അടിച്ചു പൊളിക്കാൻ മാംഗോ മെഡോസ്

3slider-3
SHARE

ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കാർഷിക പാർക്കാണ് മാംഗോ മെഡോസ്. വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലേക്ക് കാഴ്ചകാർ എത്തുന്ന നിരവധിയാണ്. കേരളത്തിലെ മുഴുവന്‍ ഔഷധ ചെടികളും പാര്‍ക്കില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ വലിയ മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗ് അടക്കം വിനോദ സഞ്ചാരികൾക്ക് കൗതുകം ഉണർത്തുന്ന കാഴ്ചകൾ വേറെയും. മത്സ്യക്യഷിയുടെ അരികിലൂടെയാണ് ബോട്ട് യാത്ര. വെള്ളത്തിൽ വട്ടമിട്ടു നീന്തിതുടിയ്ക്കുന്ന മീനിനെ ഫ്രൈ ആക്കി കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചാല്‍ ഒട്ടും നിരാശപ്പെടണ്ട അപ്പോൾ വലവീശി പിടിക്കുന്ന മീന്‍ പൊരിച്ച്  തരാനുള്ള ഹോട്ടലുകളും പാർക്കിൽ സജീവമാണ്.

agri-park2

കുര്യന്‍െറ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്ത് നൂതനമായ സംരംഭം ആരംഭിച്ചിരിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂർവ കലവറയാണ് കാർഷിക പാർക്കിൽ കുര്യൻ തീർത്തിരിക്കുന്നത്. കൂടാതെ പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്‍െറ പ്രധാന ആകര്‍ഷണം.

agripark4

ഭൂരിപക്ഷം വൃക്ഷങ്ങളും കായ്ച്ചുതുടങ്ങിയ ഈ തോട്ടത്തിൽ വിലക്കപ്പെട്ട കനിയുമായി ആദം– ഹവ്വ ദമ്പതികളുടെ പ്രതിമയും കാണാം. വിലക്കപ്പെടാത്ത ഫലങ്ങളാണ് ബാക്കി മുഴുവനും – എലഫന്റ് ആപ്പിൾ, ബാങ്കോക്ക് ചാമ്പ, വെൽവറ്റ് ആപ്പിൾ, ലാങ്ഷാറ്റ്, ജബോട്ടിക്കാബ, കിവി, ആഫ്രിക്കൻ പിസ്ത, ബർമീസ് മരമുന്തിരി, സാന്റോൾ, ലെമൺവൈൻ, സബർജിൽ, മിറക്കിൾ ഫ്രൂട്ട്, മൂട്ടിപ്പഴം, കാട്ടമ്പഴം, കോക്കം, മധുരളൂവി എന്നിങ്ങനെ അതു നീളുമ്പോൾ ഒരു പഴത്തിനു വേണ്ടി അവയെല്ലാം നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കന്മാരെ അറിയാതെ പഴിച്ചുപോകും. ഓരോ ഇനത്തിന്റെയും ഉപ ഇനങ്ങൾ തന്നെ ഏറെയുണ്ട്. മാംഗോ മെഡോസ് എന്ന പേര് അന്വർഥമാക്കി 101 തരം മാവുകൾ, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു.

2slide-8

കൂടാതെ പരിശീലനത്തിന് ആധുനിക കുളവും ഭീമന്‍ അക്വേറിയവും. സന്ദര്‍ശകരെ കാത്തിരിക്കുന്നു.  ഒപ്പം പ്രൈമറി വിദ്യാർഥികൾക്കും ഗവേഷകവിദ്യാർഥികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഇൻഫോടെയ്ൻമെന്റ് പാർക്ക് എന്നകൂടി മാംഗോ മെഡോസിനെ വിശേഷിപ്പിക്കാം. കുര്യന്റെ പതിനാലു വർഷത്തെ സ്വപ്നസാക്ഷാൽക്കാരമാണ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക്.

5mango-medows

മാംഗോ മെഡോസിലെ ഓരോ മരത്തിനും ആത്മകഥ പറയാനുണ്ടാവും. സ്വന്തം പെരുമയുമായി ബന്ധപ്പെട്ട ഈ കഥകളിൽ ഔഷധഗുണം മാത്രമല്ല, പുരാണബന്ധം, ചരിത്രപ്രാധാന്യം, സാഹിത്യത്തിലെ പരാമർശം തുടങ്ങി പല കാര്യങ്ങളുമുണ്ടാവും. മറ്റൊരു പ്രധാന ആകർഷണം പാർക്കിൽ പണികഴിപ്പിച്ചിട്ടുള്ള പരശുരാമന്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമ കൂടാതെ വൃക്ഷകന്യക, പ്രണയ ജോഡികൾ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉൾപ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം. ഫാം ചുറ്റിക്കാണുന്നതിനായി ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന റിക്ഷയും ആകാശവീക്ഷണത്തിനായി കേബിൾകാറും നിരീക്ഷണഗോപുരവും ഇവിടെയുണ്ട്. സന്ദർശകരായ മുസ്ലിം സഹോദരന്മാർക്കായി ഒരു മസ്ജിദും കുര്യൻ സജ്ജമാക്കിക്കഴിഞ്ഞു.

agripark3

മാംഗോ മെഡോസിലെ നാടൻ ചായക്കട, കള്ളുഷാപ്പ് എന്നിവയിലേക്കു വേണ്ട വിഭവങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. മീൻകുളത്തിൽ മീനൂട്ടിനു സൗകര്യപ്രദമായ വിധത്തിൽ ഒരു പിരിയൻ പാലം. നാണയമുണ്ടാക്കുമ്പോൾ ബാക്കിവരുന്ന ലോഹത്തകിടുകൾകൊണ്ടാണ് ഇതിന്റെ നിർമാണം. തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നൽകുകയുമാവാം. കൊതുമ്പുവള്ളവും പെഡൽബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഉല്ലസിച്ചുനീങ്ങാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളർത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം.

ഇരുപതോളം കോട്ടേജുകളും റിസോർട്ടിലുണ്ട്. കൂട്ടുകുടുംബങ്ങൾക്കു താമസിക്കാനുള്ള നാലുകെട്ട് മുതൽ ഹണിമൂൺ കോട്ടേജ് വരെ ഇവയിലുൾപ്പെടും. കിടപ്പറയുടെ തറയിലെ പരവതാനി നീക്കിയാൽ തീറ്റയ്ക്കായി പാഞ്ഞെത്തുന്ന മീൻകൂട്ടമാണ് ചില കോട്ടേജുകളുടെ ആകർഷണം. താമസക്കാരായെത്തുന്നവർക്ക് ഫാമിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ വിളവെടുക്കാനും പാചകം ചെയ്തു ഭക്ഷിക്കാനും സൗകര്യമുണ്ട്. ഫാമിന്റെ പിൻഭാഗത്തെ തോടിനോടു ചേർന്ന് കെട്ടിയുയർത്തിയ തട്ടിൽ നിന്നു ചൂണ്ടയിടുകയോ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുകയോ ആവാം. 

2slide-8

ഹരിതകാന്തിയുടെ ഈ ചെറുതുരുത്തിൽ 350 രൂപയാണ് പ്രവേശനഫീസ്. വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനുൾപ്പെടെ 300 രൂപ നൽകിയാൽ മതി. ദമ്പതികൾക്കും കൂട്ടുകുടുംബങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കൺവൻഷൻ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA