കബനിയിലെ കൊലപാതകം

Kabini-Wildlife1
SHARE

പേരിൽ ഒളി‍ഞ്ഞിരിക്കുന്ന വശ്യത മുഴുവൻ ആവാഹിക്കപ്പെട്ട മനോഹര വനം. കേരളത്തിന്റെയും കർണാടകയുടെയും അതിർത്തി പ്രദേശങ്ങളിലൂടെ ഒഴുകുന്ന കബനി നദിയോടു ചേർന്നിരിക്കുന്നതിനാൽ  വിശാലമായ വനപ്രദേശവും കബനി എന്ന് തന്നെയാണ് അറിയപ്പെടുന്നത്. നാഗർഹോള ടൈഗർ റിസർവ് അഥവാ രാജീവ് ഗാന്ധി നാഷനൽ പാർക്ക് ഉൾപ്പെടുന്ന പ്രദേശം തന്നെയാണ് കബനി. എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യവും വശ്യതയും ഇവിടുത്തെ കാടിന്റെ പ്രത്യേകതയാണ്. അതുതന്നെയാണ് അനേകം തവണ അവിടേക്ക് പോകാൻ പ്രേരണയായതും. ഓരോയാത്രയിലും അതിശയകരമായ സമ്മാനം എനിക്കവിടെ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. ചിലപ്പോഴത് എന്റെ മൂന്നാം കണ്ണിലേക്ക് ആവാഹിക്കപ്പെടുന്ന ദൃശ്യങ്ങളാവാം. അതുമല്ലെങ്കിൽ മനസ്സിന്റെ ഒരു കോണിൽ മാറാല പിടിക്കാത്ത ഒരു പിടി നല്ല ഓർമ്മകളുമാവാം.

Kabini-Wildlife

കബനി സമ്മാനിച്ച ചിത്രങ്ങളിലൂടെ...

ഇത്തവണത്തെ കബനി യാത്രയിൽ കൂട്ടായി ഫൊട്ടോഗ്രാഫറായ നിഹാദ് വാജിദും പ്രശസ്ത പക്ഷി നിരീക്ഷകനും ഫൊട്ടോഗ്രാഫറുമായ ഷോബിയും ഒപ്പമുണ്ട്. അതിരാവിലെ ഞങ്ങളുടെ സഫാരി വാഹനത്തെ വരവേറ്റത് പ്രഭാതനടത്തത്തിലേർപ്പെട്ട ഒരു പുള്ളിപ്പുലിയായിരുന്നു. മറ്റൊന്ന് മരത്തിൽ വിശ്രമത്തിലായിരുന്നു. ഞങ്ങളെ കണ്ടതും അവൻ മെല്ലെ മരത്തിൽ നിന്നും താഴെയിറങ്ങി. കബനിയിൽ കടുവകളുടെ എണ്ണം കഴിഞ്ഞ വർഷം മുതൽ വർധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയെ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷേ, ഭാഗ്യം കൂടെ തുണയ്ക്കണം. ഞങ്ങളുടെ വാഹനം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്.

Kabini-Wildlife7

പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. കാടിന്റെ ഒരു വശത്ത് യുദ്ധം നടക്കുന്നു. കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലെ കോഴിപ്പോരിനെ ഓർമിപ്പിക്കുന്ന തരത്തിൽ, കാട്ടുകോഴികൾ തമ്മിൽ പൊരുതുന്നു. ചടുലമായ താളത്തിൽ തുടങ്ങി വായുവിൽ ഉയർന്നു പൊങ്ങി ഒന്നു മറ്റൊന്നിനു മുകളിൽ ആധിപത്യം ഉറപ്പിക്കുവാനുള്ള ചടുലവും ശക്തവുമായ ചുവടുകൾ. മനോഹരമായ ഒരു വിരുന്നായിരുന്നു ആ കാഴ്ച. മത്സര ശേഷം നിറഞ്ഞ സൗഹാർദ്ദത്തോടെ അവർ പിരിഞ്ഞു.  കബനി നദീ തീരത്ത് ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷികളിൽ ഒന്നായ കുറിത്തലയൻ വാത്ത് (Bar headed goose) ധാരാളമായി വിരുന്നെത്തിയിരുന്നു. ഹിമാലയത്തിന്റെ മുകളിലൂടെ പറന്ന് ഇന്ത്യയിൽ വിരുന്നെത്തുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് കുറിത്തലയൻ വാത്ത്. 

Kabini-Wildlife6

നേരം സന്ധ്യയോടടുത്തു. വനത്തിന് അകത്തുനിന്നും പുറത്തുകടക്കേണ്ട സമയമായിത്തുടങ്ങി. കാടിനൊരു പ്രത്യേകതയുണ്ട്. നിശബ്ദ ശബ്ദങ്ങളാണവിടെ മുഴുവൻ ഇണയെ ആകർഷിക്കാൻ, ശത്രുവിന്റെ വരവറിയിക്കാൻ, ഭയവും നൊമ്പരവും പ്രണയവും, കാമവും, വിശപ്പും, വേട്ടയാടലും അതിജീവനവും മാതൃത്വത്തിന്റെ വിലാപവും സ്നേഹവും കരുതലും...മനസ്സിനെ ഏകാഗ്രമാക്കിയാൽ മാത്രം തിരിച്ചറിയാൻ കഴിയുന്ന നിശ്ശബ്ദ ശബ്ദങ്ങൾ.

Kabini-Wildlife5

പതുങ്ങിയിരിക്കുന്ന ശത്രുവിന്റെ അല്ലെങ്കിൽ വേട്ടക്കാരന്റെ ചലനങ്ങളെ തന്റെ സഹജീവികളിലെത്തിക്കാനുള്ള ആ ശബ്ദം മാൻ കൂട്ടങ്ങൾക്കിടയിൽ നിന്നു ഞങ്ങൾക്കു കേൾക്കാം. അത് ഞങ്ങളുടെ വാഹനത്തെ നിശ്ശബ്ദമാക്കി. വേട്ടക്കാരന്റെ ദിശയും ചലനവുമറിയിക്കുന്നു. സന്ദേശം എത്രത്തോളം ശക്തമാണോ അതിനുമപ്പുറം ശക്തനും ധ്യാനനിരതനും വിവേകശാലിയുമായിരിക്കും വേട്ടക്കാരൻ. പെട്ടെന്നായിരുന്നു എല്ലാം, കുറ്റിക്കാട്ടിൽ ചെറിയ അനക്കവും അതിനൊപ്പം പ്രാണൻ പോകുന്ന ചെറിയ നൊമ്പരവും. പിന്നീട് കാണുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ശക്തനായ വേട്ടക്കാരൻ തന്റെ ഇരയേയും വഹിച്ചുകൊണ്ട് വേട്ടയാടപ്പെട്ടവന്റെ കുടുംബാംഗങ്ങൾക്കു മുന്നിലൂടെ പോകുന്ന കാഴ്ച. ‘‘വിശക്കുമ്പോൾ നായാടി കൊല്ലുക. അതു കാടിന്റെ നിയമമാണ് അതിൽ അതിജീവനത്തിന്റെ ശ്രമങ്ങളും ചിലപ്പോൾ അതിജീവനവും ഉണ്ടായേക്കാം. പക്ഷേ, വേട്ടയ്ക്കു ശേഷം എല്ലാം മൂകസാക്ഷികളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA