sections
MORE

ഇന്ത്യയുടെ ചന്ദ്രയാന്‍ 2ന് വിദേശ സഹായം; പ്രതിഷേധവുമായി ബ്രിട്ടൻ

ISRO-Chandrayan
SHARE

ഇന്ത്യയില്‍ ദാരിദ്ര്യവും പുരോഗതിയും സഹവര്‍ത്തിത്തത്തോടെ കഴിയുന്നതിന്റെ പൊരുള്‍ ബ്രിട്ടന്‍കാര്‍ക്കു പിടികിട്ടുന്നില്ല. അവര്‍ അവരുടെ പൗരന്മാര്‍ക്ക്, കുടിയേറ്റക്കാര്‍ക്കു പോലും, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയില്‍ ഒരു കൂട്ടം ജനങ്ങൾ ദാരിദ്ര്യത്തില്‍ കഴിയുന്നു. അവരുടെ കാര്യങ്ങള്‍ നോക്കാതെ ചന്ദ്രയാന്‍ പോലെയുള്ള വ്യോമ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. ആദ്യം പാവപ്പെട്ടവരെ സഹായിക്കലല്ലെ നടക്കേണ്ടത്? ഇന്ത്യ വികസിത രാജ്യങ്ങളുടെ സഹായം വാങ്ങിക്കുകയും, അതിന്റെ പല മടങ്ങു പൈസ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെയൊക്കെ യുക്തി എന്ന് ബ്രിട്ടിഷ് എംപിമാര്‍ക്കു പോലും മനസിലാവുന്നില്ല എന്നതാണ് അവിടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദം.

ബ്രിട്ടൻ ഇപ്പോള്‍ ഇന്ത്യയ്ക്കു തരാമെന്നേറ്റിരിക്കുന്ന വിദേശ സഹായം 98 മില്യന്‍ പൗണ്ടാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ന്റെ ചിലവും ഏതാണ്ട് അത്ര തന്നെ. അങ്ങനെ തങ്ങള്‍ക്കിഷ്ടമുള്ള കാര്യത്തിനു ചിലവഴിക്കാന്‍ പണമുള്ള ഒരു രാജ്യത്തിന് എന്തിനാണ് സഹായമെന്നാണ് ചില ബ്രിട്ടിഷ് എംപിമാരും ജനങ്ങളും ചോദിക്കുന്നത്. ബ്രിട്ടനിലെ മാധ്യമങ്ങൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ മുൻനിര മാധ്യമങ്ങളെല്ലാം ഈ വിവാദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടോറി എംപി ഡേവിഡ് പറഞ്ഞത് 'ഇന്ത്യക്കാര്‍ക്ക് നമ്മുടെ പണമൊന്നും വേണ്ട. ഇത്രയും പണം അവര്‍ക്കു നല്‍കുമ്പോള്‍ നമ്മള്‍ അവരുടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ സ്‌പോണ്‍സര്‍മാരാകുകയാണ്.' മറ്റു ചില എംപിമാരും രോഷത്തോടെയാണ് ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിച്ചത്. ഇന്ത്യയില്‍ ശരിയായ ആരോഗ്യപരിപാലനം പോലും നടക്കുന്നില്ലെങ്കിലും, ഇന്ത്യയിപ്പോള്‍ അവര്‍ക്കു സഹായമായി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം മറ്റു രാജ്യങ്ങള്‍ക്കു സഹായമായി നല്‍കുകയാണെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. 2015/16ല്‍ ഇന്ത്യയ്ക്ക് വിദേശ സഹായമായി (ഫോറിന്‍ എയ്ഡ്) ലഭിച്ചത് 254 മില്യന്‍ പൗണ്ടാണ്. എന്നാല്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കിയത് 912 മില്യന്‍ പൗണ്ടാണെന്ന് അവര്‍ പറയുന്നു.

ബ്രിട്ടന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് 52 മില്യന്‍ പൗണ്ട് ഈ വര്‍ഷവും, 46 മില്യന്‍ പൗണ്ട് 2019/20ലും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, 230 മില്യന്‍ ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ഇന്ത്യ 95.4 മില്യന്‍ പൗണ്ട് ചന്ദ്രയാനു വേണ്ടി പൊടിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് ബ്രിട്ടനിലുള്ള ചിലര്‍ക്ക് വിഷമമുണ്ടാക്കുന്ന സംഗതി. അതായത്, ഒരു തരത്തില്‍ നോക്കിയാല്‍, ബ്രിട്ടന്റെ സഹായധനം ചന്ദ്രയാനായി ഉയര്‍ന്നു പൊങ്ങുന്നത് അവര്‍ നെടുവീര്‍പ്പോടെ നോക്കിനില്‍ക്കേണ്ടിവരും! എന്നാല്‍, ബ്രിട്ടന്റെ പണം വന്നിട്ടാണ് ചന്ദ്രയാന്‍ ഉയരാന്‍ പോകുന്നതെന്ന് ഇന്ത്യ ഒരിടത്തും പറഞ്ഞിട്ടുമില്ല.

അസൂയ അണപോട്ടുന്നത് ഫിലിപ് ഡേവിസിന്റെ വാക്കുകളില്‍ സ്പഷ്ടമാണ്. അദ്ദേഹം പറയുന്നത്, 'സ്വന്തമായി സ്‌പെയ്‌സ് പ്രോഗ്രാമുകള്‍ നടത്തുകയും, അതുപോലെ മറ്റു രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന ഒരു രാജ്യത്തിനാണ് നമ്മള്‍ സഹായം ചെയ്യുന്നത്. സത്യം പറഞ്ഞാല്‍, ടാക്‌സ് ദായകരുടെ പണം ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് സർക്കാർ ചിന്തിക്കണം. ജനങ്ങള്‍ ഇതില്‍ നിരാശരും, രോഷാകുലരുമാണ്', അദ്ദേഹം പറയുന്നു. 

ഇന്ത്യയുടെ ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ചന്ദ്രന്റെ പ്രതലത്തിലെത്തി ഡേറ്റ ശേഖരിക്കൽ ദൗത്യത്തിനായി വിക്ഷേപിക്കപ്പെടുന്നത് 2019 ജനുവരിയിലാണ്. വ്യോമവാഹനത്തിന്റെ ഡിസൈനില്‍ വരുത്തുന്ന മാറ്റം മൂലമാണ് വിക്ഷേപണം 2019ലേക്കു മാറ്റിയത്. ഈ വര്‍ഷം തന്നെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ചന്ദ്രയായാന്‍-1 2008ലാണ് വിക്ഷേപിച്ചത്. ഇന്ത്യ ചൊവ്വയെ വലം വയ്ക്കാനയച്ച ദൗത്യം ഇപ്പോഴും നടക്കുന്നുണ്ട്.

ഇതൊന്നും കൂടാതെ 2022ല്‍ ആളുകളെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ മാസം സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ചൈനയ്‌ക്കെതിരെയും ഇന്ത്യ തല കുനിക്കില്ലെന്നും ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങള്‍ അതാണ് കാണിച്ചു തരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

എന്നാല്‍ ബ്രിട്ടന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് പറയുന്നത് ഇന്ത്യയ്ക്ക് ധനസഹായം ചെയ്യുമെന്നുതന്നെയാണ്. 'പരമ്പരാഗത' സഹായം നിറുത്തലാക്കി കഴിഞ്ഞു. എന്നാല്‍, തങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക വകസനം പോഷിപ്പിക്കുന്നതിനാണ് സഹായം നല്‍കുന്നതെന്നാണ് അവരുടെ നിലപാട്. തങ്ങള്‍ നല്‍കുന്ന 98 മില്യന്‍ പൗണ്ട്‌സ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനും, കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, കഴിവുകള്‍ പോഷിപ്പിക്കാനും, ഇന്ത്യയിലും ബ്രിട്ടനിലും പുതിയ വിപണികള്‍ തുറക്കാനും ഉപകരിക്കുമെന്നാണ് അവര്‍ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA