ഇന്ദിരാഗാന്ധിയെ ആകർഷിച്ച കൈപ്പത്തി ക്ഷേത്രം

Temple
SHARE

കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം കഥയും കവിതയുമായാണു പൈതൃക ചരിത്രത്തിൽ നിറയുന്നത്.അപൂർവതയാണതിന്റെ മുഖത്തെഴുത്ത്.ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലും ഈ ക്ഷേത്രം ഇടം നേടിയിരിക്കുന്നു. മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ സന്ദർശനമാണ് അതിലേക്കു വഴി തെളിച്ചത്. ആ അർഥത്തിൽ ചരിത്ര വഴികളിൽക്കൂടിയുള്ള യാത്രയാണിത്. 

Kallekulangara-Temple-signature
ക്ഷേത്രം സന്ദർശിച്ച ശേഷം ഇന്ദിരാഗാന്ധി റെക്കോർഡ് ബുക്കിലിട്ട ഒപ്പ്

പാലക്കാട് രാജവംശത്തിന്റെ കാവൽദേവതയാണ് ഏമൂർ ഭഗവതിയായ ഹേമാംബിക. ദേവി ഇവിടെ പ്രത്യക്ഷയായതു കൈപ്പത്തിയുടെ രൂപത്തിലാണത്രേ. ഈ പ്രതിഷ്ഠയാണിവിടത്തെ സവിശേഷതയും. അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന രണ്ടു കൈപ്പത്തികൾ.

അതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. പാലക്കാട് ചുരത്തിലെ കരിമലയിൽ പരശുരാമൻ പ്രതിഷ്ഠിച്ചതാണത്രേ ഹേമാംബികയെ.പിന്നീടു  മലമ്പുഴയ്ക്കു സമീപത്തുള്ള മുതിരംകുന്നിൽ ദേവിയെ മാറ്റിയെ പ്രതിഷ്ഠിക്കുകയായിരുന്നത്രേ . 

പാലക്കാടു നഗരത്തിലെ അകത്തേത്തറയിലുൾപ്പെട്ടെ കുറൂർ മനയിലെ നമ്പൂതിരി ഇവിടെ സ്ഥിരമായി ആരാധന നടത്തുമായിരുന്നു. അദ്ദേഹത്തോടൊപ്പം കൈമുക്കു വൈദികനും പോകാറുണ്ടായിരുന്നു. ഒരു ദിവസം ഇവർ മല ഇറങ്ങി വരുമ്പോൾ അവശരായി. കുറച്ചു താഴെയുള്ള വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചു. അപ്പോൾ ഒരു വൃദ്ധ സ്ത്രീ എത്തി ഇവർക്ക് മധുര മുള്ള ഒരു ഫലം നൽകി. അതു കഴിച്ചപ്പോൾ ക്ഷീണം മാറി അവർ യാത്ര തുടർന്നു.പിന്നീട് അവിടെ ആനപ്പുറത്ത് ദേവി ഇവർക്കു ദർശനം നൽകിയത്രേ. പിന്നീട് ഇവിടെ എത്തിയാണ് ഇവർ ആരാധിച്ചിരുന്നത്. പിൽക്കാലത്ത് പ്രായാധിക്യം മൂലം അവശരായപ്പോൾ മലകയറാൻ കഴിയാതെ വന്നു. അന്നു രാത്രി കുറൂർ മനയിലെ നമ്പൂതിരിക്കു സ്വപ്നദർശനമുണ്ടായി. മനയ്ക്കു സമീപത്തെ കുളത്തിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അരുളപ്പാട്.

Kallekulangara-Temple4

അടുത്ത ദിവസം പ്രഭാതത്തിൽ അദ്ദേഹം കുളത്തിനടുത്തേക്കു പോയി. അവിടെ രണ്ടു കൈപ്പത്തികൾ ഉയർന്നു വരുന്നുണ്ടായിരുന്നു. ആനന്ദാതിതിരേകത്തിൽ മതിമറന്ന നമ്പൂതിരി ആകരങ്ങൾ സ്പർശിക്കാൻ ശ്രമിച്ചു.അതോടെ ദേവി അന്തർധാനം ചെയ്യുകയും കൈപ്പത്തിയുടെ മുദ്ര മാത്രം അവശേഷിക്കുകയും ചെയ്തു.ഇക്കാര്യം പാലക്കാട്ടുശ്ശേരി രാജാവിനെ അറിയിച്ചു.അദ്ദേഹം എത്തി ക്ഷേത്ര നിർമാണത്തിനു നിർദേശിക്കുകയും അതിനായി ഭൂമി അനുവദിക്കുകയും ചെയ്തു.കുളത്തിനു നടുവിലെ തീർഥക്കുളത്തിനു സമീപമാണു പ്രതിഷ്ഠയുള്ളത്. കുളത്തിന്റെ നിരപ്പിലാണു ശ്രീകോവിൽ.  ശിലകളാണു മൂല വിഗ്രഹം. അതിൽ കൈപ്പത്തിയുടെ അങ്കി പ്രതിഷ്ഠിച്ചാണു നിത്യ പൂജകൾ ചെയ്യുന്നത്. മൂന്നു ഭാവങ്ങളിലാണു ദേവിയെ ഇവിടെ ആരാധിക്കുന്നത്. പകൽ സരസ്വതി, മധ്യാഹ്നത്തിൽ മഹാലക്ഷ്മി, വൈകിട്ടു ദുർഗ ശങ്കരാചാര്യരാണത്രേ ഈ ക്രമം ചിട്ടപ്പെടുത്തിയത്. അതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. 

അതെപ്പറ്റി ചരിത്രകാരൻ വി.വി.കെ. വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ‘കല്ലേക്കുളങ്ങരയിലെത്തിയ ശങ്കരാചാര്യർ അവിടെക്കണ്ട ഹസ്ത പ്രതിഷ്ഠയുടെ സങ്കൽപത്തെപ്പറ്റി ഊരാൺമക്കാരായ നമ്പൂതിരിമാരോടു ചോദിച്ചെന്നും അതു പ്രതിഷ്ഠയേ അല്ല സ്വയംഭൂവാണെന്നും ആചാര്യർക്ക് അതിനെ പവിത്രീകരിച്ചു യഥേഷ്ടം സേവിക്കാവുന്നതാണെന്നും പറഞ്ഞെന്നാണ് ഐതിഹ്യം’ ( വി.വി.കെ. വാലത്ത്, പാലക്കാട്, പേജ് 183).

തുടർന്ന് അദ്ദേഹം യഥാർഥ രൂപം കാണിച്ചു തരണമെന്നു പ്രാർഥിച്ചപ്പോൾ ദേവി മൂന്നു ഭാവങ്ങളിൽ ദർശനം നൽകിയത്രേ.അതനുസരിച്ചാണിവിടെ ആരധനാ ക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ചുറ്റും നിറഞ്ഞ കുളങ്ങൾ ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. .ഇവിടത്തെ പ്രതിഷ്ഠ ജലദുർഗയാണെന്നാണ് മലബാർ കലക്ടറായിരുന്ന വില്ല്യം ലോഗൻ മലബാർ മാനുവലിൽ പറയുന്നു.

പാലക്കാട് രാജവംശം കാവൽ ദേവതയെന്ന നിലയിലാണ് ഏമൂർ ഭഗവതിയെ കണക്കാക്കുന്നത്. കൽപാത്തി ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച സ്തൂപത്തിലെ ഈ വട്ടെഴുത്തു രേഖ അതിന്റെ തെളിവാണ്. അതിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

‘1425–26 കാലത്ത് അഗ്രഹാരത്തിലെ ലക്ഷ്മി അമ്മാൾ എന്ന സ്ത്രീ കാശി യാത്ര കഴിഞ്ഞു കൊണ്ടുവന്ന ബാണലിംഗമെന്ന സവിശേഷ ശിവലിംഗമാണിവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വിഗ്രഹത്തെ ഇവിടെ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്ന കാര്യം അക്കാലത്തെ പാലക്കാടു രാജാവായ ശേഖരീവർമനെ അവർ അറിയിച്ചു.ഈശ്വര വിശ്വാസിയും സൽസ്വഭാവിയുമായിരുന്ന പാലക്കാട് രാജാവ് ആയതിനു സമ്മതം മൂളുകയും തന്റെ ഏറ്റവും വലിയ വിശ്വസ്ഥനായ അകത്തേത്തറ വലിയ കോണിക്കലിടത്തിലെ കാരണവരായിരുന്ന ശ്രീമാൻ ഇട്ടിക്കോമ്പിയച്ചൻ അവർകളെ ക്ഷേത്രം പണിതു പ്രസ്തുത ബാണലിംഗം നിശ്ചിത സ്ഥലത്തു പ്രതിഷ്ഠ  ചെയ്യുവാൻ ഉത്തരവു നൽകുകയും കാരണവർ ക്ഷേത്രം പണിതു പ്രതിഷ്ഠനടത്തുകയും ചെയ്തു.

സന്തുഷ്ടനായ രാജാവ്, ശ്രീ ഇട്ടിക്കോമ്പിയച്ചൻ അവർകളെ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായി നിയമിച്ചു. ആയതുകൊണ്ടു മാത്രം തൃപ്തിയാകാതെ സന്മനസ്സുള്ള രാജാവ് ക്ഷേത്രത്തിന്റെ പേരിൽ നിളാ നദിയുടെ തെക്കുവശത്തുനിന്നു ശംഖുവാരത്തോടു വരെയുള്ള വസ്തുവഹകൾ എഴുതിവയ്ക്കുകയും ആയതിനു ഭക്തിപുരസ്സരം ചൊക്കനാഥപുരം സുന്ദരേശ്വര പെരുമാളിനെയും കല്ലേക്കുളങ്ങരശ്രീ ഏമൂർ ഭഗവതിയെയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ’

ഇന്ദിരാഗാന്ധിയുടെ സന്ദർശനം

കല്ലേക്കുളങ്ങര ക്ഷേത്രം ദേശീയ ശ്രദ്ധ ആകർഷിച്ചതു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടെയാണ്. അടിയന്തരാവസ്ഥയ്ക്കും ജനതാ സർക്കാരിനുമൊക്കെ ശേഷം ഇന്ദിരാ യുഗം പുനഃരാരംഭിച്ച കാലമായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം പശുവും കിടാവിനും പകരം കൈപ്പത്തി ആയിക്കഴിഞ്ഞിരുന്നു.   സുപ്രിം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ്. കൈലാസത്തിന്റെ ഭാര്യ സൗന്ദരാ കൈലാസമാണ്  കേരളത്തിലെ കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി ഇന്ദിരാഗാന്ധിയോടു പറഞ്ഞത് .

തമിഴിലെ പ്രശസ്ത കവിയായിരുന്ന അവർ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഭാര്യാമാതാവാണ്. അവർക്കു നെഹ്റു കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നു. അവരെ പ്രകീർത്തിച്ചു സൗന്ദര കവിതകൾ എഴുതിയിട്ടുണ്ട്.ഏമൂർ ഭഗവതി ക്ഷേത്രത്തിൽ നേരത്തേ ദർശനം നടത്തിയിട്ടുള്ള വിവരമാണ് അവർ പങ്കുവച്ചത്.  ഇന്ദിരാഗാന്ധിക്ക് ഇത് ഒരു കൗതുക വാർത്ത ആയിരുന്നു.പിന്നീടു വളരെ വർഷങ്ങൾക്കു ശേഷമാണ് അവർ ക്ഷേത്രത്തിലെത്തിയത്.

Kallekulangara-Temple
കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠ

അതെപ്പറ്റി മുൻ എം.പി.വി.എസ്.വിജയരാഘവന്റെ സ്മരണകൾ ഇങ്ങനെ: 'പാലക്കാട് എം പി ആയ ശേഷം ഞാൻ കല്ലേക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചിരുന്നു. കൈപ്പത്തി ആ ലേഖനം ചെയ്ത ഒരു ലോക്കറ്റ് ക്ഷേത്ര ഭാരവാഹികൾ എനിക്കു നൽകി.ഒരിക്കൽ ഡൽഹിയിൽ വച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ഞാൻ അതു കാണിക്കുകയും ക്ഷേത്രത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇതെപ്പറ്റി നേരത്തേ കേട്ടിട്ടുണ്ടെന്നും അടുത്ത കേരള സന്ദർശനവേളയിൽ ഇക്കാര്യം ആലോചിക്കാമെന്നും അവർ പറഞ്ഞു. ഞാനിക്കാര്യം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയും അറിയിച്ചു.അതെത്തുടർന്നാണു

മൂന്നു പഞ്ചായത്തുകൾക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മലമ്പുഴ വച്ചു നടത്താൻ തീരുമാനിച്ചത്.പ്രധാന മന്ത്രിയായിരുന്നു ഉദ്ഘാ ട ക .ആ ചടങ്ങിനു ശേഷം ക്ഷേത്ര സന്ദർശനവും തീരുമാനിച്ചു.

അന്ന് ഒരു ജീപ്പുപോലും പോകാത്ത വഴിയായിരുന്നു ഉണ്ടായിരുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സഞ്ചാരയോഗ്യമായ റോഡ് നിർമിക്കാൻ മുഖ്യമന്ത്രി കെ.കരുണാകരൻ നിർദേശിച്ചു. യോഹന്നാൻ എന്ന ഒരാളായിരുന്നു കരാറുകാരൻ .ഒരു രാത്രി കൊണ്ടു റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കരാറുകാരൻ വുന്നോട്ടുവച്ചു.ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതൊക്കെ ഞാൻ നോക്കിക്കൊള്ളാമെന്നും നാളെ അവിടെ എത്തുമ്പോൾ റോഡ് വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ഒരു രാത്രി കൊണ്ട് റോഡ് പണി പൂർത്തിയായി. 

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുയോഗവും കഴിഞ്ഞ് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്കു വന്നു.മുഖ്യമന്ത്രി കെ.കരുണാകരൻ മന്ത്രിമാരായ എം.പി.ഗംഗാധരൻ, പി.സുന്ദരം എന്നിവരും ഞാനും അവരെ അനുഗമിച്ചു. വലിയൊരു സ്വീകരണമാണവിടെ ഒരുക്കിയിരുന്നത്. അവിടെ നിന്നാണ് കോൺഗ്രസിലെ എ -ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ലയന സമ്മേളനത്തിന് ഇന്ദിരാഗാന്ധി കൊച്ചിയിലെ മറൈൻ ഡ്രൈവിലേക്കു പോയത്.' 

രാജകീയമായ വരവേൽപാണു ഇന്ദിരാഗാന്ധിക്കായി ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. പാലക്കാടു രാജ കുടുംബാംഗങ്ങളും അവിടെ എത്തിയിരുന്നു.കുറച്ചു നേരം ക്ഷേത്രത്തിൽ ചെലവിട്ട ഇന്ദിരാ ഗാസി ഒരു ഓട്ടുമണി ക്ഷേത്രത്തിനു സമർപ്പിച്ചു. സന്ദർശക ഡയറിയിൽ ഒപ്പിട്ടു.മടങ്ങുമ്പോൾ ക്ഷേത്രത്തിന്റെ സ്മരണയ്ക്കായി രാജ കുടുംബം ഇന്ദിരാഗാന്ധിക്ക് കൈപ്പത്തി പതിച്ച ഒരു ലോക്കറ്റ് സമർപ്പിച്ചു. 

പിന്നീട് ഒട്ടേറെ കേന്ദ്ര മന്ത്രിമാരും നേതാക്കളും .ഇവിടെ എത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റായി ചുമതല ഏറ്റപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനും ക്ഷേത്ര ദർശനം നടത്തിയിരുന്നു.

മലമ്പുഴയിലെ ഹേമാംബിക ക്ഷേത്രം

കല്ലേക്കുളങ്ങരയിലേക്കു ദേവി എത്തിയെന്നു കരുതപ്പെടുന്ന ഹേമാംബികാ ക്ഷേത്രം പാലക്കാട് മലമ്പുഴ ഡാമിനു സമീപത്തായി ഇപ്പോഴുമുണ്ട്. സിനിമാ ചിത്രീകരണത്തിനെത്തുന്നവരുടെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നുകൂടിയാണിത്. പ്രേം നസീർ അവസാനമായി അഭിനയിച്ച ധ്വനിയെന്ന ചിത്രത്തിൽ ഈ ക്ഷേത്രത്തിന്റെ ദൃശ്യങ്ങളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA