നടി സ്രിന്റയുടെ ബൈക്ക് യാത്ര

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു
SHARE

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു....

അനിയൻ സമീറാണ് രുചി ലോകത്തെ ഈ സുൽത്താന്റെ കഥകൾ പൊടിപ്പും തൊങ്ങലും വച്ചു വിളമ്പിയത്. അപ്പോൾ തുടങ്ങിയ വിശപ്പാണ്. ബൈക്കിൽ ഡിണ്ടിഗൽ വരെ പോകാം എന്ന ഐഡിയ മുന്നോട്ടു വച്ചതു ഞാനും. യാത്രയോടുള്ള എന്റെ കമ്പം അറിയാവുന്ന അവൻ ‘ഡബിൾ ഓകെ’....

താണ്ടേണ്ട ദൂരം ഏകദേശം 270 കിലോമീറ്ററോളം വരും.നല്ല മഴയും. എന്നാൽ ഗൂഗിൾ ചെയ്തു കണ്ട ഡിണ്ടിഗൽ തലപ്പാക്കെട്ടി ബിരിയാണിയുടെ ആവി പറക്കുന്ന ചിത്രം മനസ്സിൽ ഓർത്തപ്പോൾ ആലസ്യം ആവേശത്തിനു വഴിമാറി. പെട്ടെന്നു റെ‍ഡിയായി. മഴയെ തടുക്കാൻ ജാക്കറ്റും ബൂട്സുമെല്ലാം അണിഞ്ഞു. ഫ്ലാറ്റിനു വെളിയിൽ എത്തിയപ്പോൾ ബൈക്കുമായി സമീർ എത്തിയിരുന്നു.അപ്പോഴേക്കും മഴയ്ക്കു ചെറിയ ശമനമായി. ബിരിയാണി തേടിയുളള ഞങ്ങളുടെ യാത്രയ്ക്കു പ്രകൃതിയും പച്ചക്കൊടി വീശുകയാണോ? രുചിയുടെ പുതിയ വഴികളിലൂടെ കുതിക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ. ഒരു പക്ഷേ, ലോകത്ത് വളരെക്കുറച്ച് പേർക്കേ ഉണ്ടാകൂ ഇത്തരമൊരു ‘വട്ട്’.

കോടമഞ്ഞിൻ താഴ്‌വരയിൽ

മൂവാറ്റുപുഴ, തൊടുപുഴ, മുട്ടം, വാഗമൺ വഴിയുള്ള റൂട്ടാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. നഗരത്തിലെ തിരക്കുകൾ വകഞ്ഞു മാറ്റി ഞങ്ങളുടെ ബൈക്ക് കുതിച്ചു പാഞ്ഞു. കാഴ്ചകൾ പിന്നിലേക്കു പോകുമ്പോൾ ലക്ഷ്യത്തിലേക്കു കുതിപ്പിന് ആവേശം കൂടി. ഈരാറ്റുപേട്ടയും കഴിഞ്ഞ് വാഗമണ്ണിലേക്ക് ബൈക്ക് തിരിയുമ്പോൾ തന്നെ പ്രകൃതിയുടെ മുഖം മാറി. അതു വരെ ഒളി‍ഞ്ഞും തെളിഞ്ഞും നോക്കിയിരുന്ന സൂര്യൻ കാർമേഘങ്ങളിലേക്കു മുഖം പൂഴ്ത്തി. മലനിരകളെ തഴുകി കോടമഞ്ഞ് താഴേക്ക് ഇറങ്ങി വന്നു. കവിളുരുമ്മുന്ന കാറ്റിന്റെ വിരൽത്തുമ്പുകൾ. ആ കാഴ്ചകളിൽ അലിഞ്ഞ് അൽപനേരം അവിടെ നിന്നു.

കമ്പമാണ് അടുത്ത ലക്ഷ്യം. യാത്ര കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ഭക്ഷണം കഴിച്ചില്ലല്ലോ എന്നോർത്തത്. വിശപ്പ് തുടങ്ങിയിട്ടേയുള്ളൂ. ഉമ്മി വിളമ്പിത്തന്ന രണ്ട് ഇഡ്ഡലിയുടെ ബലത്തിലാണ് ഇത്രയും നേരം പിടിച്ചു നിന്നത്. ഇടയ്ക്കൊരു ചായ പോലും കുടിച്ചില്ല. യാത്ര നൂറു കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു. ഇനിയും ഏറെ ദൂരമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരത്തിന്റെ വേരുകൾ പോലെ വളഞ്ഞും പുളഞ്ഞുമുള്ള റോഡുകൾ.

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു
മൂവാറ്റുപുഴ, തൊടുപുഴ, മുട്ടം, വാഗമൺ വഴിയുള്ള റൂട്ടാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത് . ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

വിശപ്പ് കലശലാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭീതി ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കെ.ചപ്പാത്തിലെത്തിയപ്പോഴാണ് ആ ഹോട്ടൽ കണ്ടത്. ആവി പറക്കുന്ന അപ്പവും കറികളും. മൂക്കുമുട്ടെ കഴിച്ചു. നല്ല നാടൻ രുചി. യാത്രാക്ഷീണം ഉള്ളതുകൊണ്ടായിരിക്കണം പതിവിൽ കൂടുതൽ ഫൂഡ് അകത്താക്കി. മുല്ലപ്പെരിയാറിന്റെ മുഖത്ത് അൽപം കൂടുതൽ ഗൗരവം. ബൈക്ക് പിന്നെയും മുന്നോട്ട്. ഏലപ്പാറയിലെയും കുട്ടിക്കാനത്തെയും പീരുമേട്ടിലെയും തേയിലത്തോട്ടങ്ങളുടെ അരികു പിടിച്ചുള്ള യാത്ര.

പ്രകൃതീശ്വരി നിന്റെ ആരാധിക

യാത്രകൾ എന്നും എനിക്കു ഹരമാണ്. പലതും പെട്ടെന്നു പദ്ധതിയിടുന്നതാണ്. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന നാലഞ്ചു ‘ബഡീസാ’ണ് ബലം. തലേന്നു രാത്രി തീരുമാനിച്ച് അപ്പോൾത്തന്നെ പുറപ്പെടുന്ന തരത്തിലാകും ചില യാത്രകൾ. മറ്റു ചിലപ്പോൾ ജനവാസം ഇല്ലാത്ത ഉൾക്കാടുകളാകും ഞങ്ങളെ മാടി വിളിക്കുക. മസനഗുഡിയും ഗോപാൽസാമിപ്പേട്ടും ഗുണ്ടൽപ്പേട്ടുമെല്ലാം എനിക്ക് വീടു വിട്ടാൽ മറ്റൊരു വീടാണ്. എത്ര തവണ അവിടെ പോയിട്ടുണ്ടാകും എന്ന് വലിയ തിട്ടമില്ല. എത്ര പോയാലും മതിവരാത്ത സുന്ദരമായ സ്വർഗമാണ തൊക്കെയെന്ന് ചിലപ്പോൾ തോന്നിപ്പോകും. ഓരോ വട്ടവും തിരിച്ചെത്തുമ്പോൾ കാണുന്നത് മുമ്പു കണ്ടകാഴ്ചകളായിരിക്കില്ല പ്രകൃതി സ്വയം നടത്തുന്ന ‘മേക്കോവർ’ കാണുമ്പോൾ നമ്മൾ എത്ര നിസാരരെന്നു മനസ്സിലാകും.

തിരക്കാണ് നമ്മുടെ ജീവിതം. ഇതിൽ നിന്നു വിട്ടു നിൽക്കാൻ കൊതി തോന്നുമ്പോഴാണ് ഞാൻ കാടുകളിലേക്ക് ഉൾവലിയുക. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിന്ന് അനുമതി തേടിയാണ് യാത്ര പോവുക. ലോകത്തിൽ നിന്നു ഒറ്റപ്പെട്ടുള്ള കുറച്ചു ദിവസങ്ങൾ. ഫോണിന് റേഞ്ചു പോലും കാണില്ല. വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും എല്ലാം ഉപേക്ഷിച്ച് കാടിന്റെ തണലിൽ നിൽക്കുമ്പോൾ മനസ്സും ഫ്രഷ് ആകും. കാട് പോലെ.

കാട്ടിലേക്കു പോകുമ്പോൾ നമ്മുടെ മനസ്സ് മറ്റൊരു തരത്തിൽ പാകപ്പെടുത്തണം. പെർഫ്യൂം പോലും ഉപയോഗിക്കാൻ പാടില്ല. കാടിന്റെ നിയമങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. മൃഗങ്ങളുടെ നിയമമാണ് അവിടെ. ഫോട്ടോയും വിഡിയോയുമെല്ലാം എടുക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചു വേണം. ഒരിക്കൽ ഒരു ഒറ്റയാൻ എന്റെ ക്യാമറയ്ക്കു മുന്നിൽ വന്നത് ഇന്നും മറക്കാനാകില്ല. അത്ര വലിയ തലയെടു പ്പുള്ള ആനയെ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു
തിരക്കാണ് നമ്മുടെ ജീവിതം. ഇതിൽ നിന്നു വിട്ടു നിൽക്കാൻ കൊതി തോന്നുമ്പോഴാണ് ഞാൻ കാടുകളിലേക്ക് ഉൾവലിയുക. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

വയനാട്ടിലേക്കുള്ള ഒരു യാത്ര ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. പതിവ് പോലെ മുൻകൂട്ടി തീരുമാനിക്കാതെ കാടിനു നടുവിലേക്കുള്ള ഒരു യാത്ര. രാത്രി വൈകിയാണ് ഞങ്ങൾ അവിടെ എത്തിയത്. അതുകൊണ്ടു തന്നെ സ്ഥലത്തിന്റെ രൂപം പിടികിട്ടിയതുമില്ല. പുലരാറായപ്പോൾ എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. കാതോർത്തപ്പോൾ ആനകളു ടെ ചിന്നം വിളിയാണെന്നു തിരിച്ചറി‍ഞ്ഞു. വിറച്ചു പോയി ഞാനും സുഹൃത്തുക്കളും. എങ്ങനെയോ ധൈര്യം സംഭരിച്ചു മുറിയുടെ അരികിലെത്തി ജനാല അടച്ചു. പുറത്ത് അപ്പോഴും ചിന്നം വിളി കേൾക്കാം. എന്തും വരട്ടെയെന്ന് കരുതി പുതപ്പിനടിയിലേക്ക് ചുരുണ്ടു. എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോൾ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ഞങ്ങളുടെ താമസസ്ഥലത്തിനു ചുറ്റും മാനുകൾ മേയുന്നു. മറ്റേതോ ലോകത്തേക്ക് കണ്ണു തുറന്നതു പോലെ.... കണ്ണടച്ചാൽ ഇന്നും ഉണ്ട് കൺമുന്നിൽ ആ കാഴ്ച....

സാഹസികരുടെ യാത്ര

സമയം ഉച്ചയോടടുക്കുന്നു. മാനത്തു നിന്ന് മഴമേഘങ്ങൾ എങ്ങോട്ടോ പൊയ്പ്പോയി. വെയിലിന് വലിയ ചൂടില്ലെന്നതാണ് ആശ്വാസം. ഇടയ്ക്ക് വഴിയൽപം മോശമാണെങ്കിലും പൊതുവെ ഭേദപ്പെട്ടതാണ് റോഡുകൾ. മഴ പെയ്തു നീങ്ങിയതിന്റെ തണുപ്പുണ്ട് ഇപ്പോഴും അന്തരീക്ഷത്തിൽ. കട്ടപ്പന, വണ്ടൻമേട്, ആമയാർ വഴി കമ്പംമെട്ട് ചെക്ക് പോസ്റ്റിനരികിലേക്ക്. കമ്പംമെട്ട് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ തമിഴ്നാടായി. മഴയ്ക്കും അതിനെ തഴുകി എത്തുന്ന കുളിർകാറ്റിനും ഇവിടെ വിട.

തലപ്പാക്കെട്ടി ബിരിയാണി കഴിക്കാൻ നടി സ്രിന്റ ഒരു ദിവസം ബൈക്കിൽ പുറപ്പെട്ടു
വഴിയരികിൽ മാതളനാരങ്ങ വിറ്റുകൊണ്ടിരിക്കുന്ന പയ്യനോട് അൽപനേരം സംസാരിച്ചു. കിലോയ്ക്ക് 80 രൂപയാണ് വില. ആ മരത്തണലിൽ നിന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് അൽപം വിശ്രമിക്കുന്നത് നമ്മളെ കൂടുതൽ ഫ്രഷാക്കും. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന വനപ്രദേശത്തിനും നടുവിലൂടെ തമിഴ്നാടിന്റെ വരണ്ട കാലാവസ്ഥയിലേക്കു കടക്കുകയാണ്. വയാനാടൻ ചുരത്തെ അനുസ്മരിപ്പിക്കുന്ന കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവും. ബൈക്കിലുള്ള യാത്ര അൽപം സാഹസികമായിപ്പോയെന്ന് ആദ്യമായി തോന്നി. ഏകദേശം 13 കിലോമീറ്റർ ദൂരമുണ്ട് ഈ ചുരം റോഡിന്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് വെള്ളം കൊണ്ടു പോകുന്ന കൂറ്റൻ പെൻ സ്റ്റോക് പൈപ്പ് ഒരു കാഴ്ചയാണ്. കമ്പം– തേനി ദേശീയ പാതയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. പുഴകണക്കെ ഒഴുകുന്ന റോഡിന്റെ കാഴ്ച മുകളിൽ നിന്നു കണ്ടപ്പോഴേ ആവേശമായി.

സ്രിന്റ
പുതുപ്പട്ടി, ചിന്നമണൂർ, ഉപ്പർപട്ടി....ബോർഡുകൾ ഓരൊന്നായി പിന്നിലേക്ക് മറഞ്ഞു. കാറ്റിലാടുന്ന ‘തേങ്ങാക്കുലകൾ’ എന്നു ദിലീപേട്ടൻ കല്യാണരാമനിൽ പാടുന്നത് ഇവിടുത്തെ തെങ്ങുകളെ കണ്ടിട്ടാകും. ഇരുവശവും ഉയർന്നു നിൽക്കുന്ന മലനിരകളാണ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

കുന്നിറങ്ങി ചെല്ലുമ്പോൾ കണ്ണിൽപ്പെടുന്നത് തമിഴ്നാടിന്റെ സമതലങ്ങൾ, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടങ്ങളിൽ സൂര്യകാന്തിയും, ചോളവും, കരിമ്പും മുന്തിരിയും, ഹൈവേയിലെ ചീറിപ്പായുന്ന വാഹനങ്ങൾ ഇടയക്ക് നിർത്തേണ്ടിവരും. നിരനിരയായി റോഡ് മുറിച്ചു കടക്കുന്ന കന്നുകാലികൾക്കും ആട്ടിൻ പറ്റങ്ങൾക്കും വേണ്ടി. കണ്ണാടി പോലെയാണ് റോഡുകൾ. ആക്സിലേറ്ററിൽ അറിയാതെ പിടുത്തം മുറുകിയപ്പോൾ പലപ്പോഴും സ്പീഡോമീറ്റർ നൂറിനും മുകളിലേക്ക് എത്തിനോക്കി. ചോളവയലുകളും പിന്നിട്ട്, കൂറ്റൻ പുളിമരങ്ങൾ തണൽ വിരിച്ച വഴിയിലൂടെ 12 മണിയോടെ കമ്പത്ത് എത്തി. വഴിയരികിൽ മാതളനാരങ്ങ വിറ്റുകൊണ്ടിരിക്കുന്ന പയ്യനോട് അൽപനേരം സംസാരിച്ചു. കിലോയ്ക്ക് 80 രൂപയാണ് വില. ആ മരത്തണലിൽ നിന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് അൽപം വിശ്രമിക്കുന്നത് നമ്മളെ കൂടുതൽ ഫ്രഷാക്കും.

പുതുപ്പട്ടി, ചിന്നമണൂർ, ഉപ്പർപട്ടി....ബോർഡുകൾ ഓരൊന്നായി പിന്നിലേക്ക് മറഞ്ഞു. കാറ്റിലാടുന്ന ‘തേങ്ങാക്കുലകൾ’ എന്നു ദിലീപേട്ടൻ കല്യാണരാമനിൽ പാടുന്നത് ഇവിടുത്തെ തെങ്ങുകളെ കണ്ടിട്ടാകും. ഇരുവശവും ഉയർന്നു നിൽക്കുന്ന മലനിരകളാണ്.

ഒടുവിൽ ഡിണ്ടിഗലിൽ എത്തിയപ്പോൾ വൈകിട്ട് ആറുമണി. അവിടെയാണ് രുചിയുടെ തലപ്പാവ് കെട്ടിയ ഡിണ്ടിഗൽ ബിരിയാണി നമ്മളെ കാത്തിരിക്കുന്നത്.

തലപ്പാവ് കെട്ടിയ ‘ബിരിയാണി’ ഗ്രാമം!

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഡിണ്ടിഗൽ തലപ്പാക്കെട്ടി ബിരിയാണി റെസ്റ്ററന്റിലേക്കുള്ള വഴി കണ്ടെത്തി. ഈസ്റ്റ് കാർ സ്ട്രീറ്റ് എന്നു പേരുള്ള, നിന്നു തിരിയാൻ ഇടമില്ലാത്ത ഒരു ചന്ത. എതിരേ ഒരു വണ്ടി വന്നാൽ അവിടം മുഴുവൻ ബ്ലോക് ആകുമെന്നു തോന്നും. പോകും വഴി പല ബിരിയാണി റെസ്റ്ററന്റുകൾ കണ്ടു. എല്ലാം ഓരോരുത്തരുടെ പേരിൽ.

റോഡ് ചെന്നു നിൽക്കുന്നത് മൂന്നും കൂടിയ കവലയിൽ. അവിടെ മൂലയിലായി ഒരു കൊച്ചു കട. സ്ഥാപകനായ നാഗസ്വാമി നായിഡുവിന്റെ ചിത്രം കടയുടെ മുന്നിൽ വലിപ്പത്തിൽ വച്ചിട്ടുണ്ട്. ബോർഡിൽ എഴുതിയിരിക്കുന്നു, ഡിണ്ടിഗൽ തലപ്പാക്കെട്ടി റസ്റ്ററന്റ്...!

തലപ്പാക്കെട്ടി ബിരിയാണി
റെസ്റ്ററഃ്‍റിന് മുന്നിൽ.ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ.

നാലു മേശകൾ മാത്രമുള്ള ചെറിയൊരു റെസ്റ്ററന്റ്. തമിഴ്നാട്ടിലും പാരീസിലും ദുബായിലുമെല്ലാമായി മുപ്പതോളം ബ്രാഞ്ചുകളുള്ള വലിയൊരു ശൃംഖലയ്ക്ക് ആദ്യമായി വിത്തു പാകിയ ഇടം. കടയിൽ ഉത്സവത്തിന്റെ തിരക്ക്. മുന്നിൽ പാഴ്സൽ വാങ്ങാനും വലിയ ജനക്കൂട്ടം. പടി കണക്കിനും വേണമെങ്കിൽ അങ്ങനെയും കൊടുക്കും. ഒരു പടി ബിരിയാണി 45 പേർക്ക് കഴിക്കാം. 2100 രൂപയാണ് വില. പകുതി മതിയെങ്കിൽ അങ്ങനെയും. ഒരു പ്ലേറ്റ് മതിയെങ്കിൽ അതും നൽകും.

 സ്രിന്റ
ജീരക ചമ്പാവരിയുടെ ആവി പറക്കുന്ന റൈസ്....കന്നിവടിയിലും പരംതിയിലും കിട്ടുന്ന ഉയർന്ന ഗുണമേന്മയുള്ള ആട്ടിറച്ചി. മട്ടൺ ഗ്രേവി, ദാൽ ചാ, അണിയൻ റൈത്ത, രണ്ടിനം അച്ചാറുകൾ, നാവിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം നിറഞ്ഞു. കൊതിയോടെ ബിരിയാണി വായിലേക്കു വച്ചപ്പോൾ രസമുകുളങ്ങൾ കുളിരണിഞ്ഞു. കഴിച്ചത് ബിരിയാണിയോ അതോ ഐസ്ക്രീമോ? അലിഞ്ഞു ചേരുകയായിരുന്നു നാവിലേക്ക്.....രുചിയുടെ ലഹരിയിൽ മനസ്സൊരു തൂവലായി. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കാര്യം പറഞ്ഞപ്പോൾ മാനേജർ ഞങ്ങളെ മറ്റൊരു ഹോട്ടലിലേക്ക് നയിച്ചു. വലിയൊരു റെസ്റ്റൊറന്റ്. അവിടെയും വലിയ ബോർഡ്. തിരക്കിനും മാറ്റമില്ല. മാനേജർ യേശുദാസ് ഞങ്ങളെ സ്വീകരിച്ചു. തലപ്പാക്കെട്ടി ബിരിയാണിയുടെ ചരിത്രമാണ് ആദ്യം വിളമ്പിയത്. കഥ കേട്ട് റെസിപ്പി ചോദിച്ചപ്പോൾ യേശുദാസ് ചിരിച്ചു. ‘ഇല്ല മാഡം, അതു സൊല്ലി കൊടുക്കാത്...അതു വന്ത് സ്പെഷൽ....’യേശുദാസിന്റെ പരിഭ്രമം കണ്ടപ്പോൾ കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല. ഇന്റർനെറ്റിലും മറ്റും ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ അത് ഒറിജിനൽ അല്ലെന്നായിരുന്നു മറുപടി. അതാ വരുന്നൂ, കാത്ത് കാത്തിരുന്ന രുചിയുടെ സുൽത്താൻ, ഡിണ്ടിഗൽ തലപ്പാക്കെട്ടി മട്ടൻ ബിരിയാണി.

ജീരക ചമ്പാവരിയുടെ ആവി പറക്കുന്ന റൈസ്....കന്നിവടിയിലും പരംതിയിലും കിട്ടുന്ന ഉയർന്ന ഗുണമേന്മയുള്ള ആട്ടിറച്ചി. മട്ടൺ ഗ്രേവി, ദാൽ ചാ, അണിയൻ റൈത്ത, രണ്ടിനം അച്ചാറുകൾ, നാവിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം നിറഞ്ഞു. കൊതിയോടെ ബിരിയാണി വായിലേക്കു വച്ചപ്പോൾ രസമുകുളങ്ങൾ കുളിരണിഞ്ഞു. കഴിച്ചത് ബിരിയാണിയോ അതോ ഐസ്ക്രീമോ? അലിഞ്ഞു ചേരുകയായിരുന്നു നാവിലേക്ക്.....രുചിയുടെ ലഹരിയിൽ മനസ്സൊരു തൂവലായി.

തലപ്പാവ് വച്ച നായിഡു

തലപ്പാക്കെട്ടി  റസ്റ്റോറൻറിൽ
ആനന്ദ വിലാസ് ബിരിയാണി ഹോട്ടൽ എന്നതായിരുന്നു പേര്. കഷണ്ടിത്തല മറയ്ക്കാൻ നാഗസാമി തലപ്പാവ് വച്ചാണ് കടയിൽ നിന്നിരുന്നത്. ഇതു മൂലം നായിഡുവിന്റെ ബിരിയാണ് തലപ്പാക്കെട്ടി എന്ന പേരിൽ പ്രശസ്തമായി.

1857 ൽ നാഗസാമി നായിഡുവാണ് ഡിണ്ടിഗൽ തലപ്പാക്കെട്ടി ബിരിയാണി റെസ്റ്ററന്റ് തുടങ്ങുന്നത്. ആനന്ദ വിലാസ് ബിരിയാണി ഹോട്ടൽ എന്നതായിരുന്നു പേര്. കഷണ്ടിത്തല മറയ്ക്കാൻ നാഗസാമി തലപ്പാവ് വച്ചാണ് കടയിൽ നിന്നിരുന്നത്. ഇതു മൂലം നായിഡുവിന്റെ ബിരിയാണ് തലപ്പാക്കെട്ടി എന്ന പേരിൽ പ്രശസ്തമായി. ഇവിടെ ഉപയോഗിക്കുന്ന അരി മുതൽ മസാലകളിൽ വരെ ഈ പ്രത്യേകത കാത്തുസൂക്ഷിക്കുന്നു. തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാർ മുതൽ സിനിമാ താരങ്ങൾ വരെ ഈ ബിരിയാണിയുടെ ആരാധകനാണ്.

How to reach

കൊച്ചിയിൽ നിന്നു പുറപ്പെട്ട് മൂവാറ്റുപുഴ തൊടുപുഴ മുട്ടം വഴി വാഗമണിലാണ് ആദ്യം എത്തുക. 103 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്. തുടർന്ന് ഏലപ്പാറ കുട്ടിക്കാനം പീരുമേട് വണ്ടി പ്പെരിയാർ കുമളി ചെങ്കര വഴി കുമളിയിലേക്ക്. 47 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. കുമളിയിൽ നിന്ന് ഡിണ്ടിഗലിലേക്ക് 140 കിലോമീറ്റർ ദൂരം. ഡിണ്ടിഗൽ ‍ടൗണിൽ നിന്ന് കഷ്ടിച്ച് അഞ്ചു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തലപ്പാക്കെട്ടി ബിരിയാണി റെസ്റ്ററന്റിനു മുന്നിൽ എത്താം.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA