sections
MORE

കൂറ്റൻ മുതലകൾ കാവൽ നിന്ന ഈജിപ്ഷ്യൻ ക്ഷേത്രം; അവിടെ ഗവേഷകർ കണ്ടെത്തിയത്...!

kom-ombo
SHARE

ഒരിക്കലും അവസാനിക്കാത്ത വിധം രഹസ്യങ്ങളാണ് ഈജിപ്തിൽ നിന്ന് ഗവേഷകർ ഉദ്ഖനനം ചെയ്തു കൊണ്ടേയിരിക്കുന്നത്. ഈജിപ്തിലെ പ്രശസ്തമായ കോം ഓംബോ ക്ഷേത്രത്തിൽ നിന്ന് ടോളമിയുടെ കാലത്തെ ഒരു സ്ഫിൻക്സ് പ്രതിമ കണ്ടെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. അതിനു സമീപത്തു തന്നെ ഒരു കല്ലറയും കണ്ടെത്തി, അതിൽ ലിനന്‍ തുണിയിൽ പൊതിഞ്ഞ ഒരു മമ്മിയും. ഇവയ്ക്കു പിന്നാലെ മറ്റു രണ്ടു സുപ്രധാന കണ്ടെത്തലുകളാണ് ഇപ്പോൾ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. 

പുരാതനകാല ഹൈറോഗ്ലിഫ്സ് ലിപികളും ചിത്രങ്ങളും നിറഞ്ഞ രണ്ടു ഫലകങ്ങൾ. അവയിൽ ഒരെണ്ണം രണ്ടു കഷ്ണങ്ങളായെങ്കിലും എഴുതിയിരിക്കുന്നതെല്ലാം വായിച്ചെടുക്കാൻ എളുപ്പം സാധിച്ചു. രണ്ടാമത്തെ ഫലകം പല കഷ്ണങ്ങളായെങ്കിലും, അൽപം കഷ്ടപ്പെട്ടിട്ടാണെങ്കിലും അതെല്ലാം ഒരുമിച്ചു ചേർത്തു ഗവേഷകർ. എന്താണു ഫലകങ്ങളിലെ രഹസ്യം എന്നതു കണ്ടെത്താൻ കൊണ്ടുപിടിച്ച ശ്രമവും നടക്കുകയാണ്. ഈജിപ്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട് കോം ഓംബോയിലെ ക്ഷേത്രത്തിന്. ഈജിപ്തിലെ ഒരേയൊരു ‘ഇരട്ട ക്ഷേത്ര’മായിരുന്നു ഇത്. അതായത്, ഒരു ക്ഷേത്രത്തിൽ തന്നെ രണ്ടു പ്രധാന ദൈവങ്ങളെ ആരാധിച്ചിരുന്നെന്നർഥം. 

ഏകദേശം 2300 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ മുതലകളുടെ ദൈവമായ സോബെക്കിനെയും രോഗങ്ങളെല്ലാം ഭേദമാക്കുന്ന, ഫാൽക്കൺ തലയുള്ള ഹോറസിനെയുമായിരുന്നു ആരാധിച്ചിരുന്നത്. നൈൽ നദിയുടെ തീരത്താണ് ക്ഷേത്രം. അതിനാൽത്തന്നെ നദിയിലെ കൂറ്റൻ മുതലകൾ ക്ഷേത്രത്തിൽ സ്ഥിരം സന്ദർശകരായിരുന്നു. എന്നാൽ ഇവ ആരെയും ആക്രമിച്ചിരുന്നില്ല. മാത്രവുമല്ല ചത്തത്തിനു ശേഷം ഈ മുതലകളെയെല്ലാം ക്ഷേത്രത്തിൽ മമ്മികളായി സൂക്ഷിച്ചു പോന്നു. അത്തരത്തിലുള്ള മുന്നൂറോളം ‘മുതല മമ്മികൾ’ ഇന്നു ക്ഷേത്രത്തിനു സമീപത്തെ ക്രൊക്കഡൈൽ മ്യൂസിയത്തില്‍ പ്രദർശനത്തിനുണ്ട്. 

kom-Ombo-Temple-art

ഹോറസാകട്ടെ ഏതു രോഗത്തിനും മരുന്ന് അറിയാവുന്ന ദൈവമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അതിനാൽത്തന്നെ രോഗശാന്തി തേടി ഒട്ടേറെ പേർ ഇവിടെ എത്തുമായിരുന്നു. മെഡിക്കൽ ഉപകരണങ്ങളെപ്പറ്റി ലോകത്ത് ആദ്യമായി അടയാളപ്പെടുത്തിയത് കോം ഓംബോ ക്ഷേത്രത്തിന്റെ ചുമരുകളിലാണെന്നാണു കരുതുന്നത്. ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന സർജറി ഉപകരണങ്ങള്‍ക്കു സമാനമായ കത്തികളും കത്രികകളും ഉൾപ്പെടെ 40  രൂപങ്ങൾ ക്ഷേത്രച്ചുമരിലുണ്ട്. ഇത്തരം നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നതിനാൽത്തന്നെ കോം ഓംബോയിൽ നിന്നു ലഭിക്കുന്ന ഓരോ വിവരവും പുരാവസ്തു ഗവേഷകർക്കു നിധിയാണ്. 

ക്ഷേത്രത്തിനു താഴെ നടത്തുന്ന ഖനനത്തിലാണ് ഇപ്പോൾ രണ്ടു ചുണ്ണാമ്പുഫലകങ്ങൾ ലഭിച്ചിരിക്കുന്നത്. ആദ്യത്തേതിനു നീളം 2.3 മീറ്റർ, ഒരു മീറ്റർ വീതി, 30 സെ.മീ കനവും. സേഥി ഒന്നാമൻ രാജാവിനെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു ഇതിൽ. സോബെക്കിനും ഹോറസിനും സമീപം സേഥി രാജാവ് നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു. മൂവർക്കും മുകളിൽ സൂര്യൻ ചിറകുവിരിച്ചു നിൽക്കുന്ന ചിത്രവും. സംരക്ഷണത്തിന്റെ അടയാളമായിട്ടാണ് ആ സൂര്യനെ ഈജിപ്തിലുള്ളവർ കണക്കാക്കുന്നത്. ചിത്രങ്ങൾക്കു താഴെയായി ഹൈറോഗ്ലിഫ്സ് ലിപിയിൽ 26 വരികൾ എഴുതിച്ചേർത്തിട്ടുണ്ട്. ഏകദേശം ബിസി 1319 മുതൽ 1292 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഹൊറെൻഭേബ് ഫറവോയെപ്പറ്റി ഈ ഫലകത്തിൽ പലയിടത്തും പറയുന്നുണ്ട്. 

crocodiles-temple-kom-ombo-egypt

സേഥി ഒന്നാമൻ രാജാവിനെപ്പറ്റിയുമുണ്ട് വിവരണം. റാംസിസ് ഒന്നാമന്റെ മകനായിരുന്നു സേഥി. പിതാവ് വെറും രണ്ടു വർഷമേ അധികാരത്തിലുണ്ടായിരുന്നുള്ളൂ. എന്നാൽ നഷ്ടമായ അധികാരം പോരാട്ടങ്ങളിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു സേഥി. ബിസി 1290 മുതൽ 1279 വരെ അദ്ദേഹം ഈജിപ്ത് ഭരിച്ചു. ഇദ്ദേഹത്തിന്റെ മകന്ഡ റാംസിസ് രണ്ടാമന്റെ കാലത്തും ഈജിപ്ത് സമ്പദ് സമൃദ്ധമായിരുന്നു. ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ രണ്ടാമത്തെ ഫലകം അൽപം കൂടി വലുതായിരുന്നു. ഏകദേശം മൂന്നു മീറ്റര്‍ നീളവും ഒരു മീറ്റർ വീതിയും. പക്ഷേ പൊട്ടിത്തകർന്ന അവസ്ഥയിലായിരുന്നു. 

egypt-3

എങ്കിലും അതിൽ നിന്നു ലഭിച്ച വിവരമനുസരിച്ച് ഫലകം ടോളമി രാജാവിനെപ്പറ്റിയായിരുന്നു. അലക്സാണ്ടർ ചക്രവർത്തിക്കു ശേഷം ബിസി 221 മുതൽ 2015 വരെ ഈജിപ്ത് ഭരിച്ചത് ടോളമിയായിരുന്നു. മുഴുക്കുടിയനെന്നു പേരെടുത്ത ടോളമി രാജാവിന് പക്ഷേ ഫലകത്തിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നു. തന്റെ ഭാര്യയ്ക്കും ഹോറസിനും മറ്റ് ഈജിപ്ഷ്യൻ ദൈവങ്ങൾക്കുമൊപ്പമാണ് ടോളമി തന്റെ ചിത്രവും കൊത്തിവയ്പ്പിച്ചത്. ഒരു ദണ്ഡ് പിടിച്ച നിലയിലായിരുന്നു ടോളമിയുടെ നിൽപ്. ഇതോടൊപ്പം മൂന്നു ക്ഷേത്രങ്ങളുടെ ചിത്രവും ചിറകുവിരിച്ച സൂര്യനുമുണ്ടായിരുന്നു. 28 വരികളിലായി ഹൈറോഗ്ലിഫ്സ് എഴുത്തും! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA