sections
MORE

സൂനാമി ഭീതി, വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, 7 ദിവസത്തിനിടെ 1220 ഭൂചലനങ്ങൾ!

tsunami
SHARE

കഴിഞ്ഞ ദിവസം ഇന്തൊനീഷ്യയിൽ സംഭവിച്ച സൂനാമി തുടക്കം മാത്രമാണെന്നും വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമാണെന്നും ഗവേഷകരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇന്തൊനീഷ്യൻ തീരങ്ങളിൽ ഇതിലും വലിയ സൂനാമികൾക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. അഗ്നിപർവ്വതം കൂടുതൽ പൊട്ടിത്തെറിക്കാനിരിക്കുകയാണ്. ഈ അഗ്നിപർവ്വതങ്ങൾ സജീവമായാൽ സൂനാമിക്ക് സാധ്യത കൂടുതലാണ്.

ഇന്തൊനീഷ്യയിലെ പാലു, സുലവേസി പ്രദേശങ്ങളെ തകർത്ത ഭൂകമ്പത്തിനും സൂനാമിക്കും കാരണമായത് കടലിനടിയിലെ മണ്ണിടിച്ചിലാണ്. ജാവ, സുമാത്ര ദ്വീപുകൾക്കിടയിലാണ് മണ്ണിടിച്ചിലും സൂനാമിയും സംഭവിക്കുന്നത്. അനക് ക്രാകുടൂ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോഴാണ് ഇവിടെ സാധാരണയായി ഭൂകമ്പം സംഭവിക്കുന്നത്. വൻ സ്ഫോടനത്തോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഇന്തൊനീഷ്യൻ ഭൂഗർഭശാസ്ത്ര ഏജൻസി ഇക്കാര്യങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കടലിനിടയിലെ ചില ഭാഗങ്ങൾക്ക് സ്ഥാന ചലനം സംഭവിച്ചപ്പോഴാണ് വെള്ളം മുകളിലേക്ക് പൊങ്ങിവന്നത്. ഇതാണ് പെട്ടെന്ന് വൻ ദുരന്തത്തിന് കാരണമായതും.

ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 1883 ൽ 36,000 പേർ മരിച്ചിരുന്നു. പൂർണചന്ദ്രൻ വരുന്ന ദിവസങ്ങളിലാണ് പലപ്പോഴും ഇവിടെ ദുരന്തങ്ങൾ സംഭവിക്കുന്നത്. ചന്ദ്രൻ ഭൂമിയോടു അടക്കുന്ന സമയത്ത് പ്രകൃതിയിൽ വൻ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഭൂകമ്പവും സൂനാമിയും.

2004 ഡിസംബർ 26 ന് സംഭവിച്ച സൂനാമിയിൽ ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. വരും ദിവസങ്ങളിലെ സൂനാമികൾ മൂൻകൂട്ടി അറിയിക്കാൻ കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ വേണമെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. അഗ്നിപർവ്വതം കൂടുതൽ സജീവമായാൽ തുടർന്നും സൂനാമിക്ക് സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഭൂകമ്പം സംഭവിക്കാതെയാണ് സൂനാമി അടിച്ചതെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. ഇതിനാൽ തന്നെ വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ല.

ഏഴു ദിവസത്തിനിടെ 1220 ഭൂചലനങ്ങൾ

പൂർണ ചന്ദ്രൻ എങ്ങനെ ഭൂമിയെ സ്വാധീനിക്കുന്നു ? ഭൂകമ്പങ്ങളുമായി ഇതിനു ബന്ധമുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. കഴിഞ്ഞ ദിവസം ഇന്തൊനീഷ്യയിൽ അഗ്നിപർവ്വത സ്ഫോടനും തുടർന്നുണ്ടായ സൂനാമിയും പൂർണചന്ദ്രൻ പ്രത്യക്ഷപ്പെട്ട ദിനത്തിലാണ്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ലോകത്ത് വിവിധ ഭാഗങ്ങളിലായി 1220 ഭൂചലനങ്ങളാണ് അനുഭവപ്പെട്ട‌ത്.

റിക്ടർ സ്കെയിലിൽ ശരാശരി നാലിനും അഞ്ചിനും ഇടയിൽ രേഖപ്പടുത്തിയതായിരുന്നു മിക്ക ഭൂചലനങ്ങളും. റഷ്യയിൽ സംഭവിച്ചത് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. ചന്ദ്രൻ ഭൂമിയോടു ഏറ്റവും അടുത്ത വന്ന മിക്ക ഭാഗങ്ങളിലെല്ലാം നേരിയ ചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്.

പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിൽ പ്രധാനമായും പെറു, ജപ്പാൻ, അറ്റ്‌ലാന്റിക് റിഡ്ജ്, ചിലി, യുഎസ്, അഫ്ഗാനിസ്ഥാൻ, അലാസ്ക, സ്കോടിയ കടൽ, ഫിജി ദ്വീപുകൾ, ഇന്തൊനീഷ്യ, പെനിസുല തുടങ്ങി സ്ഥലങ്ങളിലാണ് കാര്യമായി ഭൂചനം അനുഭവപ്പെടുന്നത്. ചിലിയും ഇന്തൊനീഷ്യയും സ്ഥിരം ഭൂചലനങ്ങളുടെ കേന്ദ്രങ്ങളാണ്.

പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണമെന്ന് ഗവേഷകർ നേരത്തെ മുന്നറിയിപ്പു നൽകാറുണ്ട്. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കാണാറുണ്ട്. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം ഏകദേശം 3.5 ലക്ഷം കിലോമീറ്ററായി കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നത്.

ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂകമ്പങ്ങൾ വർധിക്കാറുണ്ട്. ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തൊനീഷ്യയിലെ ജാവാ കടലിടുക്കു പോലുള്ള ഭ്രംശമേഖലകളിലുമാണ് ചലനം അനുഭവപ്പെടാൻ കൂടുതൽ സാധ്യത. ഈ സാധ്യത തന്നെയാണ് കഴിഞ്ഞ ദിവസം ഇന്തൊനീഷ്യയിൽ സംഭവിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും പൂർണചന്ദ്രന്റെ ഫലമായി ചെറു ചലനങ്ങൾ സംഭിവിക്കാറുണ്ട്. ഇന്തൊനീഷ്യയോടു ചേർന്നു കിടക്കുന്ന ആൻഡമാൻ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.

ചന്ദ്രന്റെ ആകർഷണ ഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടുന്നു. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി അടുത്ത കാലത്ത് ചില പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.

ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കും. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. കണ്ണൂരിൽ 2003 ൽ അനുഭവപ്പെട്ട ഭൂചലനവും പൂർണചന്ദ്രദിനത്തോടനുബന്ധിച്ചായിരുന്നു. 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും പൂർണചന്ദ്ര ദിനത്തോടനുബന്ധിച്ചായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA