sections
MORE

മധുരയും, ധനുഷ്കോടിയും പിന്നെ മഴയും...

madurai-meenakshi-temple.
SHARE

വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു മധുരൈ മീനാക്ഷി ക്ഷേത്രദർശനം. 

ജനുവരി 25 തിയതി രാത്രി മധുരൈ പാസ്സഞ്ചറില് ഞാനും ആര്യയും യാത്ര തിരിച്ചു. രാവിലെ 6 .15 നു തന്നെ മധുരൈ എത്തി. അവിടെ ന്യൂ കോളേജ് ഹൗസിൽ താമസം ഏർപ്പാടാക്കിയിരുന്നു. റെയിൽവേ സ്റ്റേഷന്റെ വളരെ അടുത്താണ് ഇത്. ബാംഗ്ലൂരിൽ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ 9 മണിക്കെത്തും എന്നാണ് അറിയിച്ചിരുന്നത്.

--------------------

ഒന്നാം ദിവസം : മധുരൈ ക്ഷേത്രം, സാമനാർ ഹിൽസ് - ജനുവരി 26

Samanar Malai.

-----------------------

രാവിലെ വെറുതെ സമയം കളയണ്ട എന്ന് കരുതി റെഡി ആയ ശേഷം ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടന്നു. ക്യാമറ ക്ഷേത്രത്തിൽ അനുവദനീയമല്ലാത്തതിനാൽ അതും ചെരിപ്പും കൗണ്ടറിൽ വച്ചു ഞങ്ങൾ ക്ഷേത്രത്തിലേക്ക് കയറി. ആദ്യം തന്നെ കണ്ടത് മനോഹരിയായി അണിയിച്ചൊരുക്കിയ ക്ഷേത്രം ആന കടന്നു പോകുന്നതാണ്! പുറമെ വലിയ തിരക്കുകൾ ഒന്നും ഇല്ലായിരുന്നു, എന്നാൽ അകത്തു കയറിയപ്പോൾ ആണ് അത്യാവശ്യം നല്ല രീതിയിൽ നീണ്ടുകിടക്കുന്ന ക്യൂ കണ്ടത്. ഫ്രീ ദർശനത്തിനാണ് ഈ തിരക്ക്. മീനാക്ഷി ദേവിയെയും, സുന്ദരേശ്വര സ്വാമിയെയും കാണാൻ 100 രൂപയുടെ ടിക്കറ്റ് എടുത്തും പോകാം, സുരമ്യയും, റിനിയും വരുമ്പോൾ അത് വേണ്ടി വരും എന്നത് ഉറപ്പായതിനാൽ തല്ക്കാലം ഞങ്ങൾ സാദാ വരിയിൽ നടന്നു. ഞങ്ങൾ നടന്നത് പടിഞ്ഞാറു വശത്തു കൂടെയായിരുന്നു. ക്ഷേത്രത്തിലെ കാണേണ്ട എല്ലാ വിഗ്രഹങ്ങളെയും കണ്ടു കൊണ്ട് പോവണം എന്ന രീതിയിൽ ആണ് ദർശനത്തിനായുള്ള വരി ക്രമീകരിച്ചിട്ടുള്ളത്.

saminar-malai-map

നമ്മൾ അഷ്ടശക്തി മണ്ഡപം (മണ്ഡപത്തിന്റെ വശങ്ങളിൽ ദേവിയുടെ 8 രൂപങ്ങൾ കൊത്തി വെച്ചിരിക്കുന്നു, അത് കൊണ്ടാണ് ആ പേര്), മീനാക്ഷി നായ്ക്കൻ മണ്ഡപം (5 ഇടനാഴികളും, 6 നിര കൽത്തൂണുകളും, അറ്റത്തായി 1008 നാളങ്ങൾ ഉള്ള ദീപസ്തംഭവും), മുതലിപ്പിള്ളൈ മണ്ഡപം തുടങ്ങിയവ കടന്നു ചെന്നാൽ സ്വർണതാമരക്കുളമായി, കുളത്തിനു നടുവിൽ കൊടിമരവും കാണാം. ഇന്ദ്രൻ ശാപമോക്ഷത്തിനായി ഇവിടെ വന്നു കുളിച്ചു ശിവനെ പ്രാർത്ഥിച്ചു എന്ന് ഐതിഹ്യം. ഇതിനു വടക്കായി മധുരൈ നഗരവും, ക്ഷേത്രവും പണിത കുലശേഖര പാണ്ഡ്യന്റ്റെയും, വിഗ്രഹം ആദ്യം കണ്ടെത്തിയ ധനഞ്ജയൻ എന്ന വ്യാപാരിയുടെയും പ്രതിമകളും ഉണ്ട്. ചുമരുകളിൽ തിരുവിളയാടലിലെ വിവിധരംഗങ്ങൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഊഞ്ഞാൽ മണ്ഡപം, കിളിക്കൂട് മണ്ഡപം എന്നിവ കടന്നു മീനാക്ഷി ദേവിയുടെ ശ്രീകോവിലിലേക്ക് പോകാം. ഈ പ്രകാരം വരെയേ അഹിന്ദുക്കൾക്കു പ്രവേശനമുള്ളൂ. ദേവിയെ തൊഴുതു പുറത്തിറങ്ങി വടക്കോട്ടു നടക്കുമ്പോൾ ഭീമാകാരമായ ഒരു ഗണപതി പ്രതിഷ്ഠ ഉണ്ട്, മുക്കുരുണി വിനായകർ, ശിവന്റെ ഭൂതഗണങ്ങൾ, വ്യത്യസ്ത രൂപത്തിലുള്ള ഗണപതി പ്രതിഷ്ഠകൾ എന്നിവയും കാണാം 

സുന്ദരേശ്വര ശ്രീകോവിലിനടുത്തു തന്നെ 'വെള്ളിയമ്പലം' എന്നറിയപ്പെടുന്ന വെള്ളിയിൽ പൊതിഞ്ഞ 'നടരാജ വിഗ്രഹം' പ്രതിഷ്ഠിച്ചിരിക്കുന്ന ഭാഗം കാണാം പതിവിൽ നിന്നും വ്യത്യസ്തമായി ഇടതുകാൽ ഊന്നിയും വലതുകാൽ പൊക്കിയും ഉള്ള പ്രതിഷ്ഠയാണിത്. ക്ഷേത്രത്തിൽ നടരാജൻ സാധാരണ ഭാവത്തിൽ വലതുകാൽ വച്ചു നിൽക്കുമ്പോൾ ദേവി ചോദിച്ചത്രേ "ഒരേ കാലിൽ നിന്നാൽ വേദനിക്കില്ലേ?" എന്ന്! അപ്പോൾ വലത്തേ കാൽ മാറ്റി ഇടതുകാൽ ഊന്നി നിന്നു എന്നാണ് കഥ! പിന്നെ സുന്ദരേശ്വര ക്ഷേത്രം. അവിടെയും ശ്രീകോവിൽ പ്രകാരത്തിലേക്ക് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല.

Samanar-Malaiiii

തൊട്ടടുത്തു കമ്പതടി മണ്ഡപം, മെഡിറ്റേഷൻ ഹാൾ തുടങ്ങിയവയും ഉണ്ട്. അങ്ങിനെ അവിടം കണ്ടു തൊഴുതു പുറത്തെത്തിയപ്പോൾ സുരമ്യ ബസ് സ്റ്റാൻഡിൽ എത്തി എന്ന് പറഞ്ഞു വിളിച്ചു, റിനിയും ഉടനെ എത്തുമെന്നും ഒരുമിച്ചു വരാം എന്നും പറഞ്ഞപ്പോൾ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും കരുതി. ഒരു ചായയും, വടയും കഴിച്ചു തിരികെ താമസസ്ഥലത്തേക്ക് നടന്നു. ഹോട്ടലിലെ ട്രാവൽ ഡെസ്ക് കാരൻ രാവിലെ തന്നെ വന്നു പല ഓഫറുകളും പറഞ്ഞിരുന്നു. 200 രൂപ കൊടുത്താൽ അളഗർ ക്ഷേത്രം(19 കി.മീ),പഴമുതിർ ചോലൈ, തിരുമലൈ നായ്കർ പാലസ്, ഗാന്ധി മ്യൂസിയം, മാരിയമ്മൻ ക്ഷേത്രം എന്നിവിടങ്ങളിൽ പോയി തിരിച്ചു ക്ഷേത്രത്തിൽ ഡ്രോപ്പ്. ഉച്ചക്ക് 2.30 മുതൽ 7.30 വരെ നീളുന്ന യാത്ര. കുഴപ്പമില്ലാത്ത ഒരു ഓപ്ഷൻ ആണെങ്കിലും മധുരയിൽ മറ്റൊരു ലക്ഷ്യം ഞങ്ങൾ കണ്ടത് കൊണ്ട് അത് നിരസിച്ചു. "സാമനാർ ഹിൽസ് അഥവാ സാമനാർ മലൈ" ആയിരുന്നു അത്. ഓല കാബിന്റെ റേറ്റും മാറ്റ് ഓപ്ഷനുകളും ഞങ്ങൾ നോക്കി ഒടുവിൽ സാമനാർ ഹിൽസും ,തിരുമലൈ നായ്കർ പാലസും മാത്രം പോകാം എന്നുറപ്പിച്ചു. കാരണം മധുരൈ ക്ഷേത്രത്തിലെ 1008 കാൽ മണ്ഡപം ഇനിയും കണ്ടിരുന്നില്ല!

ഒടുവിൽ റിനി എത്തി എന്ന വിവരം വന്നു, പക്ഷെ അത് എട്ടു കി.മീ ദൂരെ മാട്ടുതാവണി ബസ് സ്റ്റാൻഡ് ആണ്. സുരമ്യയാകട്ടെ പെരിയോർ സ്റ്റാൻഡിലും. ഒടുവിൽ ഓട്ടോ വിളിച്ചു ഇരുവരും ഞങ്ങൾക്കരുകിൽ എത്തുമ്പോൾ സമയം 10.30 കഴിഞ്ഞു. പിന്നെ നേരെ 'അന്ന മീനാക്ഷി റെസ്റ്റോറന്റിൽ' പോയി പ്രഭാതഭക്ഷണം കഴിച്ചു. 'ന്യൂ കോളേജ് ഹൗസി'നകത്തു തന്നെയാണ് ഈ ഹോട്ടൽ. ചെമ്പു ജഗ്ഗുകളും, ചെമ്പു ഗ്ലാസും ഒക്കെയാണ് ഇവിടെ വെള്ളം പകരാൻ ഉപയോഗിക്കുന്നത്. ഒപ്പം അതീവഹൃദ്യമായ ഭക്ഷണവും. 

അതിനു ശേഷം റൂമിലേക്ക് മടങ്ങിയ ഞങ്ങൾ ഏതാണ്ട് 12 മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്ക് പോയി. ഇത്തവണ തിരക്കുള്ളതിനാൽ 100 രൂപ ടിക്കറ്റ് എടുത്തു കയറി. റിനിക്കു പോകാവുന്നവിടെ അവളെ നിർത്തി ഞങ്ങൾ വീണ്ടും തൊഴുതിറങ്ങി. പിന്നീട് കിഴക്കേ ഗോപുരനടയിലെ കൗണ്ടറിൽ നിന്നു പുളിയോദരയും, അപ്പവും, വടയും ഒക്കെ വാങ്ങി 1008 കാൽ മണ്ഡപവും ഒന്ന് നോക്കി റൂമിലെത്തി. 2 മണിക്ക് തന്നെ ക്യാബ് വിളിച്ചു സാമനാർ മലയിലേക്കു പുറപ്പെട്ടു, 15 കി.മീ. ദൂരം ഉണ്ട് മധുരയിൽ നിന്നു, അതിനാൽ ക്യാബ് അവിടെ പോയാൽ റിട്ടേൺ വേണം എന്ന് പറഞ്ഞിരുന്നു, അതിനു പകരം ഞങ്ങൾ അവിടെ വെയിറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകി. മധുരയിൽ നിന്നും കുമളി, തേനി ഒക്കെ പോകും വഴി കീലക്കുയിൽകുടി വില്ലേജിൽ ആണ് മനോഹരമായ സാമനാർ മലൈ സ്ഥിതി ചെയ്യുന്നത്. തമിഴിൽ ജൈനരെ പറയുന്ന പേരാണ് സാമനാർ എന്നത്. മൂന്നാം നൂറ്റാണ്ടിലോ മറ്റോ ഇവിടെ ജൈന മഹർഷിമാർ താമസിച്ചു എന്നാണ് കരുതപ്പെടുന്നത്. അവിടേക്കു കയറാനുള്ള വഴിക്കു മുൻപിൽ മനോഹരമായ ഒരു താമരക്കുളവും, മറ്റൊരു ക്ഷേത്രവും ഉണ്ട്. അത് വഴി മുകളിൽ ചെല്ലുമ്പോൾ മലയിൽ ഒരു ഭാഗത്തു വിവിധ ജൈന തീർത്ഥങ്കര രൂപങ്ങൾ പാറയിൽ കൊത്തിവെച്ചിരിക്കുന്നതു കാണാം, അതിനു മുൻപിലായി വെള്ളം കെട്ടിനിൽക്കുന്ന ഒരു നിർമിതിയും ഉണ്ട്. ഇവിടെ വരെ പോകാൻ ഇരുവശവും കമ്പിയിട്ട പാതയുണ്ട്, എങ്കിലും പടികൾ മുഴുവനായും ഇല്ല. ഒരു ചെറിയ റോക്ക് ക്ലൈമ്പിങ് എക്സ്പീരിയൻസ് നമുക്ക് ഇത് തീർച്ചയായും പകർന്നു നൽകും. അത് കഴിഞ്ഞും മുകളിലേക്ക് പോകാം, പാറപ്പുറത്തു കൂടെ. ഏറ്റവും മുകളിൽ ചെന്നാൽ നമുക്ക് കരിങ്കല്ലിൽ കൊത്തിയ ഒരു ദീപസ്തംഭം കാണാം. മധുരൈ നഗരത്തിന്റെ വളരെ മനോഹരമായ 360 ഡിഗ്രി വ്യൂ വ്യക്തം! ജൈനമത വിശ്വാസികളോ(ഉത്തരേന്ത്യൻ സഞ്ചാരികൾ), ഇതിനെക്കുറിച്ച് കേട്ടറിഞ്ഞു പോകുന്ന നമ്മെപ്പോലുള്ള സഞ്ചാരികളോ അല്ലാതെ വലിയ ആൾത്തിരക്കില്ലാത്ത ഒരു കേന്ദ്രമാണിത്! അത് കൊണ്ട് തന്നെ നല്ല കാലാവസ്ഥ ആണെങ്കിൽ ഒരു പാട് സമയം ഇവിടെ ചിലവിടാവുന്നതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഒട്ടും തന്നെ വെയിലില്ലാത്ത ഒരു കാലാവസ്ഥ ആയതിനാൽ ഒരു പാട് നേരം അവിടെ ചിലവഴിക്കാനും, ചിത്രങ്ങൾ എടുക്കാനും പറ്റി. ഒപ്പം കൈയിലെടുത്തിരുന്ന പുളിയോ ദരയും മറ്റും അവിടെയിരുന്നാണ് കഴിച്ചത്. പ്രഭാതഭക്ഷണം 11 മണിക്കും ഉച്ചഭക്ഷണം 3.30 ആണ് കഴിച്ചതെന്ന് മാത്രം. ബാംഗ്ലൂരിൽ നിന്നുള്ള മറ്റൊരു നാൽവർ സംഘവും ഞങ്ങളും മാത്രമേ മുകളിൽ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ചിത്രങ്ങൾ അവരും, അവരുടെ ഞങ്ങളും എടുത്ത് താഴെയിറങ്ങി. ഈ മലയുടെ അറ്റത്തു ചെന്ന് വീണ്ടും താഴെയിറങ്ങി അല്പം ദൂരെ വീണ്ടും പാറക്കെട്ടുകൾ ഉണ്ടെങ്കിലും ഞങ്ങൾ സമയ പരിമിതി കാരണം പോയില്ല.

saminar-templ-22

തിരികെ വരും വഴി തിരുമലൈ നായ്കർ പാലസിൽ പോയെങ്കിലും അവിടത്തെ സമയം 5.30 വരെ ആയതിനാൽ കാണാൻ പറ്റിയില്ല. 6.45നും 8 നും അതിനകത്തു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടെന്നറിഞ്ഞിരുന്നു, എങ്കിലും 1008 കാൽ മണ്ഡപം കാണേണ്ടതിനാൽ അത് ഞങ്ങൾ ഉപേക്ഷിച്ചു. ഗാന്ധി മ്യൂസിയവും 5.45 വരെയേ ഉള്ളൂ. തുടർന്ന് ഞങ്ങൾ വീണ്ടും ക്ഷേത്രത്തിലെത്തി. ഇടയിൽ മഴ ചാറുന്നുണ്ടായിരുന്നു. 1008 കാൽ മണ്ഡപം വിശദമായി കണ്ടു, സപ്തസ്വര തൂണുകൾ കണ്ടു. ചിത്രങ്ങൾ എടുത്തു. പഴയ കിഴക്കേ ഗോപുരവാതിൽ അവിടെ കാണാം. ഒപ്പം ഹാളിന്റെ നടുവിലായി നടരാജ വിഗ്രഹത്തെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ പുരാവസ്തുക്കളും, ചിത്രങ്ങളും കാണാം. യഥാർത്ഥത്തിൽ 985 തൂണുകളേ ഈ മണ്ഡപത്തിലുള്ളൂ. ക്ഷേത്രത്തിലെ പ്രധാന നിർമിതികളെല്ലാം തന്നെ പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് നടന്നത് എന്ന് കരുതുന്നു.ക്ഷേത്രത്തിലെ കൊത്തുപണികളൊക്കെ പഴയ സംസ്കാരത്തെയും, ശില്പകലാ ചാതുര്യത്തെയും വിളിച്ചോതുന്നവയാണ്. പല കാലഘട്ടങ്ങളിലായി കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട്. ചുമർചിത്രങ്ങളും, മേൽക്കൂരയും എല്ലാം ഇതിന്റെ ദൃഷ്ടാന്തവുമാണ്.

തിരിച്ചിറങ്ങി മധുരൈ സ്പെഷ്യൽ 'ജിഗർ തണ്ടയും'(നമ്മടെ പാലടയിൽ ലഡ്ഡു ഇട്ട ടേസ്റ്റ് ആണേ, അത്ര വല്യ സംഭവം ആയി തോന്നീല്ല) കഴിച്ചശേഷം, “മധുരൈസ്പെഷ്യൽ ബട്ടർ ബൺ” വാങ്ങി റൂമിലേക്ക് മടങ്ങി. രാത്രി ഭക്ഷണം കഴിച്ച ശേഷം റെയിൽവേ സ്റ്റേഷനിൽ ചെന്ന് രാമേശ്വരം ട്രെയിൻ ടൈം ഒക്കെ അന്വേഷിച്ചു, ടിക്കറ്റ് രാവിലെയേ എടുക്കാൻ കഴിയൂ, 6.50 ആണ് ട്രെയിൻ, അത് കൊണ്ട് ബസിൽ അതിരാവിലെ പോകാം എന്ന് തീരുമാനിച്ചു.

----------------------------------------------

രണ്ടാം ദിവസം : രാമേശ്വരം - ധനുഷ്കോടി - ജനുവരി 27

----------------------------------------------

അതിരാവിലെ 5.30നു തന്നെ ക്യാബ് വിളിച്ചു ബസ് സ്റ്റാന്റിലെത്തി. രാമേശ്വരം ബസിൽ കയറി. ഒരുമിച്ചിരിക്കാനായി ഏറ്റവും അവസാന നിരയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അത് വേണ്ടിയിരുന്നില്ല എന്ന് ഞങ്ങൾ ചിന്തിച്ചു തുടങ്ങി. എങ്കിലും അധികം സ്റ്റോപ്പുകൾ ഒന്നും ഇല്ലാതെ ബസ് അങ്ങനെ മുന്നോട്ടു പോവുകയാണ്. പരമക്കുടി,കാരൈക്കുടി, രാമനാഥപുരം ഒക്കെ പിന്നിട്ടു മണ്ഡപം എത്താറാവുമ്പോഴക്കും കനത്ത മഴ തുടങ്ങി. രാമനാഥപുരത്തു വച്ചു ഞങ്ങൾ സീറ്റ് മാറിയിരുന്നു, എന്നിട്ടും മഴ ബസിനകത്താണ് പെയ്തത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല! പാമ്പൻ പാലം കാണാൻ കഴിഞ്ഞെങ്കിലും മഴ കാരണം ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞില്ല. തിരിച്ചു വരുമ്പോൾ ട്രെയിനിൽ വരാം എന്ന് തീരുമാനിച്ചിരുന്നു, അപ്പോൾ രണ്ടു അനുഭവവും ഉണ്ടാകുമല്ലോ! ഒടുവിൽ രാമേശ്വരം ബസ് സ്റ്റാൻഡിൽ എത്തി, മഴ തകർത്തു പെയ്യുന്നു, ഇതിനോടകം പകുതി നനഞ്ഞിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ക്ഷേത്രത്തിനടുത്തേക്ക് പോകാനുള്ള ബസിൽ ചാടിക്കയറി. ഏതാണ്ട് 3 കി.മീ ദൂരമുണ്ട് ബസ് സ്റ്റാൻഡിൽ നിന്നു ക്ഷേത്രത്തിലേക്ക്. അബ്ദുൽ കലാമിന്റെ സ്മാരകം ബസ് സ്റ്റാന്റിനടുത്താണ് നിർമിക്കുന്നത്, അതിന്റെ പണി നടക്കുന്നത് കണ്ടു. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ഇറങ്ങുമ്പോൾ മഴ മാറിയിരുന്നില്ല, ഒപ്പം വിശപ്പും! ഇന്നലെ വാങ്ങിയ ബട്ടർ ബൺ വളരെ നല്ല ഗുണം ചെയ്തു, എങ്കിലും 4 മണിക്കൂർ പിന്നിട്ടത് കൊണ്ട് വിശപ്പിന്റെ വിളി തുടങ്ങിയതാണ്. അമാവാസി ആയതിനാൽ കനത്ത തിരക്കാണ് ക്ഷേത്രദർശനത്തിന്. ഒപ്പം തീർത്ഥസ്നാനത്തിന്റെ വരിയും കാണാം.ക്ഷേത്രത്തിനകത്തു 22 തീർത്ഥങ്ങൾ ഉണ്ട്. ഞങ്ങൾ ദേവ സ്വം കാന്റീനിൽ കയറി ഭക്ഷണം കഴിച്ചു. സമുദ്രം സന്ദർശിച്ചു. ഞാൻ അവസാനം രാമേശ്വരം സന്ദർശിച്ചപ്പോൾ ഉള്ളതിനേക്കാളും ഒരുപാടു മാറ്റങ്ങൾ ദൃശ്യമാ യിരുന്നു. 8 വർഷം മുൻപാണ് ഞാൻ അവസാനമായി രാമേശ്വരം പോയത്.

തുടർന്ന് ധനുഷ്കോടി പോകാനുള്ള മാർഗം ആരാഞ്ഞു. ബസ് കണ്ടിരുന്നെങ്കിലും നമ്മുടെ സമയത്തിന് അതുണ്ടാവില്ല എന്നുറപ്പായിരുന്നു. റിനിക്കാകട്ടെ രാത്രി കോയമ്പത്തൂർക്ക് പോകേണ്ടതും ആണ്. ഒടുവിൽ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു. 600 രൂപയും 200 രൂപ വെയ്റ്റിംഗ് ചാർജും. ധനുഷ്കോടിയിൽ ചെന്ന് വീണ്ടും ഒരു അഞ്ചു കിലോമീറ്റര് നമ്മൾ 4 വീൽ ഡ്രൈവുള്ള വണ്ടിയിൽ പോകേണ്ടതുണ്ട്. ഞങ്ങളുടെ ഓട്ടോ ഡ്രൈവർ ഭൂമി ഒരു നല്ല മനുഷ്യനായിരുന്നു. പോകും വഴി സ്ഥലത്തെക്കുറിച്ചുള്ള കഥകളും ,ധനുഷ്കോടിയിൽ നടന്ന സിനിമ ചിത്രീകരണങ്ങളെക്കുറിച്ചും മറ്റും ഞങ്ങളോടയാൾ പറഞ്ഞു. പോകും വഴി 'രാമർ പാദം' എന്ന റിയപ്പെടുന്ന ക്ഷേത്രത്തിൽ കയറിയാണ് പോയത്. ഈ സ്ഥലത്തിന് 'ഗന്ധമാധനപർവതം' എന്നും പേരുണ്ട്, പണ്ടിവിടെ പോകുമ്പോൾ തീരെ തിരക്കില്ലാതിരുന്ന സ്ഥലമാണ്, ഇന്നിപ്പോൾ കടുത്ത ഗതാഗതക്കുരുക്ക് അവിടെ കാണാം! 

Ramar-Padam-n

അടുത്ത് തന്നെ സാക്ഷി ഹനുമാൻ ക്ഷേത്രം ഉണ്ട്. സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് എങ്ങിനെ പോകാമെന്നു രാമൻ ആലോചിക്കുകയും, ധനുഷ്കോടിയിൽ സമുദ്രത്തിനു കുറുകെ അണ തീർക്കാമെന്ന് തീരുമാനിക്കുകയും ചെയ്തത് ഇവിടെ നിന്നാണ് എന്നതാണ് രാമർ പാദത്തിന്റെ ഐതിഹ്യം. ഈ സ്ഥലത്തിന്റെ ഉയരക്കൂടുതൽ കാരണം ഇവിടെ നിന്നാൽ രാമേശ്വരത്തിന്റെ മനോഹരമായ 360 ഡിഗ്രി കാഴ്ച ലഭ്യം. ഞാൻ 20 വർഷം മുൻപ് രാമേശ്വരം സന്ദർശിച്ചപ്പോൾ നിർമാണത്തിലിരുന്ന ദൂരദർശൻ കേന്ദ്രം ആണ് ഇവിടുത്തെ ഏറ്റവും വലിയ നിർമിതി, ഇത് ശ്രീലങ്കയിൽ നിന്നും ദൃശ്യമാണ് എന്ന് പറയുന്നു. കടൽ മാർഗം 36 കി.മീ ആണ് രാമേശ്വരത്തുനിന്നു ശ്രീലങ്കക്ക്. ധനുഷ്കോടിയിൽ നിന്നും ഏതാണ്ട് 18 കി.മീ. അങ്ങിനെ ഞങ്ങൾ അവിടെ നിന്നും മാങ്ങയും, അരിനെല്ലിക്കയും ഒക്കെ വാങ്ങി യാത്ര തുടർന്നു. മഴ കനത്തു പെയ്യുകയാണ്. ഒരു പാട് ചിത്രങ്ങൾ പകർത്താൻ മോഹിച്ചെത്തിയ ഞങ്ങൾ നിരാശയിലായി. ഒന്നാമത് DSLR എടുത്തില്ല, ഇനി മൊബൈലിലും കയ്യിലുള്ള ക്യാമറയിലും പോലും പകർത്താൻ കഴിയുമോ എന്നായി സംശയം. പണ്ട് ധനുഷ്കോടിക്കു പോകുമ്പോൾ റോഡ് ചെറുതായിരുന്നു. അതിന്റെ ഒരു വശത്തു റെയിൽവേ ട്രാക്കും, മറുവശത്തു കടലും കാണാമായിരുന്നു. ഇന്ന് റെയിൽവേ ട്രാക്ക് ഒതുക്കിയിട്ടു റോഡ് വീതി കൂട്ടിയിട്ടുണ്ട്. പോകും വഴി വിഭീഷണ ക്ഷേത്രം (കോദണ്ഡരാമസ്വാമി ക്ഷേത്രം ) കണ്ടു, തിരിച്ചു വരും വഴി അങ്ങോട്ട് പോകാം എന്ന് ഭൂമി പറഞ്ഞു. ഞങ്ങൾ ധനുഷ്കോടിയിൽ അടുത്ത വണ്ടി പിടിക്കേണ്ട സ്ഥലം എത്തുമ്പോഴും കനത്ത മഴയാണ്, മൊബൈലും ക്യാമെറകളും ഞങ്ങൾ പ്ലാസ്റ്റിക് ക്യാരിബാഗിൽ പൊതിഞ്ഞു ബാഗിൽ ഇട്ടിരുന്നു! മഴ തുടർന്നാൽ വണ്ടി പോവില്ല അപ്പോൾ നമുക്ക് തിരിച്ചു പോകാം എന്ന് ഭൂമി പറഞ്ഞപ്പോൾ ഞങ്ങൾ പറഞ്ഞു അല്പം കാത്തിരുന്നായാലും കണ്ടിട്ട് തന്നെ പോകുന്നുള്ളൂ എന്ന്. 16 മുതൽ 18 പേരെ വരെ കയറ്റിയാണ് ഓരോ 4 വീൽ ഡ്രൈവ് വാനും പോകുന്നത്. ഒടുവിൽ മറ്റൊരു 8 അംഗ സംഘത്തോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. ഏതാണ്ട് അഞ്ചു കിലോമീറ്റർ കൂടി പോയാൽ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങളിലേക്കെത്തും. കടൽതീരത്തു കൂടെയുള്ള ആ യാത്ര ഞങ്ങൾ ശരിക്കും ആസ്വദിച്ചു, പക്ഷെ ചിത്രങ്ങൾ എടുക്കാൻ മാത്രം കഴിഞ്ഞില്ല. ഒടുവിൽ വാൻ അത് പോകുന്ന അവസാന ഭാഗത്തെത്തി. ഞങ്ങൾ അവിടെ ഇറങ്ങി, കനത്ത മഴയായതു കൊണ്ട് അല്പമൊന്നു രക്ഷ നേടാനായി ചായക്കടയിൽ കയറി, അവിടെ നിന്നും ഒരു ലെമൺ ടീ കഴിച്ചു, ഇനിയും കാത്ത് നിൽക്കുന്നതിൽ പ്രയോജനം ഇല്ലെന്നു മനസ്സിലാക്കിയ ഞങ്ങൾ നടക്കാൻ തുടങ്ങി. പഴയ റെയിൽവേ ഗോഡൗൺ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, റെയിൽവേ വാട്ടർ ടാങ്ക്, പള്ളി, രാമ ക്ഷേത്രം തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. 1964 വരെ വളരെ നല്ലൊരു നഗരമായിരുന്നു ഇതിനെ ആ കൊടുങ്കാറ്റ് അപ്പാടെ തകർത്തു കളഞ്ഞു. അതിനു മുൻപ് വരെ ട്രെയിൻ ധനുഷ്‌കോടി വരെ വരുമായിരുന്നു. ആ കാറ്റിൽ ട്രെയിനും യാത്രക്കാരും കടലിൽ വീഴുകയും, പാലം തകരുകയും ചെയ്തു. പിന്നീടൊരിക്കലും ധനുഷ്‌കോടി പഴയതു പോലെ പുനർനിർമിക്കപ്പെട്ടില്ല. 2006

ലെ സുനാമി സമയത്തു രാമേശ്വരം ബാധിക്കപ്പെടാതെയിരുന്നത് ഇന്നും ഒരത്ഭുതമാണ്! 

ഇവിടെ ഒരു കിണർ ഉണ്ട്, കടൽ ഇത്ര അടുത്തായിട്ടും അതിനു ഒട്ടും തന്നെ ഉപ്പു രസമില്ല. നല്ല ഡിസ്റ്റിൽഡ് വാട്ടർ! അവസാനം വന്നപ്പോൾ ഈ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ഒരാളെ കണ്ടിരുന്നു, അദ്ദേഹം ഞങ്ങൾക്ക് അന്നത്തെ പത്രവാർത്തകളും മറ്റും കാണിച്ചും തന്നു, 6 വർഷം മുൻപ് അദ്ദേഹം മരിച്ചു പോയി എന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിൻറെ പിൻതലമുറക്കാർ ഇവിടെ കൗതുകവസ്തുക്കളുടെ കട നടത്തുന്നുണ്ട്. ഇവിടെ നിന്നും ഒരു അഞ്ചു കിലോമീറ്റർ കൂടെ പോയാലേ യഥാർത്ഥത്തിൽ ഈ ദ്വീപിന്റെ അറ്റത്തെത്തി കടലുകൾ ഒന്നാവുന്ന കാഴ്ച കാണാനാകൂ. പക്ഷെ നമ്മൾ പോകുന്ന വണ്ടി 1 മണിക്കൂർ നേരമേ പരമാവധി നിൽക്കൂ, അത് കൊണ്ട് ഇത്തവണ ആ ആഗ്രഹം ഉപേക്ഷിച്ചു. പഴയ ശേഷിപ്പുകളുടെ ചിത്രങ്ങളും, സെൽഫിയും ഒക്കെ എടുത്തു തിരിച്ചു വണ്ടിയിലേക്ക്. പുതിയ റോഡ് അങ്ങറ്റം വരെ പണി തീർത്തിട്ടുണ്ട്, അത് തുറന്നു കൊടുത്താൽ ആ മുനമ്പ് വരെ നമുക്ക് സഞ്ചരിക്കാം, ഒപ്പം കടൽത്തീരത്തുകൂടെയുള്ള യാത്ര ഒരു ഓർമ മാത്രവും ആകുകയും ചെയ്യും.തിരികെ വരും വഴി കടലിൽ നിർത്താൻ ഉള്ള സമ്മതം ഇതിനിടെ റിനി വാങ്ങിയെടുത്തിരുന്നു. ഞങ്ങളുടെ മടക്കത്തിൽ അത് പോലെ ഒരിടത്തു നിർത്തി ഞങ്ങൾ കുറെ പടം എടുക്കുകയും ചെയ്തു. രാവണൻ മീശ എന്നറിയപ്പെടുന്ന മുള്ളുള്ള പടർന്നു കിടക്കുന്ന ചെടി ബീച്ചിൽ ധാരാളം കാണാം. ഒപ്പം ദേശാടനക്കിളികളെയും ഇടയിൽ കണ്ടു. തുടർന്ന് ഞങ്ങളുടെ ഓട്ടോ പാർക്ക് ചെയ്തിരുന്ന ഇടത്തെത്തുമ്പോഴും മഴ തന്നെ, ആകെ നനഞ്ഞാൽ പിന്നെന്തു കുളിര്!

Rameshwaram-Temple....

അവിടെ നിന്നു വരുമ്പോൾ വിഭീഷണൻ കോവിലിൽ പോകാൻ ഞങ്ങൾ ആവശ്യപ്പെട്ടു. മഴയായതിനാൽ അകത്തു കയറിയില്ല, ചുറ്റും കണ്ടു മടങ്ങി. അന്നത്തെ കൊടുങ്കാറ്റിനെ അതി ജീവിച്ച ഒരേ ഒരു നിർമിതിയാണ് 'കോദണ്ഡരാമ ക്ഷേത്രം' അഥവാ വിഭീഷണൻ കോവിൽ. അതിനു ചുറ്റുമുള്ള കടലിൽ പൊങ്ങിക്കിടക്കുന്ന ചുണ്ണാമ്പു കല്ലുകൾ കാണാം, 'രാമസേതുവിന്റെ' ഭാഗങ്ങൾ ആണതെന്നു കരുതുന്നു. വിഭീഷണൻ രാമനെ വന്നു കണ്ടു അഭയം ചോദിച്ചത് ഇവിടെ വെച്ചാണ് എന്നാണ് കരുതുന്നത്, അത് കൊണ്ടാണിവിടം ആ പേരിലും അറിയപ്പെടുന്നത്. കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗമാണിത്. ഐതിഹ്യവും, ചരിത്രവും ഒക്കെ പറഞ്ഞു കൊണ്ട് ഞങ്ങളുടെ യാത്ര രസപ്രദമാക്കിയതിൽ ഭൂമിക്കും പങ്കുണ്ടായി. രാമേശ്വരം എത്തുമ്പോൾ കലാമിന്റെ വീട് കാണണം എന്നുണ്ടായിരുന്നു, കനത്ത മഴയും എ ടി എമ്മിൽ നിന്നു കാശ് എടുക്കേണ്ടതും കൊണ്ട് അത് നടന്നില്ല. ഒപ്പം തിരക്ക് മൂലം ആ വഴിയിൽ ഒക്കെ പോലീസ് ബാരിക്കേഡുകളും തീർത്തിരുന്നു. എ ടി എമ്മും ഹോട്ടലും കൂടിയുള്ള ഒരു സ്ഥലത്തിറങ്ങാം എന്ന് കരുതി ഇറങ്ങിയെങ്കിലും, ഹോട്ടൽ ഇനി 6 മണിക്കേ തുറക്കൂ എന്ന് പറഞ്ഞതും, എ ടി എം ഔട്ട് ഓഫ് സർവീസ് ആയതും കൊണ്ട് ആ പ്ലാൻ പൊളിഞ്ഞു. വീണ്ടും മഴ നനഞ്ഞു അടുത്ത ഹോട്ടലിലേക്ക്, ഒടുവിൽ അഞ്ചു മണിക്ക് ഊണ് കഴിച്ചു റെയിൽവേ സ്റ്റേഷനിൽ! അവിടെ ടിക്കറ്റിനു അതിനും വലിയ തിരക്ക്. 6 മണിക്ക് മുൻപ് ടിക്കറ്റ് കിട്ടുമോ എന്ന് പോലും സംശയിച്ചു. നേരത്തെ കേറി സീറ്റ് പിടിക്കാഞ്ഞതിനാൽ ടിക്കറ്റ് എടുത്തു വന്നപ്പോഴേക്കും നിൽക്കാനായി ട്രെയിനിൽ. പിന്നെ വർത്തമാനങ്ങൾ പറഞ്ഞും കാഴ്ച കണ്ടും ട്രെയിനിൽ! പാമ്പൻ പാലം വഴി പോകുമ്പോൾ വല്ലാത്ത ഒരു ഫീൽ! പക്ഷെ ക്യാമറയും, ഫോണുകളും ഒക്കെ ബാഗിൽ പ്ലാസ്റ്റിക് ക്യാരിബാഗിൽ ആയതു കൊണ്ട് ഒന്നും എടുക്കാനായില്ല. മഴയും, നേരിയ ഇരുട്ടും, കാറ്റും എല്ലാം ചേർന്ന മനോഹരമായ യാത്രയായിരുന്നു പാമ്പനിലൂടെ! ഒടുവിൽ പകുതിദൂരത്തിനപ്പുറം റിനിക്കും ആര്യക്കും സീറ്റ് കിട്ടി. ഞാനും സുരമ്യയും വാതിൽക്കൽ നിന്നു കഥ പറഞ്ഞു കൊണ്ടിരുന്നു. നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതിനാൽ പത്തു മണിക്ക് മധുരൈ എത്തുമ്പോഴും പകുതിയും നനഞ്ഞ അവസ്ഥയായിരുന്നു! വീണ്ടും ഒരിക്കൽ കൂടി വരും എന്ന ഉറച്ച തീരുമാനത്തോടെ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി!

വാൽക്കഷ്ണം : മധുരൈ ക്ഷേത്രം തന്നെ ഒരു ദിവസമെടുത്തു കാണാൻ ഉണ്ട്. മധുരയിൽ 4 ബസ് സ്റ്റാൻഡുകൾ ഉണ്ട്. മേട്ടുധാവണി, ആരപ്പാളയം, പെരിയോർ പിന്നെ മധുരയും. 10 രൂപക്ക് ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന പുളിയോദരൈ അല്ലെങ്കിൽ മറ്റു സാധങ്ങൾ തന്നെ വിശപ്പ് മാറ്റാൻ ധാരാളമാണ്! രാമേശ്വരത്തു ചെന്ന് ലോകത്തെ ഏറ്റവും വലിയ കോറിഡോർ കാണാതിരിക്കരുത്, ധനുഷ്കോടിയും അൽപ്പം സമയമെടുത്തു കാണണം. മധുരൈ ക്ഷേത്രത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മാത്രമേ പറ്റൂ, 50 രൂപ ഫീസ് ഉണ്ട്. പിന്നെ Pinakin എന്ന ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്തു അതിൽ മധുരൈ മീനാക്ഷി ടെംപിൾ ഡൌൺലോഡ് ചെയ്താൽ നമ്മൾ ക്ഷേത്രത്തിൽ കയറുമ്പോൾ കാണുന്ന ഓരോ ഇടത്തേയും കുറിച്ച് വ്യക്തമായി അറിയാനാകും

*ഇവിടെ പോസ്റ്റു ചെയ്യുന്ന യാത്രാവിവരണങ്ങളും ചിത്രങ്ങളും വിഡിയോകളും മലയാള മനോരമയുടേതല്ല. പകർപ്പവകാശവും പൂർണ ഉത്തരവാദിത്തവും രചയിതാവിനാണ്.
.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA