ഒഴുകണം നിന്നെ പോലെ

യാത്രാ സംഘം
SHARE

മഴക്കാലത്ത് കാടിനോട് കൂട്ടു കൂടി ഒന്നു കറങ്ങിയാലോ? ‍ചാലക്കുടിയിൽ നിന്ന് അതിരപ്പിളളി, വാഴച്ചാൽ വഴി മലക്കപ്പാറയിലേക്ക്.

ആറുദിവസത്തെ അധ്വാനത്തിനു ശേഷം ഏഴാം ദിവസം വിശ്രമിക്കാൻ ആവശ്യപ്പെട്ട ദൈവവചനം പോലെ ഒരു പാക്കേജ്. ടൂറിസം വകുപ്പിന്റെ വിളി കേൾക്കാൻ പിന്നെ മടിച്ചില്ല. അധ്വാനത്തിന്റെ ഒരു വർഷം അവസാനിപ്പിച്ച് ഉല്ലാസത്തിന്റെ അവധിക്കാലം. മനസ്സിനെ തണുപ്പിച്ച് നഗരത്തിന്റെ ചൂളം വിളികളിൽ നിന്ന് കാട്ടിലേക്ക് ഒരു യാത്ര. കളമൊഴികളുമായി കാട്ടരുവികളും കിളിമൊഴികളുമായി കാട്ടു ചില്ലകളും കാത്തിരിപ്പുണ്ട്.

ടൂറിസം വകുപ്പിന്റെ ട്രാവലറിലായിരുന്നു യാത്ര. കൂടെ പത്തോളം പേർ. ചാലക്കുടിയിൽ നിന്നും അതിരപ്പളളി, വാഴച്ചാൽ, ഷോലയാർ വഴി മലക്കപ്പാറയിലേക്ക്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന യാത്ര കാടിറങ്ങി തിരികെ എത്തുമ്പോഴേക്കും പന്ത്രണ്ടു മണിക്കൂർ പിന്നിട്ടിരിക്കും.

ഈ വല്ലിയിൽ നിന്നും പൂക്കൾ....

ചിത്രശലഭം
ചിത്രശലഭം

തുമ്പൂർമുഴിയാണ് ആദ്യം. ശലഭങ്ങളുട‌െ ഉദ്യാനം. യാത്രാ സംഘത്തിലെ ശലഭങ്ങൾ ചിറകു വിടർത്തിക്കഴിഞ്ഞു. പ്രൈമറി സ്കൂൾ വിദ്യാർഥിയായ ഇജാസാണ് കൂട്ടത്തിലെ പൂമ്പാറ്റക്കുഞ്ഞ്. കൈകൾ നീട്ടി കുടഞ്ഞ് അവൻ ട്രാവലറിനു പുറത്തേക്ക് ഇറങ്ങി.

ചുറ്റും ചെടികളാണ്...അരിപ്പൂവ്, വാഴപ്പൂവ്, ‌മുല്ല, കിലുക്കാം പെട്ടി....ഇനിയോ?...മനസ്സ് കുട്ടിയാവുന്നു. െനല്ലിമരത്തണലിൽ നിന്ന് ഉറക്കെ സരസ്വതി ടീച്ചറിനൊപ്പം കുട്ടികൾ പാടുന്നു. ഞാവൽപ്പഴത്തിന്റെ രുചിയിൽ നിറം വച്ച ചുണ്ടുകളോടെ ഓർമകൾ.....

പറഞ്ഞു നോക്കുക, വെറുതേ നിങ്ങൾക്ക്

എത്ര കിളികളുടെ പാട്ടറിയാം

എത്ര പൂവിൻ മണമറിയാം

എത്ര മരത്തിൻ തണലറിയാം.

എത്ര പുഴയുടെ കുളിരറിയാം.

അറിഞ്ഞിടുമ്പോൾ അറിയാം നമ്മൾക്ക് അറിയാനൊത്തിരി ബാക്കി ഒത്തിരി ഒത്തിരി ബാക്കി.

ബാക്കി കിടക്കുന്ന ഇത്തിരിയൊത്തിരികളാണ് ഓരോ യാത്രയും തേടിപ്പിടിക്കുന്നത്. ഈ ഉദ്യാനത്തിലെ കാഴ്ചകളാദ്യം തൂക്കു പാലമാണ്. രണ്ടു ജില്ലകളെ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. താഴെ ചെക്ക് ‍ഡാം. രണ്ട് കനാലുകളിലൂടെ ചാലക്കുടിപ്പുഴ വഴിപിരിയുകയാണ്. രണ്ട് ജില്ലകളിലേക്ക്. സംസ്കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും തൃശ്ശിവപേരൂർ നഗരം. തലയ്ക്കു മുകളിലൂടെയും ട്രെയിൻ ഓടുന്ന ടെക്കീസിന്റെ സ്വന്തം എറണാകുളം സിറ്റി. പുഴയ്ക്ക് ഇതിലേതിനോടാവണം പ്രിയം?

വേനലായതിനാൽ പാറകൾ തെളിഞ്ഞു കാണാം. പുഴ ഒഴുകിയ വഴികൾ ചിത്രപ്പണി ചെയ്ത പാറക്കൂട്ടങ്ങൾ. ഓരോന്നിന്റെ ടെക്സ്ചറും വ്യത്യസ്തം.’ മഴക്കാലത്ത് ഈ കാഴ്ചകൾക്ക് മറ്റൊരു ഭംഗിയാണ്.’’ ആറ്റുവഞ്ചികൾ ചാഞ്ഞു നിൽക്കുന്ന അക്കരയിലേക്ക് കണ്ണുകൾ നട്ടു നിൽക്കുമ്പോൾ ഇട്ടൂപ്പ് അച്ചായൻ പറഞ്ഞു.

വെള്ളച്ചാട്ടം
പ്രണയവും ഭയവും ആർദ്രതയും വീര്യവുമുളള പെണ്ണിനെ പോലെ അതിരപ്പളളി വിളിച്ചു കൊണ്ടേയിരുന്നു

ചിൽഡ്രൻസ് പാർക്കും വാച്ചിങ് ടവറും ആരെയും കുട്ടികളാക്കും. നീലച്ചിറകു വിരിച്ച് നാണിച്ച് നാണിച്ച് കടന്നു പോകുന്ന കുഞ്ഞൻ ശലഭങ്ങൾ. തവിട്ടു നിറത്തിലെ വെളുത്ത പുളളികളുമായി അരിപ്പൂക്കൾക്കിടയിൽ മറഞ്ഞ പുരുഷ കേസരികൾ. മഞ്ഞയും ഇളം പച്ചയും കുത്തുകളുളള പുളളിപ്പാവാടയിൽ പാറി നടക്കുന്ന സുന്ദരിക്കോതകൾ. കിലുക്കാം പെട്ടി ചെടിയിൽ ഒന്നു തൊടേണ്ട താമസമേ ഉണ്ടായിരുന്നൊളളൂ. അവ പാറിപ്പറന്നു. കണ്ണുകൾക്ക് മുന്നിലൂടെ. കൈകളിൽ മെല്ലെ ഉരുമ്മി, ഒരു നിമിഷത്തേക്ക് ഞാനും പൂമ്പാറ്റയായി.

ഈ വല്ലിയിൽ നിന്നും ചെമ്മേ പൂക്കൾ

പോകുന്നിതാ പറന്നമ്മേ....

തെറ്റീ നിനക്കുണ്ണി ചൊല്ലാം –നൽപൂ

മ്പാറ്റയല്ലേയിതെല്ലാം.

ഒരു സുന്ദരൻ പുഴു കിലുക്കാം പെട്ടിയുടെ തണ്ടിൽ കൂടി ഇഴഞ്ഞു നീങ്ങി. അവനാണ് നാളെ പറന്നുയരേണ്ടത്.

ഇന്ദ്രിയങ്ങളും ഉണരുകയാണ്. തൊട്ടു തലോടുന്ന കാറ്റ്, മറന്നു വെച്ച തുമ്പിക്കാഴ്ചകൾ, നൊസ്റ്റാൾജിയയുടെ പൂഗന്ധങ്ങൾ, പേരറിയാത്ത കിളിപ്പാട്ടുകൾ...ഇനി ഉത്സവം രസമുകുളങ്ങൾക്കാണ്. വെൽകം ഡ്രിങ്കിന്റെ തണുത്ത മധുരം അപരിചിതം. ഇത്തിരി പുളിപ്പും എരിയും ഇടകലർന്ന കൈതച്ചക്ക മധുരം. പ്രഭാതഭക്ഷണത്തിനിടെ റെസപ്പി ചോദിക്കാൻ മറന്നില്ല. അപ്പോഴാണ് കൈതച്ചക്കയേക്കാൾ വലിയ ചക്ക രുചി അവിടേക്ക് പടർന്നത്. ചക്ക മിക്സ്ചർ, ചക്ക അരിയുണ്ട, ചക്ക പായസം , സ്ക്വാഷ്, ചക്ക ജാം....നീണ്ട ചക്കരുചി!!

ബഹ്നേ ദേ മുച്ഛെ... ബഹ്നേ ദേ

‘നെക്സ്റ്റ് ഈസ് ബാഹുബലി വാട്ടർ‌ഫാൾസ്...റൈറ്റ്?’

ഭാസ്കർ ചോദിച്ചു. ഹരിദ്വാറിൽ നിന്ന് വിരുന്നെത്തിയ ഭാസ്കർ, റൂർക്കി ഐഐടിയിൽ കംപ്യൂട്ടർ സയൻസ് പ്രഫസറുമാണ്.

പോകും വഴി എണ്ണപ്പന തോട്ടങ്ങൾ. അവയുടെ പ്രത്യേകതയും കഥകളും ഗൈഡ് പറഞ്ഞുകൊണ്ടേയിരുന്നു. കണ്ടു പോകുന്ന ഓരോ ചെടിക്കും സ്ഥലത്തിനുമുണ്ട് കഥകൾ.

‘ചേരിമുകുളം തൊട്ടത് താന്നിമുകുളം പൊറുക്കണേ’ കേട്ടിട്ടുണ്ടോ? ഇട്ടൂപ്പച്ചായന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്. ചേര് എന്ന മരം ചിലർക്ക് അലർജി ഉണ്ടാക്കും. അതിനു പരിഹാരം താന്നിമരത്തിന്റെ സ്പർശമാണ്. പക്ഷേ, വസ്ത്രങ്ങളില്ലാതെ താന്നിയെ കെട്ടിപ്പിടിച്ചാണ് ഇതിന്റെ ചികിത്സ. കുന്തിരിക്കമരവും താന്നിയും പേരറിയാത്ത പല ചെടികളും ശബ്ദങ്ങളും കടന്ന് ആതിരപ്പളളിക്ക്.

ഈ വഴിയിലാണ് ആനക്കയം. വേനലിൽ ആനകൾ ഇവിടെയെത്തി കുളിക്കുമായിരുന്നത്രേ. പുഴയിൽ ഇറങ്ങുന്നത് സൂക്ഷിച്ചു വേണം ആനയോളം ആഴമുളള കുഴികളുണ്ട് ഇവിടെ.‌‌ വണ്ടി റോഡരുകിൽ നിർത്തിയപ്പോഴാണ് അതിരപ്പിളളിയെത്തി എന്നറിഞ്ഞത്. താഴേക്ക് വെളളച്ചാട്ടത്തിനടിഭാഗം വരെ നടക്കണം.

ചാലക്കുടിയിൽ നിന്നും അതിരപ്പളളി, വാഴച്ചാൽ, ഷോലയാർ വഴി മലക്കപ്പാറയിലേക്ക്
ചാലക്കുടിയിൽ നിന്ന് അതിരപ്പിളളി, വാഴച്ചാൽ വഴി മലക്കപ്പാറയിലേക്ക്

ബാഹുബലിയിലെ കിടിലൻ വെളളച്ചാട്ടമാണ് മനസ്സിൽ. കൂറ്റൻ ശിവവിഗ്രഹവുമായി ശിവ നടന്നു വരുന്ന രംഗം ഓർക്കാതിരുന്നില്ല. പക്ഷേ, റാവണിലെ ബെഹ്നേ ദേ എന്ന ഗാനരംഗം മാത്രമായിരുന്നു മനസ്സിൽ. ഇവിടെ എത്തുന്ന ഓരോരുത്തരിലും വ്യത്യസ്തമായ ഈണത്തിലാകും അതിരപ്പളളി ഒഴുകുന്നത്. മണിരത്നം സിനിമയിലെ മനോഹരദൃശ്യങ്ങളിലാവും അത് തെളിയുന്നത്. പ്രണയവും ഭയവും ആർദ്രതയും വീര്യവുമുളള പെണ്ണിനെ പോലെ അതിരപ്പളളി വിളിച്ചു കൊണ്ടേയിരുന്നു. ഒഴുകണം നിന്നെ പോലെ, മനസ്സ് മന്ത്രിച്ചു.

പതുക്കെ പതുക്കെ സ്റ്റെപ്പുകൾ ഇല്ലാതാകുന്നു. മൺവഴി തെളിഞ്ഞു. ഇടതു വശത്ത് ഒരിലയനക്കം. മാൻ... ഞങ്ങളിത്രയും പേരുടെ കണ്ണു തളളിച്ച പാർട്ടി താനാണെന്ന ഒരഹങ്കാരവുമില്ലാതെ ഇലകൾ ചവയ്ക്കുകയാണ്. ’ അത് മാനല്ല, മ്ലാവാണ്’. സുരേഷേട്ടൻ ഞങ്ങളെ തിരുത്തി‌. താഴേക്ക് ഇറങ്ങും തോറും ഈറനണിയുന്ന കാറ്റ്. വെളളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്. മുളം കാടുകളുടെ വേലിത്തണുപ്പിനുളളിൽ നിന്നും ആദ്യ കാഴ്ച. അവളെന്നെ കീഴടക്കിയിരിക്കുന്നു. എന്നിലൂടെ എന്നെയും കൊണ്ടൊഴുകാൻ തുടങ്ങിയിരിക്കുന്നു. അപ്പൂപ്പൻ താടി പോലെ ഉതിർന്നു വീഴുന്നു വെളളത്തുളളികൾ.

വെളളച്ചാട്ടത്തിന്റെ മുകൾ ഭാഗം കാണണം ഇനി. സാഹസികത ആകാമെന്നു തോന്നിയതിനാൽ മൺവഴിയാണ് തിരഞ്ഞെടുത്തത്. കല്ലിലും മരവേരുകളിലും ചവിട്ടിയും പിടിച്ചും കയറുമ്പോൾ സ്പോർട്സ് ഷൂ എടുക്കാമായിരുന്നുവെന്നു തോന്നി. ഓരോ കയറ്റവും കയറി അല്പം വിശ്രമിക്കുമ്പോൾ ആവേശത്തിന്റെ ശ്വാസനിശ്വാസങ്ങൾക്ക് കാടിന്റെ താളം. വെളളച്ചാട്ടത്തിന്റെ മുകൾഭാഗം എത്തിയിരുന്നു.

ആതിരപ്പള്ളി
ഇവിടെ എത്തുന്ന ഓരോരുത്തരിലും വ്യത്യസ്തമായ ഈണത്തിലാകും അതിരപ്പളളി ഒഴുകുന്നത്

ചുട്ടു പഴുത്ത പാറയിലൂടെ സർക്കസ് കളിച്ച് പുഴയിലേക്ക്. ദൈവമേ....തണുത്തു, ഉളളും പുറവും. പുഴയുടെ കുളിരിന്... കാലിൽ വന്നു കൊത്തിയ ചാരനിറമുളള കുഞ്ഞു മീനുകൾക്ക്... പാറയിൽ മുട്ടുകുത്തി മുഖം പുഴയിലേക്ക് ആഴ്ത്തി. മുടിയും മുഖവും കുളിർപ്പിച്ച പുഴ മനസ്സിനെ തണുപ്പിച്ചിരുന്നു. കൂട്ടിവെച്ച എത്ര വ്യഥകളാണ് ഒലിച്ചു പോകുന്നത്....

കാടിന്റെ ഹൃത്തിൽ.....

അതിരപ്പളളിയിലെ വെളളച്ചാട്ടം വാശിക്കാരിയായ കാമുകിയാണെങ്കിൽ, വാഴച്ചാൽ നവവധുവാണ്. കുലീനം, സൗമ്യം.

സിമന്റ് ബഞ്ചുകളും മറ്റ് ഇരിപ്പിടങ്ങളുമുണ്ടായിട്ടും പുഴയിലേക്ക് മറിഞ്ഞു കിടക്കുന്ന മരമാണ് മനസ്സ് കവർന്നത്. കാലുകൾ പുഴയിലേക്ക് ഇട്ട് ആ മരക്കൊമ്പിൽ, തണലിൽ, ഇരിക്കണം. ഇറങ്ങാനുളള വഴി താൽക്കാലികമായി അടച്ചിട്ടിരിക്കുന്നു. സന്ദർശകരുടെ കൈയ്യിലിരിപ്പാണത്രേ കാരണം. വീണ്ടും കവിത പെയ്തിറങ്ങി....

കാടിന്റെ ഹൃത്തിൽ കടമ്പിന്റെ ചോട്ടിൽ നീ ഓടക്കുഴൽ വിളിക്കുമ്പോൾ....‌

ആ കാഴ്ചയിൽ അല്ലാതെ കണ്ണനെ ഞാൻ മറ്റെവിടെയാണ് കുടിയിരുത്തുക‌? നിഴലും വെട്ടവും ഒളിച്ചു കളിക്കുന്ന നടവഴികളിലൂടെ നടന്നു. സഹയാത്രികരിൽ പുതുപ്പെണ്ണും മണവാളനും കൈകളിൽ കൈകോർത്ത് നടന്നു നീങ്ങുന്നു.

സഞ്ചാരികൾ
ഉദ്യാനത്തിലെ കാഴ്ചകളാദ്യം തൂക്കു പാലമാണ്

ഇനി കാട്ടിലൂടെയാണ് യാത്ര. ചെക്ക്പോസ്റ്റിൽ ഓരോ വാഹനങ്ങളും തടഞ്ഞു നിർത്തി പരിശോധിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളുടേയും മറ്റും എണ്ണമെടുക്കുകയാണ്. കാടു തീരുമ്പോഴും ഇവയുടെ എണ്ണം രേഖപ്പെടുത്തും. ഒന്നും വലിച്ചെറിയപ്പെടുന്നില്ല എന്നുറപ്പിക്കുന്നു. ‌

ഇല പൊഴിയും കാടുകളിലൂടെയാണ് ഇനി യാത്ര. കണ്ണുകളും കാതുകളും തുറന്നു വച്ചു. എവിടെയാണ് കാഴ്ചകൾ മറഞ്ഞിരിക്കുന്നത്. മലയണ്ണാൻ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, പുലി, ആന, വേഴാമ്പൽ, കാട്ടുപന്നി അങ്ങനെ ജന്തുജാലങ്ങളുടെ ഒരു നിര തന്നെയുണ്ട് ഇനി കാണാൻ. പക്ഷേ, ഭാഗ്യം തുണയ്ക്കണം. ആകാശത്തേക്ക് തീ തുപ്പി നിൽക്കുന്ന മരങ്ങളായിരുന്നു കാഴ്ചയിലാദ്യം. വെളുപ്പും തവിട്ടും ചാരവുമണിഞ്ഞ മരങ്ങൾ. അവയിലെ വരകളിലും വളയങ്ങളിലും വിണ്ടു കീറലുകളിലും കണ്ണു ചാടി ചാടി നടന്നു, കുരങ്ങച്ചാരെ പോലെ. ഇടയ്ക്ക് ഒഴുകുന്ന അരുവികൾക്കിടയിൽ ചീവീടുകളുടെ ഉച്ചഭാഷിണി മുഴങ്ങുന്നുണ്ട്.

 സിംഹവാലൻ കുരങ്ങുകൾ
സിംഹവാലൻ കുരങ്ങ്

ഷോളയാർ ലോവർ ഡാമിലെ കാഴ്ചകളും കണ്ട്, ഭക്ഷണത്തിനായി ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ഡാമിന്റെ നിർമാണ പുരോഗതി അറിയിക്കാൻ ഓഫീസേഴ്സ് വന്നു താമസിച്ചത് ഇവിടെയാണ്. മരപ്പലകയിൽ തീർത്ത തറയുടെ അടിയിലൂടെ വായു സഞ്ചാരത്തിനുളള ദ്വാരങ്ങളുണ്ട്. ആനയുടെ ആക്രമണത്തിൽ ബംഗ്ലാവിന്റെ ഒരു വശം കാര്യമായി പൊളിഞ്ഞതും പുതുക്കി പണിതതും കേട്ടപ്പോൾ ഒരു ഭയം. ആന വരുമോ?

മൻസിൽ സേ ബഹ്തർ.....

വഴി നിത്യഹരിതവനങ്ങളുടെ പച്ചപ്പിലേക്ക് വഴി മാറി. ആദ്യ കാഴ്ച ‘കോഴി വേഴാമ്പൽ’. ഈ കാടുകളിൽ തന്നെ നാലുതരം വേഴാമ്പലുകളുണ്ട്. കോഴി വേഴാമ്പൽ മലമുഴക്കിയെ പോലെ സുന്ദരനല്ല‌. ചാരനിറമാണ്. അധിക സമയം വൈകാതെ മലമുഴക്കിയും കാഴ്ചയിൽ പതിഞ്ഞു.

കാട്ടുമുയൽ
കാട്ടുമുയൽ

കാടിന്റെ തണുപ്പ് അരിച്ചിറങ്ങി തുടങ്ങി. വെയിലെത്താത്ത പച്ചവഴികളിലൂടെ യാത്ര മുന്നേറുന്നു. ശബ്ദങ്ങളുടെ മൗനരാഗത്തിൽ ഏതു കിളിമൊഴി, ഏതു മുള മൊഴിയെന്നും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് മനോഹരമായ ഒരു തടാകം. മേഘക്കീറുകൾ പുതച്ച് കിടക്കുന്നു. കറുത്ത പൊട്ടുകളായി വെളളം കുടിക്കാനെത്തുന്ന കാട്ടു പോത്തുകൾ. അരികിലൊരിടത്ത് വണ്ടി അല്പനേരം നിറുത്തിയിട്ടു വെറുതേ കാഴ്ചകളിലേക്ക് ഇറങ്ങി നടന്നു. മഞ്ഞിന്റെ സുഖമുളള തണുപ്പ്. പത്തു മനസ്സുകൾ ഒന്നായി തീർന്നതിന്റെ ആവേശം. ലക്ഷ്യത്തേക്കാൾ മനോഹരം ഈ യാത്രയാണ്, വഴികളാണ്...

ഹം ജോ ചൽനേ ലഗേ, ചൽനേ ലഗേ യേ രാസ്തേ....

മൻസിൽ സേ ബഹ്തർ ലഗ്നേ ലഗീ ഹേ യേ രാസ്തേ....

മനസ്സ് മൂളിക്കൊണ്ടേയിരുന്നു.

മുഖത്ത് നരച്ച താടി രോമങ്ങളുമായി സിംഹവാലൻ കുരങ്ങുകൾ. ക്യാമറക്കണ്ണുകൾ അടച്ചു തുറക്കുന്ന വേഗത്തിൽ അവ ചാടി മറിഞ്ഞു. കരിങ്കുരങ്ങുകൾ, മലയണ്ണാൻ....ഓരോ കാഴ്ചയും ചലനവും അത്ഭുതമായിരുന്നു. ഇമ വെട്ടാതെ ശ്വാസമടക്കി നിരീക്ഷിച്ച ഓരോ പക്ഷിയും കൗതുകങ്ങൾക്കപ്പുറമായിരുന്നു. കാട്ടു പന്നികൾ ഇറങ്ങിയ താഴ്‌വരകളും കാട്ടു മുയലുകൾ ഓടിക്കളിക്കുന്ന തേയിലത്തോട്ടങ്ങളും കണ്ട് മലക്കപ്പാറയിലേക്ക്. കേരളം ഇവിടെ അവസാനിക്കുകയാണ്. ഇനി തമിഴകമാണ്.

പ്രകൃതി ഭംഗി
വഴി നിത്യഹരിതവനങ്ങളുടെ പച്ചപ്പിലേക്ക് വഴി മാറി

ഇളം തണുപ്പിൽ ചായ ഊതിയൂതി കുടിച്ചു. പുലിയിറങ്ങുന്ന ഇടമാണ്. ആനകൾ ഇടയ്ക്ക് വിരുന്നെത്തും. കായ ബജിക്കൊപ്പം ‍ഡ്രൈവർ ലിജോ കഥകളിറക്കി. സമയം അഞ്ചാകുന്നു. രാത്രിയാകും മുന്നേ കാടു പിന്നിടണം.

വളവുകളും തണുപ്പും പിന്നിട്ട് റോഡിലിറങ്ങുമ്പോൾ ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം. മ്ലാവുകൾ റോഡരികിൽ കൂട്ടം കൂടി നിൽപ്പുണ്ട്.

ലിജോ ബ്രേക്ക് മെല്ലെയമർത്തി വേഗത കുറച്ചു. ഞങ്ങളോടായി പറ‌‍ഞ്ഞു. ക്യാമറ എടുത്ത് തയ്യാറായിക്കൊളളൂ. അടുത്തെവിടെയോ പുലിയുണ്ട്!!!

ഉറക്കത്തിൽ നിന്നും ആരൊക്കെയോ ചാടിയുണർന്നു. കണ്ണുകളിൽ ഹെഡ് ലൈറ്റിന്റെ മഞ്ഞവെളിച്ചം നിറഞ്ഞു. തൊട്ടാൽ പൊട്ടുന്ന ബലൂൺ പോലെ നിറഞ്ഞു നിൽക്കുന്ന ശ്വാസകോശം. കൈകൾ ജനാലകമ്പിയിൽ മുറുക്കിപിടിച്ചു. ഇരുട്ടാണ്. ദൂരെ കാടൊന്നുലഞ്ഞു. രണ്ട് ഗോളങ്ങൾ തിളങ്ങി!!!

Where to Stay

ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ നോൺ എ സി മുറികൾ ലഭ്യമാണ്. നിരക്ക് 260 രൂപ മുതൽ.

ഫോൺ: 0480 2702686

വഴിയോരക്കാഴ്ചകൾ
കാട്ടുപന്നികൾ

ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമുളള ഹോട്ടൽ സിദ്ധാർത്ഥയിൽ മൂവായിരും രൂപ മുതൽ എ സി മുറികൾ ലഭ്യമാണ്. കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്, വൈഫൈ എന്നിവയും സേവനങ്ങളിൽ‌ ഉൾപ്പെടും. ഫോൺ: 0480 2710030 ബൈപാസ് ജംങ്ഷനു സമീപമുളള ഹോട്ടൽ മെഡോസ് ഇന്റർനാഷണൽ രണ്ടായിരത്തി അഞ്ഞൂറ് രൂപ മുതൽ എസി /നോൺ എസി റൂമുകൾ ലഭ്യമാണ്. ഫോൺ 0480 2710073

How to contact

രാവിലെ എട്ടുമണിക്ക് ചാലക്കുടി പി.ഡബ്ല്യൂ.‍ഡി റസ്റ്റ് ഹൗസിന്റെ മുമ്പിൽ നിന്നും തുടങ്ങുന്ന ‘ജംഗിൾ സഫാരി’ തുമ്പൂർ‌ മുഴി, ആതിരപ്പിളളി, ചാർപ്പ, വാഴച്ചാൽ, പെരിങ്കൽകൂത്ത്, ആനക്കയം, ഷോളയാർ വഴി മലക്കപ്പാറയിലെത്തുന്നു. രാത്രി എട്ടുമണിയോടെ തിരിച്ച് ചാലക്കുടിയിലെത്തും. 800 രൂപയാണ് ഒരാൾക്ക് ചെലവ്. ബന്ധപ്പെടേണ്ട നമ്പർ. 0480 276988 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA