ചെന്നെയിലെ 'അപൂർവ്വ' ക്ഷേത്രങ്ങൾ

chenna-new-awady
SHARE

ക്ഷേത്രങ്ങളാൽ സമ്പന്നമാണു ചെന്നൈ നഗരം. നഗരത്തിന്റെ ക്ഷേത്ര പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലം നഗരത്തെ മാറ്റിമറിച്ചെങ്കിലും ഈ ക്ഷേത്രങ്ങൾ പാരമ്പര്യം ചോരാതെ തലയുയർത്തി നിൽക്കുന്നു. മോക്ഷത്തിനു മാത്രമല്ല ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന കൗതുകം നിറഞ്ഞ ക്ഷേത്രങ്ങൾക്കും നഗരത്തിൽ പഞ്ഞമില്ല. കാലത്തിനൊത്തു കോലം മാറിയ ഇത്തരം ന്യൂജൻ ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്കാണ്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്ഷേത്രങ്ങൾ മുതൽ വീസയ്ക്കായും, ക്രിക്കറ്റ് കളിയിൽ ജയിക്കുന്നതിനായി മാത്രം പ്രാർഥനകൾ സ്വീകരിക്കുന്ന ക്ഷേത്രങ്ങൾ വരെയുണ്ട് നഗരത്തിൽ. ഇത്തരം ചില മോഡേൺ ക്ഷേത്രങ്ങളെ പരിചയപ്പെടാം.

∙ ബോളും ബാറ്റുമായി ഗണേശൻ 

ചെന്നൈ അണ്ണാ നഗർ കിഴക്ക് അണ്ണൈ സത്യാ നഗറിലാണു ലോകത്തെ ഒരേയൊരു ക്രിക്കറ്റ് ഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേരുപൊലെ ക്രിക്കറ്റ് മൽസരങ്ങൾ ജയിക്കാനാണ് ഇവിടെ പ്രാർഥന നടക്കുന്നത്. ക്രിക്കറ്റ് ഗണേശൻ കനിഞ്ഞാൽ ജയം ഉറപ്പാണെന്നാണു നഗരത്തിലെ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം.2001ലെ പ്രസിദ്ധമായ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് മൽസരം. തന്റെ ഹൗസിങ് കോളനിയിൽ ഗണേശ ക്ഷേത്രം നിർമിക്കുന്ന ആലോചനയിലായിരുന്നു ക്രിക്കറ്റ് പ്രേമിയായ കെ.ആർ.രാമകൃഷ്ണൻ. മൽസരത്തിൽ ഇന്ത്യ ജയിക്കണമെന്നും ജയിച്ചാൽ താൻ നിർമിക്കുന്ന ക്ഷേത്രത്തിലെ ഗണേശ വിഗ്രഹത്തിനു ക്രിക്കറ്റ് ഗണേശൻ എന്ന പേരു നൽകാമെന്നും അദേഹം ഗണപതിക്കു നേർച്ച നേർന്നു. മൽസരത്തിൽ തോൽവിയുടെ വക്കിലായിരുന്ന ഇന്ത്യ വൻ തിരിച്ചു വരവ് നടത്തി ജയം നേടി. ഇതോടെ ക്രിക്കറ്റ് കളിക്കുന്ന ഗണപതിയുടെ വിഗ്രഹങ്ങൾ നിർമിച്ചു ക്രിക്കറ്റ് ഗണപതിക്കായി പ്രത്യേക ക്ഷേത്രം ആരംഭിക്കുകയായിരുന്നു.

chennai-cricket-ganesh-coil

  

പാഡണിഞ്ഞു ബാറ്റേന്തി നിൽക്കുന്ന ഗണപതി, പതിനൊന്നു തലയുള്ള ഗണപതി, വിക്കറ്റ് കീപ്പർ ഗണപതി, ഇന്ത്യ 100 എന്നു  കൊത്തിയ ഗണപതി വിഗ്രഹം ഇങ്ങനെ വ്യത്യസ്ഥമായ പത്തോളം ക്രിക്കറ്റ് ഗണേശ പ്രതിമകളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ഏതാനം വർഷം മുൻപു ചെന്നൈയിൽ നിന്നു താമസം മാറ്റിയ രാമകൃഷ്ണൻ വിഗ്രഹങ്ങൾ ന്യൂ ആവഡി റോഡിലെ പാലയത്തമ്മൻ കോവിലിലേക്കു മാറ്റി സ്ഥാപിച്ചു.  

ഇന്ത്യൻ ക്രക്കറ്റ് ടീം മൽസരത്തിന് ഇറങ്ങുന്ന ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂജ ഉണ്ടാകും. വേൾഡ് കപ്പ്, 20–20 മൽസരങ്ങൾ നടക്കുന്ന സമയത്ത് ഇവിടെ ക്രിക്കറ്റ് ഭക്തരുടെ തിരക്കാണ്. ക്രിക്കറ്റ് ഗണേശനെ വണങ്ങിയാൽ നന്നായി കളിക്കാനാകുമെന്നും, വിജയിക്കുമെന്നുമാണ് ചെന്നൈയിലെ ക്രിക്കറ്റ് പ്രേമികൾ പറയുന്നത്.

∙ ശ്രീ ലക്ഷ്മി വീസാ ഗണപതി 

chennai-pazhavaqn-thangal



വിദേശത്തേക്കു ജോലിക്കോ, പഠനത്തിനൊ, മറ്റ് ആവശ്യങ്ങൾക്കോ പോകാൻ വീസ ശരിയാവാതെ വിഷമിക്കുകയാണോ? പരിഹാരമുണ്ട്, ചെന്നൈ പഴവൻതാങ്ങൾ വൃന്ദാവൻ നഗറിലെ ശ്രീ ലക്ഷ്മി വീസാ ഗണപതി ക്ഷേത്രത്തിൽ എത്തി മനമുരുകി പ്രാർഥിച്ചാൽ മതി. ക്ഷേത്രത്തിൽ നൊന്തു പ്രർഥിച്ചവർക്കു വീസ ഉറപ്പാണെന്നു അനുഭവസ്ഥർ പറയുന്നു. വീസാ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഏതു രാജ്യത്തേക്കുമുള്ള വീസ തടസ്സമില്ലാതെ ലഭിക്കുമെന്നാണു വിശ്വാസം. 

വൃന്ദാവൻ നഗറിലെ രാധാകൃഷ്ണൻ എന്നയാൾ 1984ൽ വാസ്തു വിദഗ്ധന്റെ നിർദേശ പ്രകാരം വീടിനു മുൻപിൽ സ്ഥാപിച്ചതാണ് ഇവിടത്തെ ഗണപതി വിഗ്രഹം. ശ്രീ ലക്ഷ്മി ഗണപതിയെന്നായിരുന്നു പ്രതിഷ്ഠയുടെ ആദ്യ പേര്. സമീപ വാസിയായ ഒരു യുവാവു വീസയ്ക്കായി നടത്തിയ പ്രാർഥന സഫലമായതിനെ തുടർന്നു കൂടുതൽ ചെറുപ്പക്കാർ ഇവിടെയെത്തി പ്രാർഥിച്ചു തുടങ്ങി. ഇവരുടെ വീസയും ശരിയായതോടെ ഇവിടേക്കു വീസാ മോഹികളുടെ ഒഴുക്കു തുടങ്ങി. തൊണ്ണൂറുകളുടെ ആരംഭത്തിൽ ഭക്തരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ പ്രതിഷ്ഠയുടെ പേര് ശ്രീ ലക്ഷ്മി വീസാ ഗണപതി എന്നു മാറ്റിയതായി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവകാശി ജഗന്നാഥൻ പറയുന്നു. 

 ക്ഷേത്രം പ്രസിദ്ധമായെങ്കിലും ക്ഷേത്രവരുമാനത്തിന്റെ പങ്ക് തങ്ങൾ എടുക്കാറില്ലെന്നും ക്ഷേത്രത്തിൽ നിയമിച്ചിരിക്കുന്ന പൂജാരിയെ ബന്ധപ്പെട്ടാൽ ആർക്കും നേരിട്ട് അഭിഷേകവും മറ്റു പൂജാ കർമങ്ങളും നടത്താമെന്നും ജഗന്നാഥൻ പറയുന്നു. ആർക്കും ഏതു സമയത്തും വീസാ ഗണപതിയെ പ്രാർഥിക്കാവുന്ന തരത്തിലാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പാസ്പോർട്ട് വീസാ കടമ്പകൾ കടക്കാൻ ഒട്ടേറെ ഭക്തരാണു ദിനവും വീസാ ഗണപതി ക്ഷേത്രത്തിൽ എത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തർ എത്താറുണ്ടെന്ന് സമീപ വാസികൾ പറയുന്നു.  

∙ അമേരിക്ക ആഞ്ജനേയർ 

chennai-naganalloort



ഭക്തരുടെ അമേരിക്കൻ സ്വപ്നങ്ങൾ സഫലമാക്കുന്ന മൂർത്തി എന്ന നിലയിൽ പ്രസിദ്ധമായിരിക്കുകയാണു ചെന്നൈ നങ്കനല്ലൂർ എംഎംടിസി കോളനി ശ്രീ ലക്ഷ്മീ നരസിംഹ നവനീത കൃഷ്ണൻ ക്ഷേത്രത്തിലെ ആഞ്ജനേയർ മൂർത്തി. ക്ഷേത്രത്തിലെ ആഞ്ജനേയർ കനിഞ്ഞാൽ കടുകട്ടിയായ അമേരിക്കൻ വീസാ കടമ്പകൾ പൂവ് പറിക്കും പോലെ നിസാരമായി കടന്നു കൂടാമെന്ന് അനുഭവസ്ഥർ പറയുന്നു. ഒട്ടേറെ ഭക്തരുടെ അമേരിക്കൻ വീസ എന്ന ആഗ്രഹം സഫലീകരിച്ച ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ അമേരിക്കൻ ആഞ്ജനേയർ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 

നാൽപതു വർഷം മുൻപു തരിശു ഭൂമിയായിരുന്ന ഇവിടെ നരസിംഹ ക്ഷേത്രം പണിയാൻ സമീപ വാസികൾ തീരുമാനിച്ചു. സ്ഥലം വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽ മൂടപ്പെട്ട നിലയിൽ ഏതാനം വിഗ്രഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആർക്കിയോളജി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1,500 വർഷം മുൻപ് ഇവിടെ പുരാതന ക്ഷേത്രം നിലനിന്നിരുന്നതായി കണ്ടെത്തി. തുടർന്നു സ്ഥലത്തെ ബ്രാഹ്മണ കുടുംബങ്ങളുടെ സഹായത്തോടെ ഇവിടെ ക്ഷേത്രം പണിയുകയായിരുന്നു. ഒരു വർഷത്തിനു ശേഷം ഇവിടത്തെ ശ്രീരാമ പ്രതിഷ്ഠയ്ക്കു മുൻപിൽ സ്ഥാപിച്ച ആഞ്ജനേയർ വിഗ്രഹമാണ് അമേരിക്കൻ ആഞ്ജനേയരായി മാറിയത്. 

എൺപതുകളുടെ തുടക്കത്തിൽ എംഎംടിസി കോളനിയിലെ ചില ഹിന്ദു കുടുംബങ്ങൾ തങ്ങളുടെ മക്കൾക്കു തടസമില്ലാതെ അമേരിക്കൻ യാത്രയ്ക്കു സാഹചര്യമൊരുക്കാൻ നടത്തിയ പ്രാർഥന സഫലമായതോടെയാണു നരസിംഹ ക്ഷേത്രത്തിലെ ആഞ്ജനേയർ മൂർത്തി പ്രസിദ്ധിയാർജിച്ചു തുടങ്ങിയത്. വെറ്റില മാലയും നെയ്യുമാണ് അമേരിക്ക ആഞ്ജനേയർക്കു പ്രിയപ്പെട്ട വഴിപാടുകൾ. വലംവച്ചു പ്രാർഥിച്ചാൽ ഏതു രാജ്യത്തേക്കുള്ള യാത്രയും സാധ്യമാകുമെന്നും എച്1ബി വീസയ്ക്കു അമേരിക്കൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഞ്ജനേയരുടെ അനുഗ്രഹം തേടി ഐടി ജീവനക്കാരും എത്തിത്തുടങ്ങിയതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു.ലോകത്തിൽ ആദ്യമായി ആകാശ യാത്ര നടത്തിയ ആഞ്ജനേയ മൂർത്തിക്ക് അമേരിക്കൻ വീസ പ്രശ്നമല്ലെന്നാണു ഭക്തർ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA