തായ്‌ലൻഡ് കാഴ്ചകളിൽ വിസ്മയിപ്പിക്കുന്നതാണ്‘അൽകാസർ കാബറെ’

thailand6
SHARE

തായ്‌ലൻഡ്, സിംഗപ്പൂർ പിന്നെ മലേഷ്യയും. ഈ രാജ്യങ്ങളെക്കുറിച്ചൊക്കെ വളരെ മനോഹരങ്ങളായ ധാരാളം വിവരണങ്ങൾ വന്നിട്ടുള്ളതാണ്.  അവിടെ കണ്ട കാഴ്ചകളും അനുഭവങ്ങളും അതിനെയെല്ലാം അതിശയിപ്പിക്കുന്നവയായിരുന്നു. ഇത്രയധികം പ്ലാൻ ചെയ്തുള്ള യാത്ര ആദ്യമാണ്. വളരെയധികം വെബ്‌സൈറ്റുകളും ഓൺലൈൻ യാത്ര കൂട്ടായ്മകളും അനേകം സഞ്ചാരികളുടെ വിവരണങ്ങളും ഞങ്ങളുടെ പ്ലാനിങ്ങിനു സഹായമായി. 12 പകലും 13 രാത്രിയും നീണ്ടുനിന്ന ഈ യാത്രയിൽ മൂന്നു രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളിലൂടെ, വേറിട്ട കാഴ്ചകളിലൂടെ, വിവിധ രുചികളിലൂടെ സഞ്ചരിക്കുവാൻ സാധിച്ചു. കുടുബവുമൊത്തുള്ള യാത്ര ആയതിനാൽ (ഞാനും, ഭാര്യയും രണ്ടു കുട്ടികളും) പോകേണ്ട സ്ഥലങ്ങൾ തീരുമാനിച്ച ശേഷം ഒരു ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുകയായിരുന്നു.

thailand4
sriracha tiger zoo

ഏകദേശം ഒരു വർഷത്തെ ഒരുക്കങ്ങൾക്കും കാത്തിരിപ്പിനും ശേഷം 2018 ഏപ്രിൽ 13 എന്ന ദിവസം വന്നെത്തി. ചെന്നൈയിൽനിന്നു രാത്രി പത്തരയ്ക്ക് എയർ ഏഷ്യ ഫ്ലൈറ്റിൽ യാത്ര തിരിച്ച ഞങ്ങൾ രാവിലെ മൂന്നു മണിയോടെ ബാങ്കോക്കിലെത്തി. ആദ്യമേതന്നെ കുറച്ചു ഡോളർ തായ് ബാത്തിലേക്കു മാറ്റി. ഒരു സിം കാർഡും എടുത്തു. എന്റെ ഇതുവരെയുള്ള യാത്രകളിൽ നമ്മുടെ പേരെഴുതിയ ബോർഡും പിടിച്ച് എയർപോർട്ടിന് വെളിയിൽ കാത്തു നിൽക്കുന്ന ഏർപ്പാടാണ് കണ്ടിട്ടുള്ളത്. ഇവിടെ ടൂർ ഏജൻസി പറഞ്ഞിരുന്ന ഗേറ്റിൽ എത്തിയപ്പോൾ ധാരാളം ബോർഡുകൾ വച്ചിരിക്കുന്നു. അതിൽ യാത്രക്കാരുടെ പേരെഴുതിയ പേപ്പറുകളും. അക്കൂട്ടത്തിൽ ഞങ്ങളുടെ പേരെഴുതിയ പേപ്പറും കണ്ടു. ഉടൻ ഞങ്ങളെ കാത്തിരുന്ന ഡ്രൈവർ എത്തി ഹസ്തദാനം നടത്തി പേരും ഏജൻസിയുടെ പേരും പറഞ്ഞു. വാഹനം പുറത്തു പാർക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. 

thailand
sriracha tiger zoo

തായ്‌ലൻഡിൽ ഏഴു ദിവസമാണ് പ്ലാൻ ചെയ്തിരുന്നത്. രണ്ടു ദിവസം  പട്ടായയിലും ബാങ്കോക്കിലും മൂന്നു ദിവസം ഫുക്കറ്റിലും. എയർപോർട്ടിൽനിന്നു പുറത്തു വന്നതും ചെറിയ ചൂട് അനുഭവപ്പെട്ടു തുടങ്ങി. പട്ടായയിലേക്കുള്ള യാത്രാമധ്യേ ശ്രീരച ‍ടൈഗർ സൂവിലെ കാഴ്ചകളിലേക്ക് കടന്നു. 

thailand5
Alcazar Cabaret Show

നാലുമണിക്കൂറോളം അവിടെ ചിലവഴിച്ചു. മുതലകളുടെ ഒരു ഷോ രസകരമായി തോന്നി. കടുവയ്ക്കു ഭക്ഷണം കൊടുക്കുക, ഷൂട്ടിങ്, കടുവയുടെയും മുതലയുടെയും എല്ലാം കൂടെ ഫോട്ടോ എടുക്കൽ അങ്ങിനെ കാശു ചിലവാക്കാൻ ധാരാളം പരിപാടികൾ. ഇതിനിടക്ക്, ഒരു മരത്തിന്റെ ചുവട്ടിൽ ചെറിയൊരു ആൾക്കൂട്ടം. ചെന്നപ്പോൾ കാണുന്നത് മനോഹരമായ തായ് നൃത്തമാണ്. സ്കൂൾ കുട്ടികൾ എന്തോ ചാരിറ്റിയുടെ ഭാഗമായി നടത്തുന്നതാണ്.

thailand7
Mini Siam

സൂവിൽ നിന്നിറങ്ങിയ ഞങ്ങൾ പട്ടായയിൽ ഉള്ള ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഡ്രൈവർക്കു ധാരാളം സംസാരിക്കണം എന്നുണ്ട്, പക്ഷേ ഇംഗ്ല‌ിഷ് വളരെ പരിമിതവും. എന്റെ തായ് ഭാഷയിലുള്ള അറിവിനെക്കുറിച്ചു പറയണ്ടല്ലോ. ഉച്ചയോടെ ഹോട്ടലിൽ എത്തിയ ഞങ്ങൾ ഉച്ച ഭക്ഷണവും കഴിഞ്ഞു കുറച്ചു വിശ്രമിച്ചു.

thailand8
Mini Siam

നാലുമണിയോടെ ഞങ്ങളെ “mini siam” ലേക്ക് കൊണ്ടുപോകാൻ ഡ്രൈവർ എത്തി. മടിയിൽ വെള്ളം നിറച്ച വലിയ പ്ലാസ്റ്റിക് തോക്കുമായാണ് ആശാന്റെ ഇരിപ്പ്. ഇടക്കിടയ്ക്ക് കാറിന്റെ ജനാല താഴ്ത്തി വഴിയിൽ കാണുന്നവരുടെ ദേഹത്ത് വെള്ളം അടിക്കുന്നുണ്ട്. തായ്‌ലൻഡിൽ വന്നതുമുതൽ ശ്രദ്ധിക്കുന്നതാണ്, മിക്ക ആൾക്കാരും കയ്യിൽ ഒരു പ്ലാസ്റ്റിക് തോക്കു നിറച്ചു വെള്ളവുമായി നടക്കുന്നതും കാണുന്നവരുടെയെല്ലാം നേരെ ചീറ്റിക്കുന്നതും.

thailand2
Songkran celebration

ചോദിച്ചപ്പോഴാണ് “Songkran” എന്ന അവരുടെ തായ് പുതുവത്സര ആഘോഷത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഏപ്രിൽ 13 മുതൽ 15 വരെയാണ് ഈ ആഘോഷം. ഈ സമയം ആർക്കും ആരുടെമേലും വെള്ളം ഒഴിക്കാം. ചിലർ വാഹനങ്ങളിൽ വീപ്പകൾ നിറയെ വെള്ളവുമായി വഴിയിലൂടെ പോകുന്നവരുടെയെല്ലാം മേലെ വെള്ളവുമടിച്ചു പോകുന്നതും കാണാം. ഉത്സവത്തിന്റെ ലഹരിയിലാണ് നഗരം. കഥകൾ കേട്ടും വഴിയാത്രക്കാരുടെ മേലെ വെള്ളമടിച്ചും ഞങ്ങൾ “mini siam” ൽ എത്തിച്ചേർന്നു.  ‍

thailand-Alcazar-Cabaret-Show
Alcazar Cabaret Show

ലോകപ്രശസ്തമായ പല നിർമിതികളുടെയും ചെറിയ മാതൃക അവിടെയുണ്ട്. ഈഫൽ ടവർ, പിസയിലെ ചെരിഞ്ഞ ഗോപുരം, ഇറ്റലിയിലെ കൊളോസിയം, ഈജിപ്തിലെ അബു സിംബൽ, ലണ്ടനിലെ ടവർ ബ്രിഡ്ജ്, കംബോഡിയയിലെ അങ്കോർവത്ത് ഇവയെല്ലാം അതിൽ ചിലതു മാത്രം. കൂടാതെ തായ്‌ലൻഡിലെ പല നിര്‍മിതികളുടെയും ചെറിയ മാതൃകകളും കണ്ടു. മറ്റൊരു കാര്യം, തായ്‌ലൻഡിന്റെ പഴയ പേര് സയാം (siam)  എന്നാണ്.

അടുത്തതായി വിശ്വപ്രസിദ്ധമായ അൽകാസർ കാബറെ കാണാനാണു പോയത്. വളരെ മനോഹരമായ നൃത്ത വിരുന്നും മറ്റനേകം കലാ പരിപാടികളും. സമയം പോയതേ അറിഞ്ഞില്ല. ഇതിലെ ലൈറ്റും ശബ്ദ സംവിധാനവുമെല്ലാം അതിഗംഭീരം. രസകരമായ ഒരു കാര്യം ഈ നർത്തകിമാരൊന്നും സ്ത്രീകളായി ജനിച്ചവരല്ലെന്നതാണ്. ഭാര്യക്ക് പറഞ്ഞിട്ട് വിശ്വസിക്കാൻ തന്നെ വിഷമം. കാണുവാൻ അത്രയ്ക്ക് സുന്ദരിമാരാണ്.

80 ബാത് മുടക്കിയാൽ കലാപരിപാടികൾക്കു ശേഷം അവരുടെ കൂടെ ചിത്രങ്ങൾ പകർത്തുവാനുള്ള സൗകര്യം ഉണ്ട്. മനോഹരമായ ഒരു ദിവസത്തിന്റെ ഓർമകളും പേറി അത്താഴവും കഴിഞ്ഞു ഞങ്ങൾ ഉറക്കത്തിലേക്കു വഴുതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA