ഹൊഗനക്കൽ പുകയുന്ന പാറകൾ

3Coracle_ride_at_hogenakkal
SHARE

ഒരു ദിവസത്തേക്ക് മാറിനിന്നാലോ? ആ ചിന്തയാണ് ഹോഗനക്കലിൽ ചെന്നെത്തിയത്.

രാത്രി 7 മണിയോടെ ചെങ്ങന്നൂരിൽ നിന്നും യശ്വന്ത്പൂരിനുളള ഗരീബ് രഥിൽ യാത്ര ആരംഭിച്ചു. രാവിലെ 6 മണിയോടെ ധർമപുരി സ്റ്റേഷനിൽ ഇറങ്ങി. ഒരു ഒാട്ടോ പിടിച്ചു 1 കിലോമീറ്റർ അകലെയുളള ബസ് സ്റ്റാന്റിലേക്ക് പോയി. അരമണിക്കൂർ ഇടവേളകളിൽ ഇവിടെനിന്നും ഹൊഗനക്കല്ലിലേക്ക് ബസ്സുണ്ട്. 46കിലോമീറ്റർ ആണ് ദൂരം. ഏതാണ്ട് 9 മണിയോടെ എത്തിച്ചേർന്നു. ചെറിയ ഒരു പട്ടണം മൂന്നുനാലു ലോഡ്ജുകളും ഹോട്ടലുകളും ഒന്നുരണ്ടു ബാറുകളും. ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്തു. ഫ്രെഷായി പുറത്തിറങ്ങി. പ്രഭാത ഭക്ഷണം കഴിഞ്ഞുനേരെ നദിയിലേക്ക്.

4Hogenakkal_Falls_Close

വഴിയരികിൽ മീൻ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി നൽകിയാൽ അവർ നമ്മൾ പറയുന്നപോലെ പാചകം ചെയ്തു തരും. ആദ്യകാഴ്ച തന്നെ മനോഹരം. മരങ്ങൾ നിറഞ്ഞ മണൽതിട്ടകളും പാറക്കെട്ടുകളും. അവക്കിടയിലൂടെ ഒഴുകുന്ന കാവേരി നദി. ‘‘നരൻ’’ സിനിമയിലെ ‘‘മുളളന്‍കൊല്ലി’’ ഒാർമവരും. പക്ഷെ ഇപ്പോൾ വെള്ളം കുറവാണ്. മൺസൂൺ കാലം കഴിഞ്ഞുളള സമയമാണ് ഇവിടത്തെ ടോപ് സീസൺ. തിരക്കൊഴിവാക്കി കുടുംബസമേതം പോകുവാൻ ജനുവരി ഫെബ്രുവരി മാസങ്ങൾ ഉചിതമാണ്. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗനക്കൽ, കാവേരി നദി കർണാടകത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ്. പാറക്കെട്ടുകളുടെ ഇടയിലൂടെ 20 മീറ്റർ ഉയരത്തില്‍ നിന്നുവരെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണിത്. വളരെ വിസ്തൃതമായ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. നേരെ മുൻപിൽ ആദ്യ വെള്ളച്ചാട്ടം.

സുന്ദര കാഴ്ചകളും അനുഭവങ്ങളും തുടരുകയാണ്. അൽപം മാറി ഒരു ചെറിയ തൂക്കുപാലം ഉണ്ട്. അതിലേക്കു നടന്നു. അവിടെ നിന്നും ഉളള കാഴ്ചകൾ പകർത്തി. എവിടെ നോക്കിയാലും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും. നടക്കാൻ ഒരുപാടുണ്ട്. നടന്നെത്തിയത് ഒരു വാച്ച്ടവറിനടുത്തേക്കാണ്. ടവറിൽ നിന്നുളള കാഴ്ചകൾ ‘‘ചിന്ന ചിന്ന ആശൈ’’ എന്ന ഗാനത്തെ മനസ്സിൽ കൊണ്ടുവന്നു. ഒരു വളളത്തിൽ പോകാൻ എത്ര രൂപ കൊടുക്കണം? തെപ്പം എന്ന് കന്നടയിലും പര്സിയൽ എന്ന് തമിഴിലും പറയുന്ന കൊട്ടവഞ്ചിയാണ് സാധനം 500 രൂപ, അഞ്ചുപേരെ ഒരു മണിക്കൂർ കൊണ്ടുപോകും. ഞങ്ങൾ രണ്ട് പേർ മാത്രം. വില പേശി ഡ്രൈവർ പളനി 400 രൂപയ്ക്കു സമ്മതിച്ചു.

2Hogenakkal_falls_-_view_from_Coracle

സകല ദൈവങ്ങളെയും വിളിച്ചു ആ സാധനത്തിൽ കയറിയപ്പോൾ, പളനി ഒരു തടിക്കട്ടയിൽ ഇരുന്നു ഒരു തുഴകൊണ്ട് പറപ്പിക്കുകയാണ്. ഇടക്ക് വഞ്ചി വട്ടത്തിൽ കറക്കും. വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ വരെ കൊണ്ടുപോകും.

‘‘പോതും സ്വാമി’’ എന്ന് വിളിച്ചു കരഞ്ഞപ്പോഴാണ് പളനി ശാന്തനായത്. മൈസൂറിനു പോകണോ? പളനി. പോകാം?

കാവേരി ശാന്തയാണ്. കർണാടക തീരത്തണഞ്ഞു. പടിക്കെട്ടുകൾ കയറി ഒരു ചെറിയ ഗ്രാമത്തിലേക്ക്. പളനി എല്ലാവർക്കും സുപരിചിതൻ. ഞങ്ങൾ കേരള ഫ്രണ്ട്സ്. ചൂട് മാൻ വറുത്തത്.. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. തിരികെ തമിഴ്നാട്ടിലേക്ക്.

1Hogenakkal_Falls_2

1 മണിക്കൂറിനു പകരം 3 മണിക്കൂറോളം തുഴഞ്ഞതല്ലേ. പളനിക്ക് 50 രൂപ കൂടുതൽ കൊടുത്തു വിട പറഞ്ഞു. ‘‘അടുത്ത വാട്ടി കണ്ടിപ്പാ പാക്കണം’’ തമിഴ്നാടിന്റെ സ്നേഹം.. വെള്ളച്ചാട്ടങ്ങൾക്കരികിലൂടെ തിരികെ നടന്നു മണി മൂന്ന് കഴിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിച്ചു. റൂമിൽ പോയി ഒന്നുറങ്ങി. 7 മണിയോടെ ധർമപുരിക്ക് ബസ്സിൽ അത്താഴം കഴിച്ചു 11.30 നു ഞങ്ങൾ വന്ന അതെ ഗരീബ് എത്തിച്ചേർന്നു. തിരികെ നാട്ടിലേക്ക്.

അനുബന്ധം 

രണ്ടു രാത്രിയും ഒരു പകലും മാത്രം മതി പോയിവരാന്‍. തിങ്കൾ, ബുധന്‍ എന്നീ ദിവസങ്ങളിലെ ഗരീബ് രഥിനു പോയാൽ ബുധൻ, വെള്ളി ദിവസങ്ങളില്‍ രാവിലെ തിരികെയെത്താം.

മലബാർ ഭാഗത്ത് നിന്നും കണ്ണൂര്‍ യശ്വന്ത്പൂർ ട്രെയിനിൽ പോയി വരാം. ധർമപുരി അൽപം നേരത്തെ എത്തുമെന്നെയുളളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA