ചിദംബര രഹസ്യത്തിൻെറ പൊരുൾ അറിഞ്ഞ് നടരാജനെ വണങ്ങാം

ചിദംബരം ക്ഷേത്രം
SHARE

ശിവഭക്തിയുടെയും വാസ്തുകലയുടെയും നിത്യവിസ്മയമായ ചിദംബരം മഹാക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴികളിലൂടെ.....

ചിദംബരം ക്ഷേത്രത്തിന്റെ ഗോപുരവഴിയിൽ ചെരിപ്പുകളഴിച്ചു വച്ചപ്പോൾ അറിയാതെ അഖിലാണ്ഡാമ്മാളെ ഓർക്കാതിരിക്കാനായില്ല. സി.വി. ശ്രീരാമന്റെ പ്രശസ്തമായ ‘ചിദംബരം’ എന്ന കഥയിലെ നായികയെ.

തെക്കേ ഗോപുരത്തിലേക്കുളള വഴിയോരത്ത് ചെരുപ്പുകൾക്കു കാവലിരിക്കുന്ന വൃദ്ധകൾക്കിടയിൽ, പൂവിൽപ്പനക്കാരികൾക്കിടയിൽ... അക്കൂട്ടത്തിലെങ്ങാനുമുണ്ടോ മറ്റൊരു അഖിലാണ്ഡാമ്മാൾ അഥവാ ശിവകാമി..... ശിവഗംഗാ തീർഥക്കുളത്തിന്റെ കരയിൽ ഓർമയിലോ മറവിയിലോ സ്വയം നഷ്ടപ്പെട്ട് ധ്യാനിച്ചിരിക്കുന്നവർക്കിടയിൽ, ഒരിക്കൽ അഖിലാണ്ഡാമ്മാളെ സ്നേഹിച്ചിരുന്ന ‘അയാളു’ണ്ടോ ? മുഖത്തെ ചുളിവുകൾക്കിടയിൽ, നരച്ച തലമുടിയിഴകൾക്കിടയിൽ, നീട്ടി വളർത്തിയ ദീക്ഷയ്ക്കു മറവിൽ അവരിൽ ചിലരെങ്കിലും ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടോ മുക്തി നേടാനാശിക്കുന്നൊരു ഭൂതകാലം ?

അല്ലെങ്കിലും, മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ നടയ്ക്കലെത്തുന്നവരുടെയെല്ലാം ഹൃദയത്തിലുണ്ടാവാം അനുഭവങ്ങളുടെ കദനഭാരം. ദുഃഖത്തിന്റെ ഇരുട്ടിൽ നിന്ന് മുക്തി നേടിയാവണം ഓരോ യഥാർഥ ഭക്തനും ഈ മഹാക്ഷേത്രത്തിന്റെ നട തേടി വരുന്നത്. കിഴക്കേ നടയിലൂടെ അകത്തേക്കു കടക്കുമ്പോൾ 21 പടികൾക്കിരുവശവും മനുഷ്യമൃഗരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ഇവരെ കടന്നു പോകുന്നതിന്റെയർഥം, ഭക്തർ ജീവിതത്തിൽ അറിയാതെ സംഭവിച്ചു പോയ തിന്മകളെയെല്ലാം നീക്കിക്കളയണേയെന്ന് അപേക്ഷിക്കുന്നുവെന്നാണത്രേ! മനസ്സിനെ അംബരം പോലെ നിർമ്മലമാക്കാൻ..... ചിദംബരമെന്നാൽ ജ്ഞാനാകാശമാണ്. ശിവപുരാണത്തിൽ പറയും പോലെ, ആകാശമാണല്ലോ പ്രപഞ്ചത്തിൽ അനുഗ്രഹം വർഷിക്കുന്നയിടം...

ചിദംബരം ക്ഷേത്രം
ചിദംബരം മഹാക്ഷേത്രം. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

കിഴക്കേനടയ്ക്കു മുന്നിൽ നിന്നപ്പോൾ ആകാശത്തിന്റെ അനന്തതയിലേക്കുയർത്തിയൊരു കൂപ്പു കൈ പോലെ തോന്നി ക്ഷേത്ര ഗോപുരം. ഓരോ ഗോപുരനിലകളിലും ഭരതന്റെ നാട്യശാസ്ത്രത്തിലെ അഭിനയമുദ്രകളുടെ മിഴിവുറ്റ ശിൽപവിസ്മയങ്ങൾ ! അവയിൽ ജീവൻ വയ്ക്കുന്ന ഇതിഹാസങ്ങളിലെ എണ്ണമറ്റ കഥാപാത്രങ്ങൾ! ആകാശത്തിനോട് ആ അനാദിയായ കാലത്തിലെ കഥകൾ പറയുകയാണോ ഈ മഹാക്ഷേത്ര ഗോപുരങ്ങൾ !

ഇരുട്ട് ആകാശത്തെ വിട്ടൊഴിയുന്ന പ്രഭാത നേരം. തില്ലൈ നടരാജക്ഷേത്രത്തിനൊപ്പം ചിദംബരം എന്ന ചെറിയ പട്ടണത്തിന്റെ തെരുവുകളും ഉണർന്നു കഴിഞ്ഞു. കിഴക്കേ ഗോപുരനടയിലാണ് തിരക്ക് കൂടുതൽ. ഗോപുരവാതിലിനു മുന്നിൽ താമരപ്പൂക്കളുടെയും കനകാംബരങ്ങളുടെയും തുളസിമാലകളുടെയും നിറങ്ങൾ ഇടകലരുന്നു. പൂക്കാരികൾ വിളിക്കുന്നു :‘‘രണ്ടു മുഴം പൂമാല വാങ്ക്....ഒന്ന് നടരാജനും ഒന്ന് ശിവകാമിദേവിക്കും...’’ ശിവഗംഗാതീർഥക്കുളത്തിന്റെ പടവിൽ ദീക്ഷിതർമാർ സ്തോത്രങ്ങളുരുവിട്ടു:

കേദാരദീക്ഷിതർ ചിത്സഭയ്ക്കരികിൽ.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
കേദാരദീക്ഷിതർ ചിത്സഭയ്ക്കരികിൽ.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

‘‘നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാംഗ രാഗായ മഹേശ്വരായ.... നിത്യായ ശുദ്ധായ ദിഗംബരായ....’’

ആനന്ദനടരാജനെ ഹൃദയത്തിലേറ്റുന്നവരാണ് ഈ ക്ഷേത്ര പരിസരത്ത് വച്ച് കണ്ടുമുട്ടുന്ന ഓരോരുത്തരും. ദർശനത്തിനെത്തുന്നവർ മാത്രമല്ല, വഴിയോരത്തെ കച്ചവടക്കാർ പോലും. ക്ഷേത്രത്തിനു മുന്നിൽ ടീ സ്റ്റാൾ നടത്തുന്ന കുമാരൻ പറഞ്ഞു. ‘‘എൻ പേര് കുമാരൻ...മുത്തു കുമാരൻ...അത് നടരാജനുടെ മകനുടെ പേരല്ലേ.....’’ പൂ വിൽക്കുന്ന ഗൗതം എന്ന ആറാം ക്ലാസുകാരനും പറഞ്ഞത് നടരാജനെ കുറിച്ചാണ്: ‘‘നാൻ നടരാജനുടെ പെരിയ ഭക്തൻ....’’ ഓരോരുത്തരുടെയും നാവിൻ തുമ്പത്തുണ്ട് പഞ്ചാക്ഷര മന്ത്രം, നമശിവായ വിളികൾ.

കാലം മയങ്ങുന്ന കരിങ്കൽത്തളങ്ങളിലൂടെ

ഗോപുരം കടന്ന് ചുറ്റമ്പലത്തിലെ കരിങ്കൽത്തളങ്ങളിലൂടെ നടക്കുമ്പോൾ കൽത്തൂണുകളും അവയിൽ കൊത്തിയ മനോഹരശിൽപങ്ങളുടെ വിസ്മയവുമായിരുന്നു മനസ്സിൽ. ‘ശിലകൾക്ക് ഭാഷയുണ്ടോ? ഈ ശിലകൾ സംസാരിക്കുന്നത് മനുഷ്യരുടേതിനേക്കാളും സുന്ദരമായൊരു ഭാഷയല്ലേ?’ അറിയാതെ ഓർത്തു പോയി, ടാഗോർ എഴുതിയ വരികൾ. കൽത്തൂണുകളിൽ കൊത്തിവച്ച ശിൽപങ്ങൾ എന്താവും പറയുന്നത് ? നൂറ്റാണ്ടുകൾക്കു പിന്നിലെ കഥകളാണോ? അതോ നടരാജനെ പ്രകീർത്തിക്കുന്ന സ്തുതികളാണോ?

ശിലാ വിസ്മയങ്ങൾ
ശിലാ വിസ്മയങ്ങൾ. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

കർപ്പൂരത്തിന്റെ, ഭസ്മത്തിന്റെ, എണ്ണവിളക്കിന്റെ, ഹോമാഗ്നിയുടെ....എല്ലാ ഗന്ധങ്ങളും ഒന്നായലിഞ്ഞു ചേരുന്നു. കാലടികളിൽ പ്രാചീനശിലകളുടെ തണുപ്പ്.... എത്രയെത്ര ശിവഭക്തരുടെ കാല‍ടികളുടെ ഓർമകൾ പതിഞ്ഞു കിടപ്പുണ്ടാവുമീ പ്രദക്ഷിണ നടവഴികളിൽ .... നന്തനാരും മാണിക്യവാസകരും അപ്പർ തിരുവടികളും ഉമാപതി ശിവാചാര്യരും തൊട്ട്.... രാജരാജചോഴനും വിക്രമചോഴനും.... പിന്നെ എത്രയോ നടരാജഭക്തർ...ആനന്ദനടനമാടുന്ന ഭഗവാന്റെ താമരപ്പാദങ്ങൾ കണ്ട്, തീയെ പുണർന്ന കർപ്പൂരം പോലെ മനസ്സുരുകി നിന്നവർ‌ ! ചിദംബരം മഹാക്ഷേത്രത്തിനുളളിൽ ദുർഗങ്ങൾ പോലെ നീണ്ടു പോകുന്ന വീഥികൾ താണ്ടുമ്പോൾ, പ്രാചീന ശിലകളുടെ ഗന്ധമനുഭവിക്കുമ്പോൾ അപ്പോഴൊക്കെ അനുഭവപ്പെടുന്നത് കാലത്തെ കുറിച്ചുളള ബോധ്യമാണ്. പിന്നെ, കാലത്തെ നിതാന്തനടനമാടിക്കുന്ന മഹേശ്വരനെക്കുറിച്ചും.... ചിദംബരം ക്ഷേത്രം എന്നുണ്ടായി എന്ന ചോദ്യത്തിനുത്തരമില്ല. അനന്തമായ കാലത്തിൽ ലയിച്ചു കിടക്കുന്നു ക്ഷേത്രത്തിന്റെ മൂലപ്രതിഷ്ഠയുടെ പിറവി.

ചുറ്റമ്പലങ്ങൾ കടന്ന്

ക്ഷേത്രത്തിന്റെ ഉൾവശം അനേകം സഭകളായിട്ടാണ് (ചുറ്റമ്പലങ്ങൾ). ഓരോ ചുറ്റമ്പലങ്ങളിലുമുണ്ട് നിരവധി പ്രlതിഷ്ഠകളും സന്നിധാനങ്ങളും. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ! ഇവിടെ നരസിംഹാവതാരത്തിൽ വിഷ്ണു അവതരിച്ചപ്പോൾ ശിവഭഗവാൻ കൈക്കൊണ്ട ശരഭേശ്വരസന്നിധാനം കാണാം.

ഓരോ സന്നിധാനങ്ങളും ദർശിച്ച് തൊഴുത്, ഒടുവിൽ ദേവസഭ പിന്നിട്ട് കവാടത്തിലൂടെ അകത്തു കടന്നപ്പോൾ സ്വർണയോടുകൾ പതിപ്പിച്ച വിതാനം കണ്ടു. സാക്ഷാൽ നടരാജമൂർത്തി ശിവകാമസുന്ദരിയോടൊപ്പം സദാ ആനന്ദനടനം ചെയ്തു പരിലസിക്കുന്ന ശ്രീകോവിൽ....! ശ്രീകോവിലിനു മുന്നിലും ഉയരത്തിലുളള പടിക്കെട്ടിനു മേലെയും ഭക്തരുടെ തിരക്ക്. കിഴക്കു വശത്ത് സ്വർണവർണമുളള കൂറ്റൻ മണികൾ. ക്ഷേത്രജോലിക്കാർ മണികൾ ചലിപ്പിക്കെ, മണിയടികൾ ഓങ്കാരനാദമായി കൽച്ചുവരിൽ തട്ടി മുഴങ്ങിക്കൊണ്ടിരിക്കുന്നു.

കഥപറയും കൽത്തൂണുകൾ
കഥപറയും കൽത്തൂണുകൾ. ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ഭഗവാന്റെ വിഗ്രഹമിരിക്കുന്ന സ്ഥലം ചിറ്റമ്പലം (ചിത് സഭ) എന്നാണറിയപ്പെടുന്നത്. ഇതിനു ചുറ്റുമുളള സ്ഥലമാണ് കനകസഭ. കനകസഭയിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുന്നത്. കനകസഭയിൽ കടക്കുമ്പോൾ രുദ്രാക്ഷമാലയും വെളളവസ്ത്രവുമണിഞ്ഞ ദീക്ഷിതർമാരാണ്. നടരാജനോടുളള ഭക്തി ഇവരുടെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ‘‘ഇത് ആകാശക്ഷേത്രമാണ്. ആകാശം എപ്പടി നിർമലമായിരിക്ക് അപ്പടി മനുഷ്യ മനസ്സും നിർമലമായിരിക്കണമെന്ന് സാരം...’’ ഗണപതി ദീക്ഷിതരും രാജാ ദീക്ഷിതരും ഓർമിച്ചു.

അന്നത്തെ ദിവസം പ്രധാന പൂജ ചെയ്യുന്ന കേദാര ദീക്ഷിതർ പറഞ്ഞ് മുക്തിയെക്കുറിച്ചാണ്: ‘‘ചിദംബരം ഇതി ഭൂയോത് സകൃത് ജനന വർജിതഹ, മുക്തി കണ്ഠാ മണിപദം മോക്ഷയേവ നശൃംസയഹ... ഇത് താൻ ശ്ലോകം. ദക്ഷിണ ഭാരതത്തിലെ പഞ്ചഭൂതസ്ഥാനങ്ങളിൽ ഒന്ന് ചിദംബരം ക്ഷേത്രം. ചിത്–ജ്ഞാനം, അംബരം–ആകാശം. ജ്ഞാന ആകാശം അതാണീ ക്ഷേത്രം...പതഞ്ജലിയുടെ പൂജാ മുറകളാണിവിടെ പിന്തുടരുന്നത്. ദിനവും ആറു കാലങ്ങൾ (പൂജകൾ). ഒരു മുറൈയാവത് ചിദംബരം ദർശിച്ചാൽ മുക്തിതരും ക്ഷേത്രം....മൂവായിരം ദീക്ഷിതർ പണ്ട് ഇവിടെയുണ്ടായിരുന്നു......ഇന്ന് അവരുടെ എണ്ണം ഇരുന്നൂറോളമായി ചുരുങ്ങി....വിരാട് പുരുഷന്റെ ഹൃദയമാണ് ചിദംബരം ക്ഷേത്രം എന്നാണ് സങ്കൽപം....’’

ശരിയാണ്. മനുഷ്യഹൃദയം ശരീരത്തിന്റെ മധ്യത്തിൽ നിന്ന് ഇടതു വശത്തേക്ക് മാറിയിരിക്കും പോലെയാണ് ഈ ത‍ൃക്കോവിലിന്റെ ഘടനയും.

ചിദംബര രഹസ്യവും ആനന്ദ നടരാജനും

ഇപ്പോൾ ചിത് സഭയിലെ ശ്രീകോവിലിൽ മൂർത്തിയില്ല. വലതു വശത്തായി ശ്രീചക്രമുണ്ട്. തങ്കത്തിൽ തീർത്ത വില്വമാലയും. അതിന്റെയർഥം ഭഗവാൻ ഇവിടെ ആകാശ രൂപത്തിൽ വസിക്കുന്നുവെന്നാണ്. ശ്രീകോവിലിലെ ശൂന്യതയെ ദേവനായി ആരാധിക്കാം. ഇതാണ് ‘ചിദംബരരഹസ്യ’ത്തിന്റെ പൊരുൾ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി തെക്കോട്ടഭിമുഖമായാണ് ഇവിടെ നടരാജന്റെ വിഗ്രഹം. കാലനെ ജയിച്ചവനായതിനാലാണ് ഇവിടെ ശിവഭഗവാൻ തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കേ നടയിലാണ് സ്വർണക്കൊടിമരം.

പൂജാ നേരം... കനകസഭയിൽ പ്രഭാതപൂജകൾ കഴിച്ച് നടരാജ വിഗ്രഹം ചിത് സഭയിലേക്ക് എഴുന്നളളിക്കുന്ന മുഹൂർത്തം. പൊടുന്നനെ മണിനാദങ്ങളും വാദ്യങ്ങളുമുയർന്നു. സ്വർണവർണമാർന്ന, നർത്തനമാടുന്ന ആനന്ദ നടരാജന്റെ വിഗ്രഹം ചിത് സഭയെ വലം വച്ചു കൊണ്ടു വന്നു. സ്തോത്രങ്ങളുരുവിട്ട് ദീക്ഷിതർമാർ പഞ്ചാക്ഷരപ്പടികൾ കയറി ശ്രീകോവിലിലേക്ക് കടന്നു. ശിവ ശിവ വിളികളുമായി ഭക്തർ കാത്തു നിന്നു. മണികൾ ഒന്നിച്ചു മുഴങ്ങിയപ്പോൾ ശ്രീകോവിലിനു മുന്നിലെ കറുത്ത തിരശ്ശീല നീങ്ങി..... ദർശന മുഹൂർത്തം ! നടരാജന്റെ മുന്നിൽ കൂപ്പു കൈകളുയരുന്നു.

തങ്ക നിറമാർന്ന നടരാജന്റെ നർത്തനരൂപം. അരികിൽ ശിവകാമ സുന്ദരി...ഹൃദയത്തെ സ്തബ്ധമാക്കുന്ന സൗന്ദര്യം ! കണ്ണുകളെ വേർപെടുത്താനാവാതെ നടരാജനെ മാത്രം നോക്കി നിന്നു. ഭക്തരുടെ തിരക്കിന്റെ തിരമാലത്തളളലിൽ പിന്നോട്ട് പോയി. പക്ഷേ, ഒരിക്കൽ ദർശിച്ചാൽ ഹൃദയത്തിൽ എന്നേക്കും പതിയുന്നതാണ് ആനന്ദനട രാജന്റെ രൂപം.

പ്രാർഥനകൾ വിസ്മൃതിയിലാവുന്നു. നടരാജ സന്നിയിൽ നിൽക്കേ, ഏതൊക്കെ അജ്ഞാത ദുഃഖങ്ങളാൽ വെമ്പിയ മനസ്സിന്റെ ഭാരങ്ങൾ അഴിഞ്ഞു വീഴുന്നു. ഇതു വരെ താണ്ടിയ ജീവിതത്തിന്റെ നീണ്ട ഇടവഴികളെക്കുറിച്ചും ഇനിയും കാത്തിരിക്കുന്ന വഴികളെക്കുറിച്ചും മാത്രം ഓർമ വരുന്നു... ആ വഴികളിൽ നിന്റെ കരുണ പതിയണേ എന്നു മാത്രം പ്രാർഥിച്ചു.... ഏതോ പുരാണ പുസ്തകത്തിലെ വാക്കുകളോർത്തു. ശിവൻ വിനാശത്തിന്റെ ദേവൻ. ചടുല ആഗ്രഹിക്കുന്നവൻ. എന്താണ് ശിവൻ നശിപ്പിക്കുന്നത്? ഓരോരുത്തരുടെയും അന്തരംഗത്തിലെ മോഹബന്ധത്തെയാണ് ശിവൻ നശിപ്പിക്കുന്നത്. ശിവൻ നൃത്തം ചെയ്യുന്നത് മോഹത്തെ ചാമ്പലാക്കിയ ഭക്തന്റെ മനോവനത്തിലാണത്രേ!

നടരാജന്റെ ശ്രീകോവിലിനു മുന്നിലെ പടിക്കെട്ടിൽ കയറി നിന്ന് തൊഴുമ്പോൾ ഇടതു വശത്ത് മുകളിലായി അനന്തശായിയായ മഹാവിഷ്ണുവിന്റെ (ഗോവിന്ദരാജപ്പെരുമാൾ) പ്രതിഷ്ഠയാണ്. ഒരേ സ്ഥലത്തു നിന്നു തന്നെ ശിവനെയും മഹാവിഷ്ണുവിനെയും നമിക്കാൻ കഴിയുന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണത്രേ....

മുന്നിലെ നന്ദിപ്രതിമയുടെ കാതിൽ മന്ത്രിച്ചിട്ട് ഒരു കൊച്ചു പെൺകുട്ടി പ്രസാദത്തിന് കൈ നീട്ടുന്നു. അനന്തശായിയുടെയും നടരാജന്റെയും മുന്നിലുളള പടിക്കെട്ടിനു മുകളിലെ വിശാലമായ തളത്തിൽ കൽത്തൂണുകൾക്കു ചോട്ടിൽ എല്ലാം മറന്നിരിക്കുന്ന ഭക്തർ. ചിലർ പാരായണത്തിലാണ്. ചിലർ കണ്ണടച്ച് ധ്യാനത്തിൽ മുഴുകിയിരിക്കുന്നു. ചുളളിക്കാടിന്റെ ‘ചിദംബരസ്മരണ’യിലേതു പോലെ, പരസ്പരം കൈത്താങ്ങായ വൃദ്ധദമ്പതികളെ കണ്ടു. കീറവസ്ത്രങ്ങളുടുത്ത ക്ഷീണിത ശരീരനായൊരു ഭിക്ഷു നിലത്ത് എല്ലാം മറന്നുറങ്ങുകയാണ്. ക്ലേശങ്ങൾക്കൊടുവിൽ ഈ നടയ്ക്കൽ അഭയം പ്രാപിച്ച് നിത്യവും കഴിയുന്നയാളാണോ? അറിയില്ല. പക്ഷേ, ദർശനനേരത്തെ മണിനാദങ്ങളുടെ മുഴക്കം പോലും അയാളെ ഉണർത്തുന്നില്ല. എല്ലാം നടരാജനിൽ അർപ്പിച്ച നിദ്ര.

ശിവകാമസുന്ദരി ക്ഷേത്രം

ദർശനം കഴിഞ്ഞിറങ്ങി വടക്കേ ഭാഗത്തേക്ക് നടക്കുമ്പോൾ നന്ദിപ്രതിമകൾ അതിരിട്ട ശിവഗംഗാതീർഥക്കുളം കാണാം. ഇതിന്റെ മുന്നിലാണ് ശിവകാമസുന്ദരി ക്ഷേത്രം. കൽത്തൂണികളിലെ പ്രാചീനമായ കൊത്തുപണികൾ. കല്ലു പാകിയ തണുത്ത തറകൾ. കർപ്പൂര ഗന്ധം. ശിവനാഥയായ ശിവകാമസുന്ദരിക്കു മുന്നിൽ താലത്തിൽ പൂക്കളും ദീപവും.... വാതിൽക്കലെ ‌‍ജ്ഞാനദേവിയായ ശിവകാമസുന്ദരിയുടെ ചിത്രത്തിന്റെ നിറങ്ങളിൽ കാലത്തിന്റെ മങ്ങൽ പടർന്നിട്ടുണ്ട്.

ശിവഗംഗാ തീർത്ഥം
ശിവഗംഗാ തീർത്ഥം.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ശിവഗംഗാതീർഥപ്പടവിൽ ദീക്ഷിതർമാർ പിതൃപൂജാമന്ത്രങ്ങളുരുവിടുന്നു. പടിക്കെട്ടുകളിൽ ആരൊക്കെയോ വിരലിൽ ചുറ്റിയുപേക്ഷിച്ച ഭർഭക്കെട്ടുകൾ.... ഈ തീർഥക്കുളത്തിൽ ഒരു ശിവലിംഗമുണ്ടത്രേ. വേനൽക്കാലത്ത് തീർഥക്കുളത്തിലെ വെളളം കുറയുമ്പോൾ ശിവലിംഗം ദൃശ്യമാകും. ‘‘ആയിരത്തഞ്ഞൂറു വർഷം മുമ്പ് പല്ലവ രാജാവായ സിംഹവർമന്റെ മാറാത്ത ചർമവ്യാധി ഈ ശിവഗംഗയിൽ സ്നാനം ചെയ്തപ്പോൾ മാറിയത്രേ...’’ ഒരു ദീക്ഷിതർ പുരാണ കഥയോർത്തു.

എല്ലാമേ നടരാജൻ താൻ

തെക്കേഗോപുരത്തിലേക്കുളള വഴിയിൽ വച്ചാണ് വൃദ്ധയായ ശിവനേശ്വരിയെ കണ്ടത്. തല മുണ്ഡനം ചെയ്ത് ഭസ്മം പൂശിയ കാവി ചുറ്റിയ, കൈയിൽ പൂജാപാത്രമേന്തിയൊരു ബ്രാഹ്മണ വിധവ. ശിവനേശ്വരി ഉച്ചപ്പൂജ കഴിഞ്ഞ് അഗ്രഹാരത്തിലേക്ക് മടങ്ങുകയായിരുന്നു. ശിവനേശ്വരി തന്റെ നീണ്ട ജീവതം ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. ‘‘എൻ പുരുഷൻ മരിച്ചത് 30 വയസ്സിൽ. അന്നെനിക്ക് 24 വയസ്സ്. അന്ന് തല മുണ്ഡനം ചെയ്തു. കാവിയുടുത്തു. ആഭരണങ്ങളുപേക്ഷിച്ചു.... ഇന്നേക്ക് നാൽപ്പത്തഞ്ചു വർഷം കഴിഞ്ഞിരിക്ക്. എല്ലാ പൂജയ്ക്കും തൊഴാൻ വരും.. എല്ലാമേ എനിക്ക് നടരാജൻ താൻ...’’ തെക്കേ ഗോപുരത്തിന്റെ മതിലിനു പിന്നിലെ അഗ്രഹാരത്തെരുവിലേക്ക് ശിവയോഗി നടന്നു മറയുന്നു.

ശിവനേശ്വരി
ശിവനേശ്വരി.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

അഗ്രഹാരങ്ങളുടെ പരിസരത്തു കൂടി നടക്കുമ്പോൾ സങ്കൽപങ്ങൾക്കതീതമായൊരു ലളിത ജീവിതം കാണാം. ലോകം സാങ്കേതിക വിപ്ലവങ്ങളുടെ പിന്നാലെ പായുമ്പോൾ മറ്റൊരു പൗരാണിക യുഗത്തിലെന്ന പോലെ നടരാജ പൂജയിൽ സന്തുഷ്ടിയോടെ ജീവിക്കുന്നവർ. ഒരു മുറ്റത്തിനിരുവശത്തും ചേർന്നിരിക്കുന്ന കൊച്ചുവീടുകൾ. കോലം വരച്ചിട്ട മുറ്റത്ത് പാവാടയുടുത്ത പെൺകുട്ടികൾ കളിക്കുന്നു. ചേല ചുറ്റിയ സ്ത്രീകൾ വർത്തമാനം പറഞ്ഞിരിക്കുന്നു. അവർ‌ക്ക് ചെറിയ സ്വപ്നങ്ങളേയുളളൂ. പുലർച്ചയ്ക്ക് നടരാജനെ തൊഴണം. രഥയാത്രയ്ക്കു പോകണം.....മാർഗഴിമാസത്തിലെ ഉത്സവത്തിന് പുതിയ ചേല ചുറ്റി ശിവകാമസുന്ദരിയെ തൊഴണം.... ഈ ചിദംബരനാഥനെ വിട്ടൊരു ലോകം അവർക്കുണ്ടെന്ന് തോന്നുന്നില്ല.

ദീപക്കാഴ്ചകൾ തെളിയുമ്പോൾ

സന്ധ്യ. നിശ്ചലമായി നിൽക്കുന്ന കാലം പോലെ, ആകാശത്തിലെ മേഘങ്ങളും അനക്കമറ്റു നിൽക്കുന്നു. ക്ഷേത്ര പരിസരത്തെ ആര്യവേപ്പു വൃക്ഷങ്ങൾക്കു മേലേ മഴപ്പുളളുകൾ പറന്നു കൊണ്ടിരുന്നു. സന്ധ്യ രാത്രിയിലേക്ക് അലിഞ്ഞു ചേരുന്നു.

ദീപാലങ്കൃതമായ നടരാജ ക്ഷേത്രത്തിനിപ്പോൾ മറ്റൊരു മുഖമാണ്..... ഒരു ഉത്സവപ്പറമ്പിലേക്കെന്ന പോലെ പുരുഷാരം ക്ഷേത്രമുറ്റത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. മിക്കവരും ഈ ചുറ്റുവട്ടത്തുളളവരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരും പുരുഷന്മാരും.... അവർ മുറ്റത്ത് കൊച്ചു സംഘങ്ങളായി ഇരുന്നു. ചിലർ അന്തിപ്പൂജ തൊഴുതിട്ട് തിരിച്ചു വന്ന് വീണ്ടും മുറ്റത്ത് തന്നെ കൂടിയിരുന്നു. ചിലർ കൽത്തൂണുകളുടെ മറവിൽ ഏകരായി കണ്ണുകൾ പൂട്ടി വിശ്രമിക്കുന്നു.‌

ഓരോ ചുറ്റമ്പലങ്ങളും കടന്ന് ഒരിക്കൽ കൂടി നടരാജനെ ദർശിക്കാനെത്തി. മണിമുഴക്കങ്ങൾ.... തിരശ്ശീല മാറി നടരാജൻ ദർശനമേകി. ഭക്തരുടെ കൂപ്പുകൈകളുയരുന്നു. ഒരു നടനത്തിന്റെ മുദ്രകൾ പോലെ എല്ലാം ആവർത്തിച്ചു.

ദേവസഭയുടെ തളത്തിൽ ഒരു കൂട്ടം ഭക്തർക്കിടയിൽ വീണ്ടും കണ്ടു ശിവനേശ്വരിയെന്ന അമ്മയെ. ഭസ്മവും പുഞ്ചിരിയുമണിഞ്ഞ്....അടുത്തിരുന്ന രത്നാംബാൾ പറഞ്ഞു: ‘‘എന്നും ഞങ്ങൾ രാത്രിയിലും വരും.... നടരാജന്റെ ശ്രീകോവിലടയ്ക്കാൻ പത്തരയാകും.... അതു കഴിഞ്ഞേ പോകൂ....’’

ചുറ്റമ്പലങ്ങളും നിഴൽ വീണ കൽത്തൂണുകളും കടന്ന് പുറത്തേക്കിറങ്ങി. ഇരുണ്ട കോണുകളിൽ മങ്ങിയ വെട്ടത്തിൽ പേരറിയാത്ത ഏതൊക്കെ മൂർത്തികൾ!

പടി കയറി കിഴക്കേ ഗോപുരകവാടത്തിനു മുന്നിലെ മുറ്റത്ത് തിരികെയെത്തി. അവിടുത്തെ ആൾക്കൂട്ടങ്ങൾ അപ്പോഴും പിരിഞ്ഞിരുന്നില്ല. ഒച്ചവയ്ക്കാതെ പതുക്കെ സംസാരിച്ച് അവർ വെറുതെ കൂട്ടം കൂടിയിരുന്നു. ആർക്കും മടങ്ങാൻ ധൃതിയുണ്ടായിരുന്നില്ല. നടരാജനെ പിരിയാൻ മടിക്കും പോലെ....

ക്ഷേത്രം- രാത്രിക്കാഴ്ച
ക്ഷേത്രം- രാത്രിക്കാഴ്ച.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

മഴക്കാർ മൂടിയ അംബരം. എന്നിട്ടും നക്ഷത്രങ്ങൾ തെളിഞ്ഞു കിടന്നു. ആ അംബരത്തിലേക്ക് കണ്ണു നട്ട് ക്ഷേത്രമുറ്റത്ത് വെറുതെയിരുന്നു. ഇടയ്ക്ക് നേർത്ത മഴത്തുളളികൾ പൊട്ടി വീണു. മഴയെ ആരും അറിഞ്ഞതായി തോന്നിയില്ല....ഈ മഴ ആകാശത്തിന്റെ അനുഗ്രഹമാണോ?

അപ്പോൾ കേദാരദീക്ഷിതരുടെ വാക്കുകൾ ഓർമ വന്നു. ‘‘ഒരു മുറൈ നടരാജനെ പാർത്താലേ മുക്തി കിടയ്ക്കും.....’’ ആനന്ദ നടരാജന്റെ താമരപ്പാദങ്ങളെ മാത്രം മനസ്സിലോർത്തു....എന്തിനെന്നറിയാതെ വെറുതെ കണ്ണു നിറഞ്ഞു.

ക്ഷേത്ര ഐതിഹ്യം

ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.

തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.

ആനന്ദനടനം

പ്രപഞ്ചം രൂപം കൊണ്ട കാലം മുതൽ തുടരുന്നതാണ് ശിവഭഗവാന്റെ ആനന്ദ താണ്ഡവം. ഓം എന്ന പ്രണവത്തിന്റെ പ്രതിരൂപമായി നിതാന്ത നടനം ചെയ്യുന്ന നടരാജഭഗവാനാണ് ചിദംബരത്തെ മൂർത്തി. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം–ഈ അഞ്ചു കർമങ്ങളും ഭഗവാന്റെ തിരുനടനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സങ്കൽപം.

തൃക്കരത്തിലെ ഉടുക്ക് പ്രപഞ്ചോൽപ്പത്തിയെയും അഭയം നൽകുന്ന തൃക്കരം സ്ഥിതിയെയും മറ്റൊരു കരത്തിലെ അഗ്നി സംഹാരത്തെയും അസുരനു മേൽ വച്ചിട്ടുളള കാലൽ തിരോ ഭാവത്തെയും തൂക്കിയിട്ടിരിക്കുന്ന കാൽ മുക്തിയെയും സൂചി പ്പിക്കുന്നു. ഇടതു തൃക്കരം തൂക്കിയിട്ടിരിക്കുന്ന കാലിനെ ചൂണ്ടിക്കാണിക്കുന്നു.

ക്ഷേത്രഘടന

തമിഴ്നാട്ടിലെ കൂടലൂർ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).

ഗോപുരത്തിലെ നാട്യശിൽപ്പങ്ങളുടെ മിഴിവ്
ഗോപുരത്തിലെ നാട്യശിൽപ്പങ്ങളുടെ മിഴിവ്.ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ചിത് സഭയിലാണ് ശ്രീകോവിൽ. ചുറ്റമ്പലവഴികളിൽ അനേകം തിരുസന്നിധാനങ്ങളുണ്ട്. മുക്കുറുണി വിനായകർ, പടിഞ്ഞാറേ ഗോപുരത്തിനടുത്ത് കർപ്പക വിനായകർ, ബാലസുബ്രഹ്മണ്യൻ, സോമസുന്ദര ഭഗവാൻ, തിരുമൂല വിനായകൻ, ശിവഗംഗാതീർ‌ഥത്തിനടുത്ത് ശിവകാമസുന്ദരിക്ഷേത്രം, നവലിംഗ ക്ഷേത്രം... തുടങ്ങി സന്നിധാനങ്ങൾ അനവധി. നവലിംഗക്ഷേത്രത്തിനു കിഴക്കാണ് രാജസഭയെന്ന ആയിരം കാൽ മണ്ഡപം.

രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA