പത്മനാഭദാസന്റെ കൊട്ടാരം വിളിക്കുന്നു...

padmanabhapuram-palace
SHARE

മഴമേഘങ്ങൾ മറച്ച കന്യാകുമാരിയിലെ സൂര്യോദയത്തിന്റെ നഷ്ടബോധത്തിലാണ് ഞങ്ങൾ പത്മനാഭപുരം കൊട്ടാരത്തിലേക്കു പുറപ്പെട്ടത്. 16–ാം നൂറ്റാണ്ടിൽ പണിത കൊട്ടാര വിസ്മയം കണ്ടതോടെ നഷ്ടബോധം കൗതുകത്തിന് വഴിമാറി. കേരള വാസ്തു ഭംഗിയുടെ പ്രതീകമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ തക്കലയിലാണ്. ശരിക്കുപറഞ്ഞാൽ തമിഴ്നാട്ടിലെ കേരളമാണ് പത്മനാഭപുരം കൊട്ടാരം.

padmanabhapuram-palace-08
കുതിരക്കാരൻ വിളക്ക്

എഡി 1592 മുതൽ 1609 വരെ വേണാട് ഭരിച്ചിരുന്ന ഇരവിവർമ കുലശേഖരപ്പെരുമാളാണ് കൊട്ടാരം നിർമിച്ചത്. പിന്നീട് 1750 നോടടുപ്പിച്ച് അനിഴം തിരുനാൾ മാർത്താണ്ഡവർമ കൊട്ടാരം പുതുക്കിപ്പണിതു. തൃപ്പടിദാനം നടത്തി രാജ്യം മാർത്താണ്ഡവർമ ശ്രീപത്മനാഭനു സമർപ്പിച്ചതോടെയാണ് പട്ടണത്തിനു പത്മനാഭപുരമെന്നു പേരു കിട്ടിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം. ധർമരാജാവെന്നു പേരുകേട്ട കാർത്തിക തിരുനാൾ രാമവർമയുടെ ഭരണകാലത്ത്, 1795 ൽ, രാജ്യത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയതോടെയാണ് പത്മനാഭപുരത്തിന്റെ പ്രതാപം നഷ്ടമായത്. പിന്നീട് തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതിയായിരുന്നു പത്മനാഭപുരം കൊട്ടാരം.

padmanabhapuram-palace-01
ഔഷധമരങ്ങൾ കൊണ്ടു നിർമിച്ച കട്ടില്‍

സംസ്ഥാന പുനഃസംഘടനയെ തുടർന്ന് കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായപ്പോൾ പത്മനാഭപുരവും തമിഴ്നാട്ടിലായി. എന്നാൽ കൊട്ടാരവും അതിലെ ജീവനക്കാരും കേരള സർക്കാരിന്റെ കീഴിലാണ്.

padmanabhapuram-palace-09

ഒരുപാടു സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്കു പെട്ടെന്ന് ഓർമയിലെത്തുക മണിച്ചിത്രത്താഴാണ്. ഫാസിൽ സംവിധാനം ചെയ്ത സിനിമയുടെ ക്ലൈമാക്സിൽ നാഗവല്ലി നൃത്തം ചെയ്യുന്നത് കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തിലാണ്. കൂറ്റൻ കരിങ്കൽപാളികൾ കുമ്മായക്കൂട്ടു കൊണ്ടു യോജിപ്പിച്ച് പണിതുയർത്തിയിരിക്കുന്ന മണ്ഡപം വാസ്തുവിസ്മയം തന്നെയാണ്.

padmanabhapuram-palace-10
പൂവുകൾ കൊത്തിയെടുത്ത ഉത്തരം

സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് കൊട്ടാരത്തിലേക്കു പ്രവേശിക്കുമ്പോൾ ആദ്യം പൂമുഖമാണ്. രാജാവ് അതിഥികളെ സ്വീകരിച്ചിരുന്ന സ്ഥലം. വ്യത്യസ്തങ്ങളായ തൊണ്ണൂറു പൂവുകൾ കൊത്തിയെടുത്ത ഉത്തരമാണ് ഇവിടുത്തെ പ്രത്യേകത. ഒറ്റനോട്ടത്തിൽ സാമ്യം തോന്നുന്ന ഈ പൂവുകളുടെ വ്യത്യാസം തിരിച്ചറിയണമെങ്കിൽ കുറച്ചൊന്ന് പരിശ്രമിക്കണം. ഏതു ദിശയിലേക്കും തിരിച്ചു വെയ്ക്കാവുന്ന കുതിരക്കാരൻ വിളക്കാണ് മറ്റൊരു ആകർഷണം.

mantrasala
മന്ത്രശാല

പടവുകൾ കയറി മുകളിലെത്തിയാൽ രാജാവ് ഭരണനിർവഹണം നടത്തിയിരുന്ന മന്ത്രശാല കാണാം. 1550 കളിൽ പണിത രണ്ടു നിലകളുള്ള തായ് കൊട്ടാരമാണ് കൊട്ടാര എടുപ്പുകളിൽ ഏറ്റവും പഴയത്. ഇരവിവർമ കുലശേഖരപ്പെരുമാൾ നിർമിച്ച കൊട്ടാരം ഇതാണ്. ആ കാലഘട്ടത്തിലും അറ്റാച്ച്ഡ് ടോയ്‌ലറ്റുകൾ ഉണ്ടായിരുന്നുവെന്നത് കൗതുകമായി തോന്നാം. നാലുകെട്ടും കിളി വാതിലുകളുമൊക്കെ കണ്ട് നമ്മൾ പോകുന്നത് നാലു നിലയുളള ഉപ്പിരിക്ക മാളികയിലേക്കാണ്. ഖജനാവ്, രാജാവിന്റെ പള്ളിയറ തുടങ്ങിയവ ഇവിടെയാണ്. ഭിത്തികളിൽ അപൂർവങ്ങളായ ചുവർച്ചിത്രങ്ങൾ കാണാം. ഡച്ചുകാർ രാജാവിനു സമ്മാനിച്ചതെന്നു കരുതപ്പെടുന്ന, 64 തരം ഔഷധമരങ്ങൾ കൊണ്ടു നിർമിച്ച കട്ടിലും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

padmanabhapuram-palace-05
അമ്പാരി മുഖപ്പ്

അവിടെനിന്നുള്ള നീളൻ വരാന്തകൾ നമ്മെ നയിക്കുന്നത് അതിഥികൾക്കായി പണിത ഇന്ദ്രവിലാസം കൊട്ടാരത്തിലേക്കാണ്. തിരുവിതാംകൂറിന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. രാജാവ് പ്രജകൾക്കു ദർശനം നൽകിയിരുന്നത് ആനപ്പുറത്തു വെയ്ക്കുന്ന അമ്പാരിയുടെ മാതൃകയിൽ പണിത അമ്പാരി മുഖപ്പിലിരുന്നാണ്.

padmanabhapuram-palace-07
ചീനഭരണികൾ

കാലമിത്ര കഴിഞ്ഞിട്ടും തിളക്കമൊട്ടും കുറയാത്ത, കറുത്തനിറമുള്ള തറ കൊട്ടാരത്തിൽ പലയിടത്തും ഇപ്പോഴും കാണാം. ആറ്റുമണലും കുമ്മായവും ശർക്കരയിൽ പുളിപ്പിച്ച് മുട്ടയുടെ വെളള, കരിക്കിൻവെളളം, നീലയമരി എന്നിവ അരച്ചുചേർത്ത് വീണ്ടും പുളിപ്പിക്കുന്ന മിശ്രിതത്തിൽ ചിരട്ടക്കരി ചേർത്താണ് തറയിലുപയോഗിച്ചിരുന്നത്. ഒരേസമയം ആയിരക്കണക്കിന് ആളുകൾക്കു ഭക്ഷണം വിളമ്പാവുന്ന ഊട്ടുപുരകൾ രണ്ടു നിലകളിലായി ഉണ്ട്. കൂറ്റൻ ചീനഭരണികളും പുരാതന അടുക്കള ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.തിരുവിതാംകൂറിന്റെ പഴയകാല ജീവിതം മനസിലാക്കിത്തരുന്ന ഒരു ഹെറിറ്റേജ് മ്യൂസിയമാണ് തെക്കേകൊട്ടാരം ഇപ്പോൾ.

padmanabhapuram-palace-04

പൂമുഖം, പ്ലാമൂട്ടിൽ കൊട്ടാരം, വേപ്പിൻമൂട് കൊട്ടാരം, തായ് കൊട്ടാരം, ഊട്ടുപുര, ഹോമപ്പുര, ഉപ്പിരിക്കമാളിക, ആയുധപ്പുര, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, നവരാത്രിമണ്ഡപം, ലക്ഷ്മിവിലാസം, െതക്കേക്കൊട്ടാരം, പടിപ്പുര എന്നിങ്ങനെ 14 പ്രധാന എടുപ്പുകളാണ് കൊട്ടാരത്തിലുളളത്. പ്രാചീന ശിലാലിഖിതങ്ങളും ദാരുശിൽപങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള, 1993 ൽ പണിത പുരാവസ്തു മ്യൂസിയം വേറെയും.

padmanabhapuram-palace-02
ഹെറിറ്റേജ് മ്യൂസിയമായ തെക്കേകൊട്ടാരം

ആറര ഏക്കറിൽ പരന്നു കിടക്കുന്ന കൊട്ടാരം മുഴുവൻ കണ്ടുതീർക്കണമെങ്കിൽ മണിക്കൂറുകൾ വേണം. കാലപ്പഴക്കം കാരണം കൊട്ടാരത്തിന്റെ പല ഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിനു സന്ദർശകരെത്തുന്ന ഇവിടെ, കാര്യങ്ങൾ വിശദീകരിച്ചു തരുവാൻ വിരലിലെണ്ണാവുന്ന ഗൈഡുകൾ മാത്രമേയുളളൂ.

തിരുവനന്തപുരത്തുനിന്ന് 50 കിലോമീറ്റർ അകലെയാണ് പത്മനാഭപുരം പാലസ്. നാഗർകോവിലിൽനിന്നു വരികയാണെങ്കിൽ 20 കിലോമീറ്റർ. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശനസമയം. തിങ്കളാഴ്ചയും മറ്റു പൊതുഅവധി ദിവസങ്ങളിലും പ്രവേശനമുണ്ടാകില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA