ചരിത്രം ഗർഭം പേറുന്ന ഗുഹാമുഖങ്ങള്‍

Ellora Caves
SHARE

പ്രകൃതി ഭംഗി കൊണ്ടും പുരാതന സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമായ മറാത്തിഗ്രാമങ്ങളും പിന്നിട്ട്‌ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര ആയാലോ? പാഠപുസ്തകങ്ങളിൽ മാത്രം കേട്ടറിഞ്ഞ എല്ലോറ മനസ്സിൽ ഒരു മോഹമായി കടന്നു കൂടിയിട്ട്‌ നാളേറെയായി. ചരിത്രം ചേർത്തുവെച്ച സ്ഥലങ്ങളാണ് അജന്തയും എല്ലോറയും. എപ്പോഴും എവിടെയും ഒന്നിച്ചു പറഞ്ഞു പോകുന്നവ. ഇഷ്ടക്കൂടുതൽ ഏതിനോടെന്ന കൗതുകത്തിന് ഇവിടെ എത്രമാത്രം പ്രസക്തിയുണ്ടെന്ന് അറിയില്ലെങ്കിൽ കൂടി എന്തുകൊണ്ടാണെന്നറിയില്ല എല്ലോറയോടാണെനിക്കെന്നും പ്രിയം കൂടുതൽ. പൂനെയിൽ നിന്നും നാസിക്‌ വഴി ഏകദേശം 235 കിലോമീറ്ററോളം ദൂരമുണ്ട്‌ ഓറംഗബാദിലേക്ക്‌. അവിടെ നിന്നും ഒരുമണിക്കൂറോളം വീണ്ടും സഞ്ചരിക്കണം എല്ലോറയിലെത്താൻ. നിഷ്കളങ്കബന്ധങ്ങളുടെ കാഴ്ച്ചാന്തരീക്ഷമാണ് എന്നും മറാത്തി മലയോരഗ്രാമങ്ങൾ സമ്മാനിച്ചിട്ടുള്ളത്. കൃഷിയും ലളിതജീവിതവുമായി സമരസപ്പെട്ട്‌ പോകുന്ന മണ്ണിന്റെ മണമുള്ള ഗ്രാമവാസികൾ, കണ്ണെത്താദൂരത്തോളം വ്യാപിച്ച്‌ കിടക്കുന്ന സൂര്യകാന്തി, ചോളം, പരുത്തി, കടുക്‌, ഉള്ളി എന്നിങ്ങനെ വിളകൾ മാറിമാറി വിളയുന്ന ഉര്‍വരതയുടെ മൂര്‍ത്ത രൂപങ്ങളായി പാടങ്ങൾ! പൂത്തുനിൽക്കുന്ന പരുത്തിപ്പാടങ്ങളെയും ഓറഞ്ച്‌ തോട്ടങ്ങളെയും മനസ്സില്ലാമനസ്സോടെ പിന്നിട്ട്‌ ദേശീയപാതയിലൂടെ ദൗലത്തബാദിലേക്ക്‌. ദൂരെ ഡക്കാൻ മലനിരകളുടെ അവ്യക്തമായ കാഴ്ചകൾ. ദൗലത്തബാദ്‌ കോട്ടയ്ക്കരുകിലൂടെയാണ് യാത്ര. സ്കൂള്‍ ക്ലാസ്സുകളില്‍ കാണാംപാടം പഠിച്ചു ശപിച്ച ചരിത പുസ്തകത്തിലെ അലാവുദ്ദീൻ ഖിൽജിയുടെയും മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്റെയും സാമ്രാജ്യവാഴ്ചകൾക്ക്‌ വേദിയൊരുക്കിയ മണ്ണ്. ഡൽഹിയിൽ നിന്നും മുഗൾസാമ്രാജ്യ തലസ്ഥാനം ഇവിടേയ്ക്ക്‌ പറിച്ചു നടണമെന്ന് ചില്ലറ സ്വപ്നങ്ങളൊന്നുമായിരിക്കില്ല തുഗ്ലക്ക്‌ കണ്ടത്‌. തിരസ്കരിക്കപ്പെട്ട, പരാജയെപ്പെട്ട ഭരണപരിഷ്കാരങ്ങളായാണ് തുഗ്ലക്‌ ഭരണത്തെ കാലം വിശേഷിപ്പിച്ചത്‌; ചരിത്രം അദ്ദേഹത്തെ ബുദ്ധിമാനായ വിഡ്ഡിയെന്നും.

ellora-caves-7
Ellora Caves

ബാല്യകാലസ്മരണകൾക്ക്‌ ചിലപ്പോഴൊക്കെ ചെറുവേദനയിൽ ചാലിച്ച പുഞ്ചിരികൾ സമ്മാനിക്കാറുണ്ട്‌. ഔറങ്കസീബും തുഗ്ലക്കും മാറി മാറി വന്ന ഭരണപരിഷ്കാരങ്ങളുമെല്ലാം എന്നും ആദ്യം ഓർമയിലെത്തിക്കുന്നത്‌ സാമൂഹ്യപാഠം ക്ലാസിലെ ചൂരൽ കഷായങ്ങളെക്കൂടിയാണ്. ബാല്യകാലയോർമ്മകളിൽ മുങ്ങാംകുഴിയിട്ടു മതി മറന്നിരുന്നപ്പോള്‍ എല്ലോറ എത്തിയത്‌ അറിഞ്ഞില്ല. ഒരു ചെറിയ പട്ടണം. സഞ്ചാരികളെ കാത്ത്‌ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകൾ. വാഹനം പാർക്ക്‌ ചെയ്യുമ്പോളെ കണ്ടു പിന്നാലെ കൂടിയ ഓട്ടോ ഡ്രൈവർ മാരെ. അകത്തേക്കുള്ള യാത്രയുടെ കുത്തകാവകാശം ഇവർ കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രധാനകവാടത്തിനുമുൻപിൽ ഇടതുവശത്തായി ടിക്കറ്റ്‌ കൗണ്ടർ. ഒരു ഗുഹാക്ഷേത്രം സഞ്ചരിക്കുവാൻ പത്ത്‌ രൂപയാണു ചാർജ്‌. തണൽമരങ്ങളെയും പിന്നിട്ട്‌ പച്ചവിരിച്ച പുൽത്തകിടികൾക്ക്‌ ഇടയിലുള്ള നടപ്പാതയിലൂടെ കാലം കരുതിവെച്ച വിസ്മയ കാഴ്ച്ചകളിലേക്ക് പതിയെ ഞാന്‍ നീങ്ങി. നിരയൊപ്പിച്ച്‌ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികൾ. മനോഹരമായി പരിപാലിച്ചു പോരുന്ന ഉദ്യാനം. ചിത്രങ്ങളും ശിൽപവേലകളും നിറഞ്ഞ ഈ ക്ഷേത്രസമുച്ചയങ്ങൾ ചരണാദ്രി മലനിരകളുടെ ചെങ്കുത്തായഭാഗം തുരന്നുണ്ടാക്കിയതാണ്. ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തിനുള്ളിലായ്‌ മുപ്പത്തിനാലു ഗുഹാക്ഷേത്രങ്ങൾ. കാലഘട്ടത്തിന്റെ മതമൈത്രി വിളിച്ചോതുമ്പോലെ ആദ്യ പന്ത്രണ്ട്‌ ഗുഹകൾ ബുദ്ധക്ഷേത്രങ്ങൾ. പതിമൂന്ന് മുതൽ 29 വരെ ഹൈന്ദവക്ഷേത്രങ്ങളും മുപ്പത്‌ മുതൽ മുപ്പത്തിനാലു വരെ ജൈനക്ഷേത്രങ്ങളുമാണ്. അഞ്ചാം നൂറ്റാണ്ട്‌ മുതൽ പത്താം നൂറ്റാണ്ട്‌ വരെയുള്ള കാലയളവിൽ രാഷ്ട്രകൂടരാണു ചരിത്രസ്മാരകങ്ങളായ എല്ലോറാ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത്‌. ഉദ്യാനവും പിന്നിട്ട്‌ നടന്നുകയറിയത്‌ ഒറ്റശിലയിൽ തീർത്ത പ്രസിദ്ധമായ കൈലാസനാഥക്ഷേത്രത്തിലേക്ക്‌. കൈലാസപർവ്വതത്തെ അനുസ്മരിപ്പിക്കും വിധം പ്രൗഡിയോടെ നിലകൊള്ളുന്ന പതിനാറാമത്തെ ഗുഹാക്ഷേത്രമായ കൈലാസനാഥക്ഷേത്രം തന്നെയാണ് എല്ലോറ ക്ഷേത്രങ്ങളിൽ ഏറ്റവും വലുത്‌. ക്ഷേത്ര നിർമ്മാണത്തിൽ രചനാപരമായി ആര്യ ശൈലിയാണു അവലംബിച്ചിരിക്കുന്നത്‌ എന്നതും മറ്റു ഗുഹാ ക്ഷേത്രങ്ങളിൽ നിന്നും ഇതിനെ വിഭിന്നമാക്കുന്നു.

ellora-caves-2

ചാലൂക്യഭരണകാലത്ത്‌ നിർമ്മിച്ച വിരൂപാക്ഷക്ഷേത്രവുമായി ഏറെ സമാനതകൾ പുലർത്തുന്ന ഒരുക്ഷേത്രമാണിത്‌. ശിൽപ ചാരുതി നിറഞ്ഞ കൈലാസ ഗുഹാക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യമെത്തുന്നത്‌ നന്ദീമണ്ഡപത്തിനരികിലാണ്. നടുത്തളത്തിലായി തലയുയർത്തി നിൽക്കുന്ന രാഷ്ട്രകൂടരാജാക്കന്മാരുടെ രാജാധിപത്യം വിളിച്ചോതുന്ന സ്മരസ്തംഭം. അരികിലായ്‌ കല്ലിൽകൊത്തിയ ആനയുടെ രൂപം. മുഗൾ ഭരണകാലത്ത്‌ രാജവാഴ്ചയുടെ ആക്രമണങ്ങളിലും അടിച്ചമർത്തലിൽ നഷ്ടമായതോ കാലപ്പഴക്കത്താൽ നശിച്ചതോ എന്നറിയില്ല ഗജവീരനു തുമ്പികൈ നഷ്ടമായിട്ടുണ്ട്‌. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ ഒരു വൻപാറ തുരന്നാണു ഈ മഹാത്ഭുതം വരും തലമുറയ്ക്കായ്‌ ഒരുക്കിയിരിക്കുന്നത്‌ എന്നകാര്യം ആരെയും ഒന്നു വിസ്മയിപ്പിക്കും. ഏകദേശം നൂറുവർഷങ്ങളോളം നീണ്ട ഇരുനൂറോളം ശിൽപിമാരുടെ ഏകാഗ്ര തപസ്യയുടെ ഫലം. രഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്ര സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്‌. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. അടിത്തറയിലായി രഥം വലിച്ചുകൊണ്ട്‌ പോകുന്ന ആനയുടെയും സിംഹത്തിന്റെയും രൂപങ്ങൾ കല്ലിൽ കൊത്തിവെച്ചിരിക്കുന്നു. ചുറ്റോടുചുറ്റും തൂണുകളാൽ താങ്ങിനിർത്തപ്പെട്ട ഇടനാഴികൾ.

ellora-caves-7

ശിൽപികളുടെ കലാവിരുതുകൾ അനായാസം വിളിച്ചോതുന്ന വർണ്ണാലങ്കൃതമായ ചുവരുകളും മേൽത്തട്ടുകളും. സർഗ്ഗവൈഭവം തുടിക്കുന്ന മുദ്രകളാൽ ജീവസ്സുറ്റ ശിൽപങ്ങൾ നിറഞ്ഞ ഗുഹാന്തർഭാഗങ്ങൾ. കാഴ്ചകൾക്ക്‌ സ്മൃതിഭംഗം വരുമെന്ന ഭയത്താലാണോ അതോ കൗതുകകാഴ്ചകളുടെ അടയാളപ്പെടുത്തലുകളായാണോ എന്നറിയില്ല ചുറ്റിനും ചിത്രം പകർത്തുന്ന തിരക്കിലാണ് സഞ്ചാരികൾ. ഒരു പക്ഷേ കാഴ്ച്ചകൾ ആസ്വദിക്കുന്നതിനുമപ്പുറം. സ്കൂളുകളിൽ നിന്നും മറ്റും വിനോദസഞ്ചാരത്തിനായെത്തിയ കുട്ടികളിൽ ചരിത്രാന്വേഷിയുടെ കൗതുകഭാവമാണ് കാണാൻ കഴിയുക. എന്നിലെ കുട്ടിയും മെല്ലെ പുറത്തു ചാടുകയായിരുന്നു. ഞാനും അവരോടൊപ്പം കണ്ണുകള്‍ വിടര്‍ത്തി കൗതുകം വിടാതെ നടക്കുകയും നിറകാഴ്ചകള്‍ പകര്‍ത്തുകയും ചെയ്തു. ചില കുസൃതികുരുന്നുകൾ കർക്കശക്കാരനായ അധ്യാപകന്റെ കണ്ണുവെട്ടിച്ച്‌ ചില വികൃതികളും കാണിക്കുന്നുണ്ട്‌. പ്രായം നമ്മിലെ നിഷ്കളങ്കതയും കൗതുകങ്ങളും കവര്‍ന്നെടുക്കുന്നു.

ellora-caves-3

ചുമരുകളിൽ ആഖ്യാനശിലാചിത്രങ്ങളായി ശിവനും ഭൂതഗണങ്ങളും, കൈലാസമുയർത്തുന്ന രാവണനും, ശിവപാർവതി പരിണയവുമെല്ലാം നിറഞ്ഞിരിക്കുന്നു. രാവണന്റെ മുഖത്തെ രൗദ്രഭാവവും, പാർവതിയുടെ അലസമായ വേഷവിധാനവുമെല്ലാം എത്ര തന്മയത്വത്തൊടെ, സർഗാത്മകമായിട്ടാണ് ശിലയിൽ ആവിഷ്കരിച്ചിരിക്കുന്നത്‌. കൽത്തൂണുകൾ നിറഞ്ഞ ഇടനാഴികളും വാതായനങ്ങളും പിന്നിട്ട്‌ മുകളിലെത്തുമ്പോൾ ഗംഗയേയും യമുനയേയും സരസ്വതിയേയും പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങൾ. താമരപ്പൂവിൽ ഇരിക്കുന്ന സരസ്വതീ ദേവി അറിവിനെയും ആമയുടെ മുകളിലായിരിക്കുന്ന യമുനാദേവി ഭക്തിയേയും മുതലയുടെ മുകളിരിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഗംഗാദേവി പരിശുദ്ധിയേയും സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. ബഹുപുരുഷ ബഹുസ്ത്രീ ബന്ധങ്ങൾ, കാമസൂത്ര ആസ്പദമാക്കിയുള്ള ശിൽപ വിന്യാസങ്ങൾ അങ്ങനെ കാലം പ്രാകൃതമെന്നു വിലയിരുത്തുന്ന, തരിശ്ശും അശ്ലീലചുവയില്ലാതെ നിലകൊള്ളുന്ന ശിൽപാവിഷ്കാരത്തിന്റെ സ്ത്രീപുരുഷഭാവങ്ങൾ നിറഞ്ഞ ചുമരുകൾ. കാലപ്പഴക്കത്തിൽ അല്ലറ ചില്ലറ കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭംഗിയൊട്ടും നഷ്ടപ്പെടാതെ ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഈ ഒറ്റശിലാശിൽപങ്ങൾ നിലകൊള്ളുന്നു. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെ കാലം ബാക്കിവെച്ചിരിക്കുന്നത്‌. പ്രത്യേക ആകർഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഗുഹ-13. പ്രത്യക്ഷാൽ തോന്നാത്തതോ അതോ കാലപ്പഴക്കത്താൽ നശിച്ചതോ എന്നറിയില്ല. വൈഷ്ണവവിശ്വാസവുമായി ബന്ധപ്പെട്ട്‌ ആഖ്യാനചിത്രങ്ങളാൽ നിറഞ്ഞ ചുവരുകളാണ് ഗുഹാക്ഷേത്രം-14 ൽ. വിഷ്ണുവിന്റെ പത്തവതാരങ്ങളുടെ വിവിധഘട്ടങ്ങളെ അനുക്രമമായി ചിത്രീകരിക്കുന്ന ചിത്രശിലാപരമ്പരകൾ. രാവൺ-കാ-ഖായ്‌ എന്നും ഈ ഗുഹ അറിയപ്പെടുന്നു. സാമ്രാജ്യഭരണകാലഘട്ടത്തിലെ വിവരണം ആലേഖനം ചെയ്തിട്ടുണ്ട്‌. ചില ഭാഗങ്ങളൊക്കെ ചെറുതായി നശിച്ചിട്ടുണ്ട്‌. ശിൽപ ഭാഷയണിഞ്ഞ രാമായണത്തിലെയും മഹാഭാരതത്തിലെയും ഏടുകൾ, സംഹാരതാണ്ഡവമാടുന്ന ശിവൻ അങ്ങനെ ചാരുതയും ഗാംഭീര്യവുമുള്ള വിഗ്രഹങ്ങളുടെ നിര നീളുന്നു.

ellora-caves-4

രാമേശ്വരമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗുഹ-21 ലും ശിവൻ തന്നെയാണ് പ്രധാന പ്രതിഷ്ഠ. മറ്റു ഗുഹാക്ഷേത്രങ്ങളുമായി ചെറുസമാനതകൾ പുലർത്തുന്ന ഈ ക്ഷേത്രവും ആദ്യകാല നിർമ്മിതികളുടെ കൂടെയുള്ളതാണ്. ഇത്രയും വലിയൊരു പാറതുരന്ന്, യന്ത്രസാമഗ്രികൾ ഒന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്ത്‌, ഇത്ര മനോഹരമായി ഈ ക്ഷേത്ര സമുച്ചയം പടുത്തുയർത്തിയ പൂർവ്വികരുടെ അധ്വാനത്തിന്റെ മഹത്വത്തെ എത്ര പുകഴ്ത്തിയാലും മതിവരില്ല. അത്ര മനോഹരമായാണ് ഒരോ രൂപവും കല്ലിൽ കൊത്തി നിർമ്മിച്ചിരിക്കുന്നത്‌.

ellora-caves-10

ചോളബട്ടൂരയും നാനും ചിക്കനും കച്ചോരിയും ജ്യൂസുമൊക്കെയായി സമൃദ്ധമായ ഉച്ചഭക്ഷണത്തിനും ചെറിയൊരു വിശ്രമത്തിനും ശേഷം ബുദ്ധവിഹാരങ്ങളിലേക്ക്‌ യാത്രതിരിച്ചു. ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ഗുഹാക്ഷേത്രങ്ങൾ കൂടുതലും ബുദ്ധവിഹാരങ്ങളാണ്. ബുദ്ധന്റെയും ബോധിസത്വന്മാരുടെയും ചിത്ര ശിലാവിഷ്കാരങ്ങളാണെവിടെയും കാഴ്ചയിൽ നിറയുക. ആ കാലഘട്ടത്തിൽ ബുദ്ധിസത്തിനുണ്ടായിരുന്ന പ്രാധാന്യം വിളിച്ചോതുന്ന നിർമ്മിതികൾ. പലതും നശിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ വേദനിപ്പിക്കുന്ന സത്യമാണ്. നടന്ന് നടന്ന് എല്ലോറയിലെ അഞ്ചാമത്തെ ഗുഹാക്ഷേത്രത്തിൽ എത്തി. പുരാതനകാലത്ത്‌ മഹ്ത്വ്രാദ എന്ന പേരിൽ ബുദ്ധാശ്രമമായി ഉപയോഗിച്ചിരുന്നു എന്നാണു ചരിത്രം. വിശാലമായ നടുത്തളം. അതിനോട്‌ ചേർന്ന് ആരാധനാ മുറികൾ. ചുറ്റും ചെറിയ അറകൾ.

ellora-caves-9

പാറ തുരന്നുണ്ടാക്കിയ അനേകം മുറികളുള്ള ഇവിടം ഭിക്ഷുക്കളുടെ വാസസ്ഥലം കൂടിയായിരുന്നു എന്ന് സൂചനകളിൽ നിന്നും വ്യക്തം. ചുമരുകളിൽ അന്ന് നിലവിലിരുന്ന "പീലി" ഭാഷയിൽ എഴുതിയ പാരമ്പര്യ ബുദ്ധ സങ്കൽപ്പ രേഖകൾ അടങ്ങിയ ശിലാലിഖിതങ്ങൾ. സൂത്ര പിഠിക എന്ന അനുശാസനവും വിനായക പിഠിക എന്ന ആശ്രമ ശിക്ഷണരീതികളും അഭിധർമ്മ പിഠിക എന്ന തത്വചിന്തകളും ഉൾപ്പെടുന്നതാണു പാലീ നിയമങ്ങൾ എന്നാണറിവ്‌. വളരെ എളുപ്പത്തിൽ ആശയവിനിമയം നടത്തുന്ന ബുദ്ധന്മാരുടെ ഭാഷതന്നെയാവും, ഒരുപക്ഷേ അന്നും ആ മതത്തിനിത്ര സ്വീകാര്യത കിട്ടുവാൻ കാരണം. ഉള്ളിലായി ചൈത്യവിഹാരം; ബുദ്ധ പ്രതിഷ്ടയാണിവിടെയും.ബുദ്ധക്ഷേത്രങ്ങളിൽ ആകർഷണീയമായി തോന്നിയത്‌ പത്താം നമ്പർ ഗുഹാക്ഷേത്രമായ വിശ്വകർമ്മാ കേവാണ്. ഇപ്പോഴും ഇവിടെ ചൈത്ര ഗൃഹത്തിൽ ദേവശിൽപിയായ വിശ്വകർമ്മാവിന് പൂജാധികർമ്മങ്ങൾ നടത്തുവാൻ ആശാരിമാർ എത്താറുണ്ടത്രെ! പ്രവേശനകവടത്തിനരുകിലായി സഞ്ചാരികൾക്ക്‌ സ്വാഗതമോതി വലിയൊരു ബുദ്ധപ്രതിമ. തടിയിൽ തീർത്തതുപോലെയുള്ള കൊത്തുപണികളാൽ അലംകൃതമായ ചുവരുകൾ. ഇത്ര സൂഷ്മമായി, അതിലേറെ മനോഹരമായി എങ്ങനെയാണ് കല്ലിൽ കൊത്തുപണികൾ ചെയ്യാൻ സാധിക്കുന്നത്‌! അതൊരു അവിശ്വസനീയമായ കാഴ്ചയായി അവശേഷിക്കുന്നു. അതിലേറെ നേർക്കാഴ്ചയായി ചുവരുകളിലെ കലാവിരുതുകൾ അതിനെ യാഥാർത്ഥ്യമെന്ന് സാധൂകരിക്കുന്നു.

ellora-caves-8

ദ്രാവിഡ വാസ്തുകലയുടെയും ആര്യവാസ്തുകലയുടെയും സമന്വയ രൂപസാദൃശ്യങ്ങളായി ക്ഷേത്രഗോപുരങ്ങൾ. ശിലാഭംഗി വിളിച്ചോതുന്ന കൽത്തൂണുകൾ. അഴകും വടിവും അശേഷം നഷ്ടമാവാതെ നിർമ്മിച്ചിരിക്കുന്ന ശിൽപങ്ങൾ. ആകാരവടിവിന്റെ ഓരോ സൂഷ്മാനുപാതത്തിലും ശിൽപികൾ ശ്രദ്ധാലുക്കളാണ് എന്നതിനു തെളിവായി മിഥുന രീതിയിൽ അംഗവിന്യസിച്ചിരിക്കുന്ന ബിംബങ്ങൾ. ബുദ്ധപ്രതിമകൾ നിറഞ്ഞ ഇടനാഴികളും വരാന്തയും പിന്നിട്ട്‌ പടികൾ കയറി മുകളിലെത്തിയാൽ ബുദ്ധിസ്റ്റ്‌ മ്യൂസീഷ്യൻസിന്റെ മ്യൂസിക്‌ ഗാലറി. സഞ്ചാരികൾക്ക്‌ ഇപ്പോൾ അകത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.സുഖാസനയിലിരിക്കുന്ന ബുദ്ധൻ, ദുർഗ്ഗ, ഗണപതി എന്നിവരുടെ സ്തൂപങ്ങളാണ് "ദോ താൽ " എന്നറിയപ്പെടുന്ന പതിനൊന്നാം ഗുഹയിലെ ആകർഷണം. മഹാരാഷ്ട്രയിലെ തന്നെ ഭീമാകാരവും പ്രൗഢവുമായ ഏക ബുദ്ധവിഹാരമാണു "തീൻ താൽ" എന്നറിയപ്പെടുന്ന പന്ത്രണ്ടാം ഗുഹ. പേരു പോലെ തന്നെ മൂന്ന് നിലകളാണു ഇതിന്. പ്രവേശനകവാടവും കടന്ന് എത്തുന്നത് വിശാലമായ നടുമുറ്റത്തേക്ക്‌. കൊത്തുപണികൾ നിറഞ്ഞ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന ഈ ശിലാമന്ദിരത്തിന്റെ നിർമ്മാണ ശൈലിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. താഴെനിന്നും മുകളിലേക്ക് പോകുംതോറു തൂണുകളുടെ വിസ്തൃതിയും ആനുപാതികമായി കുറയുന്നു. പ്രാർത്ഥനയ്ക്കായും ധ്യാനത്തിൽ മുഴുകാനും പ്രത്യേകം സ്ഥലങ്ങൾ ഒഴിച്ചിട്ടിരിക്കുന്നു. മൂന്നാംനിലയിൽ കല്ലിൽകൊത്തിയ 14 ബുദ്ധപ്രതിമകൾ. ഇവയിൽ ഏഴെണ്ണം മഹായാന ശൈലിയിൽ നിർമ്മിച്ചിട്ടുള്ളവയാണു. മഹായാന വിശ്വാസികൾ ബിംബാരാധനയെ അനുകൂലിക്കുന്നതിനാൽ ശിൽപങ്ങൾക്ക്‌ ആത്മീയ സാന്നിധ്യം നൽകുന്നതിനായി താമരയുടെ മുകളിലായാണു സ്ഥാപിച്ചിരിക്കുന്നത്‌. ഹീനയാനത്തിൽ പ്രതീകങ്ങൾ മാത്രമായാണു ബുദ്ധ ചൈതന്യം ചിത്രീകരിച്ചിരിക്കുന്നത്‌.

ellora-caves-6

ഇവിടെ നിന്നും കുറച്ചു ദൂരമുണ്ട്‌ ജൈനക്ഷേത്രങ്ങളിലേക്ക്‌. ഇരുവശവും മരങ്ങൾ നിറഞ്ഞ വഴികൾ. ചരിത്രത്തിൽ ജൈനിസത്തിന്റെ സുവർണ്ണകാലമായിട്ടാണ് രാഷ്ട്രകൂടരാജാക്കന്മാരുടെ കാലഘട്ടത്തെ വിലയിരുത്തുന്നത്‌. ജൈന മന്ദിര സമുച്ചയങ്ങളെ പൊതുവെ തീർത്ഥങ്ങൾ എന്നാണു വിളിക്കാറുള്ളത്‌. ജൈനതീർത്ഥങ്കരയുടെയും മഹാവീരന്റെയും ബിംബങ്ങളാണ് മുപ്പതുമുതൽ മുപ്പത്തിനാലു വരെയുള്ള ഗുഹകളിൽ അധികവും. എല്ലാ ഗുഹകളിലും വെള്ളം പോകുവാനായി പ്രത്യേകം ചാലുകൾ നിർമ്മിച്ചിട്ടുണ്ട്‌. ചോട്ടാ കൈലാസ്‌ എന്നറിയപ്പെടുന്ന മുപ്പതാമത്തെ ഗുഹയ്ക്ക്‌ ഹൈന്ദവഗുഹകളുമായി ഏറെ സാമ്യമുണ്ട്‌. മിക്കയിടങ്ങളിലും നിർമ്മാണം പാതിയിലുപേക്ഷിച്ച ശിലാനിർമ്മിതികൾ കാണാം ഇവിടെ. ദ്രാവിഡവാസ്തു ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന 32-മത്തെ ഗുഹയായ ഇന്ദ്രപ്രസ്ഥയാണ് ജൈനക്ഷേത്രങ്ങളിൽ ഏറ്റവും ആകർഷണീയമായി തോന്നിയത്‌. ഗോപുരനടയിലൂടെ അകത്തേക്ക്‌ പ്രവേശിച്ചാൽ ആദ്യകാഴ്ച മാനസ്തംഭം എന്നറിയപ്പെടുന്ന ഒരു തൂൺ. ടവർ ഓഫ് ജസ്റ്റിസ്‌സമീപത്തായി ഒറ്റ ശിലയിൽ തീർത്ത ഒരു ആനയുടെ ശിൽപം. പടികൾ കയറി ശ്രീകോവിലിനുള്ളിൽ എത്തിയാൽ ചതുർ മുഖ മഹാവീരസ്തംഭം. നാലു വശങ്ങളിലൂടെയും പ്രവേശിക്കാവുന്ന രീതിയിലാണ് ശ്രീകോവിലിന്റെ നിർമ്മാണം.

ellora-caves

ശിലാശിൽപകലയിൽ കലാകാരന്മാർക്കുള്ള നിപുണത നിർമ്മിതികളുടെ ഓരോ സൂഷ്മാണുവിലും ദർശിക്കാം. കുത്തനെയുള്ള പടിക്കെട്ടുകൾ കയറി മുകളിലെത്തുമ്പോൾ കാണാം ആനപ്പുറത്തിരിക്കുന്ന മാതംഗ രാജാവിനെ. ഈ ശിൽപം കണ്ട്‌ ഇന്ദ്രനാണെന്ന് തെറ്റിദ്ധരിച്ചാണ് ഈ ഗുഹാക്ഷേത്രത്തിന് ഇന്ദ്രപ്രസ്ഥ എന്ന പേരു വന്നതെനാണ് ഐതിഹ്യം . ആകാശത്തെ വസ്ത്രമാക്കിയ ദിഗംബരവംശജരുടെ ശിൽപങ്ങളും കല്ലിൽ കൊത്തിവെച്ചിരിക്കുന്നു. മേൽച്ചുവരുകൾ താമരപ്പൂക്കളാൽ അലങ്കരിച്ച രംഗമഹൽ; അവയിൽ ചാലിച്ച വർണങ്ങൾ കാലപ്പഴക്കത്താൽ നിറം മങ്ങിയെങ്കിലും ഇപ്പോഴും ചെറിയ അടയാളങ്ങൾ കാണാം. മറുവശത്തായി മരത്തണലിൽ ഇരിക്കുന്ന സിദ്ധീദേവി. അൽപമൊന്ന് സൂക്ഷിച്ച്‌ നോക്കിയാൽ മനസിലാവും അതൊരു മാവാണ്. മാങ്ങയും കിളികളും ഇലകളുമൊക്കെയായി മറ്റൊരു നിറം മങ്ങിയ ആഖ്യാന ചിത്രം. കലശങ്ങൾ കൊണ്ട്‌ അലംകൃതമായ തൂണുകൾ. ജഗന്നാഥ സഭയും ഇതിനോട്‌ ഏറെ സാമ്യം പുലർത്തുന്നതാണ്.കാഴ്ചകൾ അനവധിയാണ്, വർണ്ണനകൾക്കും ആഖ്യാനങ്ങള്‍ക്കുമപ്പുറം. അല്ലെങ്കിലും ഇവിടെ വാക്കുകൾ കൊണ്ടുള്ള വർണനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത്രകണ്ട് വാചാലമാണു ദൃശ്യം.

ഋതുക്കൾ മാറി മറിഞ്ഞു വന്നിട്ടും സൗന്ദര്യത്തിനു തെല്ലും മങ്ങലേൽക്കാതെ, സഹസ്രാബ്ദങ്ങളായി വെയിലും മഴയുമേറ്റ്‌ നിലകൊള്ളുന്ന ഈ ഗുഹാക്ഷേത്രങ്ങൾ ശിൽപിയുടെ അർപ്പണബോധത്തിന്റെയും ഏകാഗ്രതയുടെയും ഓർമ്മപ്പെടുത്തലുകളാണ്. അവ സംരക്ഷിക്കപ്പെടെണ്ടതും പുതിയ തലമുറകളിലേക്ക് ചരിത്രവും സംസ്കൃതിയും കൈമാറ്റപ്പെടെണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA