കല്ലടിക്കോടൻ മലയിലെ കറുത്ത നീലി...

kalladikod
SHARE

മലബാറിലെ പരമ്പരാഗത ഐതിഹ്യ സങ്കൽപമാണു കല്ലടിക്കോടു നീലി. ഇവിടത്തെ നാടോടിക്കഥകളിലെ ശക്തമായ പ്രമേയങ്ങളിലൊന്നാണിത്. ഇതിനെ അധികരിച്ചു രൂപം കൊണ്ട കലാരൂപങ്ങളാണു നീലിയാട്ടവും കരിങ്കുട്ടിയാട്ടവും. കരിനീലിയാട്ടമെന്നും നീലിയാട്ടത്തിനു പേരുണ്ട്. സൗന്ദര്യവും അനുഷ്ടാനവും വിശ്വാസവും സമന്വയിക്കുന്ന കലാരൂപങ്ങളാണിവ. വാമൊഴികളിലൂടെ പ്രചരിച്ച പുരാവൃത്തങ്ങളിലൂടെയാണിവയുടെ അടിസ്ഥാനം. പാലക്കാട് ഡ്രാമാ വില്ലേജിലെ ഒരുകൂട്ടം നാടക പ്രവർത്തകർ അതു നാടകമാക്കി അരങ്ങിലെത്തിക്കുകയാണ്. തൈക്കാടു രവി രചനയും സംവിധാനവും നിർവഹിച്ച കല്ലടിക്കോടൻ കരിനീലിയെന്ന നാടകം കേരളപ്പിറവി ദിനമായ നവംബർ1 വൈകിട്ട് അഞ്ചുമണിക്ക് പാലക്കാട് ടൗൺ ഹാളിൽ അവതരിപ്പിക്കും. കല്ലടിക്കോടു നീലിയെ ഉപാസിച്ചു മന്ത്രവാദം നടത്തിയിരുന്ന മൂന്നു തലമുറയുടെ കഥയിലൂടെയാണു നീലിയുടെ ഇതിഹാസം അനാവരണം ചെയ്യുന്നത്.   

mala

നീലിയെന്ന സങ്കൽപം

പാലക്കാടു ജില്ലയിലാണു പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായകന്മദം സമൃദ്ധമാണിവിടെ. ആതു തേടി ധാളം വൈദ്യന്മാർ ഇവിടെ എത്താറുണ്ട്. മറ്റൊരു  വിഭാഗം കൂടി ഇവിടെ വരാറുണ്ട്. മഹാ മാന്ത്രികരാണത്.

simha-valan-kuraghan
സിംഹവാലൻ കുരങ്ങ് കല്ലടിക്കോട് മലയിലെ കാഴ്ച

ഈ മലനിരകളുടെ പേരു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നതു രൗദ്രമൂർത്തിയായ നീലിയെക്കുറിച്ചുള്ള ഭീതിയും ഭക്തിയും നിറഞ്ഞ സങ്കൽപങ്ങളാണ്. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണത്രേ ഈ വനദേവത  വിഹരിക്കുന്നത്. ഈസങ്കൽപത്തിനു കൃത്യമായ ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും നീലി നിറഞ്ഞു നിൽക്കുന്നു. കാറ്റായും തീയായും ജലമായും അവർ ആ സാന്നിധ്യം അറിയുന്നു. കാട്ടാനയും കടുവാപുലികളുമൊക്കെ നീലി മുത്തിയുടെ വളർത്തു മൃഗങ്ങൾ. ചില പൗർണമി രാത്രികളിൽ കല്ലടിക്കോടു മലകൾക്ക് അപാരമായ സൗന്ദര്യമാണ്. സൂക്ഷിച്ചു നോക്കിയാൽ മുടിയഴിച്ചു നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ മല അവർക്കു ദർശനം നൽകുമത്രേ. മലയിൽ നിന്നു നിലിയെയോ നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അവർക്ക് അസാധ്യം. ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്.നീലി ഉപാസനയിലൂടെ സിദ്ധി നേടിയവർക്കു ശത്രുക്കളെ പീഡിപ്പിക്കുവാനും നിഗ്രഹിക്കാനുമൊക്കെ കഴിയുമത്രേ. ശത്രു നാശത്തിനു മാത്രമല്ല മാട്ടും മന്ത്രവാദവുംകൊണ്ടു പൊറുതിമുട്ടുന്നവരെ രക്ഷിക്കാനും സ്ത്രീകളെ വശീകരിക്കാനും ഇവർക്കു കഴിവുണ്ടെന്നാണു വിശ്വാസം. ഇതിൽപ്പലരും ഇപ്പോൾ പാലക്കാടിന്റെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണധികവുമുള്ളത്. നീലിയുടെ അനുഗ്രഹത്തിലൂടെ ദുരാത്മാക്കളെ വേർപെടുത്തി ആണിയിലോ ഇരുമ്പിലോ ആവാഹിച്ചു മരങ്ങളിൽ തളച്ചിടുമത്രേ. അതിന്റെ നേർ സാക്ഷ്യം ഉൾവനത്തിലെ ചില മരങ്ങളിലുണ്ട്. 

drama-1
കല്ലടിക്കോടൻ കരിനീലി എന്ന നാടകത്തിൽ നിന്നും

നീലി ഉപാസന

മുത്തികുളത്തിൽ പാതിരാവിൽ മുങ്ങിക്കുളിച്ചു നൂൽബന്ധമില്ലാതെ കുളക്കരയിലെ പാലമരത്തിൽ ചാരിനിന്ന് ഉപാസിക്കണമെന്നതാണത്രേ പ്രധാന കടമ്പ. ഉഗ്ര സർപ്പങ്ങളും വന്യ മൃഗങ്ങളും വിഹരിക്കുന്ന സ്ഥലമാണിത്. പതിനെട്ടു ദിവസം ധീരമായി വ്രതചര്യ പൂർത്തിയാക്കിയവർക്കു ശക്തമായ മന്ത്ര സിദ്ധി കിട്ടുമത്രേ. വ്രതവേളയിൽ ഭയപ്പെടുന്നവർക്കു ഭ്രാന്തുപിടിക്കുമെന്നും പറയപ്പെടുന്നു.  

drama-3
കല്ലടിക്കോട് മലയിലെ കാഴ്ച. കാട്ടാനയും സിംഹവാലൻ കുരങ്ങും

നീലിയെക്കുറിച്ചു തലമുറകളായി പ്രചരിക്കുന്ന കഥകൾ ധാരാളമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: മലബാറിലെ പുലാപ്പറ്റ അംശത്തിലുൾപ്പെട്ടതാണു  കല്ലടിക്കോടു ദേശം. അതിനു സമീപത്തെ ഒരു നായർ പ്രമാണി പ്രസിദ്ധ മാന്ത്രികനായിരുന്നത്രേ. പാലമരത്തിൽ ചാരിനിന്നുള്ള നീലി ഉപാസനയിലൂടെയാണദ്ദേഹത്തിനു മാന്ത്രിക സിദ്ധികിട്ടിയത്.  പിന്നീടെപ്പൊഴോ കർമം പിഴച്ചു. തറവാടിന്റെ നാശത്തിലാണതുകൊണ്ടുചെന്നെത്തിച്ചത്. ഇതിനു പരിഹാരമായി ഒരുക്ഷേത്രം നിർമിച്ചു പ്രശസ്തമായ നമ്പൂതിരികുടുംബത്തിനു സമർപ്പിച്ചു . അതിന്റെ പരിപാലനത്തിനു കുറേ ഭൂമിയും നൽകി. അങ്ങനെ പാപ പരിഹാരം നേടിയെന്നാണു കഥ   

നീലിയുടെ കഥ

മഹാ സിദ്ധനും വനവാസിയുമായ ഉദിത്തപ്പന്റെ സൃഷ്ടികളാണത്രേ നീലിയും മലവായിയും.ഉദിത്തനപ്പൻ ശിവനാണെന്നൊരു വിശ്വാസമുണ്ട്.  വനത്തിൽ ജനിച്ച് അനാഥരായി ആ പെൺകുട്ടികൾ വളർന്നു. കാലങ്ങളോളം ഊരും പേരും അറിയാതെ അലഞ്ഞു നടന്നു മടുത്ത ഇരുവരും ഉദിത്തനപ്പനെചെന്നു കണ്ടു തങ്ങൾക്കു പേരും പൊറുപ്പും ( മേൽവിലാസവും സമ്പത്തും) നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു.  ഉദിത്തനപ്പൻ അതു ചെവിക്കൊണ്ടില്ല. ഇരുവരും തുരുമുല്ലയ്ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിത്തനപ്പന്റെ ആയിരം നെൽക്കതിർ പിടിച്ചുവച്ചു. അതെത്തുടർന്ന് ഉദിത്തനപ്പന് ഉദയവും അസ്തമയവുമുണ്ടായില്ല.  കാരണം തരഞ്ഞ്  അദ്ദേഹം തിരുമുല്ല ഭഗവതിയെ കാണാനെത്തി. അവിടെ രണ്ടു യുവതികളെയും കണ്ടു. അവർക്ക് ഉചിതമായ വരം നൽകണമെന്നു തിരുമുല്ലയ്ക്കൽ ഭഗവതി ആപേക്ഷിച്ചു. എന്തു വരമാണു വേണ്ടതെന്ന ചോദ്യത്തിന് അവർ നേരത്തെയുള്ള ആവശ്യം ആവർത്തിച്ചു. അദ്ദേഹം അനുഗ്രഹിച്ചു. മൂത്തവൾക്കു മലവാരം പോന്ന മലവായി അമ്മയെന്നും രണ്ടാമത്തവൾക്കു കല്ലടിക്കോടൻ കരിനീലിയെന്നും പേരു നൽകി. അവരുടെ സംരക്ഷണത്തിനു കല്ലടി മുത്തപ്പനെ ചുമുതലപ്പെടുത്തി. രണ്ടു പേരും കുളിച്ചൊരുങ്ങാൻ  ഇടം തേടി ഉഗ്ര സർപ്പങ്ങൾ കാവലിരുന്ന കരിങ്കയത്തിലേക്കു പോയി.  ഉദിത്തനപ്പന്റെ പ്രധാന കിങ്കരനായ നല്ലച്ഛന്റെ സംരക്ഷണത്തി‍പ്പെട്ടതായരുന്നു ആ കുളം. മലങ്കുറത്തിയമ്മയാണവർക്കു കൂട്ടുപോയത്.  കുളിച്ചൊരുങ്ങി നിന്നപ്പോൾ നല്ലച്ഛൻ  ആവഴിക്കു വന്നു. എന്റെ അധീനതയിലുള്ള കുളത്തിൽ അനുവാദമില്ലാത കുളിച്ചതാരെന്ന ചോദ്യത്തിനു മുന്നിൽ അവർ പകച്ചു നിന്നു. മലവാഴി നേരാങ്ങളേയെന്നു വിളിച്ചപ്പോൾ കരിനീലി ശൃംഗാരഭവാത്തിലാണത്രേ സമീപിച്ചത്. അതിൽ ക്രുദ്ധനായ നല്ലച്ഛൻ അവരെ ശപിക്കുകയും മലയിറങ്ങാൻ നിർദേശിക്കുകയും ചെയ്തു. മലയിറങ്ങിയ കരിനീലിക്കു ഗർഭമുണ്ടായി. അതിൽപ്പിറന്ന മകനാണത്രേ കരിങ്കുട്ടി. ഈ പുരാവൃത്തത്തെ ആസ്പദാക്കിയാണു  നീലിയാട്ടവും കരിങ്കുട്ടിയാട്ടവും രൂപപ്പെട്ടത്. തോറ്റത്തിന്റെ രൂപത്തിലാണിത് അവതരിപ്പിക്കുന്നത്

drama-4
കല്ലടിക്കോടൻ കരിനീലി എന്ന നാടകത്തിന്റെ പോസ്റ്റർ

നാടകത്തിലേക്ക് 

നീലിയെ ഉപാസിക്കാൻ പറയ സമുദായത്തിൽപ്പെട്ട ചക്കാണ്ടനെന്ന മന്ത്രവാദി  നടത്തുന്ന യാത്രകളിലൂടെയാണു നാടകത്തിന്റെ തുടക്കം. കന്മദമൊഴുകുന്ന ചെങ്കുത്തായ കല്ലടിക്കോടൻ മലനിരകൾ അയാൾക്കു മുന്നിൽ ചെറിയ വെല്ലുവിളിയൊന്നുമായിരുന്നില്ല. പശ്ചിമഘട്ടമലനിരകൾ ഒളിപ്പിച്ചു വച്ച  നിഗൂഡതകളിൽ  മുമ്പേ പോയവരുടെ കാൽപ്പാടുകളുണ്ട്.ലക്ഷ്യത്തിലെത്താതെ വീണു പോയവരുടെ നിലവിളികളുടെ പ്രതിധ്വനികളുണ്ട്. കാടും കാട്ടാറുകളും തപസ്സിരിക്കുന്ന വൻ മരങ്ങളും ചക്കാണ്ടനോടു നീലിയുടെ കഥകൾക്കു സാക്ഷ്യം പറഞ്ഞു. വഴിക്കണ്ണുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമുദായത്തിനു മുന്നിൽ  അയാൾ പ്രത്യക്ഷപ്പെടുന്നതു വർഷങ്ങളുടെ ഉപാസന സമ്മാനിച്ച തപസിദ്ധികളുമായാണ്.  അയാൾ  പറയുന്ന വിശേഷങ്ങളിലൂടെയാണു  നീലിയുടെ ചരിത്രം നാടറിഞ്ഞത്.    

drama
കല്ലടിക്കോടൻ കരിനീലി എന്ന നാടകത്തിൽ നിന്നും

 ചക്കാണ്ടൻ മകൻ പേരടിപ്പുറം തേവനിലേക്കു മന്ത്രവാദം പകർന്നു. തേവന്റെ മകൻ  വാദ്യ കലാകാരനായി പേരെടുത്തു. ആ കുടുംബം കുലത്തൊഴിൽ ഉപേക്ഷിച്ച ശേഷവും നീലിയെ ഉപാസിച്ചു മലകയറുന്നവരുടെ വർത്തമാനങ്ങൾ  പറഞ്ഞാണു കഥ അവസാനിക്കുന്നത്. മന്ത്രവാദം കുലത്തൊഴിലാക്കിയിരുന്നവരുടെ ജയപരാജയങ്ങളുടെ കഥ കൂടിയാണിത്. നാടൻ കലാരൂപങ്ങളായ കരിനീലിയാട്ടം, കരിങ്കുട്ടിയാട്ടം, വിവിധതരം തോറ്റങ്ങൾ, നാടൻ പാട്ടുകൾ  എന്നിവയും ഇതോടൊപ്പം അരങ്ങിലെത്തും.

മുരളി മംഗലി (പേരടിപ്പുറം തേവൻ), ജിനേഷ് തൊടങ്ങിൽ (ചക്കാണ്ടൻ),അംബിളി സതീഷ്‌

( നീലി), അനഖ തൈക്കാട് (മലവാഴി) മലങ്കുറത്തി (ബേബി ഗിരിജ), ശിവശങ്കർ ( കല്ലടി മുത്തൻ), സുജാത വിജയൻ ( പരദേവത), ജോജു ജോസ് (തോഴൻ) തുടങ്ങിയവരാണു വേഷമിടുന്നത്. പി.വി. ചന്ദ്രഹാസനാണു പ്രൊഡക്ഷൻ കോഓർഡിനേറ്റർ, ശബ്ദ വെളിച്ച സംവിധാനം: കെ.എ. നന്ദജൻ, സംഗീതം: മധു മുണ്ടയം, ഗാനരച: വി.കെ. ഷാജി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA