sections
MORE

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ സോണിക് ആക്രമണമോ ചീവീടുകളോ?

sonic-attack
SHARE

ക്യൂബയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെ ശബ്ദവീചികൾ ‍(Sonic) ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ യഥാര്‍ഥ പ്രതികള്‍ ഒരുകൂട്ടം ചീവീടുകളാകാമെന്ന് ശാസ്ത്രലോകം. അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ഗവേഷകര്‍ കഴിഞ്ഞയാഴ്ച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. തുടര്‍ച്ചയായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹവാനയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരില്‍ പകുതിയിലേറെ പേരെയും അമേരിക്ക തിരിച്ചുവിളിച്ചിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ തകരാറിലാക്കാനും ഈ സംഭവം കാരണമായി. 

2016 നവംബറിനും 2017 ഏപ്രിലിനും ഇടയിലായിരുന്നു പ്രശ്‌നങ്ങളുടെ ആരംഭം. വിചിത്രമായ ഒരു ശബ്ദം കേട്ടതിന് ശേഷമായിരുന്നു കുഴപ്പങ്ങള്‍ തുടങ്ങിയതെന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലും കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി. ഇത് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെ ക്യൂബ നടത്തിയ ശബ്ദവീചി ആക്രമണമായും വിലയിരുത്തപ്പെട്ടു. ക്യൂബക്കു പിന്നില്‍ നിന്നുകൊണ്ട് റഷ്യയാണ് കളിക്കുന്നതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ പ്രശ്‌നം ആഗോളതലത്തിലേക്കെത്തി. 

തലകറക്കവും ബാലന്‍സ് കുഴപ്പങ്ങളും തലവേദനയും മന്ദതയുമെല്ലാം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2017 അവസാനത്തോടെ 140 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് അമേരിക്ക തിരിച്ചുവിളിച്ചത്. ഇവര്‍ ആ വിചിത്ര ശബ്ദത്തിന്റെ റെക്കോഡുകളും അസോസിയേറ്റഡ് പ്രസ് വഴി പുറത്തുവിട്ടിരുന്നു. അതേസമയം ഇതെല്ലാം തോന്നലും ഭീതിയും ചേര്‍ന്നുണ്ടാക്കിയ മതിഭ്രമമാണെന്ന വാദവും ഉയര്‍ന്നിരുന്നു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുഴപ്പങ്ങളുണ്ടായില്ല എന്നതായിരുന്നു ഈ വാദക്കാര്‍ ഉയര്‍ത്തിയകാര്യം. 

സംഭവത്തില്‍ അമേരിക്കയും കാനഡയും സംയുക്ത അന്വേഷണം നടത്തുകയാണ്. ശബ്ദത്തിന്റെ റെക്കോഡുകള്‍ പുറത്തുവന്നതിന് പിന്നാലെ ജമൈക്കന്‍ ചീവീടുകളാണ് ഈ ശബ്ദമുണ്ടാക്കിയതെന്ന് ക്യൂബ പറഞ്ഞിരുന്നു. എന്നാല്‍ അത് അമേരിക്ക തള്ളിക്കളയുകയും ചെയ്തു. ആ ചീവീടുകളുടെ ശബ്ദം പരിശോധിച്ച ശേഷമായിരുന്നു അത്. എന്നാലിപ്പോള്‍ ഇന്‍ഡീസ് ചെറുവാലന്‍ ചീവീടുകളെന്നറിയപ്പെടുന്ന മറ്റൊരു തരം ചീവീടുകളാണ് പ്രശ്‌നക്കാരെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

അടച്ചിട്ട മുറിയിലും മറ്റും പല ആവര്‍ത്തി വരുന്നതിനാല്‍ ഇത്തരം ചീവീടുകളുടെ ശബ്ദം അസ്വസ്ഥതയുണ്ടാക്കാമെന്നാണ് ഗവേഷകരുടെ വാദം. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ശബ്ദം എന്താണെന്ന് പറയുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ക്യൂബയില്‍ ശബ്ദവീചി ആക്രമണമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA