ചാർമിനാറിന്റെ നാട്ടിൽ

4Golconda
SHARE

പറയാൻ കഥകൾ കുറേയുള്ള നഗരങ്ങളെല്ലാം സഞ്ചാരിക്കു മുന്നിൽ ആദ്യം വയ്ക്കുന്ന ചോദ്യമുണ്ട്- എവിടെ കണ്ടു തുടങ്ങണം.. കാഴ്ചകൾ ചുറ്റും ക്ഷണിച്ചുകൊണ്ടേയിരിക്കും.. പക്ഷേ, നഗരമെങ്ങനെ പിറന്നെന്നും മഹാനഗരമായി എങ്ങനെ വളർന്നെന്നും ആദ്യം അറിയാനിറങ്ങിയാലോ.. പിന്നെ കാണുന്ന കാഴ്ചകളെയെല്ലാം ആ വലിയ കഥയുടെ രസച്ചരടിൽ കോർത്തുവയ്ക്കാം..

ഹൈദരാബാദ് കാഴ്ചകളുടെ സുഖമതാണ്. ഗോൽകോണ്ട കോട്ടയിൽ തുടങ്ങിവച്ചാൽ മതി. കാക്കാത്തിയ രാജവംശം മുതലുള്ള കഥ പറഞ്ഞുതുടങ്ങും, കണ്ടാൽ കല്ലോടുകല്ല് ഇപ്പോൾ ഇടിഞ്ഞു വീഴുമെന്ന് തോന്നിക്കുന്ന ഈ വയസ്സൻ കോട്ട. എന്നാൽ റാണി രുദ്രമാ ദേവിയുടെ ശൗര്യവും ഖുതുബ് ഷാഹി വാഴ്ചയും നൈസാമിന്റെ പ്രൗഢിയുമെല്ലാം പറഞ്ഞു തീർന്നാലും ഇനി പറയാൻ എന്തെല്ലാമിരിക്കുന്നു എന്നു കുലുങ്ങിച്ചിരിക്കും ഗോൽകോണ്ട.. നൂറ്റാണ്ടുകളായി തുടരുന്ന ആ ചിരിയിൽനിന്ന് വലിയ കമാനംവഴി പുറത്തു കടക്കുമ്പോൾ മനസ്സിലുറച്ചിട്ടുണ്ടാകും, ഹൈദരാബാദിനെ എങ്ങനെ അറിയണമെന്ന്.. 

5_Charminar-(1)

 ഗോൽകോണ്ട 

ഗോൽകോണ്ടയെന്നാൽ വൃത്താകൃതിയിലുള്ള കുന്നെന്ന് അർഥം. ഹൈദരാബാദ് നഗരത്തിൽനിന്ന് 11 കിലോമീറ്റർ ദൂരം. തൊട്ടടുത്തുള്ള ഖുതുബ് ഷാഹി ശവകുടീരങ്ങൾ കണ്ട് ഗോൽകോണ്ടയ്ക്കു മുന്നിലെത്തിയപ്പോൾ നേരം അഞ്ചായി. താഴ്‌വാരത്തുനിന്ന് കുന്നിനു മുകളറ്റംവരെ ഏക്കറുകളോളം വ്യാപിച്ചു കിടക്കുകയാണ് കോട്ട.. കുന്ന് കയറിപ്പോകാൻ പല വഴികളുണ്ട്.. ഏറ്റവും മുകളിൽ ക്ഷേത്രവും തൊട്ടടുത്ത് പ്രധാന കെട്ടിടവും.. വാച്ച് ടവർ കൂടിയുള്ള കെട്ടിടത്തിനു മുകളിൽ കയറി ചുറ്റും നോക്കുമ്പോൾ അസ്തമയ വെയിലിൽ കുളിച്ചു കിടക്കുകയാണ് നഗരം.

 പതിനാറാം നൂറ്റാണ്ടിൽ ഖുതുബ് ഷാഹി രാജവംശമാണ് കോട്ടയെ ഇന്നു കാണുന്നവിധം ഗാംഭീര്യത്തോടെ നിർമിച്ചത്. പ്രത്യേക ശബ്ദ സംവിധാനമുൾപ്പെടെ അന്ന് ലഭ്യമായ എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടെ.. താഴെനിന്നു കൈ കൊട്ടിയാൽ മുകളിൽ പലയിടത്തായി പ്രതിധ്വനിക്കുന്ന വിധമാണ് ശബ്ദ സംവിധാനം. കോഹിനൂർ ഉൾപ്പെടെ ലോകംതന്നെ പിന്നീട് കൗതുകപൂർവം നോക്കിനിന്ന അമൂല്യ രത്‌നങ്ങൾ ഖുതുബ് ഷാഹി ഭരണത്തിന്റെ പ്രതാപകാലത്ത് ഗോൽകോണ്ടയെ അലങ്കരിച്ചു. 

 ഒന്നര മണിക്കൂറിൽ കോട്ട ചുറ്റിക്കണ്ട് താഴെയെത്തിയപ്പോൾ കൃത്യം ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ സമയം.. ഗോൽകോണ്ടയുടെയും ഹൈദരാബാദിന്റെയും കഥ അമിതാഭ് ബച്ചന്റെ ശബ്ദത്തിൽ മുഴങ്ങുന്നു.. ആംഫി തിയറ്റർ മാതൃകയിൽ ഇരിപ്പിടങ്ങൾ. മേലെ കുന്നിന്റെ മുകളിൽ വരെയെത്തുന്ന വെളിച്ചവിന്യാസത്തോടെയാണ് കഥപറച്ചിൽ.. പ്രണയിനി ഭാഗ്മതിയെ കാണാൻ രാജ്യം ഉപേക്ഷിച്ചു ഒളിച്ചോടാനൊരുങ്ങിയ മുഹമ്മദ് ഖുലി ഖുതുബ് ഷായെ പിതാവ് തടവറയിലടച്ചതും പിന്നീടു സ്‌നേഹം തിരിച്ചറിഞ്ഞു വിട്ടയച്ചതും ഇവിടെയാണെന്ന് ബച്ചൻ പറഞ്ഞു. ഭാഗ്മതി പിന്നീടു മുഹമ്മദ് ഖുലിയുടെ രാജ്ഞിയായി.. പുതിയ നഗരം പണിതീർത്ത മുഹമ്മദ് ഖുലി ഭാര്യയുടെ പേര് അതിനു നൽകി ഭാഗ്‌നഗർ എന്നു വിളിച്ചു. ഭാഗ്മതിയെ ആദരപൂർവം ഹൈദർ മഹൽ എന്നും വിളിച്ചിരുന്നു.. കാലക്രമേണ ആ പേരായി നഗരത്തിന്.. ഹൈദർ മഹലിൽനിന്ന് ഹൈദരാബാദുണ്ടായി.. 

 റാമോജി ഫിലിം സിറ്റി

3Metro-Ramoji-film-3-col

രാജവംശങ്ങളുടെ ചരിത്രത്തിൽനിന്ന് ചലച്ചിത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് സിനിമാ ഭാഷയിൽ ഒരു 'ജംപ് കട്ട്'. തൽക്കാലത്തേക്കാണ്.. ഖുലി കുതുബ് ഷായിലേക്കും നൈസാമുമാരിലേക്കും ഒരു ദിവസത്തിനുശേഷം തിരിച്ചെത്തുന്നുണ്ട്.. 

 ഒരു പകൽ മുഴുവൻ ഓടിനടന്നു കണ്ടാലും, കണ്ടു തീർന്നില്ലല്ലോ എന്ന സങ്കടം ബാക്കിനിർത്തുന്ന ലോകമാണ് റാമോജി റാവു ഫിലിം സിറ്റി. ഹൈദരാബാദിൽനിന്ന് 35 കിലോമീറ്റർ ഓടിച്ച് ഹയാത്ത് നഗറിനോട് അടുക്കുമ്പോഴേ ദൂരെനിന്നു കാണാം.. കുന്നിൻ ചരിവിൽ ഹോളിവുഡിനെ അനുസ്മരിപ്പിക്കും വിധം ചതുരവടിവിൽ റാമോജി ഫിലിം സിറ്റിയെന്ന വലിയ അക്ഷരങ്ങൾ.  രാവിലെ നേരത്തേ പുറപ്പെട്ടാൽ സാംഗി ക്ഷേത്രംകണ്ട് യാത്ര തുടരാം. കുന്നിൻമുകളിൽ സ്വച്ഛമായി കാറ്റുവീശുന്ന, തണുത്ത ഒരിടം. മുരുകനാണ് പ്രധാന പ്രതിഷ്ഠ. ഏതു തട്ടുപൊളിപ്പൻ ബിഗ്ബജറ്റ് ചിത്രത്തേക്കാളും ആവേശകരമാണ് റാമോജി അനുഭവം. കയ്യിലൊരു തിരക്കഥയുണ്ടെങ്കിൽ സിനിമയുടെ നൂലുകെട്ടും ചോറൂണും മുതൽ കല്യാണംവരെ നടത്തി തിരിച്ചിറങ്ങാം. വിമാനത്താവളങ്ങളും റെയിൽവേ സ്‌റ്റേഷനുകളും ആശുപത്രികളും രാജകൊട്ടാരങ്ങളുമെല്ലാം അടുത്തടുത്തായി നിൽക്കുന്നു.. ബാഹുബലിയുടെ മഹിഷ്മതി സാമ്രാജ്യം കുറച്ചപ്പുറത്തുണ്ട്. 

 ആയിരം ഏക്കറോളം വരുന്ന ഫിലിംസിറ്റി നടന്നു കാണാനിറങ്ങിയാൽ ചുറ്റിപ്പോകും. ഭംഗിയുള്ള വിൻഡേജ് ടൂർ ബസിൽ ഗൈഡിന്റെ ചിരിനുറുങ്ങുകൾ ആസ്വദിച്ചു ചുറ്റിക്കാണാം.. താജ്മഹലും രാജസ്ഥാനി ശിൽപചാതുരിയുമൊക്കെ ഇനി ഉത്തരേന്ത്യയിൽ പോയി കാണേണ്ടെന്നാണ് ഗൈഡ് പെൺകുട്ടിയുടെ അഭിപ്രായം.. അത്ര കൃത്യമായി എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടത്രേ. സിനിമയ്ക്കു പിന്നിലെ തന്ത്രങ്ങൾ പറയുന്ന മൂവി മാജിക്, ബഹിരാകാശയാത്രികരാക്കി മാറ്റുന്ന സ്‌പേസ് ജേർണി, എന്നിവയെല്ലാം കണ്ടു കഴിയുമ്പോഴേക്കു വെയിൽ ചായും. സാഹസ് അഭ്യാസങ്ങൾ അപ്പോഴും ബാക്കിയാണ്. ൈൈറാമോജിയോട് യാത്ര പറയുമ്പോൾ ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സ് കണ്ടിറങ്ങിയ ഫീൽ. 

 സലർജംഗ് മ്യൂസിയം

സുൽത്താൻ മുഹമ്മദ് ഖുലി നീന്തിക്കടന്ന കാലത്ത് വൻ നദിയായിരുന്നു മൂസി. ഇപ്പോൾ കഷ്ടിച്ച് ഒരു അഴുക്കുചാലെന്നു പറയാം.. മൂസിക്കു മുകളിലൂടെ ഓൾഡ് ഹൈദരാബാദ് ഭാഗത്തേക്കുള്ള വഴിയിലാണ് സലർജംഗ് മ്യൂസിയം.  ഹൈദരാബാദ് നവാബുമാരായിരുന്ന സലർജംഗ് കുടുംബത്തിന്റെ അമൂല്യ വസ്തുക്കളാണ് ഇന്ത്യയിലെതന്നെ പ്രധാന മ്യൂസിയങ്ങളിലൊന്നായ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. സലർജംഗ് മൂന്നാമൻ മിർ യൂസുഫ് അലി ഖാൻ ഉൾപ്പെടെയുള്ളവർ സ്വന്തമാക്കിയ, ലോക പ്രശസ്ത ചിത്രകാരൻമാരുടെ പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. ഇറ്റാലിയൻ ശിൽപി ജി.ബി. ബെൻസോണി 1876ൽ നിർമിച്ച 'വീൽഡ് റെബേക്ക' ഏതു സഞ്ചാരിയെയും പിടിച്ചുനിർത്തുന്ന സൗന്ദര്യമുള്ളതാണ്. നേരെ നോക്കുമ്പോൾ പടയാളിയായും പിന്നിലെ കണ്ണാടിയിലേക്കു നോക്കുമ്പോൾ സുന്ദരിയായ സ്ത്രീയായും കാണുന്ന ഡബിൾ സ്റ്റാച്യൂവും മറ്റൊരത്ഭുതം. ഏതോ അജ്ഞാത ശിൽപിയുടെ പ്രതിഭ.

 ചൗ മഹല്ല പാലസ്

നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്ന ചൗ മഹല്ല കൊട്ടാരത്തിൽ സന്ദർശകർക്ക് വാപൊളിച്ചു മാത്രം കാണാവുന്ന ആഡംബരക്കാഴ്ചകളുടെ മേളമാണ്. പ്രത്യേകം കോംപൗണ്ട് കെട്ടി തിരിച്ച നാലു കൊട്ടാരങ്ങളാണിത്. അഫ്താബ് മെഹൽ, മെഹ്താബ് മെഹൽ, തഹ്നിയത് മെഹൽ, അഫ്‌സൽ മെഹൽ എന്നിവ. 

 മക്കാ മസ്ജിദ്

മക്കയിൽനിന്നു കൊണ്ടുവന്ന മണ്ണുപയോഗിച്ച് ചുട്ട ഇഷ്ടികകൊണ്ട് നിർമിച്ച പള്ളി. മക്കാ മസ്ജിദ് എന്ന പേരു വന്നത് അങ്ങനെയെന്നു കഥ. ഹൈദരാബാദിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം ആരാധനാലയമാണിത്. ഓൾഡ് ഹൈദരാബാദിൽ ചാർമിനാറിന്റെ വിളിപ്പുറത്താണ് വിശാലമായ അങ്കണത്തോടെ പള്ളി സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള തെരുവുകളുടെ തിരക്കിൽനിന്ന് അൽപം ശ്വാസമെടുക്കാൻ കയറിയെത്തുന്നവരും മസ്ജിദിന്റെ വിശാലമായ മുറ്റത്ത് എപ്പോഴുമുണ്ടാകും.

 ചാർമിനാർ

എല്ലാ വഴികളും റോമിലേക്ക് എന്ന പ്രയോഗം ചാർമിനാറിന്റെ കാര്യത്തിലും അക്ഷരംപ്രതി ശരി. നാനാഭാഗത്തുനിന്നും തെരുവുകൾ വന്ന് കൂട്ടിമുട്ടുന്ന നഗരഹൃദയം. പതിനഞ്ചു രൂപ ടിക്കറ്റെടുത്ത് 'നാലു മിനാരങ്ങളുടെ പള്ളി' ക്കു മുകളിൽ കയറി നോക്കുമ്പോഴുള്ള കാഴ്ചയെ ഒറ്റവാചകത്തിൽ 'നാലു മിഠായിത്തെരുവുകൾ കൂട്ടിവച്ചപോലെ' എന്നു നിർവചിക്കാം. 

 ലാഡ് ബസാറാണ് ഇടതുവശത്ത്.. കുപ്പിവളകളുടെ തെരുവ്. ചാർമിനാറും മക്ക മസ്ജിദും നിർമിച്ച സുൽത്താൻ മുഹമ്മദ് ഖുലി, മകളുടെ കല്യാണമെത്തിയപ്പോൾ ഷോപ്പിങ്ങിനായി നിർമിച്ച തെരുവാണിതെന്ന് കഥ. വളകളുടെയും വസ്ത്രങ്ങളുടെയും വർണലോകമെന്നുതന്നെ വിളിക്കണം. 

 ഹൈദരാബാദി ബിരിയാണി ഉൾപ്പെടെ നഗരത്തിന്റെ പ്രധാന രുചികളെല്ലാം ചാർമിനാർ പരിസരത്ത് നുകരാനാകും. കഥകളുടെ നഗരമാണല്ലോ ഇത്.. ചാർമിനാറിനുമാത്രം പിന്നെങ്ങനെ കഥ പറയാതിരിക്കാനാകും. സുൽത്താൻ ഖുലി നഗരം നിർമിച്ച കാലത്ത് നാട്ടിലെങ്ങും പ്ലേഗ് പടർന്നു പിടിച്ചു. ജനങ്ങൾ കൂട്ടത്തോടെ മരിച്ചു വീഴുന്ന മഹാമാരിയെ തുരത്തിയപ്പോൾ അതിന്റെ ഓർമയ്ക്കായി നിർമിച്ചതാണ് ചാർമിനാർ. ഖുതുബ് ഷാഹി രാജവംശത്തിൽനിന്ന് അധികാരം പിടിച്ചെടുത്ത ഔറംഗസേബ് ചാർമിനാറും മക്ക മസ്ജിദും ഉൾപ്പെടെയുള്ള സ്മാരകങ്ങളെല്ലാം സംരക്ഷിക്കുകയും നിർമാണം പൂർത്തിയാക്കാൻ നിർദേശിക്കുകയുമാണ് ചെയ്തത്. കീഴടക്കാൻ വന്നവന്റെ മനസ്സിനെയും കീഴ്‌പ്പെടുത്തുന്ന സ്‌നേഹം ഈ നഗരം അന്നേ ശീലിച്ചിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA