sections
MORE

കാട് കാണാൻ ജീപ്പ് യാത്ര

497269599
SHARE

കാടും കടലും എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ്. കാടകത്തിന്റെ സൗന്ദര്യം നുകർന്ന് പച്ചപ്പിനുള്ളിൽ ഇത്തിരി നേരം ചെലവിടാൻ എത്തുന്ന സഞ്ചാരികൾക്ക് മുത്തങ്ങ ജീപ്പ് സഫാരി വേറിട്ടൊരു അനുഭവമായിരിക്കും

കാട് കാണാൻ സഫാരി, ഇങ്ങനെയൊരു െഎഡിയ തലയിലുദിക്കുമ്പോൾ തന്നെ ആ ആഗ്രഹം വിമാനം കേറി അങ്ങ് ആ ഫ്രിക്കൻ വനാന്തരങ്ങളിലെത്തും. കെനിയ, ബോട്സ്വാന, സൗത്ത് ആഫ്രിക്ക, സാംബിയ... ജംഗിൾ സഫാരിയുടെ ലിസ്റ്റ് അങ്ങനെ നീണ്ടുകിടക്കുകയാണ്.  കടുവകളെയും മാൻകൂട്ടങ്ങളെയും കാട്ടാനയെയും തൊട്ടടുത്ത് കാണാൻ ആഫ്രിക്കയിൽ മാത്രമല്ല നമ്മുടെ കേരളത്തിലെ കാടുകളിലും അവസരമുണ്ട്. മുത്തങ്ങയും തോൽപ്പെട്ടിയും പറമ്പിക്കുളവും പെരിയാറും ഇതു വരെ കാണാത്ത കാഴ്ചകളും അറിയാത്ത ശബ്ദങ്ങളും ഒളിപ്പിച്ചുവയ്ക്കുന്ന കാടകങ്ങളാണ്. ആഫ്രിക്കയിലേതു പോലെ പുൽമേടുകൾ നിറഞ്ഞ തുറസ്സായ കാടുകളല്ല, മരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങിനിറയുന്ന കാട്. അവിടെ ചെന്ന് മൃഗങ്ങളെ കാണുക എന്നത് സഞ്ചാരിയുടെ ഭാഗ്യപരീക്ഷണവും. കാട്ടിലേക്കുള്ള സഫാരി പുതിയ ട്രെൻഡായി മാറിയിരിക്കുന്നു. ആ മാറ്റത്തിനൊപ്പമാണ് ഈ യാത്ര. മുത്തങ്ങയുടെ കാടകത്തേക്ക്...

jungile-safari5

കാടിന്റെ വഴിയേ.. കാടുവിളിക്കുന്നു...

ശൗര്യം നിറഞ്ഞ തീപ്പാറുന്ന കണ്ണുകൾ. ഓരോ നോട്ടത്തിലും ജ്വലിച്ചു നിൽക്കുന്ന പക. മഞ്ഞ നിറ‍ത്തിൽ കറുപ്പ് വരകളോടു കൂടിയ തിളങ്ങുന്ന മിനുമിനുത്ത ശരീരം. ഇരയെ ആക്രമിക്കും മുമ്പ് ഹീറോയിസം കാണിക്കാനുള്ള നടപ്പ്. കാടുകുലുങ്ങുന്ന ശബ്ദത്തിൽ തട്ടിത്തെറിക്കുന്ന ഡയലോഗുകൾ... ജംഗിൾബുക്കിലെ ഷേർഖാന്റെ മുഖവും ഭാവവുമാണ് മനസ്സ് നിറയെ.  താമ രശേരി ചുരം കയറി മുത്തങ്ങയ്ക്ക് വണ്ടി പിടിക്കുമ്പോൾ, തിരശ്ശീലയിൽ മാത്രം കണ്ടറിഞ്ഞ വലിയ പൂച്ചയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു.

മുത്തങ്ങ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനടുത്ത് നിന്ന് സഫാരി ജീപ്പിൽ കാടിനുള്ളിലേക്ക് ക യറിയതും ജാഗരൂകരായിരുന്നു. ഓരോ ഇലയനക്കവും ശ്രദ്ധ ക്ഷണിച്ചു, മറവിൽ നിന്ന് െവളിച്ചത്തേക്ക് വരുന്നുണ്ടാകുമോ അവൻ, ഷേർഖാൻ.

jungile-safari4

സായാഹ്ന സഫാരിക്ക് തയ്യാറെടുത്താണ് കൽപറ്റ– സുൽത്താൻ ബത്തേരി വഴി മുത്തങ്ങയിലെത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നും 14കിലോമീറ്റർ അകലെയാണ് മുത്തങ്ങ വൈൽഡ് ലൈഫ് സാങ്ച്വറി. കർണാടകയുടെ ഭാഗമായ ബന്ദിപ്പൂർ നാഷനൽ പാർക്കും നാഗർഹോളയും തമിഴ്നാടിന്റെ ഭാഗമായ മുതുമലൈ കാടുകളും അതിരിടുന്ന സാങ്ച്വറിയാണ് മുത്തങ്ങ. റോഡിൽ നിരനിരയായി ഇരുപത് ജീപ്പുകൾ. കാടിന്റെ മിടിപ്പ് തൊട്ടറിഞ്ഞ് പച്ചപ്പിലൂടെ ഒരു യാത്ര. മുത്തങ്ങ സഫാരിയെ ‘ഭാഗ്യ–നിർഭാഗ്യങ്ങളുടെ ഒരു മണിക്കൂർ’ എന്ന് വിശേഷിപ്പിക്കാം.

jungile-safari6

110 രൂപ ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയാറായി. ‘എന്റെ പേര് കുമാരൻ, ഞാനാണ് നിങ്ങളുടെ ഗൈഡ്. ആദ്യത്തെ ജീപ്പ് കാടുകയറി. നിങ്ങൾക്ക് മടങ്ങിപ്പോകാൻ ധൃതിയില്ലെങ്കിൽ നമുക്ക് ഇരുപതാമത്തെ ജീപ്പിൽ പോകാം. സഫാരി തുടങ്ങിയതിനാൽ ജീപ്പിന്റെ ശബ്ദം കേട്ട്  ഇതിനോടകം മൃഗങ്ങളെല്ലാം ഉൾക്കാട്ടിലേക്ക് മറഞ്ഞിട്ടുണ്ടാകും. ആദ്യത്തെ ജീപ്പിൽ ഇടം പിടിച്ചില്ലെങ്കിൽ പിന്നെ അവസാനം പോകുന്നതായിരിക്കും കുറേ കൂടി നല്ലത്. എങ്കിലേ മൃഗങ്ങളെ കാണാൻ പറ്റൂ.’ പ്രായം ചെന്നൊരു ‘പച്ചക്കുപ്പായക്കാരൻ’ അയാളെ സ്വയം പരിചയപ്പെടുത്തിയതോടൊപ്പം സഫാരിയെ കുറിച്ച്  പറഞ്ഞു.

യാത്ര കാട്ടിലേക്കാകുമ്പോൾ വന്യമൃഗങ്ങളെ കാണാതെ മടങ്ങേണ്ടി വന്നാൽ അതൊരു നഷ്ടം തന്നെയായിരിക്കും. അങ്ങനെയൊരു നഷ്ടം സഹിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലാത്തതിനാൽ ഇരുപതാമത്തെ ജീപ്പിന്റെ ‘മുരൾച്ച’യ്ക്ക് കാതോർത്തിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇടതുകാൽ പതിയെ തലോടിക്കൊണ്ടിരിക്കുകയാണ് കുമാരൻ. അതിനിടയിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന എത്രയോ കാടിന്റെ അനുഭവകഥകൾ പങ്കുവച്ചു. സമയം നാലരയോടടുത്തു. അത്രനേരം തിരക്കുകൂടി നിന്ന ചെക്ക്പോസ്റ്റ് റോഡ് വിജനമായി. ഇരുപതാമത്തെ ജീപ്പ് രാജകീയ ഭാവത്തോടെ കാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.

പച്ചിലകൾക്ക് മറവിലെ ആദ്യപോസ്

jungile-safari

കല്ലുപാകിയ വീതികുറഞ്ഞ വഴിയിലിലൂടെയാണ് ജീപ്പ് മുന്നേറുന്നത്. മുത്തങ്ങയിലെത്തുന്ന സഞ്ചാരികൾക്ക് താമസസൗകര്യത്തിനായി തയ്യാറാക്കിയ ഏറുമാടവും ക്വാർട്ടേഴ്സും ഡോർമെറ്ററി കെട്ടിടവുമാണ് കവാടം കടന്നാലുള്ള ആദ്യകാഴ്ച. മുൻകൂട്ടി ബുക്ക് ചെയ്തെത്തുന്ന സഞ്ചാരികൾക്ക് കാടിനകത്തെ താമസം ആസ്വദിക്കാം.   മുത്തങ്ങ വനത്തിന്റെ പലഭാഗത്തായി ആദിവാസികുടിലുകളുണ്ട്. യാത്ര തുട ങ്ങി അല്പദൂരം പിന്നിട്ടതേയുള്ളൂ, തൊട്ടടുത്ത വീട്ടുമുറ്റത്ത് ഒരാനക്കുട്ടി. ദേ, ഒരു കാട്ടാന... ആഹ്ലാദത്തോടെ വിളിച്ച് പറഞ്ഞു.

കേട്ടപാതി ഫൊട്ടൊഗ്രഫർ ക്യാമറ റെഡിയാക്കി. ‘ഓ, ആ ആനക്കുട്ടിയാണോ? അതാ വീടുമായി ഇണങ്ങി ജീവിക്കുന്ന ആനയാണ്. ഇടയ്ക്ക് കാടിറങ്ങി വീട്ടിലേക്ക് വരും. വല്ലതും കഴിച്ച് തിരിച്ച് കാട്ടിലേക്ക് മടങ്ങും’ കുമാരൻ പറഞ്ഞു. ഫോട്ടോഗ്രഫർ ആനക്കുട്ടിക്ക് നേരെ ക്യാമറ തിരിച്ചതും ആ വീട്ടിൽ നിന്നിറങ്ങി വന്നൊരാൾ  വിലക്കി. വീട്ടുമുറ്റത്ത് വച്ചായാലും കണ്ടത് കാട്ടാനക്കുട്ടിയെ ആണല്ലോ അങ്ങനെ ആശ്വസിച്ച് യാത്ര തുടർന്നു. മരങ്ങൾ ഇടതൂർന്ന് വളർന്ന വെളിച്ചം വീഴാത്ത കാടിന്റെ ചിത്രമായിരുന്നു അത്രനേരവും മനസ്സിൽ.

jungile-safari1

മുത്തങ്ങ പ്രധാനകവാടം കടന്നതോടെ ആ ചിത്രം മാഞ്ഞുതുടങ്ങി. ഇടവിട്ട് ഇടവിട്ട് മരങ്ങളുള്ള, പേരറിയാത്ത എത്രയോ കുറ്റിച്ചെടികൾ നിറഞ്ഞ  പുൽപ്രദേശമാണ് മുന്നിൽ. വർണപൊട്ട് വാരിവിതറിയ പോലെ കൂട്ടത്തോടെ  പറന്നു നടക്കുന്ന പക്ഷികൾ. ജീപ്പിലിരുന്ന് ചുറ്റും നോക്കി. ഓരോ ഇലയനക്കവും ആകാംക്ഷയുടേതായി. ജീപ്പിന്റെ ഞരക്കം കേട്ട് മൃഗങ്ങളെല്ലാം ഉൾക്കാട്ടിലേക്ക് പോയോ? അതോ ഇനി കാടിനുള്ളിൽ വല്ല ‘മീറ്റിങ്ങും’ നടക്കുന്നുണ്ടോ? ഒരൊറ്റ ജീവിയെ പോലും കാണുന്നില്ലല്ലോ! ജീപ്പിനുള്ളിലിരുന്ന് പുറത്ത് വരുന്ന ഓരോ നിശ്വാസത്തിലും ഇത്തരം കുറേ സംശയങ്ങള്‍ കുടുങ്ങിക്കിടന്നു. പെട്ടെന്നായിരുന്നു പച്ചപ്പിനിടയിലൂടെ എന്തോ ഒരനക്കം കണ്ടത്. എന്തായിരിക്കുമത്? ഓരോരുത്തരും ശ്വാസമടക്കിപ്പിടിച്ച് കണ്ണുകൾ ഇമവെട്ടാതെ നോക്കിനിൽക്കു കയാണ്. മനസ്സിൽ വീണ്ടും ആ ചിത്രം നിറഞ്ഞു, ദൈവമേ...ഷേർഖാൻ! തിങ്ങി നിന്ന ഇലക്കൂട്ടങ്ങൾക്കുള്ളിലൂടെ പുറത്തേക്കു വന്നത് ര ണ്ട് വളഞ്ഞ കൊമ്പുകൾ, ഹൊ അതൊരു കാട്ടുപോത്താണ്. ചിത്രമെടുത്തോളൂ ഗൈഡ് കുമാരൻ ചേട്ടൻ പറ‍ഞ്ഞു. പച്ചിലകൾക്ക് മറവിൽ നിന്ന് ക്യാമറയ്ക്ക് നേരെ നോക്കി കാട്ടുപോത്തിന്റെ സൂപ്പർ പോസ്.

തേൻമരച്ചോട്ടിലെ മാൻകൂട്ടം

jungile-safari2

കാടിനുനടുവിലൂടെ ഒരു വര വരച്ചിട്ടപോലെ പിന്നിട്ട വഴി കാണാം.  നാലുപേരുടെ കൈകൾ കോർത്ത് പിടിച്ച് ചുറ്റിനിന്നാലും ഒതുങ്ങാത്ത വണ്ണമുള്ള മരങ്ങൾ. അവയ്ക്ക് മുകളിലൂടെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കാട്ടുവള്ളികൾ. ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും വലിച്ചടുപ്പിക്കുന്നൊരു മാന്ത്രികതയുണ്ട് കാടിന്. കാട്ടുചില്ലകളെ തലോടി വരുന്ന തണുത്ത കാറ്റ്. ‘വണ്ടി നിർത്തൂ’... കാടിന്റെ സൗന്ദര്യം ഇരുന്നാസ്വദിക്കുന്നതിനെ തടസ്സപ്പെടുത്തി ഗൈഡ് കുമാരന്റെ ശബ്ദം.

എന്തെങ്കിലും ജീവിയെ കണ്ടിട്ടാകും അയാൾ വണ്ടി നിർത്താൻ പറഞ്ഞതെന്ന് ഉറപ്പായിരുന്നു. എന്തിനെയാണ് കണ്ടതെന്ന് ചോദിക്കാൻ പോലും നിൽക്കാതെ ചുറ്റും പരതി. ഇല്ല, എവിടെയും ഒരു അനക്കവുമില്ല. എന്തിനാണ് വണ്ടി നിർത്താൻ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അയാളൊരു കൂറ്റന്‍ മരത്തിലേക്ക് വിരൽ ചൂണ്ടി. സഫാരി വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ മരത്തിന്റെ മുകൾഭാഗം ജീപ്പിലിരുന്ന് കാണാൻ ന ന്നേ പ്രയാസപ്പെട്ടു. മരം നിറയെ തേനീച്ചക്കൂടുകളാണ്.  ‘ഇതാണ് തേൻമരം.  ഇതുപോലെ തേൻകൂടുകൾ നിറഞ്ഞ ഒരുപാടു മരങ്ങൾ കാടിന്റെ പലഭാഗത്തായി ഉണ്ട്’ കുമാരൻ പറഞ്ഞു.

jungile-safari7

യാത്ര തുടർന്നു.  തേനെടുക്കാൻ പോകുന്ന ഗോത്രവിഭാഗക്കാരായ രണ്ടുപേരെ വഴിയിൽ വച്ച് കണ്ടു. ജീപ്പിന് കൈകാണിച്ച് അവർ പറഞ്ഞു. ‘ദേ, ആ ഭാഗത്തെ വെള്ളക്കെട്ടിനോട് ചേർന്ന് കുറേ നേരമായി ഒരു കടുവ കിടക്കുന്നുണ്ട്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാണാം.’ ആ വാക്കുകൾ ദൈവവചനം പോലെ കാതിൽ മുഴങ്ങി. ഷേർഖാൻ! തൊട്ടടുത്ത വെള്ളക്കെട്ടിനോട് ചേർന്ന് കിടപ്പുണ്ടവൻ. കാണാനുള്ള ആകാംക്ഷയും വന്നുചേർന്ന ഭാഗ്യത്തെ കുറിച്ചോർത്തുള്ള ആഹ്ലാദവും എല്ലാം കൂടികലർന്ന പറഞ്ഞറിയിക്കാനാകാത്ത വികാരം. തൊട്ടുമുന്നിലെ വളവ് തിരിഞ്ഞാൽ വെള്ളക്കെട്ടായി.  കാത്തിരുന്ന കാഴ്ചയിതാ തൊട്ടുമുന്നിൽ! മുന്നിൽ പോയ 19 സഫാരി ജീപ്പുകാർക്കും കിട്ടാത്ത ഭാഗ്യം... ജീപ്പ് പെട്ടെന്ന് തന്നെ വളവ് തിരിക്കാൻ ഗൈഡ് കുമാരൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

കടുവയുടെ കാൽപ്പാടുകൾ

വെള്ളക്കെട്ടിനടുത്തെത്തി. എവിടെ? ഷേർഖാൻ എവിടെ! കണ്ണുകൾ ചുറ്റും പരതി. പച്ചപ്പിനിടയിൽ‌ നിന്നൊരു അനക്കം കണ്ടു. ചെളിനിറഞ്ഞ മണ്ണിൽ കാൽപ്പാടുകളും. കടുവ കാടിനുള്ളിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. കാണാൻ കൊതിച്ച കാഴ്ച നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മുന്നിൽ നിന്ന് മാഞ്ഞുപോയത്.

നേരത്തേ മനസ്സിലുറപ്പിച്ച പ്രതീക്ഷകളുമായി കാടു കയറ രുത്. ചിലപ്പോൾ ഒറ്റമൃഗത്തെ പോലും കാണാൻ ഭാഗ്യമുണ്ടായെന്ന് വരില്ല. ഓരോ നിമിഷവും കാട്  ആസ്വദിക്കണം. പിന്നിട്ട വഴി വിജനമായി. കാടിനുള്ളിലൂടെ ഏതാണ്ട് 16 കിലോമീറ്ററാണ് സഫാരി. ജീപ്പ് പ്രധാന റോഡിലേക്കെത്തും വരെ കണ്ണുകൾ പ്രതീക്ഷയോടെ തിരഞ്ഞത് അവനെയാണ്, പച്ചപ്പിനിടയിൽ നിന്നു തുറിച്ചുനോക്കുന്ന ഷേർഖാനെ!...

എങ്ങനെ എത്താം

കൽപറ്റയിൽ നിന്ന് 38 കിലോമീറ്റർ അകലെയാണ് മുത്തങ്ങ വൈൽഡ് ലൈഫ് സാങ്ച്വറി. സുൽത്താൻ ബത്തേരി (14 കിലോമീറ്റർ), മാനന്തവാടി നിന്ന് 55 കിലോമീറ്റർ.

മുത്തങ്ങ ജീപ്പ് സഫാരി സമയക്രമം– രാവിലെ 7 – 10 വരെ, വൈകിട്ട് 3– 5 വരെ.

ടിക്കറ്റ് നിരക്ക്– 110 രൂപ (indians), 300 രൂപ (foreigners) + ജീപ്പ് എൻട്രി ഫീ 75 രൂപ+ ജീപ്പ് ചാർജ് 600 രൂപ

ചിത്രങ്ങൾ : അരുൺ പയ്യാടിമീതൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA