sections
MORE

പാമ്പുകളെ കാണാൻ അഞ്ചു സ്ഥലങ്ങൾ

511575265
SHARE

ഇഴഞ്ഞുള്ള പോക്ക് കാണുമ്പോൾ തന്നെ കാലിലൂടെ ഒരു തരിപ്പ് ഇരച്ചു കയറും. മനുഷ്യൻ എപ്പോഴും കൗതുകത്തോടെ മാത്രം കാണുന്ന ജീവി വർഗ്ഗമാണ് പാമ്പുകൾ. കൈപ്പിടിയിൽ ഒതുക്കാൻ ഭയക്കുന്ന ജീവികളോട് അല്ലെങ്കിലും മനുഷ്യന് ഒരു കൗതുകമുണ്ട്, മിത്തുകളിലൂടെ കടന്നു വന്ന വീര പരിവേഷവും പാമ്പുകൾക്ക് ഒരുതരം ആരാധനാ ഭാവം കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം കൊണ്ടും പാമ്പുകളെ കാണുക എന്നാൽ ഒട്ടൊരു ഭയവും കൗതുകവും ഒന്നിച്ചാണ് ഉണ്ടാവുക. ഒരു കണ്ണാടി കൂടിന്റെ ഉള്ളിലാണെങ്കിൽ വേണമെങ്കിൽ ഇഷ്ടപ്പെടുകയും ചെയ്യാം. ഏറ്റവും ചെറിയ നാഗ പാമ്പ് മുതൽ ആനക്കോണ്ട വരെ മനുഷ്യനെ ഭയപ്പെടുത്തും. പക്ഷെ മറ്റുള്ള മൃഗങ്ങളെ പോലെ മനുഷ്യനെ ഭയപ്പെടുന്ന ജീവി തന്നെയാണ് പാമ്പുകളും. സ്വയ രക്ഷയ്ക്കായി പാലായനം ചെയ്യുന്ന പാമ്പുകൾ ആത്മ രക്ഷാർത്ഥമേ വിഷം പോലും പ്രയോഗിക്കാറുമുള്ളൂ. ഇന്ത്യയിൽ പാമ്പുകളെ കുറിച്ച് പഠിക്കാൻ നിരവധി സ്ഥാപനങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാൻ കഴിയുന്ന ഇടങ്ങൾ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം.

പറശ്ശിനിക്കടവ്, കണ്ണൂർ

കണ്ണൂർ എന്ന കേരളത്തിന്റെ വടക്കൻ ജില്ലയിലെ പട്ടണത്തിൽ നിന്നും പതിനാറ് കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കട പാമ്പുവളർത്താൽ കേന്ദ്രം. നൂറ്റിയൻപതോളം ഇനത്തിൽ പെട്ട പാമ്പ് വർഗ്ഗങ്ങൾ ഇവിടെയുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പാമ്പുകളിൽ തന്നെ വിഷമില്ലാത്തവയും വിഷമുള്ളവയും ഉണ്ട്. ഇവയെ കൃത്യമായി മാറ്റി മനസ്സിലാക്കുന്ന തരത്തിൽ തരം തിരിച്ചാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്‌. വാമഹാനാശ ഭീഷണി നേരിടുന്ന പല ഇനങ്ങളും പറശ്ശിനിക്കടവിൽ ജീവിക്കുന്നുണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി, വെള്ളിക്കെട്ടൻ, കുഴിമണ്ഡലി, മലമ്പാമ്പ് എന്നീ ഇനങ്ങൾ ഇവിടെ ശ്രദ്ധയാകർഷിക്കാറുണ്ട്.

parashinikadavu6

പാമ്പുകളെ കൂടാതെ കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയിൽ എന്നെ ജീവികളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനാണ് ഇവിടെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. എയർപോർട്ട് കോഴിക്കോട് ആണ്. ഇവിടെ നിന്നും തൊണ്ണൂറിലധികം കിലോമീറ്റർ അകലെ.

ഗിൻഡി സ്നേക്ക് പാർക്ക്, ചെന്നൈ

1972 ൽ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിൻഡി സ്നേക്ക് പാർക്ക്. കുട്ടികളുടെ പാർക്കിനോട് ചേർന്നാണ് പാമ്പ് വളർത്തൽ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സൂ അതോറിറ്റിയുടെ നിയമ പ്രകാരമുള്ള അംഗീകാരവും ലഭിച്ച ഇടമാണിത്. മുപ്പത്തിയൊൻപതോളം തരം ജീവി വർഗ്ഗങ്ങൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതിൽ ഇരുപത്തി മൂന്നു ഇനങ്ങൾ ഇന്ത്യൻ പാമ്പ് വർഗ്ഗത്തിൽ പെടുന്നവയാണ്, ബാക്കി വിദേശ ഇനങ്ങളും. ഗ്ലാസ് കൂടിന്റെ ഉള്ളിലാണ് ഇവിടെ പാമ്പുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

3Lycodon_aulicus_3_sal
Representative Image

ജലത്തിൽ ജീവിക്കുന്ന പാമ്പുകൾക്കും ആമകൾക്കുമായി അക്വേറിയവും ഇവിടെ ഒരുക്കിയിരിക്കുന്നു. വരുന്ന സഞ്ചാരികൾക്ക് ഇംഗ്ലീഷിലും തമിഴിലും ആവശ്യമായ വിവരങ്ങൾ ലഭ്യക്കാൻ ഇവിടെ ഗെയിഡുകളുണ്ട്. പാമ്പിനെ കുറിച്ചും വിഷത്തെ കുറിച്ചും പഠിക്കുന്ന ഗവേഷണ സ്ഥാപനവും ഈ പാർക്കിനോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രസിദ്ധമായ നഗരമാണ് ഗിൻഡി. അതുകൊണ്ടു ഇങ്ങോട്ടേക്കുള്ള യാത്രയും അത്ര ബുദ്ധിമുട്ടേറിയതല്ല. ചെന്നൈ സെൻട്രലിൽ നിന്നും കോയമ്പേട് ബസ് സ്റ്റേഷനിൽ നിന്നും ഇവിടേക്ക് ബസുകൾ സുലഭമാണ്. മെട്രോ ട്രെയിൻ സൗകര്യവുമുണ്ട്.

കത്രാജ് ദേശീയ ഉദ്യാനം, പൂനെ

പൂനെയിലെ കത്രാജ് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന നാൽപത്തിരണ്ടു ഏക്കറിൽ ഉദ്യാനമാണ് രാജീവ് ഗാന്ധി ദേശീയ ഉദ്യാനം. ഇതിനുള്ളിൽ തന്നെയാണ് പാമ്പ് വളർത്തൽ കേന്ദ്രവും. മറ്റു മൃഗങ്ങളും ഈ സുവോളജിക്കൽ പാർക്കിലുണ്ട്. കത്രാജ് പാമ്പ് ഉദ്യാനമാണ് പിന്നീട് രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്കായി പുനർ നാമകരണം ചെയ്യപ്പെട്ടത്. പാമ്പുകളെ കൂടാതെ അനാഥരാക്കപ്പെട്ട, മുറിവേറ്റ മൃഗങ്ങളെയും ഇവിടെ കൊണ്ട് വന്നു ശുശ്രൂഷിക്കാറുണ്ട്.

1Katraj-Snake-Park,-Pune

ഇരുപത്തിരണ്ടോളം ഇനത്തിൽ പെട്ട പാമ്പുകൾ ഇവിടെയുണ്ടന്നു അധികൃതർ അവകാശപ്പെടുന്നുണ്ട്. പതിമൂന്നു അടിയുള്ള രാജവെമ്പാല മുതൽ ഏറ്റവും ചെറിയ പാമ്പുകളെ വരെ ഇവിടെ കാണാം. മനുഷ്യർക്ക് പാമ്പുകളോടുള്ള ഭയം മാറാനായി പാമ്പ് ഉത്സവങ്ങൾ ഇവിടെ അധികൃതർ നടത്താറുണ്ട്. ഭാരതി വിദ്യാപീഠ സർവ്വകലാശാലയുടെ അടുത്ത് പൂനെ-സത്താറ ഹൈവേയിലാണ് ഈ പാർക്ക്. പൂനെ നഗരത്തിൽ നിന്നും 8 കിലോമീറ്റർ.

കൽക്കട്ട സ്നേക്ക് പാർക്ക്, കൊൽക്കത്ത

1977 ൽ അന്നത്തെ ബംഗാൾ വനം വകുപ്പ് മന്ത്രി ദീപക് മിത്ര ഉദ്ഘാടനം നടത്തിയ പാർക്കാണിത്. വന്യജീവികളോട് അത്രമേൽ പ്രണയമുണ്ടായിരുന്ന ഡോക്ടർ ദീപക് മിത്രയാണ് ഈ പാർക്ക് സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പാമ്പുകളെ കാണുന്ന മാത്രയിൽ കൊല്ലാൻ ശ്രമിക്കുന്നത് കണ്ടു മനസ്സ് നൊന്തിട്ടു തന്നെയാണ് പാമ്പുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മിത്രയ്ക്ക് തോന്നിയത്. പാർക്കിലുള്ള പാമ്പുകളെ പോലും മനുഷ്യർ വെറുതെ വിടാതായപ്പോൾ അദ്ദേഹം പാമ്പുകളെ നാട്ടുകാരിൽ നിന്നും അകറ്റി നിർത്താൻ ആരംഭിച്ചു.

Brown Snake
Representative Image

പക്ഷെ സന്ദർശകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് അദ്ദേഹം സന്ദർശകർക്കായി തുറന്നു കൊടുത്തു. പിന്നീട് പാമ്പുകൾക്ക് വേണ്ടി അദ്ദേഹം മാളങ്ങളും ഉണ്ടാക്കിയെടുത്തു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് കൊൽക്കത്തയിലെ ഈ പാർക്ക്. രണ്ടു ഏക്കറോളം നീണ്ടു കിടക്കുന്ന ഈ പാർക്കിൽ പാമ്പുകളെ കൂടാതെ മറ്റു ജീവികളുമുണ്ട്. നഗരത്തിൽ നിന്നും ഒരുപാടൊന്നും അകലെ അല്ലാതെയാണ് ഈ പാർക്ക് എന്നതിനാൽ ഇങ്ങോട്ടേക്കുള്ള യാത്രയും കൊൽക്കത്ത യാത്രയിൽ ഒഴിവാക്കേണ്ടതില്ല. കൊൽക്കത്തയിൽ നിന്നും നാൽപ്പതു മിനിറ്റിനുള്ളിൽ ഇവിടെത്താം. റോഡ് മാർഗ്ഗം സ്വീകരിക്കുന്നതാണ് നല്ലത്.

ബന്നാർഘട്ട ദേശീയ ഉദ്യാനം , ബംഗളൂരു

പാമ്പും മറ്റെളള ജീവികളെയും ഉൾക്കൊള്ളുന്ന ഒരു ദേശീയ ഉദ്യാനമാണ് ബംഗളൂരുവിലെ ബന്നാർഘട്ട പാർക്ക്. 1970ൽ ആണ് ഇത് രൂപപ്പെട്ടത്. അതിശയിപ്പിക്കുന്ന ഉരഗങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. ഇരുമ്പിന്റെ വലിയ കൂടിനുള്ളിൽ വളരെ സുരക്ഷിതരായാണ് ഇവിടെ പാമ്പുകളെ പാർപ്പിച്ചിരിക്കുന്നത്. വളരെ പാരിസ്ഥിതികമായുള്ള പാറകളും പുല്ലും ചെടികളും കൊണ്ട് ഇവയുടെ മാളങ്ങൾക്കു ചുറ്റും ഇവയ്ക്കുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിൽ വലിയൊരു ഭാഗം ഈ പാമ്പ് പാർക്കാൻ. പല വിധത്തിലുള്ള പാമ്പുകളുടെ വർഗ്ഗങ്ങൾ ഇവിടെയുണ്ട്.

4_snake_at_Bannerghatta_

പുല്ലിനും മാളങ്ങൾക്കുമിടയിൽ ഒളിച്ചിരിക്കുന്ന പാമ്പുകളെ മിക്കപ്പോഴും സഞ്ചാരികൾക്കു കണ്ടെത്താൻ പ്രയാസമാണ്. അവയെ കണ്ടെത്തുന്നത് തന്നെ ഇവിടെ വരുന്ന സഞ്ചാരികൾക്ക് ഒരു നല്ല സമയം കൊല്ലലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പാമ്പ് വളർത്തൽ കേന്ദ്രമായി ഇതിനെ കാണാം. ബംഗളൂരുവിൽ നിന്നും ബന്നാർഘട്ടയ്ക്കുള്ള ബസുകൾ സുലഭമാണ്. ബംഗളൂരു എയർപോർട്ടിൽ വന്നിറങ്ങിയാൽ ബസ് പിടിച്ചു ഇവിടെയെത്താം. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. ചൊവ്വാഴ്ച ഇവിടെ അവധി ദിവസമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA