ലൈക്കുകളും കമന്റുകളും ഫോട്ടോഗ്രാഫറാക്കിയ അപർണ

Camera-aparana
SHARE

വന്യജീവി ഫോട്ടോഗ്രാഫിയിൽ കാടിനകത്തു പോയി ചിത്രങ്ങളെടുക്കാൻ ഇപ്പോൾ സ്ത്രീകൾക്കും മടിയൊന്നുമില്ല. യാത്രകൾ ഇഷ്ടമാണെന്നതിനപ്പുറം ഫോട്ടോഗ്രഫിയോടുള്ള പ്രണയം തന്നെയാവണം എന്ത് ബുദ്ധിമുട്ടുകളെയും മറികടന്നു വന്യമായ ഒരിടത്തു പോയി ചിത്രങ്ങളെടുക്കാൻ അപൂർവ്വം ചില വനിതകൾക്കും തോന്നിപ്പിക്കുന്നതിന്റെ പിന്നിൽ. അത്തരത്തിൽ ഒരാളാണ് അപർണ പുരുഷോത്തമൻ. കാടിന്റെ ആത്മാവറിഞ്ഞാൽ മാത്രമേ ഉള്ളിലേക്ക് കടക്കാൻ കാട് മനുഷ്യരെ അനുവദിക്കാറുള്ളൂ, സഞ്ചാരികളിൽ നിന്നും വന്യജീവി ഫോട്ടോഗ്രാഫർമാർക്കുള്ള പ്രത്യേകതയും അതാണ് കാടിന്റെ ആത്മാവിനെ അറിഞ്ഞു എന്നത്. കൂടുതൽ വിശേഷങ്ങൾ അപർണ പറയും.

aparna-6.jpg.image.784.410

സോഷ്യൽ മീഡിയയുടെ കാലത്തിലും പക്ഷികളും മൃഗങ്ങളുടെയും ഭാഗത്തായിരുന്നു ഞാനെന്നും. വന്യമൃഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്നവർ പ്രത്യേകം നോക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു,ഒരിക്കൽ എന്റെയൊരു സുഹൃത്താണ് വന്യജീവി സ്ത്രീ ഫോട്ടോഗ്രാഫറായ രാധിക രാമസ്വാമിയുടെ പ്രൊഫൈൽ എനിക്ക് പരിചയപ്പെടുത്തിയത്, ഇന്ത്യയുടെ ആദ്യത്തെ വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് രാധിക. കൂടുതലും പക്ഷികളുടേതായിരുന്നു അവരെടുത്ത ചിത്രങ്ങൾ, അത് കാണുന്തോറും ഞാൻ കൂടുതൽ അതിശയങ്ങളിലേക്ക് വീണു പോയി.

aparna-3.jpg.image.784.410

ഫോട്ടോഗ്രാഫിയ്ക്കു വേണ്ടി സ്വന്തം ജോലി വരെ വേണ്ടെന്നു വച്ച വ്യക്തിയാണ് രാധിക, എല്ലാം കൂടി കണ്ടപ്പോൾ വല്ലാത്ത ആരാധന. പക്ഷെ ഇത്തരത്തിൽ എങ്ങനെ ഈ ജോലിയിലേക്ക് വന്നെത്തണം എനിക്കറിയില്ലായിരുന്നു.എന്റെ മാനസികമായ ആഗ്രഹങ്ങൾ വളരെ വലുതാണ്, പക്ഷെ എങ്ങനെ എത്തിപ്പെടും. രാധികയുടെ ചിത്രങ്ങൾ തന്ന ഊർജ്ജം വളരെ വലുതായിരുന്നു.

എം ജി സർവ്വകലാശാലയിലായിരുന്നു പി എച്ച് ഡി ചെയ്തത്, അതിനു ശേഷം അശോക്‌മായുള്ള വിവാഹം കഴിഞ്ഞു. കെ എസ് ഇ ബിയിൽ എൻജിനീയർ ആയിരുന്നു അശോക്, ഞങ്ങളുടെ വിവാഹശേഷം ഷോളയാർ ഉള്ള ഒരിടത്താണ് അദ്ദേഹത്തിന് അപ്പോയിന്റ്മെന്റ് ലഭിച്ചത്. അതിരപ്പിള്ളിയിൽ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റർ അകത്തേയ്ക്ക് പോകണം. അതൊരു വല്ലാത്ത കാടനുഭവമായിരുന്നു.

aparna-5.jpg.image.784.410

ആ സമയത്ത് ചിത്രരചന മാത്രമാണ് സമയം പോകാനുള്ള ഏകമാർഗം. നിറങ്ങളോട് എനിക്കിഷ്ടവുമുണ്ടായിരുന്നു. ഞങ്ങളുടെ ആദ്യ വിവാഹദിനത്തിൽ അശോക് എനിക്ക് ഒരു ക്യാമറ സമ്മാനമായി നൽകി. വരയ്ക്കാൻ വേണ്ടി ചിത്രങ്ങളെടുക്കാൻ ക്യാമറ സഹായിക്കും എന്ന് പറഞ്ഞാണ് അത് നൽകിയതും. പക്ഷെ അന്നൊന്നും ഫോട്ടോഗ്രാഫി എനിക്കൊരു പാഷനെ ആയിരുന്നില്ല. അതുകൊണ്ടു തന്നെ ഇതുപോലെ ഒരു ക്യാമറയ്ക്കു വേണ്ടി ഇത്രയും പണം ചിലവാക്കിയതോർത്തപ്പോൾ എനിക്ക് അന്ന് വലിയ വിഷമമുണ്ടായി.

ഇതിനൊക്കെ ശേഷം ഒരിക്കൽ ഞങ്ങൾ അവിടെ ഒരു ബീച്ചിൽ പോയി, ഓപ്പ ക്യാമറയും. അവിടുത്തെ കടലിന്റെയും മരങ്ങളുടേയുമൊക്കെ ചിത്രമെടുത്ത് ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പക്ഷെ എന്ന് അതിശയിപ്പിച്ചു കൊണ്ടാണ് ആ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമൊക്കെ വന്നത്. ഒരുപാട് പേര് ആ ചിത്രങ്ങളെ കുറിച്ച് പറഞ്ഞു. അതോടെ ചിത്രകാരിയായിരുന്ന എനിക്ക് നിറങ്ങളേക്കാൾ പ്രിയം ക്യാമറ ലെൻസുകളോടായി തീർന്നു. 

aparna-7.jpg.image.784.410

പിന്നീട് ക്യാമറ കൊണ്ട് ചിത്രങ്ങളുടെ പുറകിൽ തന്നെയായിരുന്നു. ഒരിക്കൽ ഒരു തൊപ്പിക്കിളിയുടെ കൂടു കണ്ടെത്തി. അതിൽ കിളി മുട്ടയിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കിളിയും അവയുടെ മുട്ടകളും പിന്നീട് മുട്ട വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങളും അവരുടെ പറക്കൽ കാലവും എല്ലാം ഒരു സീരീസ് ആക്കി പബ്ലിഷ് ചെയ്തു.വിചാരിച്ചതിലും വലിയ അഭിനന്ദനമാണ് ആ സീരീസിന് എനിക്ക് ലഭിച്ചത്.കുട്ടികളുടെ ഒരു സയൻസ് മാസികയിൽ ഈ ഫോട്ടോകൾ കുറച്ചു ഒരു എസ്സേയ്‌ എഴുതാനുള്ള അവസരവും ലഭിച്ചിരുന്നു. കാഴ്ചകളിലൊക്കെ മിക്കപ്പോഴും ഞാൻ കുറിപ്പുകളും എഴുതാറുമുണ്ടായിരുന്നു.

അങ്ങനെ ക്യാമറയിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ കുറച്ചുകൂടി സീരിയസ് ആകാൻ തുടങ്ങി, അപ്പോഴേക്കും ഞാൻ മനസ്സിലാക്കി ക്യാമറ എന്റെ പാഷനെ ഭാഗമായി മാറിക്കഴിഞ്ഞു. അതോടെ കുറച്ചുകൂടി ഫീച്ചറുകൾ ഉള്ള ക്യാമറ സ്വന്തമാക്കി.

കുറച്ചുകൂടി സൗകര്യമുള്ള ക്യാമറ സ്വന്തമായതോടെ അതിനെ ഉപയോഗിക്കേണ്ട ഉത്തരവാദിത്തങ്ങളായി. ഒരിക്കൽ ബൈക്കെടുത്തു ഷോളയാർ നിന്ന് വാൽപ്പാറയിലുള്ള ആളിയാർ ഡാമിലേക്ക് ഞങ്ങൾ പോയി. ഈ രണ്ടിടങ്ങളുടെയും ഇടയ്ക്കുള്ള വഴി വളരെ ആഴമേറിയ കാടാണ്. പലയിടത്തും ചിത്രങ്ങളെടുക്കാൻ നിർത്തി. അത്ര മനോഹരമായിരുന്നു കാഴ്ചകൾ. മരത്തിലൂടെ ഇഴഞ്ഞു കയറുന്ന ഒരു ജീവിയെ അപ്പോഴാണ് കണ്ടത്, അത്തരം ഒരു ജീവിയെ ഞാനാദ്യമായി കാണുകയായിരുന്നു.

തിരിച്ചു വരുമ്പോഴും ഞാൻ വല്ലാത്ത അമ്പരപ്പിലായിരുന്നു, ഏതാണ് ആ ജീവി എന്നറിയാതെ സമാധാനം കിട്ടീല്ല. എടുത്ത ചിത്രമെടുത്തു അടുത്ത സുഹൃത്തായ ബിജോയ്ക്ക് അയച്ചു കൊടുത്തു.അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. േലാകത്തിൽ തന്നെ വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന അപൂർവ്വം സ്പീഷീസുകളിൽ ഒന്നാണ് അത്. വളരെ അപൂർവ്വമായേ ഒരു ഫോട്ടോഗ്രാഫറിന് അതിന്റെ ചിത്രം ലഭിക്കൂ. കേരളത്തിൽ എനിക്കും പിന്നെ പ്രശസ്ത വൈൽഫ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീറിനുമാണ് ആ ഭാഗ്യം ലഭിച്ചത്. ഇതറിയുമ്പോൾ എനിക്ക് ലഭിച്ച ഭാഗ്യം അത്ര ചെറുതായിരുന്നില്ല എന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ.

ആ ചിത്രം പിറ്റേ ദിവസത്തെ പത്രത്തിലും വന്നിരുന്നു. ആ ചിത്രം എനിക്ക് തന്ന മൈലേജ് ചെറുതല്ല. ക്യാമറ ജീവിതത്തിന്റെ ഭാഗം തന്നെയാകാം അതോടെ എന്നെന്നേയ്ക്കുമായി തീരുമാനവുമെടുത്തു. ലളിതകലാ അക്കാദമി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഞാൻ ചെയ്ത ഒരു അരണയുടെ ചിത്രവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു കടുവയോ പുള്ളിപ്പുലിയോ ഒന്നും സത്യം പറഞ്ഞാൽ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പക്ഷെ അപൂർവ്വമായി മാത്രം ക്യാമറയ്ക്ക് പിടി തരുന്ന ചില ജീവികളുണ്ട്, അത്തരത്തിൽ പെട്ട ചിത്രങ്ങളോടായിരുന്നു എനിക്കിഷ്ടം.അതിൽ തന്നെ മൂങ്ങകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആഴമേറിയ കാടുകളിലെ അവയെ കാണാനാകൂ. തട്ടേക്കാട് പോയപ്പോൾ അത്തരത്തിൽ പെട്ട ഏഴോളം മൂങ്ങകളുടെ ചിത്രങ്ങളെടുക്കാൻ സാധിച്ചു.

aparna-4.jpg.image.784.410

ശരിക്കും മൂങ്ങകളെ വച്ച് എന്തുമാത്രം അന്ധവിശ്വാസങ്ങളാണ് നമ്മുടെ ഇടയിലൊക്കെ പ്രചരിക്കപ്പെടുന്നത്.ഇതിൽ ചില ഇനങ്ങൾ മനുഷ്യ വശമുള്ള ഇടങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്, പക്ഷെ വീടിനടുത്തു ഇവയെ കണ്ടാൽ ആളുകൾ വനപാലകരെ അറിയിക്കുകയും അവയെ അവർ കൊണ്ട് പോയി കാട്ടിൽ ആക്കുകയും ചെയ്യും. അന്ധവിശ്വാസം കൊണ്ടുള്ള പ്രശ്നമാണ് അതൊക്കെ. ശ്രീലങ്കയിലെ കാടുകളിൽ കാണുന്ന മാക്കാച്ചി കാക്ക എന്ന ഇനം പക്ഷി ഏറെ ഇഷ്ടം തോന്നിയിട്ടുള്ള ഒന്നാണ്. നമ്മുടെ നാട്ടിൽ തട്ടേക്കാട് ഈ ഇനത്തിനെ കാണാൻ കഴിയും. വർഷത്തിൽ ആകെ ഒരു മുട്ടയാണ് ഈ കാക്ക ഇടുന്നത്. ഇതിനെ കുറിച്ചറിയുന്ന പല വിദേശ സഞ്ചാരികളും ഈ ജീവിയെ കാണാൻ വേണ്ടി ഇവിടെ എത്താറുണ്ട്.

2012  ൽ കോട്ടയം ലളിതകലാ അക്കാദമിയിൽ വച്ച് എന്റെ ചിത്രങ്ങളുടെ ഒരു പ്രദർശനം നടന്നിരുന്നു. ആ ചിത്രങ്ങളിലൊക്കെ എടുത്തു പറയാൻ ആഗ്രഹിച്ചത് കാടുമായി മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട ബന്ധങ്ങളെ കുറിച്ച് തന്നെയായിരുന്നു. അത് കൃത്യമായി കൊള്ളുകയും ചെയ്തു. ആ പ്രദർശനത്തിന് ശേഷം പലവിധ ക്യാമ്പുകളും ക്ലാസ്സുകളും ചെയ്യാൻ പലരും വിളിച്ചിരുന്നു, പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടി. പ്രദർശനങ്ങളും ക്ലാസ്സുകളുമൊക്കെ അവർക്കു വേണ്ടി കാടിനെ കുറിച്ച് നമ്മൾ ചെയ്തു കൊടുത്തു. കാടിനെ കുറിച്ചും കാടിന്റെ ഭാഷയെ കുറിച്ചും അല്ലെങ്കിലും കുട്ടികൾക്കല്ലേ എളുപ്പം മനസിലാവുക! വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു വാചകമുണ്ട്, എല്ലാ ജീവജാലങ്ങളും ഈ ഭൂമിയ്ക്ക് അവകാശികൾ തന്നെയാണെന്ന്.ഈ വാക്കുകൾ നശിച്ചു പോകുന്ന എല്ലാ ഇനം ജീവികൾക്കും വേണ്ടി കൂടി ആകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA