sections
MORE

ഹർത്താലുകൾ കേരളത്തിലെ ഐടി മേഖലകളെ തകർക്കും: നിസാൻ സിഐഒ

tony-nissan
SHARE

വർധിച്ചു വരുന്ന ഹർത്താലുകളും പണിമുടക്കും കേരളത്തിലെ ഐടി, ടൂറിസം മേഖലകളെ തകർക്കുമെന്ന് നിസാൻ കോർപ്പറേഷൻ വൈസ് പ്രസിഡന്റും ഐടിയുടെ ചുമതലയുള്ള ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ (സിഐഒ) ടോണി തോമസ്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കേരളത്തിലെ ഹർത്താലിനെതിരെ രൂക്ഷമായ ഭാഷയിൽ ട്വീറ്റ് ചെയ്തത്.

‘ഹർത്താലിനു പിന്നിലുള്ള ദുഷ്ടശക്തികൾക്കു കേരളത്തെ തകർക്കാനാകില്ല. എന്നാൽ, ഹർത്താൽ തടയാൻ ശക്തമല്ലാത്തതോ തയാറാകാത്തതോ ആയ ഒരു ഭരണകൂടത്തിനിതു കഴിയും. കേരളത്തിന്‍റെ നിർമാണ സാധ്യതകളെ തല്ലിക്കെടുത്തിയത് ട്രേഡ് യൂണിയനുകളാണ്. ഹർത്താലുകൾ നമ്മുടെ വിനോദസഞ്ചാര, ഐടി മേഖലകളെ തകർക്കും.’ ഇതായിരുന്നു ടോണി തോമസിന്റെ ട്വീറ്റ്.

നിസാൻ ഡിജിറ്റൽ ഹബ് തലസ്ഥാനത്ത് എത്തിയതിനു പിന്നാലെ, നിസാൻ മോട്ടോർ കമ്പനിയുടെ ഡിജിറ്റൽ പങ്കാളിയായ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ഭീമൻമാരും എത്തിയേക്കുമെന്നു പ്രതീക്ഷകളുണ്ട്. എന്നാൽ തുടർച്ചയായ പണിമുടക്കുകൾ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്നു മുൻനിര കമ്പനികളെ പിന്തിരിപ്പിക്കുകയാണ്.

കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മിക്ക കമ്പനികൾക്കും വെല്ലുവിളി ഹർത്താലുകളാണ്. സാമൂഹിക സൗകര്യങ്ങൾ ആവശ്യത്തിനുണ്ടോ എന്നതാണ് മറ്റൊരു ആശങ്ക. ബെംഗളൂരു, മുംബൈ നഗരങ്ങളിലെ ഐടി കമ്പനികൾക്ക് ഹർത്താലുകൾ ഭീഷണിയല്ല. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ചെറു സംഘടനകളുടെ ഹർത്താലുകൾക്ക് പോലും വൻകിട കമ്പനികൾ മണിക്കൂറുകളോളം പൂട്ടേണ്ടിവരുന്നു.

ഏറ്റവും കൂടുതൽ സോഫ്റ്റ്‌വെയർ കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ഹബ് തുടങ്ങാൻ താൽപര്യപ്പെട്ട് നിരവധി ടെക് കമ്പനികൾ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ടെക് കമ്പനികൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും തൊഴിലാളി യൂനിയൻ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ പണിമുടക്കുകളുടെ എണ്ണം ഐടി കമ്പനികളെ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ്.

പ്രളയത്തിനു ശേഷം തിരിച്ചുവരികയായിരുന്ന ടൂറിസം മേഖലയും ഹർത്താലുകളിൽ സ്തംഭിച്ചിരിക്കുകയാണ്. ടൂറിസം സീസൺ ആയിട്ടുപോലും മിക്ക സ്ഥലങ്ങളിലും വിദേശികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഹർത്താലുകളും സജീവമായതോടെ ടൂറിസം മേഖലയും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA