sections
MORE

വ്യാജ പോൺ വിഡിയോ കുരുക്ക്: വീട്ടമ്മയ്ക്കുണ്ടായ ദുരനുഭവം നാളെ നിങ്ങൾക്കും സംഭവിക്കാം

deepfake-video
SHARE

ഒരു വിദേശ സ്ത്രീയുടെ കഥ കേള്‍ക്കുക. അവര്‍ സ്വതസിദ്ധമായ ചിരിയോടെ കട്ടിലില്‍ ഇരിക്കുന്നതായാണ് വിഡിയോ കാണിക്കുന്നത്. അവരെ നേരിട്ടു പരിചയമുള്ള ആര്‍ക്കും തിരിച്ചറിയാം. അത്രമേല്‍ യാഥാര്‍ഥ്യമാണ് അവരുടെ ചിരിയും മുഖഭാവവുമൊക്കെ. തുടര്‍ന്ന് അവര്‍ വിവസ്ത്രയായി ലൈംഗികകേളിക്കൊരുങ്ങുന്നു. വിഡിയോ സത്യമെന്നു കരുതുന്ന ആരും വിശ്വസിച്ചു പോകുന്നു രംഗം. സത്യത്തില്‍ സംഭവിച്ചിരിക്കുന്നതോ, ആ സ്ത്രീയുടെ മുഖം ഒരു പോണ്‍ നടിയുടെ ഉടലിലേക്ക് സുന്ദരമായി വച്ചു ചേര്‍ത്തിരിക്കുകയാണ്. പലരും കാര്യമറിയാതെ വിഡിയോ ഷെയർ ചെയ്തു കളിക്കുന്നു. അവരാകട്ടെ തകര്‍ന്നു പോയി. തന്റെ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും ഇതു കണ്ടാല്‍? കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ടാല്‍?

നാല്‍പ്പതുകളിലെത്തിനില്‍ക്കുന്ന അവര്‍ക്ക് താങ്ങാനാകാത്ത തരത്തിലുള്ള ആഘാതമാണ് അതു സൃഷ്ടിച്ചത്. താന്‍ തകര്‍ന്നു പോയെന്നും തന്റെ വിവാഹബന്ധം തകരുമോ എന്നു ഭയക്കുന്നുവെന്നും അവര്‍ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ വിഡിയോ ക്ലിപ് മാധ്യമപ്രവർത്തകര്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു. ഒരു അസാധാരണ വികാരമാണ് എന്നെ പിടികൂടിയത്. ഇന്റര്‍നെറ്റിലുള്ള എല്ലാം എടുത്തു കളയാന്‍. പക്ഷേ, അത് അസാധ്യമാണെന്നും എനിക്കറിയാം– അവര്‍ പറഞ്ഞു.

കടന്നുവരുന്നത് ഡീപ് ഫെയ്ക് വിഡിയോ

എയര്‍ബ്രഷിങ്, ഫോട്ടോഷോപ്പിങ് തുടങ്ങിയ എഡിറ്റിങ് രീതികളിലൂടെ നേരത്തെ തന്നെ ഫോട്ടോകള്‍ക്ക് നിസ്സന്ദേഹമായ മാറ്റങ്ങള്‍ വരുത്താനാകുമായിരുന്നല്ലോ. ഇനി വിഡിയോകളുടെ ഊഴമാണ്. അടുത്തകാലം വരെ വിഡിയോയില്‍ കാണുന്നതെല്ലാം സത്യമെന്നു വിശ്വസിക്കുന്നവരായിരുന്നു ആളുകളെല്ലാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ വളരെ യഥാര്‍ഥമെന്നു തോന്നിക്കത്തക്ക വിധത്തിലുള്ള വ്യാജ വിഡിയോകള്‍ സൃഷ്ടിക്കല്‍ എളുപ്പമായിക്കൊണ്ടിരിക്കുന്നു. ഇതിനെയാണ് ഡീപ് ഫെയ്ക് വിഡിയോ എന്നു വിളിക്കുന്നത്. മുകളില്‍ കണ്ട വീട്ടമ്മ നേരിട്ടത് ഇത്തരം ഒരു ആക്രമണമാണ്. ഗൂഗിള്‍ പുറത്തിറക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറിനെ കേന്ദ്രീകരിച്ചാണ് അതിശക്തമായ എഡിറ്റിങ് ടൂളുകള്‍ വരുന്നത്. ഇവ ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചരിക്കുകയാണ്. ഇതിലൂടെ വാസ്തവത്തിലുള്ളതും വ്യാജവും തമ്മിലുള്ള അതിരുകള്‍ നേര്‍ത്തുവരുന്നുവെന്ന ഗുരുതരമായ പ്രശ്‌നമാണ് ഉടലെടുക്കുന്നത്. ഇത് എല്ലാ രാജ്യങ്ങളിലും ഒരു സാമൂഹ്യപ്രശ്‌നമായി മാറാന്‍ അധികകാലം എടുത്തേക്കില്ലെന്നു വിശ്വസിക്കപ്പെടുന്നു.

വീട്ടമ്മയുടെ കഥ അവിടെ നില്‍ക്കട്ടെ. ഇനി അവഞ്‌ജേഴ്‌സിലെ ('Avengers') നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ന്റെ (Scarlett Johansson) കാര്യമെടുക്കാം. ഡീപ് ഫെയ്ക് സെക്‌സ് വിഡിയോയുടെ ആക്രമണമേറ്റ പല വിദേശ നടികളില്‍ ഒരാളാണ് 34കാരിയായ സ്‌കാര്‍ലറ്റ്. നിരവധി പോണ്‍ ക്ലിപ്പുകളില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ 'നായിക'യാകേണ്ടി വന്നവരാണ് അവര്‍. വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ജൊഹാന്‍സണ്‍ന്റെ മുഖം പിടിപ്പിച്ച ക്ലിപ്പിന് ഒരു പോണ്‍ സൈറ്റില്‍ മാത്രം ഏകദേശം 15 ലക്ഷം വ്യൂ ലഭിച്ചിരിക്കുന്നുവെന്നാണ്. ലീക്കു ചെയ്ത വിഡിയോ എന്ന പേരിലാണ് ഇത് അപ്‌ലോഡു ചെയ്തിരിക്കുന്നത്. 'എന്റെ മുഖമൊട്ടിച്ച വിഡിയോ റിലീസു ചെയ്യുന്നവരെ തടയാന്‍ ആര്‍ക്കുമാകില്ല. വളരെ യാഥാര്‍ഥ്യമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് അവ നിര്‍മിക്കുന്നത്'. നടി പറയുന്നു. ഇതില്‍ നിന്നു സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നതും അസാധ്യമാണ്. ഇന്റര്‍നെറ്റ് ഒരു വലിയ ഇരുണ്ട ദ്വാരമാണെന്നും അവര്‍ പറയുന്നു. സ്‌കാര്‍ലറ്റ് മാത്രമല്ല ഇത്തരം ആക്രമണങ്ങള്‍ നേരിട്ട പ്രശസ്തരായ സ്ത്രീ. വണ്ടര്‍ വുമണ്‍ എന്നറിയപ്പെടുന്ന ഗാള്‍ ഗ്യാഡോട്ടാണു ( Gal Gadot) മറ്റൊരു പ്രശസ്ത.

ഇവിടെയും സ്ത്രീ പുരുഷ വിവേചനം!

വ്യാജ സെക്‌സ് വിഡിയോകളില്‍ നായകരാക്കാന്‍ നടന്മാരെ തിരഞ്ഞെടുക്കാറില്ല. പുരുഷന്മാര്‍ക്കെതിരെ ഡീപ് ഫെയ്ക് ആക്രമണങ്ങള്‍ നടത്തുന്നത് പലപ്പോഴും തമാശയ്ക്കാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ തമാശ സൃഷ്ടിക്കാനുള്ള ഡീപ് ഫെയ്ക് വിഡിയോ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍, ഡീപ് ഫെയ്ക് വിഡിയോകള്‍ സ്ത്രീകള്‍ക്കെതിരെ മറ്റൊരു ആയുധമാക്കാനാണ് ചില ആക്രമണകാരികളുടെ ശ്രമം. മാനസികമായി തകര്‍ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. കൂടാതെ ഇത്തരം വിഡിയോകള്‍ യാഥാര്‍ഥ്യമാണെന്നു തോന്നിപ്പിക്കാന്‍ ധാരാളം വിശദാംശങ്ങള്‍ ചേര്‍ത്താണ് നിര്‍മിക്കുന്നതെന്നും കാണാം. വിശദാംശങ്ങള്‍ ചേര്‍ക്കുന്നതോടെ, അനുദിനമെന്നോണം ഡീപ് ഫെയ്ക് വിഡിയോ തിരിച്ചറിയലും ദുഷ്‌കരമാകുകയാണ്.

ഗൂഗിള്‍ സിന്തെറ്റിക് ('involuntary synthetic pornographic imagery') ചിത്രങ്ങള്‍ ബ്ലോക്കു ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ഇത്തരം വിഡിയോയുടെ നിര്‍മാണമോ, പ്രചാരണമോ അന്ത്യം കുറിച്ചിട്ടില്ല. ഫെയ്ക് വിഡിയോ നിര്‍മിച്ചു കൊടുക്കുന്നവരുമുണ്ട്. ഒരു ക്ലിപ്പിന് ഏകദേശം 20 ഡോളറാണ് അവരുടെ കൂലി. അടുത്ത കാലം വരെ വ്യാജ വിഡിയോ സൃഷ്ടിക്കുക എന്നത് സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായിരുന്നു. അത് ചില വന്‍കിട സിനിമാ കമ്പനിക്കാര്‍ മാത്രമായിരുന്നു നടത്തിയിരുന്നത്. പക്ഷേ, ഇപ്പോള്‍ മെഷീന്‍ ലേണിങ്ങിന്റെ കുതിപ്പില്‍ വ്യാജ വിഡിയോ സൃഷ്ടിക്കല്‍ കുട്ടിക്കളിയായി തീര്‍ന്നിരിക്കുകയാണ്. ഫലമോ, അപരിചതര്‍ക്കു പോലും മറ്റുള്ളവരില്‍ സംഭ്രമിപ്പിക്കുന്ന വിഡിയോ ആര്‍ക്കെതിരെയും ഇറക്കാമെന്നതാണ്. ഇത് സ്ത്രീവിരോധികളുടെ കൈയ്യില്‍ കിട്ടിയ ഏറ്റവും നല്ല ആയുധമാണെന്നാണ് മിയാമിയിലെ നിയമ പ്രൊഫെസർ മേരി ആന്‍ ഫ്രാങ്ക്‌സ് പറയുന്നത്.

പ്രതിരോധം

ഇത്തരം ആക്രമണമേല്‍ക്കേണ്ടിവരുന്ന നിഷ്‌കളങ്കരായ ഇരകള്‍ക്ക് പ്രതിരോധം തീര്‍ക്കുക എന്നത് ഒരാവശ്യമാണ്. സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ഒരു പ്രതിവിധി. അമേരിക്കയിലും മറ്റും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗൂഗിള്‍ പറയുന്നത് തങ്ങളും ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നാണ്. എന്നാല്‍ അതേ ശ്വസത്തില്‍ത്തന്നെ അവര്‍ പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം തടയാനാവില്ല. ഗുണകരമായ രീതിയില്‍ ഈ ടെക്‌നോളജി ഉപയോഗിക്കുന്ന ഡവലപ്പര്‍മാരെ സഹായിക്കുക തന്നെ ചെയ്യുമെന്നാണ്. എന്നാല്‍ ടെക്‌നോളജിയെ ഡീപ് ഫെയ്ക് വിഡിയോ തുടങ്ങിയ രീതികളില്‍ ആയുധവല്‍ക്കരിക്കുന്ന കാര്യം കമ്പനി വീണ്ടും പരിശോധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA