sections
MORE

ചെയ്യരുത്! ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റുന്നവർക്ക് മുന്നറിയിപ്പുമായി സ്റ്റോൾമാൻ

Richard-Stallman
SHARE

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും ശക്തമായ കേന്ദ്രീകൃത–നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിൻഭാഗം പതിഞ്ഞ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാൻ ഇതിനു കഴിയും. നിങ്ങളെവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ട്രാക്ക് ചെയ്യപ്പെടും. എന്റെ മാത്രമല്ല, മറ്റാരെടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കണമെന്ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുന്നണി പോരാളിയുമായ റിച്ചഡ് സ്റ്റോൾമാൻ പറഞ്ഞു.

‘ദയവ് ചെയ്ത് നിങ്ങളുടെ ക്യാമറയിൽ പകർത്തുന്ന എന്റെ ചിത്രങ്ങളൊന്നും ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്’- സ്റ്റോൾമാന്റെ അഭ്യർഥന കേട്ടു സദസിലുള്ളവർ ആദ്യമൊന്നു ഞെട്ടി! സർക്കാരിനു കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ സ്ഥാപനമായ ഐസിഫോസിന്റെ  നേതൃത്വത്തിൽ തലസ്ഥാനത്തു നടത്തിയ പ്രഭാഷണത്തിനു മുൻപാണു തന്റെ സ്വകാര്യത മാനിക്കണമെന്ന അഭ്യർഥന മുന്നോട്ടുവച്ചത്. സ്മാർട് ഫോണിലാണു തന്റെയൊപ്പമുള്ള ചിത്രങ്ങളെടുക്കുന്നതെങ്കിൽ അതിൽ ജിയോ–ലൊക്കേഷൻ സംവിധാനം ഓഫ് ചെയ്യണമെന്നും സ്റ്റോൾമാൻ അഭ്യർഥിച്ചു. 

whatsapp-facebook

∙ ഊബർ ഒരു തവണ പോലും വിളിച്ചിട്ടില്ല!

ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ചു ചാരപ്രവൃത്തി നടത്തുന്ന ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പോലെയുള്ള ഒരു ആപ്ലിക്കേഷനും താൻ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നു സ്റ്റോൾമാൻ വെളിപ്പെടുത്തി. മറ്റെവിടുന്നെങ്കിലും വാങ്ങിയ ഒരു ഇ–ബുക്ക് ആമസോണിന്റെ ഇ–റീഡറായ കിൻഡിൽ ഉപയോഗിച്ചു വായിച്ചാൽ പോലും അതിന്റെ തലക്കെട്ടും, വായിച്ചുതീർന്ന പേജ് നമ്പറും, ഹൈലൈറ്റ് ചെയ്ത ഭാഗവും ആമസോൺ സെർവറുകളിൽ എത്തുന്നുണ്ട്. 

പുതിയ പഠനപ്രകാരം ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള 1,000 സൗജന്യ ആപ്ലിക്കേഷനുകളിൽ 90 ശതമാനവും ചാരപ്പണി നടത്തുന്നവയാണ്. ഫ്ലാഷ് ലൈറ്റ് ആപ്ലിക്കേഷൻ പോലും സെർവറുമായി ബന്ധപ്പെടുന്നത് എന്തിനാണ്? സെക്സ് കളിപ്പാട്ടത്തിലെ ഡേറ്റ പോലും സെർവറിലേക്കു പോകുന്നു. അതിൽ സജ്ജീകരിച്ചിരിക്കുന്ന തെർമോമീറ്ററിൽ രേഖപ്പെടുത്തുന്ന താപനില വ്യതിയാനത്തിലൂടെ ശരീരവുമായി അതു ബന്ധപ്പെടുന്നത് എപ്പോഴെന്നു മനസിലാക്കുന്നു. ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ചു രഹസ്യനിരീക്ഷണം നടത്തുന്ന കമ്പനികളുടെ ഉടമകൾക്കു ജയിലിൽ കുറഞ്ഞൊരു ശിക്ഷ പാടില്ല.

Uber-mobile.jpg.image.784.410

∙ ഡ്രൈവർരഹിത കാർ ജയിലിലേക്കു കൊണ്ടുപോയാൽ?

സർക്കാരിനെതിരെ നിലപാടുള്ള നിങ്ങൾ ഭാവിയിൽ ഒരു ഡ്രൈവർരഹിത കാറിൽ കയറി വിമാനത്താവളത്തിലേക്കു പോകാൻ ആവശ്യപ്പെടുമ്പോൾ അതു നിങ്ങളെ കൊണ്ടുപോകുന്നതു പൊലീസിന്റെ രഹസ്യ താവളത്തിലേക്കാണെങ്കിൽ എന്തു ചെയ്യും? സഞ്ചരിക്കുന്ന വ്യക്തിയെ പിന്തുടരാൻ സാങ്കേതിക വിദ്യയോളം പോന്ന മറ്റൊരു മാർഗമില്ല. ചൈന പോലെയുള്ള രാജ്യങ്ങൾ നാളെ നടപ്പാക്കുന്നത് ഇത്തരം വിദ്യകളായിരിക്കുമെന്നും സ്റ്റോൾമാൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA