sections
MORE

ഗുഹയിൽ കണ്ടെത്തി ആ രഹസ്യം; ‘പൂർവികർ’ ബിയറടിച്ചിരുന്നത് 5000 വർഷം മുൻപല്ല!

beer
SHARE

പല രാജ്യങ്ങളും മദ്യനിരോധനത്തിനുള്ള വഴി തേടുമ്പോൾ ആരാണ് ലോകത്തിൽ ആദ്യമായി മദ്യം ഉൽപാദിപ്പിച്ചതെന്നതിന്റെ വഴി തേടിപ്പോകുകയാണ് ഒരു കൂട്ടം ഗവേഷകർ. ആ അന്വേഷണത്തിന് ഇന്നേവരെയുണ്ടായിരുന്ന ഉത്തരം ചൈനയിൽ നിന്നായിരുന്നു. ഏകദേശം അയ്യായിരം വർഷം മുൻപ് അവിടെയാണ് ആദ്യമായി മദ്യം ഉൽപാദിപ്പിച്ചിരുന്നതെന്നായിരുന്നു ആർക്കിയോളജിസ്റ്റുകളുടെ കണ്ടെത്തൽ. ധാന്യം പുളിപ്പിച്ചു മദ്യമുണ്ടാക്കുകയായിരുന്നു അവിടത്തെ രീതി. ഇന്നത്തെ ബിയറിന്റെ ഒരു പ്രാകൃതരൂപവും അന്നവർ ഉൽപാദിപ്പിച്ചെടുത്തു. എന്നാൽ 13,000 വർഷങ്ങൾക്കു മുൻപേ തന്നെ ലോകത്ത് മദ്യം നിർമിച്ചിരുന്നുവെന്ന കണ്ടെത്തലാണ് ഏറ്റവും പുതിയത്. ആ കണ്ടെത്തൽ വന്നതാകട്ടെ ഇസ്രയേലിൽ നിന്നും. 

അവിടെ ഒരു ഗുഹയിലായിരുന്നു ലോകത്തിലെ ആദ്യത്തെ മദ്യത്തിന്റെ രഹസ്യം ഒളിച്ചിരുന്നത്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയവയിൽ, മദ്യമെന്നു പറയാവുന്ന പാനീയത്തിന്റെ ഏറ്റവും പ്രാകൃത രൂപമായിരുന്നു ഇസ്രയേലിലെ ഹൈഫയ്ക്കു സമീപം ഒരു ഗുഹയിൽ നിന്നു ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ഹൈഫയിലെയും സ്റ്റാൻഫഡ് സർവകലാശാലയിലെയും ആർക്കിയോളജിസ്റ്റുകൾ സംയുക്തമായിട്ടായിരുന്നു  ഗവേഷണം. പണ്ടുകാലത്തു നാടോടികളായി ജീവിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ശവസംസ്കാര ചടങ്ങുകൾ നടന്നിരുന്ന പ്രദേശത്തായിരുന്നു ഉദ്ഖനനം. നാറ്റുഫിയൻ വിഭാഗക്കാരായ ജനങ്ങളുടെ ശവകുടീരമായിരുന്നു ഗവേഷകർ പരിശോധിച്ചത്. പാലിയോലിതിക് –നിയോലിതിക് കാലഘട്ടങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ‘പാതി’ നാടോടികളായിരുന്നു ഈ വിഭാഗക്കാർ. 

ചെടികളിൽ നിന്നുൽപാദിപ്പിക്കുന്ന എന്തുതരം ധാന്യങ്ങളും ഫലങ്ങളും മറ്റുമാണ് ഇവർ കഴിച്ചതെന്നു തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ് ഗുഹയിലെ പാറകളിൽ മൂന്നു കുഴികൾ കണ്ടെത്തിയത്. ഏകദേശം 60 സെ.മീ ആഴമുള്ളവയായിരുന്നു ആ കുഴികള്‍. സൂക്ഷ്മ പരിശോധനയില്‍ അവ ധാന്യങ്ങൾ പൊടിക്കാനും മറ്റു വസ്തുക്കൾ ചതയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണെന്നു വ്യക്തമായി. ആ അന്വേഷണം പുരോഗമിക്കവെയാണ് ഗോതമ്പ്, ബാർലി എന്നിവ പുളിപ്പിച്ചു വാറ്റി മദ്യമുണ്ടാക്കുന്നതിന്റെ സൂചന ലഭിച്ചത്. ശവസംസ്കാരവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ഭാഗമായിട്ടായിരുന്നു മദ്യം ഉൽപാദിപ്പിച്ചിരുന്നത്. നേരത്തേ കരുതിയിരുന്നത്, മനുഷ്യന് ഭക്ഷണമാക്കാനുള്ള ധാന്യമെടുത്ത് ബാക്കിയുള്ളവ കൊണ്ടായിരുന്നു മദ്യം ഉൽപാദിപ്പിച്ചിരുന്നതെന്നാണ്. എന്നാൽ പുതിയ കണ്ടെത്തലോടെയാകട്ടെ ആ ധാരണ തിരുത്തപ്പെടുകയും ചെയ്തു. എന്നാൽ ഇന്നത്തെപ്പോലെയുള്ള  ബിയറായിരുന്നില്ല ഉൽപാദിപ്പിച്ചിരുന്നത്. ലഹരിയും പുളിപ്പുമുള്ള കഞ്ഞിവെള്ളത്തിനു സമാനമായ പാനീയമായിരുന്നു അത്. 

ലഭ്യമായ സൂചനകളെല്ലാം ഉപയോഗിച്ച് ഗവേഷകർ ഈ പ്രാകൃത ബിയർ ഉൽപാദിപ്പിച്ചെടുക്കുകയും ചെയ്തു. അപ്പോഴുണ്ടായ ധാന്യ അവശിഷ്ടങ്ങളും മറ്റും പഴയകാലത്ത് ബാക്കി വന്ന അതേ വസ്തുക്കൾക്കു സമാനവുമായിരുന്നെന്നും പഠനത്തിനു നേതൃത്വം നൽകിയ സ്റ്റാൻഫഡ് സർകലാശാല പ്രഫസര്‍ ലി ലിയു പറയുന്നു. മുളപ്പിച്ച ഗോതമ്പും ബാർലിയുമാണ് മദ്യോൽപാദനത്തിന് ഉപയോഗിച്ചിരുന്നത്. ഈ കൂട്ട് അരച്ചത് പിന്നീട് ചൂടാക്കും. ഇത് ‘വൈൽഡ് യീസ്റ്റ്’ ഉപയോഗിച്ചു പുളിപ്പിച്ചായിരുന്നു മദ്യം വാറ്റിയെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ മദ്യത്തിനുള്ളത്ര ലഹരിയൊന്നും ഇതിനുണ്ടായിരുന്നില്ലെന്നതു പ്രത്യേകം പറയേണ്ടല്ലോ! പഠനത്തിന്റെ കൂടുതൽ വിവരങ്ങൾ ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ്: റിപ്പോർട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA