sections
MORE

കോടിക്കണക്കിനു പേരെ കൊന്നൊടുക്കും വൈറസുകൾ ഭീകരരുടെ കയ്യിൽ?

bilogical-weapon
SHARE

നമ്മുടെ വയറിനകത്തു കഴിയുന്ന ഒരു തരം ബാക്ടീരിയ. നാം എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും അതിലൊരു പങ്ക് ഈ ബാക്ടീരിയത്തിനായിരിക്കും ലഭിക്കുക. അങ്ങനെ നമ്മുടെ ഭക്ഷണം കഴിച്ചു പുഷ്ടിപ്പെടുന്ന ബാക്ടീരിയ പക്ഷേ നമുക്കു തിരികെ നൽകുന്നത് കൊല്ലുന്ന വിഷമാണെങ്കിലോ? ശരീരത്തിനകത്ത് അൽപാൽപമായി വിഷം ഉൽപാദിപ്പിച്ചു മനുഷ്യനെ കൊലപ്പെടുത്തുന്ന അത്തരം ബാക്ടീരിയങ്ങളെ കൃത്രിമമായി സൃഷ്ടിക്കാവുന്നതേയുള്ളൂ. 

ഹോഴ്സ്പോക്സ് വൈറസിനെ കഴിഞ്ഞ വർഷം ലാബിൽ സൃഷ്ടിച്ചെടുത്തപ്പോഴും ഒട്ടേറെ ഗവേഷകർ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഒറ്റയ്ക്ക് ഇത്തരം വൈറസുകൾക്കു യാതൊന്നും ചെയ്യാനാകില്ല. എന്നാൽ ഇവയെ കൃത്രിമമായി നിർമിച്ചെടുക്കാൻ, അല്ലെങ്കിൽ പല ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഇവയെ സൃഷ്ടിച്ചെക്കാൻ സ്വീകരിച്ച രീതി ചോർന്നു പോയാൽ സംഗതി പ്രശ്നമാണ്. അത്തരത്തില്‍ മനുഷ്യൻ സൃഷ്ടിച്ചെടുക്കുന്ന വൈറസുകൾക്കും ബാക്ടീരിയങ്ങൾക്കും കോടിക്കണക്കിനു പേരെ കൊന്നൊടുക്കാൻ സാധിക്കും. ലാബുകളിൽ വളരെ എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. അതാണ് ഏറെ അപകടകരമായതും. 

വൈറസുകളിലും സൂക്ഷ്മാണുക്കളിലും ജനിതക പരിവർത്തനം നടത്തി അവയെ അതിമാരക ജൈവായുധങ്ങളാക്കി മാറ്റുന്ന ഭീകരരുടെ രീതിയെപ്പറ്റി ഗവേഷകർ മുന്നറിയിപ്പു റിപ്പോർട്ടു നൽകിയതും ഈ സാഹചര്യത്തിലാണ്. യുഎസ് പ്രതിരോധ വകുപ്പാണ് ശാസ്ത്രജ്‍രുടെ സഹായത്താൽ റിപ്പോർട്ട് തയാറാക്കി പെന്റഗണിനു സമർപ്പിച്ചിരിക്കുന്നത്. ജൈവായുധങ്ങൾ സൃഷ്ടിക്കാനിരിക്കുന്ന ഭീഷണിയും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതുമുള്‍പ്പെടെയുള്ള വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്. വളരെ എളുപ്പത്തിൽ ജൈവായുധങ്ങൾ സൃഷ്ടിച്ചെടുക്കാവുന്ന വിധം ശാസ്ത്രം വളർന്നതിനെപ്പറ്റിയും മുന്നറിയിപ്പുണ്ട്. 

മൂന്നു കാര്യങ്ങളിലാണു പ്രധാനമായും സർക്കാർ ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി വളരെ ചെലവു കുറഞ്ഞ മാർഗത്തിലൂടെ വൈറസുകളെ സൃഷ്ടിച്ചെടുക്കാമെന്ന പ്രശ്നം. ഒട്ടും പ്രശ്നക്കാരല്ലാത്ത ബാക്ടീരിയങ്ങളെ ജനിതക പരിവർത്തനം നടത്തി മാരകമാക്കി മാറ്റുന്ന അവസ്ഥ.  സൂക്ഷ്മാണുക്കളെ സ്വയം വിഷം ഉൽപാദിപ്പിക്കാവുന്ന പരുവത്തിലേക്കു മാറ്റുന്ന പ്രശ്നവും സർക്കാരിനു മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ടിലുണ്ട്. സിന്തറ്റിക് ബയോളജിയിലുണ്ടാകുന്ന മുന്നേറ്റമാണ് ഇതെല്ലാം സാധ്യമാക്കുന്നത്. നിലവിൽ ഇതെല്ലാം വെറും കഥയാണെന്നു തോന്നുമെങ്കിലും അധികം വൈകാതെ തന്നെ ഭീകരർക്ക് ജൈവായുധ സാങ്കേതികത കയ്യെത്തിപ്പിടിക്കാനാകുമെന്നും പഠന റിപ്പോർട്ട് തയാറാക്കുന്നതിനു നേതൃത്വം നൽകിയ മിഷിഗൻ സർവകലാശാലയിലെ പ്രഫ. മൈക്കേൽ ഇംപീരിയൽ പറയുന്നു. 

സൂക്ഷ്മജീവികളെ കൃത്രിമമായി തയാറാക്കിയെടുക്കാൻ സഹായിക്കുന്ന ശാസ്ത്രശാഖ ‘സിന്തറ്റിക് ബയോളജി’ ഒറ്റനോട്ടത്തിൽ മനുഷ്യന് ഏറെ ഉപകാരപ്രദമാണ്. ആരോഗ്യമേഖലയിലും മാലിന്യ നിർമാർജനത്തിലും വരെ സിന്തറ്റിക് ബയോളജിയുടെ സഹായം ലഭ്യമാണ്. എന്നാൽ തെറ്റായ കരങ്ങളിൽ ഈ സാങ്കേതികത എത്തിയാൽ എല്ലാം തകിടം മറിയും. ഒരു മരുന്നിനും കൊന്നൊടുക്കാനാകാത്ത ബാക്ടീരിയങ്ങളെ എളുപ്പത്തിൽ തയാറാക്കിയെടുക്കാൻ പോലും ഇതുവഴി സാധിക്കും. അത്തരം സൂക്ഷ്മാണുക്കൾ ഭീകരരുടെ കയ്യിലെത്തിയാലുള്ള അവസ്ഥ പ്രവചനാതീതമായിരിക്കും. 

ഒരിക്കൽ നാടുനീക്കിയ സൂക്ഷ്മാണുക്കളെ കൃത്രിമമായി സൃഷ്ടിക്കുന്ന രീതിക്കെതിരെയും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യമേഖലയിൽ ഉപയോഗപ്പെടുത്താനാണ് ഇതെങ്കിലും ഈ സാങ്കേതിക വിദ്യ ചോർന്നു പോയാൽ ഒരു കോളജ് ലാബിൽ പോലും ഈ അതിമാരക സൂക്ഷ്മാണുക്കളെയും വൈറസുകളെയും ഉൽപാദിപ്പിച്ചെടുക്കാനാകുമെന്നതാണു പ്രശ്നം. ഏതു മാരക വൈറസിനെയും പ്രതിരോധിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉൽപാദിപ്പിച്ചെടുക്കേണ്ട ആവശ്യകതയെപ്പറ്റിയും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. ശീതയുദ്ധകാലത്ത് ഫിസിക്സിലും കെമിസ്ട്രിയിലും യുഎസ് ശ്രദ്ധയൂന്നിയതു പോലെ ഇനിയുള്ള കാലം ഒരു മാരക ജൈവായുധാക്രമണം നേരിടണമെങ്കിൽ സിന്തറ്റിക് ബയോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോർട്ട് പറയുന്നു. 

എബോള, സിക്ക പോലുള്ള വൈറസുകളെ ജനിതക പരിവർത്തനം നടത്തി ജൈവായുധമാക്കി മാറ്റി പടർത്തിയാൽ കോടിക്കണക്കിനു പേരുടെ ജീവനെടുക്കും അത്. രാസായുധങ്ങളും ജൈവായുധങ്ങളും നിർമിക്കുന്നതിൽ വിദഗ്ധരായവരെ  ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്മെന്റ് ചെയ്യുന്ന വാർത്ത 2015ലാണ് യൂറോപ്യൻ യൂണിയൻ പുറത്തുവിടുന്നത്. മൂന്നു വർഷത്തിനപ്പുറം ഇപ്പോഴും പ്രശ്നം രൂക്ഷമായിത്തന്നെ തുടരുകയാണെന്നതാണ് പെന്റഗൺ റിപ്പോർട്ടും വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA