sections
MORE

കേരളത്തെ രക്ഷിച്ചത് 5 സാറ്റ്‌ലൈറ്റുകൾ; ഇന്ത്യയിൽ ഇത് ആദ്യ സംഭവം

aluva-flood
SHARE

കേരളത്തെ പ്രതിസന്ധിയിലാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടാൻ ഉപയോഗപ്പെടുത്തിയത് ഐഎസ്ആർഒയുടെ അഞ്ചു സാറ്റ്‌ലൈറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ്. പ്രളയത്തിൽ മുങ്ങിയ ഗ്രാമങ്ങളിൽ നിന്ന് പരുക്കേറ്റവരെയും കുടുങ്ങിക്കിടക്കുന്നവരെയും കണ്ടെത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുരന്തനിവാരണ സംഘങ്ങൾ ഉപയോഗിച്ചത് ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളായിരുന്നു.

റിസോഴ്സ്‌സാറ്റ്–2, ഓഷ്യൻസാറ്റ്–2, ഇന്‍സാറ്റ് 3ഡിആർ, കാർട്ടോസാറ്റ്–2, കാർട്ടോസാറ്റ്–2എ എന്നീ ഉപഗ്രങ്ങളിൽ നിന്ന് ലഭ്യമായ ചിത്രങ്ങളും കാലാവസ്ഥ റിപ്പോർട്ടുകളും ഓരോ നിമിഷവും ഉപയോഗപ്പെടുത്തി. ദുരന്തനിവാരണ സംഘങ്ങൾക്ക് വഴി പറഞ്ഞുകൊടുക്കാനും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഭൂപ്രകൃതി വ്യക്തമായി കാണിച്ചുക്കൊടുക്കാനും സാറ്റ്‌ലൈറ്റുകൾക്ക് സാധിച്ചു.

INSAT-3D

രാജ്യത്ത് പ്രളയത്തിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനായി സർക്കാർ ഏജൻസികൾ സാറ്റ‌്‌ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും ഇത് ആദ്യമായിട്ടാണ്. പ്രളയ പ്രദേശങ്ങളിലെ തൽസമയ കാലാവസ്ഥ മാറ്റങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ, കാലാവസ്ഥ വ്യതിയാനം, മറ്റ് നിർണായകമായ വിവരങ്ങൾ, ചിത്രങ്ങൾ, മാപ്പുകൾ തുടങ്ങിയവയെല്ലാം ഉപഗ്രഹങ്ങൾ വഴി ലഭിച്ചു. സാറ്റ്‌ലൈറ്റുകൾ നൽകുന്ന ഡേറ്റയും ചിത്രങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരെ അതിവേഗം എത്തിപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സഹായിച്ചു.

‘ഓരോ ഉപഗ്രഹവും വിവിധ ഘടകങ്ങളെക്കുറിച്ചുള്ള, സ്ഥിതി വിശകലനം ചെയ്യാൻ സഹായിക്കുന്ന ഡേറ്റ നൽകാനാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഡേറ്റകളും നാഷണൽ റിമോട്ട് സെൻസിങ് സെന്റർ വഴിയാണ് പോകുന്നത്. പ്രളയം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പ്രത്യേകം റിപ്പോർട്ടുകൾ തയാറാക്കുന്നുണ്ട്. പ്രളയം ബാധിച്ചതും അല്ലാത്തതുമായ പ്രദേശങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയ മാപ്പുകൾ രക്ഷാപ്രവർത്തന ഏജൻസികൾക്ക് കൈമാറുന്നു. ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സ്റ്റാറ്റസ്, ദുരിത ബാധിത പ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ചും റിപ്പോർട്ടുകൾ ലഭിക്കും. ഇത് ഉപയോഗിച്ച് ദുരിതാശ്വാസ സംഘങ്ങൾക്ക് ഉടൻ തന്നെ റെസ്ക്യൂ ടീമുകളെ സജ്ജമാക്കാനും വിന്യസിക്കാനും കഴിയും.

Satellite-Image-India-15-August-insat

ഇൻസാറ്റ് 3ഡിആർ ഒരു കാലാവസ്ഥാ ഉപഗ്രഹമാണ്. 36,000 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള കാഴ്ചകൾ പകർത്താൻ ഈ സാറ്റ്‌ലൈറ്റിന് സാധിക്കും. ഓരോ 26 മിനിറ്റിലും ഇന്ത്യയ്ക്ക് മുകളിലെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാം ഇതുവഴി കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാകും. കേരളത്തിലെ തീരപ്രദേശങ്ങളിലെ താപനില, അന്തരീക്ഷത്തിലെ ഈർപ്പം തുടങ്ങി ഏറ്റവും പുതിയ വിവരങ്ങൾ ഈ ഉപഗ്രഹമാണ് നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA