നാഗാലാ‌ൻഡിൽ പോയാൽ ഇൗ ജീവികളെ കഴിക്കാം

523318697
SHARE

ഇന്ത്യയുടെ വടക്കു കിഴക്കേയറ്റത്തെ സംസ്ഥാനമാണ് നാഗാലാ‌ൻഡ്. ഇൻഡോ-മംഗോളിയൻ സങ്കര വിഭാഗമായ നാഗന്മാരുടെ വാസ സ്ഥാനം. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ സംസ്കാരവും രീതികളും. നാഗാലാൻഡിലേക്കൊരു യാത്ര പോയാലത് ഇന്ത്യയുടെ തന്നെ വളരെ വ്യത്യസ്തമായ അവസ്ഥയെ കണ്ടെത്താൻ പോകുന്നതാണെന്നു ചുരുക്കം.

898643986

നിറയെ പാറയും കാടുമുള്ള നാഗാലാൻഡിലേക്ക് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇവിടുത്തെ ട്രെക്കിങ് തന്നെയാണ്. നിരവധി ഗോത്ര വര്‍ഗങ്ങൾ ഈ സംസ്ഥാനത്തിലെ സംസ്കാരവുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇവരുടെ ആരാധനകളും നൃത്തവും ആഘോഷങ്ങളും മറ്റെങ്ങും കണ്ടെത്താൻ കഴിയാത്ത പ്രത്യേകതകൾ ഉള്ളതാണ്.

nagaland-4

ഏപ്രിൽ മാസത്തിലാണ് നാഗാലാൻഡിലെ ഏറ്റവും പ്രശസ്തമായ ആഘോഷം നടക്കുന്നത്. പൊതുവെ ഏതു സമയത്താണെങ്കിലും സ്ഥലത്തിന്റേതായ പ്രത്യേകതകളും കാലാവസ്ഥാ ഭംഗിയും നാഗാലാൻഡിനുണ്ട്.

നാഗാലാൻഡ്‌, വാസ്തവത്തി ഗോത്രവർഗത്തിൽപ്പെട്ടവരുടെമാത്രം ഭൂമിയാണ്. കൃഷിയും നായാട്ടുമാണ് ഇന്നും ഇക്കൂട്ടരുടെ പ്രധാന വരുമാനമാർഗം.

579125054

വേട്ടയാടി കഴിയുന്നവരായതുകൊണ്ടുതന്നെ മത്സ്യവും മാംസവും തന്നെയാണ്‌ ഇവരുടെ മുഖ്യാഹാരം. പന്നിയെ കൊന്ന് വെട്ടിനുറുക്കി തീയിലിട്ട് കരിച്ച് തിന്നുന്നതും ഇവിടെ കാണാം.

വേനല്‍ക്കാലമാണ് പൊതുവെ ഇവിടം സന്ദർശിക്കാൻ നല്ലത്. അധികമൊന്നും ചൂടുണ്ടാവില്ല. മഞ്ഞു കാലത്തു നാല് ഡിഗ്രി വരെ തണുപ്പാകും. മഴക്കാലം മികച്ച മഴ കൊണ്ട് അനുഗൃഹീതവും. എന്തുതന്നെ ആയാലും ഇവിടുത്തെ മനുഷ്യരുടെ സ്‌നേഹപൂർണമായ സ്വീകരണത്തിനൊപ്പം സഞ്ചാരികളും ഈ ഇടത്തോട് ചേർന്ന്പോകും.

nagaland-5

നാഗാലാൻഡിലെ കുറിച്ച് പറയുമ്പോൾ ഇവിടുത്തെ ഭക്ഷണരീതികളെ കുറിച്ചും പറയണം. പല്ലിയെയും പാറ്റയെയും വണ്ടിനെയുമൊക്കെ പൊരിച്ചു പാത്രത്തിലേക്ക് പകർന്നു വയ്ക്കുമ്പോൾ അതുവാങ്ങാൻ അതിന്റെ ചുറ്റും നിരവധി പേര്. വാങ്ങുന്നവർ കറുമുറെ എന്ന് ഒച്ച കേൾപ്പിച്ചു അതിനെ കഴിക്കുന്നു. ദൈവമേ! എങ്ങനെ ഇതിനെയൊക്കെ കഴിക്കാൻ പറ്റുന്നു,

nagaland-3

ഓക്കാനം വരുന്നു എന്നൊക്കെ പറയുന്നവർ അതിനെ കഴിച്ചിട്ടില്ലാത്തവരോ ഇത്തരം ഭക്ഷണത്തിന്റെ ഗുണം അറിയാത്തവരോ ആണെന്നാണ് നാഗാലാൻഡുകാർ അഭിപ്രായപ്പെടുന്നത്.

nagaland-cockroach-farming

ഇന്ത്യയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളെയും പോലെയാണ് ഇന്ത്യയ്ക്കുള്ളിലെ നാഗാലാ‌ൻഡ് എന്ന സംസ്ഥാനത്തിന്റെ ഭക്ഷണ ശീലം. നമ്മൾ പറയാൻ അറയ്ക്കുന്ന, ഭയക്കുന്ന ഭക്ഷണ ശീലത്തെ വളരെ സന്തോഷത്തോടെ ശീലിച്ചവരും സ്വീകരിച്ചവരുമാണവർ. പൊതുവെ യാത്രികർക്ക് ഇത്തരം ഇടങ്ങളിൽ ചെന്നാൽ ഇങ്ങനെയുള്ള ജീവികളെ ഭക്ഷണമാക്കുന്നതു മാത്രമാണ് ഒരുപക്ഷെ ഇഷ്ടമല്ലാത്തത്.

പക്ഷെ ഈ ഭക്ഷണങ്ങൾക്ക് പ്രതീക്ഷിക്കാത്ത ഗുണങ്ങളുണ്ട്. പല അസുഖങ്ങൾക്കുമുള്ള മരുന്നാണ് ഈ ജീവികൾ.

മണ്ണിര

മണ്ണിര മണ്ണിന്റെ അടിയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേ കൈ പിൻവലിച്ചു പോകും. വഴുവഴുപ്പുള്ള ശരീരത്തെ തൊടാൻ പോലും അറപ്പ്. എന്നാൽ മണ്ണിര പനിയ്ക്ക് നല്ല മരുന്നാണ്. അതിലും വലിയ സത്യം, പാമ്പിന്റെയോ പഴുത്താരയുടെയോ കടിയേറ്റാൽ ആ വിഷത്തിനു പോലും മണ്ണിരയുടെ ശരീരത്തിലെ ദ്രവം നല്ല ഔഷധമാണ്.

മാത്രമല്ല പൊള്ളിയ ശരീര ഭാഗങ്ങളിൽ അപ്പോൾ തന്നെ മണ്ണിര ദ്രവം പ്രയോഗിച്ചാൽ കൂടുതൽ പ്രശ്നം ആകാതെയിരിക്കും.

പാമ്പ്

പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷ്ണം തിന്നണം എന്നൊരു പഴമൊഴി പോലുമുണ്ട്. ഇത് വെറുതെ പറയുന്നതല്ല, പാമ്പിന്റെ ഇറച്ചിയ്ക്ക് നല്ല രുചിയാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. മാത്രമല്ല, നിരവധി ഔഷധ ഗുണവും പാമ്പിറച്ചിയ്ക്കുണ്ട്.കണ്ണിനു കാഴ്ച വർദ്ധിപ്പിക്കാനും കുഷ്ഠം പോലെയുള്ള അസുഖങ്ങൾക്ക് മരുന്നായും പാമ്പിറച്ചി നല്ലതാണ്.

514783086

പാമ്പിനെ കണ്ടാൽ പോലും ഭയന്നോടുന്നവർക്ക് ഉറപ്പായും കൗതുകമുണ്ടാകാവുന്ന തിരിച്ചറിവ് തന്നെയാകാമിത്. പക്ഷെ ഇതിന്റെ പേരിൽ നാഗാലാ‌ൻഡ് പോലെയുള്ള ഇടങ്ങളിൽ പാമ്പുകളെ വൻ തോതിൽ കടത്തുന്നുണ്ട്. അതും പറയാതെ വയ്യല്ലോ!

പാറ്റ

പാറ്റയെ ഭയക്കുന്നവരാണോ സ്ത്രീകളിൽ അധികവും. അടുക്കളയിലെങ്ങാനും ഒരു പാറ്റയിരുന്നാൽ പിന്നെ ആ ഭാഗത്തേയ്ക്ക് പോലും തിരിഞ്ഞു നോക്കില്ല, അത്രയ്ക്ക് ഭയം. എന്നാൽ പാറ്റയെ വറുത്തു നിരത്തി വച്ചിരിക്കുന്നത് കണ്ടാലോ? ചൈനക്കാരുടെ പ്രിയപ്പെട്ട കൊറിക്കൽ ഐറ്റം ആണ് നമ്മുടെ പാറ്റ ഫ്രൈ. പക്ഷെ ഇതേ പാറ്റ ആസ്മയ്ക്കും ക്ഷയത്തിനും പറ്റിയ മരുന്നാണെന്നു കണ്ടു പിടിച്ചത് നാഗാലാൻഡിലെ ഗോത്ര വർഗ്ഗക്കാരാണ്.

nagaland-2

കാറ്റിൽ ജീവിക്കുന്നവർക്ക് അല്ലെങ്കിലും ഓരോ ഇലയുടെയും ജീവിയുടെയും ഗുണവും ദോഷവും അത്ര നിശ്ചയമാണല്ലോ.

തവള

കോളേജിലെ സുവോളജി പ്രാക്ടിക്കൽ ക്ലാസ്സിൽ വയറു തുറന്നു വച്ച് കിടന്ന തവളയെ ഓർമ്മയുണ്ടോ? ഇപ്പോൾ പറമ്പിലെങ്ങും ഒരു തവളയെ പോലും കാണാനുമില്ല. നേരെ നാഗാലാൻഡിലേയ്ക്ക് പൊയ്ക്കോളൂ, നാഗാലാ‌ൻഡ് കാടുകളിൽ ഇപ്പോഴും ഗോത്ര വിഭാഗങ്ങൾക്കിടയിൽ തവള അവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ഗോത്ര വർഗ്ഗക്കാരുടെ മാത്രമല്ല ഇത്തരം ജീവി വർഗ്ഗങ്ങളുടെ ഇറച്ചി ഇവിടങ്ങളിൽ പ്രിയമുള്ളതാണ്. തവള സൂപ്പ് നല്ല രക്തചംക്രമണത്തിനു സഹായിക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. വയറിന്റെ അസുഖങ്ങളായ അൾസർ, വേദന എന്നിവയ്ക്ക് തവള ഇറച്ചിയോളം നല്ല മരുന്നില്ലത്രേ! മാത്രമല്ല സ്ത്രീകൾക്ക് വിളർച്ച നീക്കി ആരോഗ്യത്തോടെയിരിക്കാൻ നാഗാലാ‌ൻഡ് ജനങ്ങൾ തവള ഇറച്ചിയെ ഉപയോഗിക്കുന്നുമുണ്ട്

കുരങ്ങ്

പൊതുവെ കുരങ്ങുകൾ നമ്മുടെ കാടുകളിലും ധാരാളമായി കണ്ടു വരുന്നുണ്ട്. പക്ഷെ വന്യ മൃഗം എന്ന ലേബൽ പേറുന്നത് കൊണ്ട് ഇത്തരം ജീവികളെ പിടി കൂടുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാൽ നാഗാലാൻഡുകാർ കുരങ്ങിറച്ചിയ്ക്ക് കണ്ടെത്തിയ ഔഷധഗുണം, അത്ര ചെറുതല്ല, പനി, ജലദോഷം ശരീര വേദന, ഉറക്കത്തിന്റെ അസുഖങ്ങൾ, കൂടാതെ വയറിനു വരുന്ന അസുഖങ്ങൾ എന്നിവയ്ക്ക് ഇത് നല്ലതാണത്രേ!

വവ്വാൽ

വവ്വാൽ പൊതുവെ ഭീകര ജീവിയാണ്. രാത്രിയുടെ ഇരുണ്ട സമയത്തു പൊടുന്നനെ പറന്നു വന്നു ജനലിൽ ഇടിച്ചു പോകുന്ന വാവലുകളെ പേടിയോടെ കാണാനാണ് വിദേശത്തു നിന്നുള്ള സാഹിത്യം പോലും നമ്മെ പഠിപ്പിച്ചത്. പക്ഷെ കുഞ്ഞു കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്ഥയ്ക്ക് വവ്വാൽ ഇറച്ചി ഏറ്റവും നല്ല മരുന്നായാണ് നാഗാലാൻഡുകാർ കാണുന്നത്. പുരുഷന്മാരിലുള്ള വന്ധ്യതയ്ക്കും വാവൽ ഇറച്ചി പ്രയോജനപ്പെടും. സ്ട്രോക്ക് വന്ന രോഗികൾക്കും നിശാന്ധത ബാധിച്ചവർക്കും വാവൽ ഇറച്ചി നാഗാലാൻഡിലെ ഗോത്രവർഗ്ഗക്കാർ നൽകുന്നു. 

ഉറുമ്പുകൾ

ഉറുമ്പുകൾക്കും ഔഷധ ഗുണമോ? അവയെ കഴിക്കാമോ? ഇങ്ങനെയുള്ള ചോദ്യങ്ങൾ കേട്ടിട്ട് അദ്‌ഭുതം തോന്നുന്നുണ്ടാവും. എന്നാൽ വയറിന്റെ അസുഖങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് ഉറുമ്പുകൾ. വറുത്തു വച്ചിരിക്കുന്ന ഉറുമ്പുകളെ കടല കൊറിയ്ക്കുന്ന ലാഘവത്തോടെ അകത്താക്കാം. നാഗാലാൻഡുകാരുടെ പ്രിയ ഭക്ഷണമാണിത്. പ്രോട്ടീനിന്റെ ഏറ്റവും മികച്ച കലവറയാണ് ഉറുമ്പുകൾ.

664374410

ഈ ജീവികളുടെയൊക്കെ പേരുകൾ കേൾക്കുമ്പോൾ തന്നെ അയ്യേ! എന്ന് പറയാൻ തോന്നുന്നുണ്ടോ? പക്ഷെ വളരെ രുചികരമായ എന്നാൽ ഔഷധ ഗുണവുമുള്ള ഭക്ഷണമാണ് ഇവയെല്ലാം തന്നെ. നാഗാലാൻ‍ഡിലേയ്ക്ക് യാത്ര പോകുന്ന സഞ്ചാരികൾക്ക് ധൈര്യമായി ഈ ഭക്ഷണം ഉൾപ്പെടെ അവരുടെ സാഹസിക യാത്രയിൽ ഉൾപ്പെടുത്താം. കറി വച്ചും വറുത്തും ഒക്കെ ഈ ഭക്ഷണങ്ങൾ ഇവിടെ പരമ്പരാഗത രീതിയിൽ ലഭ്യമാണ്. നാഗാലാ‌ൻഡ് കാണാൻ പോകുമ്പോൾ വെറുതെ കാഴ്ചകളിൽ മാത്രം ഒതുങ്ങി പോകാതെ ഇത്തരം സവിശേഷതകൾ കൂടി അറിഞ്ഞ് അതിനെ നന്നായി ആസ്വദിക്കാൻ തയാറായി തന്നെ പോകാം.

895654132

നാഗാലാൻഡിൽ എത്തണമെങ്കിൽ ഏറ്റവും അടുത്തുള്ള എയർപോർട്ട് ദിമാപൂർ ആണ്. എയർപോർട്ട് മാത്രമല്ല റെയിൽവേ സ്റ്റേഷനും ഇതുതന്നെ. ഇവിടെ നിന്ന് എവിടെയുമെത്താനുള്ള റോഡ് ഗതാഗതമുണ്ട്. നാഗാലാൻഡിലെ പല ഇടങ്ങളും ശ്രദ്ധേയമാണ് തലസ്ഥാനമായ കൊഹിമയും ഇവിടുത്തെ സാംസ്കാരിക ചരിത്രം പേറുന്നുണ്ട്. ഒപ്പം മ്യൂസിയങ്ങൾ, സൂ, പാർക്ക് എന്നിവ ഇവിടുത്തെ സഞ്ചാരികളുടെ സ്വകാര്യ ‍ഡെസ്റ്റിനേഷനുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA