sections
MORE

ചൊവ്വയില്‍ കുടുങ്ങിയ മനുഷ്യനെ രക്ഷിച്ചു ഭൂമിയിലെത്തിച്ചു, സംഭവം 2035 ലും

mars-one-3
SHARE

ചൊവ്വായാത്രയ്ക്കു മനുഷ്യൻ പദ്ധതിയിട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. പക്ഷേ, ചൊവ്വയിൽ ‘കുടുങ്ങിയ’ മനുഷ്യനെ സിനിമാലോകം ഇതിനകം രക്ഷപ്പെടുത്തി ഭൂമിയിലെത്തിച്ചു കഴിഞ്ഞു! ‘ദ് മാർഷൻ’ എന്ന ചിത്രത്തിലാണു സംഭവം. കഥ നടക്കുന്നതാകട്ടെ 2035ലും. ഏരീസ് 3 എന്ന പേടകത്തിൽ ചൊവ്വാപര്യവേക്ഷണത്തിനെത്തിയ സംഘത്തിൽപ്പെട്ട മാർക് വാട്നി അവിടെ കുടുങ്ങുന്നു. 

വാട്നി മരിച്ചെന്നു കരുതിയാണു മറ്റു സംഘാംഗങ്ങൾ തിരികെ പോയത്. അദ്ദേഹം പക്ഷേ, രക്ഷപ്പെട്ട് ചൊവ്വയിൽ മനുഷ്യർക്കായി ഒരുക്കിയിരിക്കുന്ന ‘ഹാബ്’ എന്ന പരീക്ഷണശാലയിൽ എത്തി. നാലു കൊല്ലമെങ്കിലും കഴിയണം അവിടേക്ക് അടുത്ത രക്ഷാദൗത്യമെത്താൻ. അതുവരെ ജീവൻ നിലനിർത്താൻ ഭക്ഷണവും വെള്ളവുമെല്ലാം കണ്ടെത്തണം. 

വാട്നി ഹാബിനകത്തു മനുഷ്യവിസർജ്യം വളമാക്കി ഉരുളക്കിഴങ്ങ് തൈകൾ നട്ടുപിടിപ്പിച്ചു, ബാക്കി വന്ന റോക്കറ്റ് ഇന്ധനത്തിൽനിന്നു ഹൈഡ്രജൻ വേർതിരിച്ചെടുത്തു വെള്ളവും ഉൽപാദിപ്പിച്ചു. വാട്നി മരിച്ചിട്ടില്ലെന്നതിന്റെ ‘സിഗ്നലുകൾ’ നാസയ്ക്കു ലഭിച്ചു. തുടർന്ന്, അദ്ദേഹത്തെ രക്ഷിക്കാൻ 22.5 കോടി കിലോമീറ്റർ ദൂരെനിന്നു നാസ നടത്തുന്ന ശ്രമങ്ങളുടെ കഥയാണു ചിത്രം. 

mars-one1

ബഹിരാകാശത്തെ ആദ്യ ഹോട്ടൽ

(വാസുദേവ ഭട്ടതിരി)

വ്യത്യസ്‌തമായ സുഖവാസ കേന്ദ്രം തേടുന്നവർക്കായി പുതിയൊരു ആഡംബര ഹോട്ടൽ. ദൂരം 100 കിലോമീറ്ററിനു മേൽ വരും. നാലു പേർക്കു മാത്രമാണു താമസ സൗകര്യം. മുറികൾ രണ്ടു മാത്രം. കേൾക്കുംമുൻപേ അങ്ങോട്ടു പറന്നെത്താൻ വെമ്പുന്നവരോടു പറയട്ടെ: പറന്നു തന്നെ പോകണം, ഈ ഹോട്ടൽ ബഹിരാകാശത്താണ്.

‘സ്‌പേസ് ടൂറിസം’ സ്വപ്‌നമായി കൊണ്ടുനടക്കുന്ന ഫ്രാങ്ക് ബർജറിന്റെ ഓറിയോൺ സ്‌പാൻ എന്ന കമ്പനിയുടേതാണു ബഹിരാകാശത്തെ ആദ്യ ഹോട്ടലിനുള്ള പദ്ധതി. ‘ഒറോറ’ എന്ന പേരിലായിരിക്കും ഹോട്ടൽ. അഞ്ചു വർഷത്തിനകം ആദ്യ ഹോട്ടൽ; പിന്നെ ബഹിരാകാശത്ത് ഒറോറ ഹോട്ടലുകളുടെ ശൃംഖല – ഇതാണു കമ്പനിയുടെ പ്ലാൻ.

ബർജറിന്റെ അഭിപ്രായത്തിൽ ഇതു ബജറ്റ് ഹോട്ടലാണ്. കാരണം ഇന്റർനാഷനൽ സ്പേസ് ഷിപ്പിലേക്കുള്ള സ്വകാര്യ യാത്രയ്ക്കു 130 കോടി രൂപ വരെ ഈടാക്കുമ്പോൾ ഒറോറ ഹോട്ടലിന്റെ ബിൽ വെറും 60 കോടി രൂപയിലൊതുങ്ങുന്നു. സ്പേസ് ഹോട്ടലിലേക്കുള്ള ‘റൗണ്ട് ട്രിപ്’ 12 ദിവസം നീളുന്നതായിരിക്കും. നാലു താമസക്കാരുടെ സഹായത്തിനു രണ്ടു ജീവനക്കാരാണുണ്ടാകുക. താമസക്കാരെ ‘അസ്ട്രൊനോട്ട് റെഡി’ നിലയിലെത്തിക്കാൻ മൂന്നു മാസത്തെ പരിശീലനം നൽകും. 

ബഹിരാകാശത്തെ താമസത്തിന്റെ ഏറ്റവും വലിയ ആകർഷണം ‘സീറോ ഗ്രാവിറ്റി’യുടെ ഹരമാണ്. ഹോട്ടലിനുള്ളിൽ ഒഴുകി നടക്കാം. സമുദ്രനിരപ്പിൽനിന്നു 3,30,000 അടി അകലെ ഭൂമിയുടെ അതിർത്തിയെന്നു സങ്കൽപിക്കപ്പെടുന്ന ‘കാർമൻ രേഖ’യ്ക്കപ്പുറത്തുനിന്നു ഭൂമിയെ കാണുന്ന അനുഭവം വേറെ.

ബർജറിന്റെ കമ്പനി മാത്രമല്ല ‘സ്‌പേസ് ടൂറിസം’ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ രംഗത്തുള്ളത്. വിർജിൻ ഗലാക്ടിക്, സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ തുടങ്ങി ഒരു ഡസനിലേറെ സ്പേസ് ഫ്ലൈറ്റ് കമ്പനികൾ രംഗത്തുണ്ട്. ഇവയെല്ലാം ബഹിരാകാശ വിനോദ സഞ്ചാരത്തിനു സൗകര്യമൊരുക്കാൻ കോടികൾ ചെലവിട്ടാണു മത്സരിക്കുന്നത്.  വിർജിൻ ഗലാക്ടിക്കിന്റെ യൂണിറ്റി സ്പേസ് ഷിപ് – 2 കഴിഞ്ഞ ആഴ്ച വിജയകരമായി സൂപ്പർസോണിക് ടെസ്റ്റ് ഫ്ലൈറ്റ് നടത്തി. വിർജിൻ ഗലാക്ടിക് അധികം വൈകാതെ വിനോദ സഞ്ചാരികൾക്കു ബഹിരാകാശ യാത്ര സാധ്യമാക്കുമെന്നാണു കരുതുന്നത്. 1.6 കോടി രൂപ വീതം നൽകി എഴുന്നൂറോളം പേർ ടിക്കറ്റെടുത്തു കാത്തിരിക്കുകയാണത്രേ. സ്റ്റീഫൻ ഹോക്കിങ്ങും ടിക്കറ്റെടുത്തിരുന്നു.

മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാൻ ഇലോൺ മസ്ക്

(അശ്വിൻ നായർ)

ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (Interplanetory Transport Systems ഐടിഎസ്) എന്ന വലിയ പദ്ധതിയാണ് ഇലോൺ മസ്കും സംഘവും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.  ആദ്യപടിയായി 2024ൽ മനുഷ്യരെ ചൊവ്വയിൽ എത്തിക്കും. സ്പെയ്സ് എക്സിന്റെ സ്വപ്നലക്ഷ്യങ്ങളിൽ ഒന്നായ ചൊവ്വാക്കോളനിയുടെ തുടക്കമായിരിക്കും അത്. ചൊവ്വയിലേക്കുള്ള വലിയ യാത്ര എങ്ങനെ സാധ്യമാകും? ഉത്തരം സ്‌പെയ്‌സ് എക്‌സിന്റെ അണിയറയിൽ ഒരുങ്ങുന്നു– ബിഎഫ്ആർ അഥവാ ബിഗ് ഫാൽക്കൺ റോക്കറ്റ്.

ആധുനിക സാന്താമരിയ

ശീതയുദ്ധകാലത്ത് അമേരിക്കൻ ദൗത്യങ്ങളുടെ കുന്തമുനയായിരുന്നു സാറ്റേൺ ഫൈവ് എന്ന റോക്കറ്റ്. 118 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ റോക്കറ്റ് ചരിത്രദൗത്യങ്ങളായ അപ്പോളോ, സ്‌കൈലാബ് തുടങ്ങിയവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. മൂന്നു സ്റ്റേജുകളായി ലഭിക്കുന്ന ഊർജത്തിൽ ബഹിരാകാശത്തെത്തിച്ച റോക്കറ്റിനു പക്ഷേ വിക്ഷേപണച്ചെലവു വലിയ പ്രശ്‌നമായിരുന്നു. 1973നു ശേഷം സാറ്റേൺ ഫൈവ് നാസ ഉപയോഗിച്ചിട്ടില്ല.

Nasa-mars

സാറ്റേൺ ഫൈവിന്റെ അതേ ശ്രേണിയിലുള്ളതാണ് ബിഎഫ്ആർ. 150 ടൺ വഹിക്കാനുള്ള ശേഷി ഇതിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി എംകെ ത്രീയുടെ ഭാരവാഹകശേഷി 10 ടൺ മാത്രം.

ഇത്രയും വമ്പൻ റോക്കറ്റ് വിക്ഷേപിക്കാൻ ഭീമമായ ചെലവു വരില്ലേ എന്ന ചോദ്യം ന്യായം. നിലവിലുള്ള ഏതൊരു റോക്കറ്റിനെ അപേക്ഷിച്ചും ലാഭകരമായിരിക്കും ബിഎഫ്ആർ എന്നു മസ്ക് ഉറപ്പിച്ചു പറയുന്നു. ക്രിസ്റ്റഫർ കൊളംബസിനെ ലോകത്തിന്റെ പല മൂലകളിലെത്തിച്ച സാന്താമരിയ കപ്പലിനെപ്പോലെ പ്രപഞ്ചത്തിന്റെ പലകോണുകളിലേക്കു ബിഎഫ്ആർ മനുഷ്യരെ കൊണ്ടുപോകില്ലെന്ന് ആരുകണ്ടു?

ചൊവ്വ മാത്രമല്ല

ബഹിരാകാശത്ത് കറങ്ങിനടക്കുന്ന Space Debris  വൃത്തിയാക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്. ഇതിനുള്ള സംവിധാനങ്ങൾ വഹിക്കാനും ബിഎഫ്ആർ റെഡി. ‘ഫുൾ ടാങ്ക്’ ഇന്ധനം നിറച്ചാൽ ചന്ദ്രനിലേക്കു പോകാനും തിരിച്ചെത്താനും ബിഎഫ്ആറിനു കഴിയും. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്കുള്ള ലഗേജും ഭാവിയിൽ ബിഎഫ്ആർ വഹിക്കുമെന്നു മസ്ക് പറയുന്നു. എല്ലാറ്റിനും ഇണങ്ങിയ സമ്പൂർണ റോക്കറ്റ്. അതാകും ബിഎഫ്ആർ...

ഭൂമിയുടെ അതിരുകൾ ഭേദിച്ചുള്ള മനുഷ്യപ്രയാണത്തിന്റെ ആദ്യപടക്കപ്പൽ.

മഹാദ്ഭുതം

106 മീറ്ററാണ് ബിഎഫ്ആറിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാരമുള്ള റോക്കറ്റിന് ഇന്ധനവാഹക ശേഷി-1100 ടൺ. ഏറ്റവും വിശേഷപ്പെട്ടത് റോക്കറ്റിന്റെ മുകളിലുള്ള പേയ്‌ലോഡ് ബേ(Payload Bay)യാണ്. ബഹിരാകാശത്തേക്കുള്ള 'പാക്കേജ്' (മനുഷ്യർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ) വഹിക്കുന്നത് ഇവിടെയാണ്. എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. ഇതോടൊപ്പം പൊതു ഇടങ്ങൾ, വലിയ അടുക്കള, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, സൗരവാതത്തിൽനിന്നു രക്ഷനേടാനുള്ള 'ഷെൽറ്റർ' തുടങ്ങിയവയൊക്കെയുണ്ട്.

Phobos-and-Mars

240 ടൺ മീഥെയ്‌നും 860 ടൺ ദ്രവീകൃത ഓക്‌സിജനുമാണ് ബിഎഫ്ആർ സ്പെയ്സ് ക്രാഫ്റ്റിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. വിക്ഷേപണത്തിന്റെ അവസാനഘട്ടത്തിൽ സെക്കൻഡിൽ 7.5 കിമി എന്ന വേഗം കൈവരിച്ചാകും ബിഎഫ്ആർ ചൊവ്വയുടെ ഉപരിതലത്തിലെത്തുക. തുടർന്ന് എൻജിനുകൾ ഉപയോഗിച്ചുള്ള ലാൻഡിങ്. പരാജയത്തിന് ഏറെയുള്ള ഈ ഘട്ടത്തിലും ബിഎഫ്ആർ പതറാനുള്ള സാധ്യത പൂജ്യമാണെന്നാണു മസ്‌ക് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA