ദേശാടനക്കിളികളുടെ പറുദീസയിലേക്ക്‌ ! മംഗളജോതി - ചിൽക യാത്ര

519367232
SHARE

യാത്രകൾ എല്ലായ്പ്പോഴും അങ്ങനെയാണ്. മനസ്സിനെ കുളിരണിയിച്ച്‌ കാഴ്ചയുടെ നിറവസന്തമൊരുക്കി നമ്മളെ ആനന്ദലഹരിയിൽ ആറാടിക്കും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലവണഭൂമിയായ മംഗളജോതിയിലേക്കുള്ള യാത്ര അപ്രതീക്ഷിതവും അവിശ്വസനീയവുമായ അനുഭവമാണു പകർന്നു നൽകിയത്‌. കാഴ്ചയുടെ പുത്തൻ ഭാവങ്ങളുമായി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ചിൽക പരിസ്ഥിതി ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണ്. വർഷാവർഷം പരിസ്ഥിതിപ്രേമികളായ സഞ്ചാരികളുടെ വലിയ നിര തന്നെ ഇവിടേക്കെത്താറുണ്ട്‌. 

657885536
Grey heron

എന്നും മനോഹരമായ വനയാത്രകളാണു ട്രാവലോൺ ഒരുക്കിത്തരാറുള്ളത്‌. അതുകൊണ്ടുതന്നെ മംഗലജോതിയിലേക്ക്‌ ഒരു യാത്ര എന്നു കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിപ്പുറപ്പെട്ടു. ഭുവനേശ്വർ വരെ ട്രെയിനിൽ. കാലാവസ്ഥയ്ക്കൊപ്പം ഓരോ ദേശത്തിന്റെയും മുഖച്ഛായ തന്നെ മാറുന്നു. കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങൾ, വേനൽച്ചൂടിൽ ഉണങ്ങി വാടി വാർധക്യഭാവത്തിലെത്തി നിൽക്കുന്ന കാർഷിക വിളകൾ... ഇടയ്ക്കിടെ മിന്നിമറയുന്ന പച്ചപ്പ്‌. തീവണ്ടിപ്പാളത്തിനകലെ നിരയൊത്ത്‌ നിലം പൊത്തി പണിതിരിക്കുന്ന ചെറു കൂരകൾ. വേറിട്ട സംസ്കാരങ്ങൾ, ജീവിതങ്ങൾ... തീവണ്ടി വേഗത്തിനൊപ്പം കാഴ്ചകളും നൊടിയിടയിൽ മിന്നി മറയുന്നു. ഇടയ്ക്കെപ്പോഴോ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കൂട്ടത്തോടെ കയറി വന്ന് സീറ്റു കയ്യടക്കി സായന്തനം ആഘോഷിച്ച ഒഡിഷൻ ഗ്രാമീണർ അൽപ്പം അലോസരപ്പെടുത്തി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്ന പ്രതീതി. ദീർഘദൂര യാത്രകൾ ചിലപ്പോഴൊക്കെ അങ്ങനെയാണ്. അതൃപ്തിയോടെ വീണ്ടും വഴിയോരക്കാഴ്ചകളിലേക്കായി ശ്രദ്ധ. 

ഇടയ്ക്കിടെ നിർത്തിയിടുന്ന തീവണ്ടിയെ പഴിച്ചും ട്രെയിൻ യാത്രയുടെ വിരസതകളിൽനിന്ന് ഓടിയൊളിച്ചും ഭുവനേശ്വർ എത്തിയത്‌ അറിഞ്ഞില്ല. ഇനിയുള്ള യാത്ര കാറിലാണ്. ഭുവനേശ്വറിൽനിന്ന് ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട്‌ ഗ്രാമീണതയുടെ നൈർമല്യം വിളിച്ചോതുന്ന മംഗലജോതിയിലേക്ക്‌. ഇടയ്ക്ക്‌ വിശപ്പിന്റെ കാഠിന്യം കൂടിയപ്പോൾ വഴിയിൽ ഒരു ധാബയിൽ കയറി. റൊട്ടിയും പനീർ മസാലയുമൊക്കെയായി സ്വാദേറിയ ഭക്ഷണവും കഴിച്ച്‌ യാത്ര തുടർന്നു. 

829768670
Glossy ibis

ഒഡിഷയിലെ ഹോർദ്ദ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു മംഗലജോതി. വഴിയരികിൽ നിരയൊത്തു നിൽക്കുന്ന മുളങ്കാടുകളാണു സഞ്ചാരികളെ ഗ്രാമത്തിലേക്കു സ്വാഗതം ചെയ്യുന്നത്‌. അങ്ങിങ്ങായി കൃഷിയിടങ്ങൾ, ചെറു വീടുകൾ, വഴിയരികിലൂടെ കുടവും തലയിലേന്തി പോകുന്ന ഗ്രാമീണവനിതകൾ. വേനൽക്കാലയാത്രയിലെ നിത്യക്കാഴ്ചകളാണിതെല്ലാം. വർണ്ണാഭമായ വേഷവിധാനങ്ങളും നിറയെ ആഭരണങ്ങളുമണിഞ്ഞ് ഇരു കയ്യിലും കുടവുമേന്തി പോകുന്ന കാഴ്ചയിൽ കൗതുകം തോന്നി അൽപദൂരം പിന്തുടർന്നു. ആരോ പിന്നാലെയുണ്ടെന്ന തോന്നലാവാം, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവർ നടത്തത്തിനു വേഗം കൂട്ടി, അവസാനം ഓട്ടത്തിൽ കലാശിച്ചു. കിലോമീറ്ററുകൾ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടിവരുന്ന ദുരവസ്ഥ ദയനീയം തന്നെ.

മംഗലജോതി എത്തിയപ്പോഴേക്കും കാഴ്ചയുടെ രൂപവും ഭാവവും പാടെ മാറി. പരമ്പരാഗത കൃഷിരീതികൾ പിന്തുടരുന്ന ഗ്രാമീണരുടെ പ്രധാന കുടിൽവ്യവസായം മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണവും വിപണനവുമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വഴിയോരക്കച്ചവടത്തിൽ സജീവം. മുഷിഞ്ഞ വസ്ത്രവും ദയനീയഭാവവുമായി ഇരിക്കുന്ന കുട്ടികളിലേക്ക്‌ അറിയാതെ ശ്രദ്ധ നീണ്ടു. അവരെയാണു നോക്കുന്നത്‌ എന്നു മനസ്സിലായപ്പോഴേക്കും പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി പിന്നാലെ കൂടി. ഇന്ത്യയുടെ നഷ്ട ബാല്യങ്ങൾ. ഒന്നു രണ്ടു സ്തൂപങ്ങളും വാങ്ങി വഴി വിശദമായി ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ഇക്കോ കോട്ടേജിലേക്കു യാത്ര തുടർന്നു. അവിടെ ഒരു ദിവസം വിശ്രമം, അതിനു ശേഷം യാത്ര തുടരാം എന്നതാണു പ്ലാൻ.

825323832
Grey-headed Swamphen

സാമാന്യം വൃത്തിയുള്ള അന്തരീക്ഷം. മുള കൊണ്ടാണു മിക്ക കോട്ടേജുകളും നിർമിച്ചിരിക്കുന്നത്‌. അവ ചൈനയിലെ ഗോത്രവംശജരുടെ പൗരാണിക ഗ്രാമത്തിന്റെ പ്രതീതിയുളവാക്കി. പുലർച്ചെ ഉദയസൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കും മുൻപേ യാത്ര ആരംഭിച്ചു. കനത്ത നിശബ്ദതയുള്ള ഗ്രാമീണ വഴികൾ പിന്നിട്ടാൽപ്പിന്നെ യാത്രയുടെ ലഹരിയിൽ നമ്മളറിയാതെ ലയിച്ചുപോകും. മുളങ്കാടുകളിൽ ഉല്ലാസത്തോടെ പാടുന്ന കാട്ടുപറവകൾ. അതിനു താളം പിടിക്കുന്ന ഇലയനക്കങ്ങൾ. മുന്നോട്ടു പോകുംതോറും കാഴ്ചയുടെ വിസ്മയലോകം തന്നെയാണു പ്രകൃതി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്‌. 

679299994
oriental pratincole

പരന്നുകിടക്കുന്ന വെള്ളം, ചതുപ്പ്‌ നിലങ്ങൾ, അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന ചെറിയ പുൽച്ചെടികൾ, വെള്ളത്തിൽ ആർത്തുല്ലസിക്കുന്ന വിവിധയിനം പക്ഷികൾ. കാഴ്ചകളും ആസ്വദിച്ച്‌ മംഗലജോതിയുടെ അപൂർവതകൾ തേടിയുള്ള യാത്ര അവസാനിച്ചത്‌ ചിൽക ലേക്കിലാണ്. 

കോടമഞ്ഞിന്റെ ആലസ്യത്തിൽ അമർന്നുകിടക്കുന്ന ചിൽകയ്ക്ക്‌ സമാനതകളില്ലാത്തൊരു സുന്ദരിയുടെ ഭാവമാണ്. സഞ്ചാരികളെ ചിൽകയുടെ സുന്ദരദൃശ്യങ്ങളിലേക്കെത്തിക്കാൻ കെട്ടുവള്ളങ്ങളും ചെറിയ ബോട്ടുകളും തീരത്ത്‌ കാത്തുകിടക്കുന്നു. കാൽപനികമായ ഓർമകളുണർത്തിയ കെട്ടുവള്ളത്തിലെ യാത്രയിൽ അൽപസമയം കിളികളുടെ സംഗീതത്തിനായി മനസ്സ്‌ തുറന്നുകൊടുത്തു. പരദൂഷണം പറയാൻ പക്ഷികളും മോശക്കാരല്ല!  ചുറ്റിനും കാതടപ്പിക്കുന്ന കിളികളുടെ കളകളാരവങ്ങൾ മാത്രം. ഒറ്റയ്ക്കും കൂട്ടമായും ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവ ആസ്വദിച്ച്‌ ഇര തേടലിൽ വ്യാപൃതരായിരിക്കുന്നു. പായൽപരപ്പുകളോടു ചേർന്നു നിൽക്കുന്ന ചെറു പുൽനാമ്പുകളും പ്രാണികളും ചെറു മീനുകളുമൊക്കെയാണ് ഇഷ്ട ഭക്ഷണം. 

ചിൽക ലേക്കും ബേ ഓഫ്‌ ബംഗാളും തമ്മിൽ അറുപത്‌ മീറ്ററോളം നീളമുള്ള ഒരു ചാലു കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്രേ. പക്ഷികളെ ചൂണ്ടിക്കാണിച്ചു തരുന്നതിനിടയ്ക്ക്‌ ദൂരേക്കു കൈ ചൂണ്ടി സംവദ്‌ പറഞ്ഞു. ദയാ നദി ബംഗാൾ ഉൾക്കടലിനോടു ചേരുന്ന ഭാഗത്തെക്കുറിച്ച്‌ മുൻപെപ്പോഴോ വായിച്ചത്‌ ഓർമയിലുണ്ട്‌. സംവദ്‌ ആണു കെട്ടുവള്ളത്തിന്റെ സാരഥി. മത്സ്യബന്ധനമാണു പ്രധാന തൊഴിൽ. കാശ്‌ അൽപ്പം കൂടുതൽ കിട്ടുമെങ്കിൽ ഇടയ്ക്ക്‌ സഞ്ചാരികളുമായി സവാരിക്കിറങ്ങും. ചിൽകയെക്കുറിച്ചും വിരുന്നുകാരായ പക്ഷികളെക്കുറിച്ചുമൊക്കെ നല്ല ഗ്രാഹ്യമാണ്. അതുകൊണ്ടാണ് ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നത് എന്നാണു സംവദിന്റെ വാദം. 

ചെറുദ്വീപുകളും കടൽത്തീരവും ചേർന്ന ചിൽക പുരി, ഖുർദ്ദ, ഗഞ്ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്നു. വൈവിധ്യമാർന്ന പ്രകൃതി സമ്പത്തിനാൽ സമ്പന്നമാണ് ഇവിടം. രംഭബേ, ബേക്കൺ, ബ്രേക്ഫാസ്റ്റ്‌, ഹണിമൂൺ, എന്നിങ്ങനെ അറിയപ്പെടുന്ന ചെറു ദ്വീപുകൾ ചിൽകയിലുണ്ട്‌. ഡോൾഫിനുകളുടെ കലവറയായിരുന്ന സത്പദ ആയിരുന്നു അതിലേറ്റവും പ്രസിദ്ധവും മനോഹരവും. ഇന്ത്യയിലെ ഏറ്റവും വലിയ ലവണഭൂമിയായ ചിൽക ലേക്ക് 740 കിലോമീറ്ററോളം വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. വാട്ടർ ലഗൂൺ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്കു വാതായനങ്ങൾ തുറക്കുന്ന ചിൽക ദേശാടനക്കിളികളുടെ പറുദീസ കൂടിയാണ്. വർഷാവർഷം അനവധി ദേശാടനക്കിളികൾ ഇവിടേക്കു വിരുന്നിനെത്തുന്നു. ശൈത്യകാലത്താണ് അവയിലേറെയും ഇവിടെ കാണാറുള്ളത്‌. അർധദ്വീപിന്റെ സ്വഭാവമുള്ള ചിൽകയിൽ സ്ഥിരവാസികളും ദേശാടനക്കിളികളുമുൾപ്പടെ ഏകദേശം 200 ഓളം വിഭാഗത്തിൽപെട്ട പക്ഷികളെ കാണാറുണ്ട്‌. ഞാറപ്പക്ഷി, തൂവെള്ള, ചാരനിറ കൊക്കുകൾ,  കിങ് ഫിഷർ, ഗൾ എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ അനവധി പക്ഷികൾ..

472200034
Bluethroat

സമൃദ്ധിക്കൊപ്പം മനോഹാരിതയും നിറഞ്ഞ ചിൽക കാഴ്ചയിലങ്ങനെ തെളിഞ്ഞു നിൽക്കുന്നു. പക്ഷികൾക്കു മാത്രമായൊരു ലോകം. അത്‌ പൂർണമായും വാക്കുകളാൽ വരച്ചുകാട്ടുക അസാധ്യം

ഹൃദയതാളത്തിന്റെ ഈണത്തിൽ പറന്നുയരുന്ന പക്ഷികൾ, ആകാശത്ത്‌ ചടുലതയോടെ നൃത്തം ചെയ്യുന്നു. ചിറകുകൾ വീശി ചിത്രം വരയ്ക്കുന്നു. കാഴ്ചകളിൽ ലയിച്ച്‌ സമയം പോയതറിഞ്ഞില്ല. സുവർണ്ണ പ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന ചിൽകയോടു യാത്ര പറയാൻ സമയമായി. തിരികെ മംഗലജോതിയിൽ എത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്‌ സംവദ്‌. ഗ്രാമത്തിൽ ഉത്സവ സീസൺ ആയതിനാൽ അവിടേക്ക് ഒരു ക്ഷണവും കിട്ടി സംവദിന്റെ വക. അങ്ങനെ മനസ്സില്ലാ മനസ്സോടെ അവിടെനിന്നു മടങ്ങി. മംഗലജോതിയിൽ എത്തി അൽപം വിശ്രമത്തിനു ശേഷം ഭക്ഷണവും കഴിച്ച്‌ ദണ്ഡയാത്ര നടക്കുന്നിടത്തേക്ക്‌ തിരിച്ചു. സംവദിന്റെ മകൻ അമൻ എന്ന പത്തുവയസ്സുകാരൻ മിടുക്കനാണു വഴികാട്ടി. യാത്രക്കിടയിൽ, രാവിലെ വെള്ളവുമായി പോയ സ്ത്രീകളുടെ കൂട്ടത്തെ വീണ്ടും കാണുവാനിടയായി. അപരിചിതരോടുള്ള ആശങ്കയോ ഭയമോ. എന്താന്നറിയില്ല അവരെ വീണ്ടും ഞങ്ങളിൽനിന്നു മറഞ്ഞു നിൽക്കുവാൻ പ്രേരിപ്പിച്ചത്‌.

543599528
Black Tailed Godwit

ഗ്രാമീണതയുടെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന മംഗലജോതി വിരുന്നുകാരായെത്തുന്ന ദേശാടനക്കിളികളുടെ മാത്രമല്ല, അനവധി കലാ-സാംസ്കാരിക തനിമകളുടെ ഇടം കൂടിയാണ്. ചൈത്രമാസത്തിൽ അരങ്ങേറുന്ന ദണ്ഡയാത്ര ആണ് അതിൽ പ്രസിദ്ധം. കലിംഗ സാമ്രാജ്യത്തിന്റെ പ്രാചീന ഉത്സവം കൂടിയാണ് ഇത്‌. ഒഡിഷൻ ഗോത്രവിഭാഗക്കാർ ഇപ്പോഴും ഒരു ആചാരമായി ഈ ഉത്സവം പിന്തുടർന്നു പോരുന്നു.  ചൈത്ര - വൈശാഖമാസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിന്റെ ആദ്യപകുതി ശിവപ്രസാദവും രണ്ടും മൂന്നും പകുതിയിൽ ദേവീ ഭക്തിയും കാളീപൂജയും പ്രതിനിധാനം ചെയ്യുന്നു.

ചടുലതയാർന്ന നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന ദണ്ഡയാത്രയിൽ ഗ്രാമീണർ എല്ലാം മറന്നു ആർത്തുല്ലസിക്കുന്നു. നർത്തകരെ ദണ്ഡാസ്‌ എന്നാണു വിളിക്കുന്നത്‌. പെരുമ്പറയോടെയും മറ്റു വാദ്യമേളങ്ങളോടെയും ശിവനായും കലിയായുമെല്ലാം രൂപ ഭാവ വേഷവിധാനങ്ങളോടെ താന്ധവ നൃത്ത ലഹരിയിലാണ് എല്ലാവരും. ദണ്ഡാസ്‌ വ്രതം എടുത്താണു നൃത്തം ചെയ്യാറുള്ളതത്രെ. 13, 18, 21 എന്നിങ്ങനെയാണു ഉത്സവ കാലയളവ്‌. ഇഷ്ടദേവി തരാതരിണിയെ സന്തുഷ്ട ആക്കാൻ വേണ്ടിയാണു കലിംഗ രാജവംശം ഈ ഉത്സവം ആരംഭിച്ചത്‌ എന്നും വിശ്വാസമുണ്ട്‌. വ്യത്യസ്തവും വിശിഷ്ടവുമായ ആചാരാനുഷ്ഠാനങ്ങളുടെ സംയോജന രീതിയായ ദണ്ഡയാത്ര ആ ജനതയുടെ സംസ്കാരത്തിലേക്കും പൈതൃകത്തിലേക്കും സഞ്ചാരികളെ കൈപിടിച്ചാനയിക്കുന്നു. 

അതെ, യാത്ര എപ്പോഴും അങ്ങനെയാണ്. ഒരു ദേശത്തെത്തുമ്പോൾ നാം പോലും അറിയാതെ ആ പ്രദേശത്തിന്റെ തനിമയും  ജീവിതരീതികളും  നമ്മിലേക്കും ആവാഹിക്കപ്പെടും. അൽപ നേരമെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അതിർ വരമ്പുകളെ ഭേദിച്ച്‌  നമ്മളും ആ നാട്ടുകാരാവും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA