എഴുപതു ഹെയർപിന്നുകൾ താണ്ടിയെത്തുന്ന മരണമല

kollimala-trip7
SHARE

ഇന്ത്യയിലെ ഏറ്റവും അപകടകരമായ പത്ത് ചുരങ്ങളിൽ ഒന്നാണ് "കൊല്ലിമല അഥവാ മരണമല". 70 ഹെയർ ബെൻഡുകൾ ഉള്ള വളരെ അപകടം പിടിച്ച ചുരങ്ങളിലൊന്ന്. എന്നാൽ സഞ്ചാരികളുടെ പ്രിയ യാത്രായിടം. മുന്തിരിപ്പാടങ്ങൾക്ക് പേരുകേട്ട കമ്പവും പച്ചക്കറികൾ വിളയുന്ന തേനിയും കടന്ന് ഡിണ്ടിഗൽ-കാരൂർ-നാമക്കൽ വഴി മലനിരകളെ തഴുകി സ്വപ്ന തുല്യമായ യാത്ര.

kollimala-trip6
കരിമ്പനകളുടെ നാട്ടിലൂടെ

വെളുപ്പിനെ 4 മണിയോടെയാണ് യാത്രയുടെ തുടക്കം. ഏറ്റുമാനൂരിലെത്തി കൂട്ടുകാരനേയും കൂട്ടി. നേരം പുലരുന്നതെയുള്ളൂ, നിലാവിന്റെ നേരിയ വെളിച്ചത്തിൽ മഞ്ഞുപടലങ്ങൾ തെന്നിനീങ്ങുന്നതു കാണാം. മഞ്ഞിനെ വകഞ്ഞ് മാറ്റിക്കൊണ്ട് വാഹനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. വളഞ്ഞങ്ങാനം എത്തിയപ്പോഴേക്കും സൂര്യഭഗവാൻ പതിയെ ഉദിച്ചുയരാൻ തുടങ്ങി. മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി അവിടെ കുറച്ചു നേരം ചിലവഴിച്ചു.

kollimala-trip5
കൊല്ലിമല യാത്ര

മഞ്ഞിൻ കണങ്ങളിൽ തട്ടി ഉദിച്ചുയരുന്ന സൂര്യ ഭഗവാനെ കാണാൻ വല്ലാത്ത ചന്തം തന്നെയാണ്. ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിനാൽ അധിക സമയം അവിടെ നിൽക്കാൻ സാധിച്ചില്ല. യാത്ര തുടർന്നു. കുട്ടിക്കാനവും പീരുമേടും പാമ്പനാറും വണ്ടിപ്പെരിയാറും പിന്നിട്ട് ഞങ്ങൾ കുമളിയിലെത്തി. ചെക്ക് പോസ്റ്റും കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. യാത്രയ്ക്കിടയിൽ പ്രകൃതിയുടെ വശ്യത പറഞ്ഞറിയിക്കാനാവില്ല. പച്ചപ്പ് നിറഞ്ഞ, ഇരുപതിൽപരം കൊടുംവളവുകളുമുള്ള കാട്. കാഴ്ചയ്ക്ക് ഹരം പകരുന്ന ധാരാളം വ്യൂ പോയിന്റുകൾ യാത്രാമദ്ധ്യേയുണ്ട്. തമിഴ്നാട് പെരിയാറ്റിലെ വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പ് സ്ഥിതി ചെയ്യുന്ന ഇറച്ചിപാലം ഇവിടെയാണ്. കാട് കഴിഞ്ഞതോടെ അംബാനി അണ്ണൻ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്ന മെസേജ് അയച്ചു തന്നു.

kollimala-trip
പൂപാടങ്ങളുടെ കാഴ്ച

തമിഴ്ഗ്രാമങ്ങളെല്ലാം ഉറക്കമുണർന്നു വരുന്നതേയുള്ളൂ. റോഡുകളിൽ തിരക്കും അധികമില്ല. ബൈക്കിന്റെ വേഗം കൂട്ടി.  ഇരുവശങ്ങളിലും പൂപ്പാടങ്ങളും പഴുത്തുതുടുത്ത് പാകമായ മുന്തിരികൾ വിളഞ്ഞു നിൽക്കുന്ന മുന്തിരിത്തോപ്പുകളും കരിമ്പിൻതോട്ടങ്ങളുമെല്ലാം കാഴ്ചയ്ക്ക് മിഴിവേകി. തനി നാട്ടിൻപുറത്തിന്റെ മുഴുവൻ ഭംഗിയും കമ്പത്തും തേനിയിലും കാണാനിടയായി. പിന്നീടുള്ള കാഴ്ചകൾ ചോളവും നെല്ല് പാടങ്ങളും ചെറിയ പൂപ്പാടങ്ങളും കിലോമീറ്ററുകളോളും നീണ്ട നിവർന്നു കിടക്കുന്ന ഹൈവേ റോഡും മാത്രമായിരുന്നു. ഉച്ചയ്ക്ക് ഏകദേശം 2 മണിയോട് കൂടി ഡിണ്ടിഗല്ലും കാരൂറും പിന്നിട്ട് നാമക്കൽ എത്തി.

kollimala-trip2
കൊല്ലിമല യാത്ര

ഹൈവേയോടും പൊരിഞ്ഞ വെയിലിനോടും വിടപറഞ്ഞ് ഗ്രാമത്തിന്റ ഉള്ളറകളിലേക്ക് പ്രവേശിച്ചു. പ്രശാന്ത സുന്ദരമായ ഗ്രാമം. തല ഉയർത്തി നില്‍ക്കുന്ന കരിമ്പനകളും കേരവൃക്ഷങ്ങളും നിറഞ്ഞ തോട്ടം. ഉരുളക്കിഴങ്ങും പട്ടുനൂലു കൃഷിയും മാവിൻ തോട്ടങ്ങളും കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിള്‍ തുടങ്ങിയവയും വളരുന്നു. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാനം. ചുരത്തിന്റെ തുടക്കത്തിലുള്ള ചെറിയൊരു ചെക്ക് പോസ്റ്റും കടന്ന് കൊല്ലിമലയുടെ അടിവാരത്തെത്തി. ചോലൈക്കാടും സെമ്മേടുമാണ് ഇവിടുത്തെ രണ്ടു പ്രധാന കേന്ദ്രങ്ങള്‍. കൊല്ലി മലയില്‍ ക‍ൃഷിചെയ്ത് വിളവെടുത്ത പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന മാർക്കറ്റുകളും ചോലൈക്കാടും സെമ്മേടുമുണ്ട്.

kollimala-trip9

കൊല്ലിമലയുടെ താഴ്്‍‍‍വാരമാണ് കരവല്ലി. അവിടെ നിന്നും മലകയറി സെമ്മട് എത്താൻ 20 -25 കിലോമീറ്റർ ദൂരം പിന്നിടണം. ഇവിടെയാണ് കൊല്ലിമലയിലേക്കുള്ള എഴുപതു ഹെയർ പിൻ റോഡിന്റെ തുടക്കം. എവിടെ നിന്നു നോക്കിയാലും കാണുന്നത് പച്ചപ്പാര്‍ന്ന മലകളും കൊല്ലി മലയെ ചുറ്റിപിണഞ്ഞു വരുന്ന വഴിയും വാഹനങ്ങളുമാണ്. എഴുപതു ഹെയർപിന്നുള്ള ചുരം കയറുക എന്ന ദൗത്യത്തിലേക്ക് തിരിഞ്ഞു. റോഡിന്റെ കാര്യത്തിൽ തമിഴ്നാട് സർക്കാരിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുമളി മുതൽ കൊല്ലി മലവരെ യാത്ര ചെയ്ത റോഡുകളെല്ലാം ഏറ്റവും മികച്ചതായിരുന്നു. ആദ്യ വളവിൽ നിർത്തി മൊബൈലിൽ കുറച്ച് നല്ല ചിത്രങ്ങളും പകർത്തിയാണ് യാത്ര തുടർന്നത്. അമിത ആവേശം കൂടാതെ  ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഒരു ചുരം കൂടിയാണ് കൊല്ലി. ചൂടിന്റെ കാഠിന്യം കൊണ്ടാവാം തണുപ്പ് കൂടുതലായി തോന്നിയില്ല. ചുരം കയറി മുകളിൽ ചെല്ലുമ്പോൾ കേരളത്തിലെ മറയൂരിനെ അനുസ്മരിക്കുന്ന പഴം പച്ചക്കറി മാർക്കറ്റും ചെറിയ കടകളും കാണാം. സഞ്ചാരികളില്‍ മിക്കവരും കൊല്ലി മലയിൽ എത്തുന്നത് എഴുപതു ഹെയര്‍പിന്‍ വളവുകളിലൂടെയുള്ള സഞ്ചാരത്തിന്റെ സാഹസികത അനുഭവിക്കാനായാണ്.

kollimala-trip10

മലയോരപട്ടണത്തിൽ വെള്ളച്ചാട്ടങ്ങളും പാർക്കുകളും വ്യ‍‍ൂപോയിന്റുകളും അങ്ങിങ്ങായി ചിതറികിടക്കുന്നുണ്ട്. ഞങ്ങളുടെ അടുത്ത കാഴ്ചയും യാത്രയും ഒരുമിച്ചത് ആകാശഗംഗയിലേക്കാണ്. കൊല്ലിമലയിൽ നിന്നും പതിനാറു കിലോമീറ്റർ ദൂരെയാണ് ആകാശഗംഗ വെള്ളച്ചാട്ടം. വേറെയും ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടെങ്കിലും വേനലില്‍ അവിടെയൊന്നും വെള്ളമുണ്ടാകില്ല. ആയിരത്തിരുന്നൂറു പടവുകൾ കയറി വേണം വെള്ളച്ചാട്ട്ത്തിലേക്ക് കടക്കേണ്ടത്. സുന്ദരമായ കാഴ്ചയായിരുന്നു കുത്തിയൊലിച്ചൊഴുകുന്ന കാട്ടാറും ആകാശഗംഗ വെള്ളച്ചാട്ടവും കാണാൻ ഒരിക്കൽ കൂടെ കൊല്ലിമലകയറും എന്ന് മനസ്സിലുറപ്പിച്ചു. ഒരു സ്വപ്ന യാത്ര പൂർത്തികരിച്ച സന്തോഷത്തോടെ മലയിറങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA