൊരു ഗവേഷണം എവിടെയും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രവുമല്ല, നാസ ഉള്‍പ്പെടെ ഇത്തവണ ആല്‍ഡ്രിനു പിന്തുണയുമായെത്തുകയും ചെയ്തു. 

താന്‍ പറക്കുംതളിക കണ്ടിട്ടുണ്ടെന്ന് ആല്‍ഡ്രിന്‍ എവിടെയും പറഞ്ഞിട്ടില്ല. മാത്രവുമല്ല, താന്‍ കണ്ടത് എന്താണെന്നതിന്റെ കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമമായ ‘റെഡിറ്റില്‍’ 2014ല്‍ നടന്ന ഒരു ചോദ്യോത്തര ചര്‍ച്ചയിലാണ് ആല്‍ഡ്രിന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ‘ഒട്ടേറെ അഭ്യൂഹങ്ങളുണ്ടായിട്ടുണ്ട് എന്താണ് ആ വെളിച്ചം എന്നതിനെപ്പറ്റി. യുഎസ് അല്ലാതെ മറ്റൊരു രാജ്യം വിക്ഷേപിച്ച പേടകം, അല്ലെങ്കില്‍ മറ്റൊരു ലോകത്തു നിന്നുള്ള പേടകം എന്നതായിരുന്നു പ്രമുഖ വാദങ്ങള്‍. എന്നാല്‍ റോക്കറ്റില്‍ നിന്നു മാതൃപേടകം വേര്‍പെട്ടതിനു ശേഷമാണ് ഞാന്‍ ആ വെളിച്ചം കാണുന്നത്. ഒന്നുകില്‍ അത് ആ റോക്കറ്റ് തന്നെയായിരിക്കാം. അതിനേക്കാളും സാധ്യത മറ്റൊന്നിനാണ്. 

moon-appollo

റോക്കറ്റില്‍ നിന്നു വിട്ടുമാറിയതിനൊപ്പം പേടകത്തിന്റെ നാലു പാനലുകളും വേര്‍പെട്ടിരുന്നു. അവ ബഹിരാകാശത്ത് ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അവ പേടകത്തിനു സമാന്തരമായി യാത്ര തുടരുകയായിരുന്നു. അവയിലൊന്നില്‍ സൂര്യപ്രകാശം തട്ടിയുണ്ടായ വെളിച്ചമാണ് ഞാന്‍ കണ്ടത്. പക്ഷേ ഏതു പാനലില്‍ തട്ടിയാണ് വെളിച്ചമുണ്ടായത് എന്നെനിക്കറിയില്ല. അതിനാലാണ് അതിനെ ‘അജഞാത’ വെളിച്ചം എന്നു വിശേഷിപ്പിച്ചത്. അല്ലാതെ അത് യുഎഫ്ഒ ഒന്നുമായിരുന്നില്ല’-ആല്‍ഡ്രിന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നാസയും ആല്‍ഡ്രിന്റെ ഇതേ വാദത്തെ അംഗീകരിച്ചിട്ടുണ്ട്. ഷാരി എഡ്വേഡ്‌സ് എന്ന ഗവേഷകയാണ് ആല്‍ഡ്രിന് നുണപരിശോധന നടത്തിയതെന്നായിരുന്നു വിവാദ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം എന്താണെന്നു കാത്തിരിക്കുകയാണ് ശാസ്ത്രലോകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA