മരണത്തോളം തണുപ്പുള്ള ഹിമാലയം

INDIA-KASHMIR-ENVIRONMENT
SHARE

ഹിമാലയത്തിലേക്ക് ഒരു യാത്ര...  എന്റെയും ധന്യയുടേയും സ്വപ്‌നമായിരുന്നു അത്. 

ഓരോ വട്ടം സ്വപ്‌നം കാണുമ്പോഴും നിജിയായിരുന്നു കൂട്ട്. ഒടുവില്‍ മൂന്ന് വര്‍ഷം മുമ്പ് ഇതേ സെപ്തംബറില്‍ ഞങ്ങള്‍ തീരുമാനിച്ചു. ഡെറാഡൂണും ടോയ് ട്രയിനുമൊക്കെ കണ്ട് കസോളിലേക്ക്... അവിടെ നിന്ന് ഹിമാലയം ഗ്രാമങ്ങളിലേക്ക് ട്രക്കിംങ്. അന്ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ ടിക്കറ്റെടുക്കാന്‍ നിജി നിക്കുമ്പോഴാണ് ഞാന്‍ അവനെ വിളിച്ച് പറയുന്നത്, ധന്യ ഗര്‍ഭിണിയാണെന്ന്. അങ്ങനെ അക്കൊല്ലം അതൊരു തീരുമാനമായി. 

പിന്നെയാണ് യൂത്ത് ഹോസ്റ്റലിനെ കുറിച്ച് അറിയുന്നതും ഹംത പാസ് ട്രക്കിംങിലേക്ക് മാറ്റി പിടിക്കുന്നതും. കഴിഞ്ഞ സെപ്തംബറിലായിരുന്നു യാത്ര ഏഴ് പകലുകള്‍ ആറ് രാത്രികള്‍. ഭക്ഷണവും താമസവും അടക്കം 5,250 രൂപ. അതായിരുന്നു പ്രധാന ആകര്‍ഷണം. മുജീബും ഞാനും നിജിയുമായിരുന്നു കൂട്ട്. ബേസ് ക്യാമ്പില്‍ വെച്ച് നാല് മലയാളികള്‍ കൂടി... തൃശൂക്കാരായ കുഞ്ഞളിയനും(ഗോകുല്‍) വല്യളിയനും(ഷിദില്‍). മലപ്പുറത്തു നിന്നും ഷഹീം ബക്കറും നസീമിക്കയും.

2himalayan
ഞങ്ങള്‍... നസീമിക്ക, സുബിന്‍, ഷിദില്‍, നിജിത്ത്, മുജീബ്, ഗോകുല്‍, ഷഹീം

ഹംതയില്‍ നമ്മള്‍ പരമാവധി 14000 അടി വരെ ഉയരത്തിലെത്തും. മലകയറ്റക്കാര്‍ക്ക് അത് വലിയ ഉയരമല്ല. പക്ഷേ, സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ നിന്നും വരുന്ന നമുക്ക് ഹംത ചെറുതല്ലാത്ത പ്രതിസന്ധിയും, മറക്കാനാകാത്ത അനുഭവവും സമ്മാനിക്കും. പ്രത്യേകിച്ചും ആദ്യത്തെ ഹിമാലയം ട്രക്കിംങാണെങ്കില്‍. 

തലവേദനയും തണുപ്പും ശ്വാസതടസവും എല്ലാവരും അനുഭവിയ്ക്കും. ഞങ്ങളും അതറിഞ്ഞു. പക്ഷേ കൂട്ടത്തിലൊരാളുടെ ജീവന്‍ നഷ്ടമാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതിന്റെ നടുക്കത്തില്‍ നിന്ന്  ഇന്നും മാറിയിട്ടുമില്ല. അതിന്റെ തെളിവാണ് ഒരു വര്‍ഷത്തിന് ശേഷമുള്ള ഈ കുറിപ്പ്. 

ഗസലിനേയും ഉയരങ്ങളേയും പ്രണയിച്ച നസീമിക്ക... 

3himalaya
മുജീബ്, ഷഹീം, ഗൈഡ് റാണ, നിജിത്ത് , സുബിന്

ആഘോഷിച്ചായിരുന്നു ഞങ്ങളുടെ മലകയറ്റം. എന്നാല്‍ പരമാവധി ആസ്വദിച്ച് ഇയര്‍ഫോണിലൂടെ ഗസലില്‍ ലയിച്ചായിരുന്നു നസീമിക്ക കയറിയത്. 

മലയാളി കൂട്ടത്തില്‍ നസീമിക്കയ്ക്ക് മാത്രമാണ് നേരത്തെ ഹിമാലയം കയറിയ പരിചയമുണ്ടായിരുന്നത്. പുതുക്കക്കാരായ ഞങ്ങളുടെ ഓരോ സംശയങ്ങള്‍ക്കും നസീമിക്കയായിരുന്നു മറുപടി. അപ്പോഴൊന്നും വയറിനുണ്ടായിരുന്ന അസ്വസ്ഥതയെക്കുറിച്ചോ ദിവസം ചെല്ലും തോറും തലവേദനയും ശ്വാസതടസവും ഏറിവരുന്നതിനെ കുറിച്ചോ നസീമിക്ക പറഞ്ഞിരുന്നില്ല. 

മരണത്തിന്‍റെ തണുപ്പ്

ട്രക്കിംങിന്റെ ആറാം ദിവസത്തിലായിരുന്നു ഹംത കയറി ഇറങ്ങേണ്ടിയിരുന്നത്. കൂട്ടത്തിലെ ഏറ്റവും ദുഷ്കരമായ ദിവസം. ബാലു ക ഗേരയില്‍ നിന്ന് ട്രക്കിംങ് തുടങ്ങുമ്പോള്‍ തന്നെ ക്ഷീണിതനായിരുന്നു നസീമിക്ക. കൂട്ടത്തില്‍ പുറകിലായി തുടങ്ങി. അപ്പോഴേക്കും ബുദ്ധിമുട്ടുകള്‍ മറച്ചുവെക്കാന്‍ കഴിയാതെയായി.

ഹംത കയറി സിയാഗുരുവിലേക്ക് ഇറങ്ങിയെത്തിയത് നാട്ടുകാരനായ ഗൈഡുകളുടെ പരിപൂര്‍ണ്ണ സഹായത്തില്‍. ഇരുളും തണുപ്പും ഏറും തോറും ശ്വാസം വലിക്കാന്‍ പ്രയാസപ്പെടുന്ന നസീമിക്കയെയാണ് പിന്നെ കണ്ടത്. ക്യാമ്പ് ലീഡറുടെ ടെന്റില്‍ അത്യാവശ്യം മരുന്നുകളും ഓക്‌സിജന്‍ കുറ്റിയുമുണ്ട്. പക്ഷേ മരുന്ന് എന്തിനുള്ളതാണെന്ന് ആള്‍ക്ക് വലിയ പിടിയില്ല! ഓക്‌സിജന്‍ കുറ്റിയില്‍ എത്ര ബാക്കിയുണ്ടെന്ന് അറിയില്ല! 

5himalaya

ദുഷ്ക്കരമായ വഴികള്‍

എട്ട് മണിക്കൂറെങ്കിലും ചെങ്കുത്തായി മലയിറങ്ങിയാലേ അടുത്തുള്ള റോഡിലെത്തൂ. രാത്രി അത് അസാധ്യം. മൊബൈലിന് ജീവന്‍ വെക്കണമെങ്കില്‍ മൂന്ന് മണിക്കൂറെങ്കിലും പിന്നെയും റോഡിലൂടെ യാത്ര ചെയ്ത് റോത്തങിലെത്തണം. പിന്നെയും നാല്‍പ്പത് കിലോമീറ്റര്‍ പോയാലേ മണാലിയെത്തൂ. അടുത്തുള്ള ആശുപത്രിയും മണാലിയില്‍ തന്നെ. 

ട്രക്കിംങിന് വന്നവരുടെ കൂട്ടത്തില്‍ ഒരു ഡോക്ടറും രണ്ട് നേഴ്‌സുമാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് മരുന്നും വൈദ്യസഹായവും മുറക്ക് നടന്നു. ആവി പിടിച്ചു. ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നു. ഉറക്കം വരാതെ മരവിച്ചുപോയ രാത്രി. പുലര്‍ച്ചെയോടെ നസീമിക്കയില്‍ നിന്ന് ജീവന്‍ വിട്ടുപോയെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോഴും കയ്യിലും കാലിലും ചൂടാക്കിയ എണ്ണപുരട്ടി ചൂട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കൃത്രിമ ശ്വാസോച്ഛ്വാസവും മറ്റും നല്‍കി നസീമിക്കയെ തിരികെ കൊണ്ടുവരാനും നോക്കി. ഇടക്കെപ്പോഴോ പ്രതീക്ഷയുടെ ഒരു വിളി വന്നപ്പോള്‍

ഗോകുലേ... ഓക്‌സിജന്‍ സിലിണ്ടറുമായി നീ ഓടിയ ഓട്ടത്തിന് ജീവന്റെ പ്രതീക്ഷയുണ്ടായിരുന്നു...

ഞങ്ങളുടെ മലയാളി കൂട്ടത്തിന്റെ മറ്റുള്ളവരിലേക്കുള്ള പാലമായിരുന്നു മുജീബ്. ഏതൊരു കോളേജ് കുട്ടിയേക്കാളും കുസൃതിയും സന്തോഷവുമുള്ള പ്രൊഫസര്‍. അന്ന് മുജിയുടെ ചങ്ക് പറിച്ചുള്ള കരച്ചില്‍ കാണാത്തവനെ പോലെ ഞാന്‍ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു.

നസീമിക്ക പോയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഷഹീമേ... നിന്നെ എങ്ങനെ ആശ്വസിപ്പിക്കുമെന്നോര്‍ത്താണ് ഞങ്ങള്‍ പതറിപ്പോയത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ നീ കാണിച്ച ധൈര്യം ഒരു കോളജ് വിദ്യാര്‍ഥിയുടേതായിരുന്നില്ല. 

നസീമിക്കയുടെ ശരീരം താഴെയെത്തിച്ചത് പത്ത് മണിക്കൂറോളം ചെങ്കുത്തായ മലയിലൂടെ ഇറങ്ങിയായിരുന്നു.  അന്നാട്ടുകാരായ നാലുപേരുടെ സഹായമില്ലായിരുന്നെങ്കില്‍ അത് ഓര്‍ക്കാന്‍ പോലുമാകില്ല. അവര്‍ പോലും പതറിയപ്പോള്‍... ക്ഷീണിച്ചിരുന്നപ്പോള്‍... ജീവന്‍ പോലും പണയപ്പെടുത്തി താങ്ങായി നിന്നത് നിജിത്താണ്. 

എന്ത് ചെയ്യണമെന്നറിയാതെ പലപ്പോഴും ഞങ്ങള്‍ നിസഹായരായപ്പോള്‍ ആശ്വാസമായത് ഷിദിലിന്റെ നയപരമായ ഇടപെടലുകളായിരുന്നു. പ്രതിസന്ധിയെ വികാരത്തേക്കാള്‍ വിവേകം കൊണ്ട് നേരിട്ട ഷിദില്‍, ഞങ്ങള്‍ക്കൊരു പാഠമായിരുന്നു. 

ഏറ്റവും നന്ദിയോടെ ഓര്‍ക്കുന്നത് നസീമിക്കയുടെ കുടുംബത്തെയാണ്. ഇത്രയേറെ നടുക്കമുള്ള ഒരു വിഷയത്തെ സമചിത്തതയോടെ നേരിട്ടതിന്. നേരിട്ട് സംസാരിച്ചപ്പോഴെല്ലാം ഞങ്ങളെ കൂടുതല്‍ വിഷമിപ്പിക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്. നസീമിക്കയുടെ ഉമ്മക്കും പെങ്ങന്മാര്‍ക്കും അനിയനും ബന്ധുക്കള്‍ക്കുമെല്ലാം അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ആ കരുതലോടെയായിരുന്നു അവരുടെ സംസാരവും പിന്നീടുള്ള അന്വേഷണങ്ങളും. 

നസീമിക്കാ... ഞങ്ങളിപ്പോള്‍ തിരിച്ചറിയുന്നു...

നിങ്ങള്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കും നല്‍കിയ നന്മയും കരുതലുമാണ് പിന്നീട് പല വിധത്തില്‍ ഞങ്ങളിലേക്ക് പങ്കുവെക്കപ്പെട്ടത്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA