ഇന്ത്യയിലെ മിനി സ്വിറ്റ്സർ‌ലൻഡ‍് കണ്ടിട്ടുണ്ടോ?

kochi-snow
SHARE

നിശ്ശബ്ദതയെ പ്രണയിക്കുന്നവർക്കു മാത്രം സ്വാഗതം. ഇന്ത്യയിലെ മിനി സ്വിറ്റ്സർ‌ലൻഡ‍് എന്ന് അറിയപ്പെടുന്ന ഡൽഹൗസിയിലേക്കാണു യാത്ര. വശ്യമായ നിശ്ശബ്ദതയാണ് ഡൽഹൗസി സന്ദർശകർക്കു സമ്മാനിക്കുന്നത്. വാഹനങ്ങളുടെ ആരവങ്ങളില്ല, ജനക്കൂട്ടത്തിന്റെ ബഹളങ്ങളില്ല; എങ്ങും നിശ്ശബ്ദത മാത്രം. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയുടെ ഭാഗമാണു ഡൽഹൗസി. ഹിമാലയ പർവതത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ധൗലധാർ റേഞ്ചിലെ കഥ്‍ലാഗ്, പോത്രേ, തെറാ, ബക്രോത, ഭഗോംഡ എന്നീ കുന്നുകളാണു ഡൽഹൗസിയായി വികസിപ്പിച്ചത്.

പേരുപോലെ ഇവിടെയുള്ള സുന്ദരദൃശ്യങ്ങള്‍ക്കും ഒരു ബ്രിട്ടിഷ് സ്പര്‍ശമുണ്ട്. കെട്ടിടങ്ങള്‍ക്ക് ഇംഗ്ലിഷ് വാസ്തുകലയുടെ ചാരുത. ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവാണ് ഈ പ്രദേശം ഇന്നു കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയത്. റോഡും കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഇവിടെ ഒരുക്കി. 1854ലാണ് ഈ മേഖലയുടെ വികസനം തുടങ്ങിയത്. എന്നാൽ, ഇനി കാഴ്ചകള്‍ക്കു കണ്ണും മനവും ഒരുക്കിക്കോളൂ..

സുഭാഷിന്റെ ബാവ്‍ലി 

സുഭാഷ് ചന്ദ്രബോസ് ധ്യാനിച്ച പൈൻമരക്കാടുകളാണ് സുഭാഷ് ബാവ്‍ലി. മഞ്ഞുപുതച്ച മലകളും താഴ്‍വരകളുമാണ് സുഭാഷ് ബാവ്‍ലിയുടെ സൗന്ദര്യം. നേതാജിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഡൽഹൗസി. ഡൽഹൗസിയുടെ പ്രധാന ഭാഗങ്ങളിലൊന്നിനു സുഭാഷ് ചൗക്ക് എന്നാണു പേരു നൽകിയിരിക്കുന്നത്.  

kochi-church

ഖജ്ജാർ 

ഡൽഹൗസിയിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ഗ്രാമമാണു ഖജ്ജർ. അഡ്വെഞ്ചർ ടൂറിസത്തിനു പേരുകേട്ട സ്ഥലം. പൈൻ, ദേവദാരു മരങ്ങൾക്കിടയിലൂടെയുള്ള ട്രക്കിങ് ആസ്വദിക്കാം. 12–ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഖാജി നാഗ് ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്.  

കാലടോപ് വന്യജീവി കേന്ദ്രം 

ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ കേന്ദ്രം. അപൂർവയിനം പക്ഷിമൃഗാദികളുണ്ടിവിടെ. ഉയരം കൂടിയ സ്ഥലത്തുള്ള വന്യജീവി കേന്ദ്രങ്ങളിലൊന്നാണിത്.  

ദൈനികുണ്ഡ് കുന്ന് 

ഡൽഹൗസിയിലെ പ്രധാന ട്രക്കിങ് റൂട്ടുകളിലൊന്ന് ദൈനികുണ്ഡ് കുന്നിലേക്കുള്ളതാണ്. കുന്നിന്റെ മുകൾ ഇന്ത്യൻ വ്യോമസേനയുടെ താവളമാണ്. മതിയായ അനുമതി കൂടാതെ ഈ കുന്നിനു മുകളിലേക്കു യാത്ര ചെയ്യാൻ കഴിയില്ല.  

ഗഞ്ചി പഹാഡി 

മൊട്ടക്കുന്ന് എന്നാണു കുന്നിന്റെ പേരിനർഥം. ബക്രോത കുന്നിന്റെ ഒരു ഭാഗമാണ് ഗഞ്ചി പഹാഡി എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടേക്കും ട്രക്കിങ് നടത്താം.  

പഞ്ച് പുല്ല 

അഞ്ചു പാലങ്ങൾ എന്നർഥം. ഇവിടെയുള്ള ജലാശയമാണ് ഡൽഹൗസിയുടെ ജലസ്രോതസ്സ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവ നായകൻ സർദാർ അജിത് സിങ്ങിന്റെ പേരിലുള്ള പ്രതിമയുണ്ടിവിടെ. ബ്രിട്ടിഷുകാർ തൂക്കിലേറ്റിയ ഭഗത് സിങ്ങിന്റെ അമ്മാവനായിരുന്നു അജിത് സിങ്. വിപ്ലവകാരികളുടെ മണ്ണായതുകൊണ്ടാണ് നേതാജിക്കും ഡ‍ൽഹൗസി ഏറെ ഇഷ്ടപ്പെട്ടതെന്നു നാട്ടുകാരിൽ ഒരാൾ പറഞ്ഞു.  

സച്ച് ലാ 

ചമ്പയിലേക്കുള്ള യാത്രയിലാണ് സച്ച് ലാ അഥവാ സച്ച് പാസ്. ഈ മേഖലയിൽ മനുഷ്യവാസമുള്ള ഏറ്റവും ഉയരം കൂടിയ സ്ഥലം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 14,500 അടി ഉയരം. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രം. പംഗി വാലിയിലേക്കുള്ള കവാടമാണ് ഈ പാസ്.  

ക്ഷേത്രങ്ങൾ 

ഡൽഹൗസിക്കു സമീപമുള്ള ചാമുണ്ഡക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാളീദേവിയുടെ പ്രതിഷ്ഠയുള്ള ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലൊന്ന്.  ജഗദംബ മാതാ ക്ഷേത്രം ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചുവെന്നു വിശ്വാസിക്കുന്നു. 

പള്ളികൾ 

ഇവിടെയുള്ള സെന്റ് ഫ്രാൻസിസ്, സെന്റ് ജോൺസ് എന്നീ പള്ളികൾക്കു ഡൽഹൗസിക്കൊപ്പം പഴക്കമുണ്ട്. സെന്റ് ജോൺസ് പള്ളിയിൽ ബൃഹത്തായ പുസ്തകശേഖരമുണ്ട്. പിന്നീടു പണികഴിപ്പിച്ച സെന്റ് പാട്രിക്, സെന്റ് ആൻഡ്രൂസ് എന്നീ പള്ളികളുമുണ്ടിവിടെ. ബാരാ പഥർ, സാത്ധാര വെള്ളച്ചാട്ടം തുടങ്ങി ഒട്ടേറെ കൗതുകങ്ങളും ഡൽഹൗസി ഒളിപ്പിച്ചിട്ടുണ്ട്. ഓർക്കുക: ഇന്നാട്ടുകാർ നിശ്ശബ്ദരാണ്; എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുന്നവർ. ആ നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താതിരിക്കാൻ ശ്രമിക്കുക.

ഇതുവഴി പോകാം

ഡൽഹിയിൽനിന്നു പഠാൻകോട്ടുവരെ ട്രെയിൻ മാർഗം എത്താം. പഠാൻകോട്ടുനിന്നു ഡൽഹൗസിയിലേക്ക് കുന്നുകളിറങ്ങിയും കയറിയുമുള്ള യാത്ര മനംമയക്കും. നാലുപേർക്ക് ഇരിക്കാവുന്ന ടാക്സിക്കു നിരക്ക് ഏകദേശം 1500 രൂപയാകും. പഠാൻകോട്ടുനിന്നു ബസ് സൗകര്യവുമുണ്ട്. ‍ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ഒരു ബസ് ദിവസും ഡൽഹിയിൽനിന്നുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ജമ്മു. അവിടെനിന്ന് ആറു മണിക്കൂർ സഞ്ചരിച്ചാൽ ‍ഡൽഹൗസിയിൽ എത്താം. ചെറിയ വിമാനങ്ങൾ എത്തുന്ന ഒരു എയർ സ്ട്രിപ്പ് പഠാൻകോട്ടുമുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA