sections

Manoramaonline

MORE

ചീവീടുകൾ കരയാത്ത കാട്

Dhoni Waterfall
SHARE

മണിരത്നം സിനിമയിലെ നിശ്ശബ്ദത പോലെ, പശ്ചാത്തല സംഗീതം കേൾപ്പിക്കാതെ, നിലംതൊടാതെ ചെറിയ ചാറ്റൽമഴത്തുള്ളികൾ പാറിപ്പൊഴിഞ്ഞുക്കൊണ്ടിരിക്കുന്നു. കാറ്റിൽ പാറി വന്നൊരു പൂവിതൾ കവിളിൽ തൊടും പോലെ മഴ മെല്ലേ തൊടുന്നു. രണ്ടു ദിവസത്തെ പാലക്കാടൻ യാത്രയുടെ തുടക്കം ധോണിയിൽ നിന്നാകാം എന്ന തീരുമാനിച്ചതിൽ സന്തോഷം തോന്നി. നനുത്ത വിരൽതുമ്പ് നീട്ടി കാറ്റ് വിളിക്കുന്നു. കാടിനുള്ളിലെ വിസ്മയക്കാഴ്ചകളിലേക്ക്.

 Day 1 :ഇതാ മറ്റൊരു ധോണി

പാലക്കാട് പട്ടണത്തിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് ധോണി. എം.എസ്. ധോണി എന്നു കേൾക്കുന്നതിനും ‘ലോങ് ലോങ് എഗോ’ പാലക്കാട്ടുകാർക്ക് മാത്രം സ്വന്തമായ ധോണി. കാടും നടുവിൽ കാടിന്റെ മനസ്സ് പോലെ മനോഹരിയായ വെള്ളച്ചാട്ടവും. ഒമ്പതു മണിക്ക് കാടിന്റെ കവാടം സന്ദർശകർക്കായി തുറ ക്കും. ഇരുപതു രൂപയാണ് എൻട്രി ഫീ. 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫ്രീയായി കാടു കാണാം. രാവിലെ തന്നെ പോകു ന്നതാണ് രസം. എന്നാലേ കാട്ടിലൂടെയുള്ള നടക്കുമ്പോഴുള്ള ആ ഒരു ‘ഇദ്’ ആസ്വദിക്കാൻ പറ്റൂ. ധോണിമലയുടെ അടിവാരത്തിൽ നിന്ന് യാത്ര തുടങ്ങി.   ‘‘വെള്ളച്ചാട്ടം കാണാൻ എത്ര ദൂരം പോകണം?’’ മുതുകത്ത് ‘ബാക്ക്പാക്കു’മായി അച്ഛനമ്മമാരുടെ ഒപ്പമെത്തിയ കുട്ടിസംഘം പുറകിൽ നിന്നു ചോദിച്ചു. ‘‘നാലര കിലോമീറ്റർ!!!’’ കുട്ടിക്കൂട്ടം തുള്ളിച്ചാടി. ‘‘മുകളിലേക്കിനി കാട്ടുപാതയാണ്. വാഹനങ്ങൾ പോകില്ല. നേരത്തേ ഫോറസ്റ്റ് വകുപ്പിന്റെ ജീപ് സർവീസ് ഉണ്ടായിരുന്നു. ഇപ്പോഴില്ല...’’

palakkad-trip2

കുട്ടിസംഘത്തിന്റെ കണ്ണുകൾ ഒരു നിമിഷം കാർട്ടൂൺ കഥാപാത്രത്തിന്റേതു പോലെ പുറത്തേക്കു തള്ളി സ്പ്രിങിനറ്റത്ത് തൂങ്ങിയാടി തിരിച്ചുപോയി. എന്നാലും ആവേശം കെട്ടടങ്ങിയില്ല. തിരിഞ്ഞു നോക്കാതെ നടത്തം തുടങ്ങി. പിന്നാലെ ഞങ്ങളും. കരിങ്കൽ കഷണങ്ങൾ പാകിയ നടപ്പാതയിലേക്ക് കയറിയപ്പോഴേ പശ്ചാത്തലത്തിൽ കാട്ടരുവികളുടെ മൂളിപ്പാട്ട്. ചുറ്റും കണ്ണോടിച്ചിട്ടും ‘തരിപോലുമില്ല കണ്ടുപിടിക്കാൻ’! കലപിലകൂട്ടി ഓടുകയാണ് കുട്ടിപ്പട്ടാളം. ഒപ്പമെത്താൻ അച്ഛനമ്മമാർ പെടാപ്പാടു പെടുന്നു. കുറേ ചെന്നപ്പോഴതാ വലതുവശത്തെ പാറക്കെട്ടിലൂടെ കുണുങ്ങിക്കുണുങ്ങി ഒഴുകി വരുന്നു... െവള്ളിക്കൊലുസണിഞ്ഞൊരു മെലിഞ്ഞ സുന്ദരി! കുട്ടികൾ ആർത്തുവിളിച്ച് പാറയിലേക്ക് ഓടിക്കയറി. കണ്ണാടിപോലുള്ള വെള്ളം  കൈയിൽ കോരിയെടുത്ത് മുഖം കഴുകുന്നു, പരസ്പരം വെള്ളം തെറിപ്പിക്കുന്നു. ആകെ ബഹളം. ‘െവള്ളത്തിൽ കളിച്ച് പനി വരുത്തല്ലേ...’ ശാസനകളും മുന്നറിയിപ്പുകളും കടലാസുതോണിപോലെ വെള്ളത്തിൽ ഒലിച്ചുപോയി. ‘‘ഇപ്പോൾ പകുതി വഴിയായിട്ടുണ്ടാകും അല്ലേ അച്ഛാ?’’ കുട്ടിശബ്ദത്തിൽ ആകാംക്ഷയുണ്ട്. ‘‘പിന്നേ... ഒരു കിലോമീറ്റർ പോലും ആയിട്ടില്ല.’’ കുഞ്ഞുമുഖത്ത് അക്ഷമ തെളിഞ്ഞു. 

മഴയിലലിഞ്ഞ്, മണ്ണിലുരുണ്ട്..

 മലമ്പാമ്പിനെപ്പോലെ വളഞ്ഞും പുളഞ്ഞുമുള്ള കയറ്റങ്ങൾ നിറഞ്ഞ കാട്ടുവഴി. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ കാട്.  ചെറിയൊരു വളവ് തിരിഞ്ഞതും വേരുകൾ മുകളിലേക്കാക്കി താഴത്തെ ചെരിവിൽ തലപൂഴ്ത്തി സർക്കസ്സുകാരനെപ്പോലെ തലകുത്തി നിൽക്കുന്നു വലിയൊരു മരം. ആരും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല, അതിനു മുമ്പേ മരത്തിനടിയിലെ ഗ്യാപ്പിലൂടെ നുഴഞ്ഞു കയറി അപ്പുറത്തെത്തിക്കഴിഞ്ഞു കുട്ടി ഫ്രണ്ട്സ്.

ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ദൂരത്തെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ല. സൈൻ ബോർഡുകളും കാണുന്നില്ല. കുട്ടികളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അവിടവിടെ വിശ്രമിച്ചും ബാക്‌പാക്കിൽ കരുതിയ സ്നാക്സ് കൊറിച്ചും ക്ഷീണം തീർത്തായി യാത്ര. ‘‘ഇനി മരങ്ങൾക്കിടയിലൂടെ നടന്നാലോ? ദൂരം കുറയും.’’ അഡ്വക്കറ്റ് ആയ മനു പറഞ്ഞു. മനുവിന്റെ ഭാര്യാസഹോദരൻ ഉണ്ണി   ഉത്സാഹഭരിതനായി. അഡ്വഞ്ചർ എന്നു കേട്ടാൽ എവിടെ നിന്നും പറന്നെത്തുന്ന കൂട്ടത്തിലാണത്രേ ആൾ. ലീഡർഷിപ്പ് ഏറ്റെടുത്ത് ഷോട്ട്കട്ടുകൾ കണ്ടുപിടിക്കാനും മിടുക്കനെന്ന് ഗ്രൂപ്പിന്റെ പ്രശംസ.

ആകാശത്ത് ചാരനിറം ഉരുണ്ടുകൂടുന്നു. വീണ്ടും സമയം തെറ്റിയൊരു മഴ. നനുത്തു വന്നെങ്കിലും കനത്തു തന്നെ പെയ്തു. കുടയുണ്ട്, പക്ഷേ, വേണ്ട. എല്ലാവരും ആഞ്ഞു നടക്കുകയാണ്. ഷോട്ട്കട്ടുകളിലെ കയറ്റങ്ങളിൽ പിടി കിട്ടാതെ മണ്ണിലൂടെ ഉരുണ്ട് താഴെയെത്തും.  പിന്നെയും  വലിഞ്ഞു കേറും. ഉടുപ്പിൽ പറ്റിയ മണ്ണ് തുടച്ചുമാറ്റും. ഇടയ്ക്ക് കുഞ്ഞൻ പാമ്പുകളെ കാണുമ്പോൾ ആമി പേടിച്ച് അലറിവിളിക്കും ‘അമ്മേ, പാമ്പ്....’  മണ്ണിനോടും കാറ്റിനോടും മരങ്ങളോടും പ്രകൃതിയോടും കൂട്ടുകൂടി ഒരു ഷോട്ട്കട്ടിലൂെട പാതയിലേക്ക് ചെന്നുകയറിയപ്പോൾ തൊട്ടുമുന്നിലതാ സൈൻ ബോർഡ്. ‘ധോണി വാട്ടർ ഫോൾസ്– 0.75 കിലോ മീറ്റർ’ ‘‘ഹാാാാവൂൂൂൂൂ...!!!’’എല്ലാവർക്കും ഒരേ സ്വരം. അഞ്ചു വയസ്സുകാരി ആമി നിന്നിടത്തു നിന്നനങ്ങുന്നില്ല. ആമിയെയും തോളിലേറ്റിയായി പിന്നെ ഉണ്ണിയുടെ യാത്ര. ‌ അടുത്തെവിടെയും വെള്ളച്ചാട്ടത്തിന്റെ അനക്കം പോലും കേൾക്കുന്നില്ലല്ലോ.

ചോദിച്ചു തീരും മുമ്പേ യാത്രയുടെ തുടക്കത്തിൽ കേട്ട അതേ മൂളിപ്പാട്ട് കുറച്ചുകൂടി ഉറക്കെ കേട്ടു തുടങ്ങി. ‘‘േേേേേേേയ...... സക്സസ്....സക്സസ്....!!!’’ കൈവരിയും പാറക്കെട്ടും വെള്ളച്ചാട്ടവും കണ്ണിൽപ്പെട്ടതും ആർപ്പുവിളിയും ഡാൻസും തുടങ്ങി.

ചീവീടുകൾ കരയാത്ത കാട്

 ‘‘അപകടം പിടിച്ച സ്ഥലമാണ്. പാറയിലേക്കു വെള്ളച്ചാട്ടം പതിക്കുന്ന ഭാഗത്ത്  ഇറങ്ങാൻ അനുവാദമില്ല.  ദാ, അവിടെ വേണമെങ്കിൽ ഇറങ്ങാം.’’ വെള്ളച്ചാട്ടത്തിനു തൊട്ടുമേലെക്കു ചൂണ്ടി ഒരു ഫോറസ്റ്റ് ജീവനക്കാരൻ പറഞ്ഞു. കേട്ടതും മേലേക്കു പാഞ്ഞു, ആമിയും സംഘവും. വെള്ളത്തിൽ കളി തുടങ്ങി. ആവേശം കയറി മനുവും ഉണ്ണിയുമടക്കം എല്ലാവരും അരുവിയിലിറങ്ങി. കളിയുടെ സ്പിരിറ്റ് കൂടിക്കൂടി വരികയാണ്. മിക്കവാറും വൈകുന്നേരമേ തിരിച്ചു കയറൂ. കളി കണ്ടിരിക്കാൻ നല്ലരസം. പക്ഷേ,  ഇനിയും സ്ഥലങ്ങൾ കാണണ്ടേ. അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ചിറങ്ങി.

palakkad-trip3

കയറ്റത്തേക്കാൾ എളുപ്പത്തിലാണ് ഇറക്കം. നനഞ്ഞൊലിച്ച് നടക്കുമ്പോൾ മനസ്സിലൊരു കുളിർമ. തെളിഞ്ഞ വായു ശ്വസിച്ചപ്പോൾ മനസ്സും ശരീരവും ഫ്രെഷ്! ഒരു കാര്യം അദ്ഭുതപ്പെടുത്തി. സൈലന്റ്‌വാലിയുടെ ബന്ധുവെന്ന് പറഞ്ഞാലും തെറ്റില്ലെന്നു തെളിയിക്കുന്ന, ചീവിടുകൾ കരയാത്ത ശാന്തമായ കാട്!    ‘‘ആനകൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലമാ. മരതകപ്രാവ്, വേഴാമ്പൽ, ചീകാക്ക, പെരുമ്പാമ്പ്, രാജവെമ്പാല, ചെന്നായ, പുള്ളിപ്പുലി... എല്ലാമുണ്ട്. അതിരാവിലെയും  രാത്രിയിലുമാണ് ഇവയെല്ലാം പുറത്തിറങ്ങുന്നത്. അതു കൊണ്ട് മൂന്നു മണി കഴിഞ്ഞാൽ ആരെയും കാട്ടിലേക്ക് വിടില്ല. ’’ സീനിയർ ഫോറസ്റ്റ് ഓഫിസർ ശിവദാസ് പറഞ്ഞു.

ഏഴു സ്വരങ്ങൾ പോലെ മീൻവല്ലം

ഒലവക്കോടു നിന്ന് ഉച്ചഭക്ഷണം. പിന്നെ, കോഴിക്കോട് റൂട്ടിൽ യാത്ര തുടർന്നു. മുണ്ടൂരും കല്ലടിക്കോടും കഴിഞ്ഞാൽ തുപ്പനാടായി. കുറച്ചു മുന്നോട്ടു ചെന്നാല്‍ ‘മീൻവല്ലം വെള്ളച്ചാട്ടം’ ബോർഡു കാണാം. മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് പിന്നെയും പോകണം  9 കിലോമീറ്റർ. മൂന്നേക്കർ എന്ന സ്ഥലത്താണ് ടിക്കറ്റ് കൗണ്ടർ. മുതിർന്നവർക്ക് 20 രൂപ, കുട്ടികൾക്ക് പത്തും. കൗണ്ടർ കടന്ന് കുറച്ചുകൂടി പോകണം. വാഹനത്തിന് പ്രവേശനം തീരുന്നിടത്ത് ഇറങ്ങി നടക്കണം. ഗെയ്റ്റ്ഹൗസിലുണ്ടായിരുന്ന ഫോറസ്റ്റ് ഗൈഡ് കൂടെ വന്നു. ‘‘മീൻവല്ലം പുഴയിൽ നിന്നാണ് വെള്ളച്ചാട്ടം തുടങ്ങുന്നത്. ഏഴുഘട്ടങ്ങളുണ്ട് വെള്ളച്ചാട്ടത്തിന്. 2800 അടി ഉയരവും. മുപ്പതടി ഉയരത്തിലാണ് ആദ്യത്തേത്. നേരത്തേ രണ്ടാമത്തെ ലെവൽ വരെ പോകാമായിരുന്നു. അതുപോലും അത്ര എളുപ്പമല്ല കേട്ടോ.

palakkad-trip1

വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർഹൗസ് തുടങ്ങിയതോടെ ആദ്യ ലെവൽ വരെയേ ആളുകളെ വിടുന്നുള്ളൂ.’’ പോകുംവഴി ഗൈഡ് ജോസ് വെള്ളച്ചാട്ടത്തെക്കുറിച്ചു വിവരിച്ചു. ചെടികൾക്കിടയിലൂടെ ആരൊക്കെയോ നടന്നു തെളിഞ്ഞൊരു കാട്ടുവഴിയെത്തി. വളഞ്ഞു പുളഞ്ഞു പോകുന്ന മെലിഞ്ഞ വഴിയിലൂടെ കുറച്ചു പോയതേയുള്ളൂ കാട്ടരുവിയുടെ കളകള ശബ്ദം അടുത്തടുത്തു വന്നു. വണ്ടറടിച്ചു നിൽക്കുമ്പോൾ, ‘‘ ശ്രദ്ധിച്ച് സൂക്ഷിച്ചു നടന്ന് വരണം.’’ജോസിന്റെ നിർദേശം.  മുളകൾ കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ കൈകൾ വിട്ട് സർക്കസുകാരനെപ്പോലെ കൂൾ ആയി ജോസേട്ടൻ നടപ്പു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

മുളമ്പാലത്തിലേക്കു കാലെടുത്തു വച്ചു. ചിറകുവിരിച്ച് പാലത്തിലൂടെ... അരുവിയുടെ മറുകരയെത്തി. മതിയായില്ല... ഇക്കരയ്ക്ക് ഒന്നുകൂടി. തിരിച്ച് അക്കരയ്ക്ക്. യ്യോ... സ്ഥലകാലം മറന്ന് നടപ്പ് ആസ്വദിക്കുന്നതിനിടയിൽ ഗൈഡിനെ കാണാനില്ല! മുന്നിൽക്കണ്ട വഴിയിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ ആ ളവിടെ കാത്തു നിൽക്കുന്നുണ്ട്. കുത്തനെയുള്ള കോൺക്രീറ്റ് പാതയിലൂടെ കേറി പവർസ്റ്റേഷനടുത്തെ ഇടുങ്ങിയ വഴിയിലെത്തി. വെള്ളം കുതിച്ചു ചാടിക്കൊണ്ടിരിക്കുന്നു, പാൽ പോലെ! വേണമെങ്കിൽ പാറകൾക്കിടയിലൂടെ ഇനിയും നടക്കാം. ഒന്നാം വെള്ളച്ചാട്ടത്തെ അടുത്തു കാണാം.     ‘‘രാവിലെ ഒമ്പതു മുതൽ നാലു വരെ ടിക്കറ്റ് കിട്ടും. അഞ്ചു മണിക്കു മുമ്പേ കാട്ടിൽ നിന്ന് ഇറങ്ങണം. പത്തുപതിനഞ്ചു വർഷമായി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിട്ട്. ഇപ്പോഴേ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയിട്ടുള്ളൂ. കുടുംബങ്ങൾ കൂടുതൽ വരുന്നത് ഞായറാഴ്ചകളിലാണ്. ’’ ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരി സാലമ്മ മടങ്ങും വഴി പറഞ്ഞു. 

Day 2 : കോട്ടയിൽ തങ്കസൂര്യോദയം

കോട്ടമൈതാനം പാലക്കാടിന്റെ ഹൃദയമാണെങ്കിൽ അതിനടുത്തുള്ള ടിപ്പുസുൽത്താന്റെ  കരിങ്കൽക്കോട്ടയും കോട്ടയ്ക്കകത്തെ ആഞ്ജനേയ ക്ഷേത്രവും ‘രാപ്പാടി’ ഓപ്പൺ എയർ ഓ‍ഡിറ്റോറിയവും വാടിക എന്ന പൂന്തോട്ടവും ചേർന്നാലേ ആ ഹൃദയത്തിന് ജീവൻ വയ്ക്കൂ. ആ മിടിപ്പ് തൊട്ടറിയാതെ എന്തു പാലക്കാടൻ യാത്ര?‘അതിരാവിലെ’ ഹനുമാൻ സ്വാമിയെ വണങ്ങിത്തുടങ്ങാം ഇന്നത്തെ യാത്ര എന്നു തീരുമാനിച്ചു. ചുറ്റിനും പുല്ലും പൂച്ചെടികളും. ഉദയസൂര്യന്റെ കിരണങ്ങൾ കൂടി വീണപ്പോൾ അവളെന്തു സുന്ദരി! വാരിപ്പുണർന്ന് ഒഴുകുന്ന ആഴമേറിയ കിടങ്ങിലെ കണ്ണാടിയിൽ മുഖം നോക്കുകയാണവൾ. കിടങ്ങിനു മുകളിലെ പാലത്തിലൂടെ നടന്നു. പണ്ടിതൊരു സ്പ്രിങ് പാലമായിരുന്നത്രേ. ശത്രുക്കളെ നേരിടാൻ പീരങ്കികൾ വയ്ക്കുന്ന നിരീക്ഷണമഞ്ചങ്ങളുടെ അടുത്തെത്തി.  

ബഹുമുഖങ്ങളുള്ള കോട്ടയുടെ പ്രധാനകവാടത്തിനടുത്താണ് ഹനുമാൻ സ്വാമി ക്ഷേത്രം. പ്രസാദമായിക്കിട്ടിയ കുഞ്ഞൻ ഉഴുന്നുവടയും പായസവും കഴിച്ച് ഓറഞ്ച് നിറത്തിലുള്ള കുറിതൊട്ടു. തെക്കോട്ടു നോക്കി ഇടതുകാലുയർത്തി കൈയിൽ ഗദയുമായി നിൽക്കുന്ന ഹനുമാൻ പ്രതിഷ്ഠ വടക്കോട്ടു മുഖമായിട്ടാണ്. വളഞ്ഞുനിൽക്കുന്ന വാലിന്റെ അറ്റത്ത് ചെറിയ മണി കാണാം. വെണ്ണക്കാപ്പണിഞ്ഞ കൽവിഗ്രഹത്തിൽ വെറ്റിലമാലകൾ ചാർത്തിയിട്ടുണ്ട്. പ്രധാനവഴിപാടുകൾ വെറ്റിലമാലയും വെണ്ണക്കാപ്പും തന്നെ. പണ്ട് കോട്ടയിലെ പടയാളികൾ ആരാധിച്ചിരുന്നത് ഈ ആഞ്ജനേയനെയായിരുന്നത്രേ. പടയാളികൾ വിശ്രമിച്ചിരുന്ന കൽമണ്ഡപങ്ങളും പൂന്തോട്ടവും ചതുരാകൃതിയിൽ ചുറ്റിനും പടവുകളുള്ള കുളവും കണ്ട് നടപ്പാതയിലൂടെ ചുറ്റിനുമുള്ള നിരീക്ഷണ മഞ്ചങ്ങളിൽ കയറിയിറങ്ങി. അകത്തെ ആർക്കിയോളജിക്കൽ വകുപ്പിന്റെ മ്യൂസിയത്തിൽ നിന്ന് അന്നത്തെ കരിങ്കൽ കൊത്തുപണികളെക്കുറിച്ച് മനസ്സിലാക്കാം. തിരിച്ചു വരുമ്പോൾ, പ്രധാനകവാടത്തിനടുത്തുകൂടെ കിടങ്ങിലേക്ക്  ഇറങ്ങുന്ന പടവുകൾ കണ്ടു.

palakkad-trip4

കോട്ടയുടെ ചുറ്റിനുമുള്ള കിടങ്ങിനടിയിലൂടെ  മൈസൂർക്കെന്നു പറയപ്പെടുന്ന രഹസ്യപാതയിലേക്കുള്ള വഴിയാണത്. യുദ്ധകാലസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്രേ ഈ ജലപാത. കേരളത്തിൽ നല്ലരീതിയിൽ സംരക്ഷിക്കുന്ന കോട്ടകളിലൊന്നാണ് പാലക്കാട്ടേത്. 1766 ൽ മൈസൂർ രാജാവ് ഹൈദർ അലി പണികഴിപ്പിച്ച കോട്ട ബ്രിട്ടിഷുകാർ പുതുക്കിപ്പണിതു. ആർക്കിയോളജിക്കൽ വകുപ്പിനാണ് ഇപ്പോഴിതിന്റെ ചുമതല. കോട്ടയ്ക്കടുത്തു തന്നെ ചെറിയ ഉദ്യാനങ്ങളായ വാടികയും ശിലാവാടികയും സ്വച്ഛമായിരിക്കാൻ പറ്റിയ ഇടങ്ങളാണ്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്ത് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെ അരങ്ങുണരും.    

മഴസായാഹ്നം കവയിൽ നിന്ന്

മോഹൻലാലും സുന്ദരിമുത്തശ്ശിയും  മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ...എന്നു പാടുമ്പോൾ  ആ പച്ചപ്പും  മലകളും കാണാൻ പറ്റിയെങ്കിൽ എന്നു വെറുതെ ആശിച്ച സ്കൂൾ കുട്ടിയുണ്ടായിരുന്നു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA