sections
MORE

നിധിയൊളിപ്പിച്ച 20 ‘ഏലിയൻ’ നക്ഷത്രങ്ങൾ; നിർണായക വിവരങ്ങൾ കിട്ടി

hypervelocity-stars-
SHARE

അഞ്ചു വർഷം മുൻപാണ് യൂറോപ്യൻ സ്പെയ്സ് ഏജൻസി(ഇഎസ്എ) ബഹിരാകാശത്തേക്ക് ഗായ എന്ന ഒബ്സർവേറ്ററി പേടകത്തെ അയയ്ക്കുന്നത്. നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ‘ഗായ മിഷന്റെ’ ഉദ്ദേശ്യം. ഇക്കഴിഞ്ഞ ഏപ്രിലിൽ പേടകത്തിൽ നിന്നുള്ള രണ്ടാമത്തെ സെറ്റ് ഡേറ്റയും ഇഎസ്എയിലേക്കെത്തി. ഏകദേശം 130 കോടി നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനം, അവയുടെ ചലനം തുടങ്ങിയ വിവരങ്ങളായിരുന്നു ഡേറ്റയിലുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഡേറ്റ സെറ്റ് ഗവേഷകർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 

അതിനിടെയാണ് നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിലെ ഗവേഷകർ ഒരു അസാധാരണ കണ്ടെത്തൽ നടത്തിയത്. ഗാലക്സി അഥവാ താരാപഥത്തെപ്പറ്റിയുള്ള ശാസ്ത്രസങ്കൽപങ്ങളെത്തന്നെ മാറ്റിമറിയ്ക്കുന്ന കണ്ടെത്തലുമായിരുന്നു അത് (സൂര്യനും അതിനെ കേന്ദ്രമാക്കി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള മറ്റ് വസ്തുക്കളും അടങ്ങിയ സൗരയൂഥം ക്ഷീരപഥം- Milky Way- എന്ന താരാപഥത്തിലാണ് സ്ഥിതിചെയ്യുന്നത്. 20 ‘ഏലിയൻ’ നക്ഷത്രങ്ങളാണു ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. അതായത്, നമ്മുടെ ഗാലക്സിയിലേക്ക് അതിഥികളായെത്തിയ നക്ഷത്രങ്ങൾ. ക്ഷീരപഥത്തിൽ നിന്ന് അതിവേഗം പുറന്തള്ളപ്പെടുന്ന, വേഗതയേറിയ നക്ഷത്രങ്ങളാണ് ഇവയെന്നാണ് കരുതിയിരുന്നത്. അതായത് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ (Galactic centre) നിന്ന് അകന്നകന്നു പോകുന്നത്. എന്നാൽ സത്യത്തിൽ അവ പുറത്തേക്കു പോവുകയായിരുന്നില്ല, ക്ഷീരപഥത്തിലേക്ക് കുതിച്ചു വരികയായിരുന്നു. 

ഒരുപക്ഷേ അവ മറ്റൊരു ഗാലക്സിയിൽ നിന്നാകാമെന്ന സൂചനയാണ് ഇതുവഴി ഗവേഷകർക്കു ലഭിച്ചത്. അവയെക്കുറിച്ചു കൂടുതൽ പഠിച്ചാലാകട്ടെ നമുക്കു ലഭിക്കുക, ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്ന മറ്റു ഗാലക്സികളെപ്പറ്റിയുള്ള നിർണായക വിവരങ്ങളും. ആസ്ട്രോമെട്രി  എന്ന രീതിയിലൂടെയാണ് ഗായ മിഷന്റെ ഡേറ്റ ശേഖരണം. അഞ്ചു വർഷത്തെ ബഹിരാകാശ ജീവിതത്തിനിടെ ഒരു നക്ഷത്രത്തെ കുറഞ്ഞത് 70 തവണയെങ്കിലും നിരീക്ഷിച്ചാണ് ഗായ ഒബ്സർവേറ്ററി ഡേറ്റ തയാറാക്കുന്നത്. അതിനാൽത്തന്നെ പുതുതായി കണ്ടെത്തിയ നക്ഷത്രങ്ങളെപ്പറ്റി ഏകദേശ വിവരങ്ങളെല്ലാം ഭൂമിയിലേക്ക് അയച്ച ഡേറ്റയിലുണ്ടായിരുന്നു. 

മറ്റൊരു ഗാലക്സിയിൽ നിന്നു വന്നതല്ലാതെ മറ്റു ‘നക്ഷത്രവഴി’കളും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ക്ഷീരപഥത്തെ ചുറ്റുന്ന ലാർജ് മഗെല്ലെനിക് ക്ലൗഡ് എന്ന താരതമ്യേന ചെറിയ ഗാലക്സിയുടെ ഭാഗമാണ് പുതിയ നക്ഷത്രങ്ങളെന്നും സൂചനയുണ്ട്. അതുമല്ലെങ്കിൽ ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന മറ്റൊരു ഗാലക്സിയിൽ നിന്ന്! അങ്ങനെയാണെങ്കിൽ ആ നക്ഷത്രങ്ങള്‍ ഓരോന്നും ഒളിപ്പിച്ചു വച്ചിരിക്കുന്നത് ഒരു ‘നിധി’യാണെന്നാണു ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നത്. കാരണം, ഓരോ നക്ഷത്രവും അവയുടെ ആവിർഭാവം സംബന്ധിച്ച വിവരങ്ങൾ ഒളിച്ചുവച്ചിട്ടുണ്ടാകും. നക്ഷത്രത്തിന്റെ നിറത്തിൽ നിന്നു പോലും അതിന്റെ സ്വഭാവ സവിശേഷതകൾ അറിയാൻ സാധിക്കും. മറ്റൊരു ഗാലക്സിയിലെ നക്ഷത്രം എപ്രകാരമുള്ളതായിരിക്കും എന്നതിനെപ്പറ്റി സ്വന്തം ഗാലക്സിയിൽ നിന്നു തന്നെ പഠിക്കാൻ സാധിക്കുന്ന അസുലഭ അവസരമാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. അതായത് ചൊവ്വയെപ്പറ്റിയുള്ള വിവരങ്ങൾ അവിടെ നിന്നുള്ള ഛിന്നഗ്രഹങ്ങളിലൂടെ ഭൂമിയിലിരുന്ന് അറിയുന്നതിനു തുല്യം.  

ഏതെങ്കിലും തമോഗർത്തവുമായി ബന്ധപ്പെടുമ്പോഴാണു നക്ഷത്രങ്ങളുടെ വേഗം കൂടുന്നത്. പുതുതായി കണ്ടെത്തിയ നക്ഷത്രങ്ങളും അതിവേഗമാണു സ‍ഞ്ചരിക്കുന്നത്. അതിനാൽത്തന്നെ സമീപ ഗാലക്സികളിൽ തമോഗർത്തങ്ങൾ ഉണ്ടെന്നു വേണം കരുതാൻ– പഠനത്തിൽ പറയുന്നു. ഒരു ബൈനറി സിസ്റ്റത്തിന്റെ ഭാഗമായിരുന്ന നക്ഷത്രങ്ങളായിരുന്നു ഇവയെന്നും വേണമെങ്കിൽ കരുതാം. അവയുടെ കൂട്ടത്തിലുള്ള നക്ഷത്രം സൂപ്പർനോവയായി പൊട്ടിത്തെറിച്ചപ്പോൾ ക്ഷീരപഥത്തിലേക്കു ‘തെറിച്ചു’ വീണതുമാകാം. എന്തുതന്നെയായാലും നമ്മുടെ സമീപ ഗാലക്സികളിൽ എന്തു തരം പ്രവർത്തനങ്ങളാണു നടക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാൻ പുതിയ കണ്ടെത്തലുകളിലൂടെ സാധിക്കുമെന്നത് ഉറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA