sections
MORE

ചൊവ്വാ യാത്രയ്ക്ക് സൂപ്പര്‍സോണിക് പാരച്യൂട്ട്, ലോക റെക്കോർഡ്

Parachute-
SHARE

നാസയുടെ 2020ലെ ചൊവ്വാ ദൗത്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സൂപ്പര്‍സോണിക് (ശബ്ദത്തേക്കാള്‍ വേഗമുള്ള) പാരച്യൂട്ടിന് പുതിയ ലോക റെക്കോഡ്. കാര്യക്ഷമതാ പരീക്ഷണത്തിനിടെ 37,000 കിലോഗ്രാം ഭാരം സുരക്ഷിതമായി ഭൂമിയിലിറക്കാന്‍ ഇവക്കായി. നാലിലൊരു സെക്കൻഡിലായിരുന്നു പാരച്യൂട്ട് നിവര്‍ന്നതെന്നതും റെക്കോർഡാണ്. 

ഭൂമിയില്‍ നിന്നും ബ്ലാക്ക് ബ്രാന്റ് IX റോക്കറ്റിലാണ് പാരച്യൂട്ടും 37,000 കിലോ ഭാരം വഹിച്ചുള്ള ചരക്കുമായി വിക്ഷേപിച്ചത്. മുന്‍ നിശ്ചയിച്ച പ്രകാരം 38 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ് പാരച്യൂട്ടിന് വിടരാന്‍ നിര്‍ദേശം നല്‍കിയത്. അപ്പോള്‍ റോക്കറ്റിന്റെ വേഗം ശബ്ദത്തേക്കാള്‍ 1.8 ഇരട്ടിയായിരുന്നു. നിര്‍ദേശം ലഭിച്ച് നാലിലൊന്ന് സെക്കൻഡ് കൊണ്ട് തന്നെ പാരച്യൂട്ട് വിടര്‍ന്നു. 180 പൗണ്ട് ഭാരമുള്ള പാരച്യൂട്ട് കുടയില്‍ സുരക്ഷിതമായി 37,000 കിലോഗ്രാമിന്റെ പരീക്ഷണ ഭാരം ഭൂമിയിലേക്ക്. പാരച്യൂട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വിരിഞ്ഞതെന്ന റെക്കോഡും ഈ പരീക്ഷണത്തിനാണെന്ന് നാസ വ്യക്തമാക്കി.

നാസയുടെ 2020ലെ ചൊവ്വാ ദൗത്യത്തില്‍ ഈ പാരച്യൂട്ടുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. 2021 ഫെബ്രുവരിയിലാണ് നാസയുടെ ചൊവ്വാ പേടകം ചുവന്ന ഗ്രഹത്തിലിറങ്ങുക. സുരക്ഷിതമായി പേടകത്തെ ചൊവ്വയിലിറക്കുകയെന്ന തന്ത്രപ്രധാനമായ ചുമതലയാണ് പാരച്യൂട്ടിനുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം പാരച്യൂട്ടുകളുടെ നിരവധി കാര്യക്ഷമതാ പരീക്ഷണങ്ങള്‍ നാസ നടത്തിയിരുന്നു. 

ശബ്ദത്തേക്കാള്‍ വേഗമുള്ള ഒരു പാരച്യൂട്ട് 37,000 കിലോഗ്രാം ഭാരം ആദ്യമായാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. 2020ലെ ചൊവ്വാ ദൗത്യത്തില്‍ പ്രതീക്ഷിക്കുന്നതിന്റെ 85 ഇരട്ടി ഭാരമാണിത്. ഭൂമിയിലെ അന്തരീക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൊവ്വയിലെ അന്തരീക്ഷത്തിന് കനം കുറവാണ്. എന്നാല്‍ ഭൂമിയില്‍ നിന്നും 37 കിലോമീറ്ററിന് മുകളിലെ അന്തരീക്ഷം ചൊവ്വയിലെ പത്ത് കിലോമീറ്റര്‍ മുകളിലെ നിലക്ക് തുല്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ഉയരത്തില്‍ വെച്ചാണ് ചൊവ്വാ ദൗത്യത്തില്‍ പാരച്യൂട്ട് നിവരേണ്ടി വരിക. അതുകൊണ്ടാണ് പരീക്ഷണം ഭൂമിയില്‍ നിന്നും 38 കിലോമീറ്റര്‍ ഉയരെ നടത്തിയതെന്നും നാസ വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA